അയല്‍ വീട്ടില്‍, `തായ'യുടെ വിവാഹത്തിന്റെ ആഘോഷങ്ങളും ആര്‍ഭാടങ്ങളും പ്രകാശ മാന്ത്രികക്കാഴ്‌ചകളും തിരുതകൃതിയായി, `അടിപൊളി'യായി നടക്കുകയാണ്. ഇവിടെ `മായ'യുടെ വീട്ടില്‍ അനക്കമില്ല; വെളിച്ചമില്ല, ശബ്‌ദമില്ല. ശോകമൂകം. തായയും മായയും `ഒരേ കളിപ്പാട്ടമൊരേ കളിക്കൂത്തൊരേ കളിക്കൊട്ടിലൊരേ വിചാരമായി' വളര്‍ന്ന കൂട്ടുകാരാണ്. മക്കള്‍ മിടുക്കികളാണെന്ന വിശ്വാസം രണ്ടു പേരുടെ ജനയിതാക്കള്‍ക്കുമുണ്ടായിരുന്നു. മകളുടെ അഴകും സഹജമായ മറ്റു മേന്മകളും മാത്രം മതി അവള്‍ക്ക് നല്ല ഭാവിയും കേമനായ വരനും വന്നു ചേരാനെന്ന് നണ്ണി മായയുടെ രക്ഷിതാക്കള്‍ കണ്ണും പൂട്ടി അലസരായി ഇരുന്നു. തായയുടെ ആളുകള്‍ അങ്ങനെ വിഡ്‌ഢിസ്വര്‍ഗ്ഗത്തിലിരുന്നു തുടയ്‌ക്കടിച്ചു കഴിഞ്ഞു കൂടിയില്ല. അവള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും കലാപരിശീലനങ്ങളും നല്‍കി. കേമനായ വരനെക്കിട്ടാനായി അനേ്വഷണങ്ങള്‍ നടത്തി. അടഞ്ഞുകിടന്ന വാതിലുകള്‍ മുട്ടിത്തുറന്നു. തായയുടെ മികവുകള്‍ വേണ്ടും പോലെ അറിയിച്ച്, കാണേണ്ടവരുടെ കണ്ണു തുറപ്പിച്ചു- അങ്ങനെയിതാ അവളുടെ `മംഗല്യ'ത്തിന് ലോകമൊട്ടുക്കുമുള്ളവരെയെല്ലാം ക്ഷണിച്ചു വരുത്തി ആഘോഷം പൊടിപൊടിക്കുന്നു. മായയുടെ ആള്‍ക്കാര്‍, `ഇവള്‍ക്കാണ് കൂടുതല്‍ അഴക്; എന്നിട്ടും ഇങ്ങോട്ടാരും തിരിഞ്ഞു നോക്കിയില്ല' എന്നു പരിഭവിച്ച് `വിവേചന'ത്തില്‍ പ്രതിഷേധിച്ച്, അരിശംകൊണ്ടു പുരയുടെ ചുറ്റും മണ്ടി നടക്കുന്നു.
സന്ദര്‍ഭവിശേഷം കൊണ്ട് തായയും മായയും ശരിക്ക് ആരാണെന്നു മനസ്സിലായിരിക്കുമല്ലോ. തമിഴും മലയാളവും തന്നെ.
സഹ്യന്നപ്പുറത്ത് കോയമ്പത്തൂരിലെ `ചെമ്മൊഴിമാനാട്' എന്ന വേദി ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും തിരകളിരമ്പിക്കയറുന്ന ഒരു കടലായി അറ്റമറ്റ് പരന്നു കിടക്കുന്നു. ഇപ്പുറത്ത് അമ്മമൊഴി ചൊവ്വും ചേലുമറ്റ് വരണ്ടു കിടക്കുന്നു. `മായ'യുടെ കാരണവര്‍ കരുമന കാട്ടാതെ ഒരു കാര്യം ചെയ്‌തിട്ടുണ്ട്. ഒരു അഭിനന്ദന സന്ദേശം കാറ്റില്‍ അങ്ങോട്ടു പറത്തി വിട്ടിരിക്കുന്നു. അത്രയും നന്ന്.
