Thursday, January 14, 2010

സഹകരിച്ചാല്‍ എല്ലാവര്‍ക്കും ജീവിക്കാം

തെറ്റിദ്ധരിക്കണ്ട. റോഡ് തൊഴുത്താക്കിയതല്ല. സഞ്ചരിക്കുന്ന മോഡേണ്‍ തൊഴുത്ത് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷെ, ഇത് മുംബെയിലെ ഒരു ഉപജീവനമാര്‍ഗ്ഗം. മുംബെയില്‍ ആര്‍ക്കും എങ്ങനെയും ജീവിക്കാം എന്നൊരു ചൊല്ലുണ്ട്. അതും ശരി. പശു ഗോമാതാവാണ്. അത് അങ്ങനെത്തന്നെയാവണമെന്ന് ബി.ജെ.പി ക്കാര്‍ക്ക് തെല്ലൊരു വാശിയുമുണ്ട്. എന്തായാലും ഗോവധത്തേക്കാള്‍ ഭേദമാണല്ലോ ഗോസംരക്ഷണം.

പശുവിന് തീറ്റ കൊടുക്കുന്നത് പുണ്യമായി കരുതുന്നു മുംബെക്കാര്‍. കറവ പശുക്കളെ രാവിലെ കെട്ടിയിടുന്നു റോഡരുകില്‍. അതിനുള്ള പുല്ലും തവിടുകൊണ്ടുണ്ടാക്കിയ ഉണ്ടയും കൊണ്ടുവന്ന് ഉടമകള്‍ അടുത്തിരിക്കുന്നു. കാശുകൊടുത്ത് പൊതുജനം പുല്ലും ഉണ്ടയും വാങ്ങി പശുവിനു കൊടുക്കുന്നു

പശുവിനെ തീറ്റിക്കുന്നവര്‍ക്ക് പുണ്യം ചെയ്ത കൃതാര്‍ത്ഥത. ഉടമസ്ഥന് ചെലവില്ലാതെ പശുവിനെ പോറ്റാന്‍ കഴിയുന്നു എന്ന സമാധനവും. വില്‍ക്കുന്ന പാല്‍ ലാഭം.

ഇതാണ് യഥാര്‍ത്ഥ സഹകരണ പ്രസ്ഥാനം. മന്ത്രി സുധാകരന്‍ വായ്താരി മുഴക്കുന്നതു നിര്‍ത്തി വേണമെങ്കില്‍ ഇതൊന്നു പരീക്ഷിയ്ക്കാം. പരസ്യത്തിനു ആവശ്യമെങ്കില്‍ പശുവും കിടാവും ഉപയോഗിക്കുകയുമാവാം!

കേരളത്തിലുള്ളവരുണ്ടോ ഇതൊക്കെ അറിയുന്നു. അവിടെ മിണ്ടിയാല്‍ ഹര്‍ത്താല്‍. അല്ലെങ്കില്‍ സമരം. ഇതൊക്കെ നോക്കിവേണം കേരളത്തില്‍ യാത്രാ സമയം ക്രമീകരിക്കാന്‍. ഇനിയുമുണ്ട് കേരളത്തിന് ഒട്ടേറെ കുപ്രസിദ്ധിയുടെ നേട്ടങ്ങള്‍. അതൊക്കെ പറഞ്ഞ് ഇവിടേ പുകിലുണ്ടാക്കുന്നില്ല.

ജീവിക്കാന്‍ പഠിക്കുക - ജീവിക്കാന്‍ അനുവദിക്കുക. ഇതു രണ്ടും കേരളത്തിനു നഷ്ടപ്പെട്ടിരിക്കുന്നു.

ഇതാവാം സാക്ഷരതയുടെ കേമത്തം!!


Wednesday, January 13, 2010

Tuesday, January 12, 2010

താലപ്പൊലി

അവിചാരിതമായി വീണ്ടുമൊരു യാത്ര നാട്ടിലേക്ക്. കുറച്ചു ദിവസങ്ങള്‍ എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ്. അവിടെയെത്തിയപ്പോള്‍ അറിഞ്ഞു കോട്ടേക്കാവു ഭഗവതിയുടെ താലപ്പൊലിയാണെന്ന്. വര്‍ഷങ്ങള്‍ക്കു ശേഷം കാണാന്‍ തരാവുന്ന ഒരു ആഘോഷം. ചെണ്ടയില്‍ കോലുവെക്കുന്നിടത്തൊക്കെ എത്തിയിരുന്ന ഒരു കാലത്തിന്‍റെ ഓര്‍മ്മയ്ക്ക് ഇതെങ്കിലും ആവട്ടെ എന്നു കരുതി.
പാലക്കാടു ജില്ലയില്‍ കരിമ്പുഴ പഞ്ചായത്തില്‍ ആറ്റാശ്ശേരി ഗ്രാമത്തിലാണ് കോട്ടേക്കാവു ഭഗവതിയുടെ ആസ്ഥാനം. കോഴിക്കോടു ഏറാള്‍പ്പാട് രാജാവിന്‍റെ കീഴിലുള്ള കരിമ്പുഴ ദേവസ്വത്തിലെ ഒരു ക്ഷേത്രം. താലപ്പൊലി യാത്ര ആരംഭം കുറിക്കുന്നത് കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയില്‍ നിന്നുമാണ്.
ചില കുട്ടിക്കാല ഓര്‍മ്മകള്‍ - തോടും പാടവും കുന്നും താണ്ടി വേണം കോട്ടേക്കാവിലെത്താന്‍. കരിമ്പുഴ (കുന്തിപ്പുഴ) യുടെ തീരത്ത്. വനദുര്‍ഗ്ഗ. ഭഗവതിയുടെ ഇഷ്ട പുഷ്പം കാട്ടു തെച്ചി യഥേഷ്ടം വളരുന്ന തെച്ചിക്കുന്ന് കടന്നു വേണം ഭഗവതിയുടെ അരികിലെത്താന്‍. അതിലൂടെ പോവുമ്പോള്‍ ഒരു കാടിന്‍റെ പ്രതീതി
ഇന്നതൊക്കെ നഷ്ടപ്പെട്ടു. ഭഗവതിയെ ദര്‍ശിക്കാന്‍ ഓട്ടോ റിക്ഷയില്‍ ക്ഷേത്രം വരെ എത്താം












Saturday, December 19, 2009

ഇ എം എസ് മെമ്മോറിയല്‍ സഹകരണ ആശുപത്രി

എം എസ് മെമ്മോറിയല്‍ ആശുപത്രിയില്‍ സഹവസിക്കാനുള്ള അവസരമുണ്ടായി. ഡിസംബര്‍ ഒന്നാം തിയ്യതി മുതല്‍ 9 തു വരെ.
1998-ലാണ് ഈ ആശുപത്രിക്ക് തുടക്കം കുറിച്ചത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍. 50 ലക്ഷത്തിന്‍റെ മൂലധനം. 50 കിടക്കുകളുമായി ഒരു വാടക കെട്ടിടത്തില്‍.
1999-ല്‍ പുതിയ ആശുപത്രി കോപ്ലെക്സിനുള്ള തറക്കല്ലിട്ടു. 16.53 കോടി രൂപയുടെ മൂലധനം. 9400 ഷെയര്‍ ഹോള്‍ഡേഴ്സ്. 500 കിടക്കകള്‍
മലപ്പുറം ജില്ലയിലെ താഴേക്കോട് ഗ്രാമ പഞ്ചായത്തിലെ പാണമ്പി എന്ന ഗ്രാമത്തിലാണ് ഈ ഹോസ്പിറ്റല്‍. പെരിന്തല്‍മണ്ണയില്‍ നിന്നും നാലു രൂപയുടെ ദൂരം - കോഴിക്കോട് - പാലക്കാട് റൂട്ടില്‍.
ISO സെര്‍ട്ടിഫിക്കേഷനുള്ള ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍. എല്ലാ സൌകര്യങ്ങളും ഇവിടെ ഉണ്ടെന്ന് പറയാതെ വയ്യ - with reasonable cost.
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ബക്കറ്റ് പിരിവാണല്ലോ എല്ലാവര്‍ക്കും ആക്ഷേപം. അത്തരം പിരിവു കൊണ്ട് അവര്‍ ഇത്തരം ചില നല്ല കാര്യങ്ങള്‍ കൂടി ചെയ്യുന്നുണ്ടെന്ന് ഓര്‍ക്കുക. കോണ്ഗ്രസ്സുകാര്‍ക്കോ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ചെയ്യാന്‍ കഴിയാത്തതും ഇതൊക്കെയാണുതാനും.
ഇവിടെ കൊടിയുടെ നിറമോ ചിഹ്നമോ നോക്കുന്നതു കണ്ടില്ല. ജാതിയും മതവും ചോദിക്കുന്നതു കേട്ടില്ല. ജീവകാരുണ്യമെന്ന മതമെ ഇവിടെ കാണാന്‍ കഴിഞ്ഞുള്ളു.
ഇത്തരം ആശുപത്രികള്‍ ചുരുങ്ങിയ പക്ഷം എല്ലാ ജില്ലകളിലും ഉണ്ടാവണം. അതിനു വേണ്ടി കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി യത്നിക്കണം. ഈ സദുദ്യമത്തിന് എല്ലാ ഭാവുകങ്ങളും! കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.emshospital.org.in/

ചില പോരായ്മകളും കൂടി ഇവിടെ ചൂണ്ടിക്കാണിക്കട്ടെ :

1. ഇത്രയും വലിയൊരു ആശുപത്രിയില്‍ രോഗികളുടെയോ അവരുടെ ഒപ്പം നില്‍ക്കുന്നവരുടെയൊ വസ്ത്രങ്ങള്‍ അലക്കിക്കിട്ടാനുള്ള ഒരു സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. ദൂരെ നീന്നു വരുന്ന‍വര്‍ക്ക് ഇത് വല്ലാത്ത അസൌകര്യമാണ് ഉണ്ടാക്കുന്നത്.

2. ഒരു ബാങ്കിന്‍റെയും ATM മെഷീന്‍ ഇവിടെ കാണാന്‍ കഴിഞ്ഞില്ല. ആശുപത്രിയിലാവുമ്പോള്‍ പണത്തിന്റെ ആവശ്യം എപ്പോഴാണ് ഉണ്ടാവുക എന്ന് പറയാന്‍ പറ്റില്ല. ഒരു പാട് തുക കൈയ്യില്‍ കൊണ്ടു നടക്കുന്നതും റിസ്കാണ്.

3. ആശുപത്രിയില്‍ ബില്‍ അടക്കുന്നത് കാഷ് ആയി മാത്രമാണ്. Debit Card/Credit Card സ്വീകരിക്കാനുള്ള സംവിധാനം കൂടി ഉണ്ടാക്കിയാല്‍ നന്ന്

4. Public phone/Fax/ Internet എന്നിവയ്ക്കുള്ള സൌകര്യങ്ങള്‍ ഇവിടെ ഇപ്പോള്‍ ക്രമീകരിച്ചിട്ടില്ല. അതുകൂടി ഇവിടെ ഏര്‍പ്പാട് ചെയ്തിരിക്കണം