`തായ'യുടെ കാരണവന്മാര്‍ അനങ്ങാമലപോലടങ്ങിയിരിക്കാതെ എന്തൊക്കെ ചെയ്‌തിട്ടാണ് നേടേണ്ടത് നേടിയതെന്ന് ഇപ്പോഴെങ്കിലും കണ്ണും കരളും തുറന്നു കാണാന്‍ മായപ്പെണ്ണിന്നുടമകള്‍ ഒരുങ്ങുമോ? അതോ സച്ചിദാനന്ദസമാധി തുടരുമോ? തകിലടികള്‍ അങ്ങ് `ചെന്നൈ'യില്‍ മുഴക്കുന്നതിനുപകരം മലയാണ്മയെ വേര്‍തിരിച്ച മലയുടെ തൊട്ടപ്പുറത്തുള്ള അടിവാരത്തുതന്നെ പെരുമ്പറകള്‍താക്കുവാന്‍ അവര്‍ക്ക് തോന്നിയതിന് കാരണം ഇപ്പുറത്തുള്ളവരുടെ കേള്‍വിക്കഴിവ് ഒന്നു ഉണര്‍ത്തിക്കളയാമെന്ന കരുതല്‍ തന്നെയായിരിക്കുമോ?
അവര്‍ ഈ പെരിയ കൊടിയേറ്റത്തിനുവേണ്ടിയുള്ള കരുനീക്കങ്ങള്‍ നടത്തിത്തുടങ്ങിയിട്ട് മൂന്ന് നാല് തലമുറക്കാലമായിരിക്കുന്നു. ``വിടുതലൈ വിടുതലൈ വിടുതലൈ'' എന്ന് മൂന്ന് തവണ ചൊന്നാല്‍ അവര്‍ക്ക് അതിന്റെ പൊരുള്‍ കഴലിലെയും കരളിലെയും മൊഴിയിലെയും കെട്ടുകള്‍ പൊട്ടിക്കുക എന്നായിരുന്നു. ഉടല്‍ അടിമപ്പെടുന്നതും ഉയിര്‍ അടിപ്പെടുന്നതും മൊഴി അടിമപ്പെടുന്നതും അവരെ ഒരുപോലെ അഴല്‍പ്പെടുത്തി. അതുകൊണ്ടാണ് ഉടലിന്റെ വിടുതലിന്നൊപ്പം മൊഴിയുടെ ``വിടുതലും'' (മോചനം) അവര്‍ കിനാക്കണ്ടത്. വിടുതല്‍ (സ്വാതന്ത്ര്യം) നേടിയതോടൊപ്പം തന്നെ അവര്‍ ``വടമൊഴി''യുടെ (ഹിന്ദി) കടന്നുകയറ്റത്തെയും ചെറുത്തതോര്‍ക്കുക. നെഹ്രു എല്ലാ പ്രാദേശിക ഭാഷകള്‍ക്കും തുല്യതയും പരിരക്ഷണവും വാഗ്‌ദാനം ചെയ്‌തിരുന്നത് അദ്ദേഹത്തിന്റെ കാലം കഴിഞ്ഞ ഉടനെ ലംഘിക്കപ്പെടുന്നുവെന്ന് സംശയമുണര്‍ന്നപ്പോള്‍ `ഹിന്ദി ഒഴിഹ!' എന്ന ഗര്‍ജ്ജനം തമിഴ്‌നാട്ടില്‍ നിന്ന് മുഴങ്ങി. ചിലര്‍ തങ്ങളുടെ മൊഴിയുടെ മാനം കാക്കാന്‍ ആത്മാഹുതിയെന്ന കൊടിയത്യാഗം ചെയ്‌തതും ഓര്‍ക്കുക. തമിഴരുടെ ഈ ആവേശത്തെ `വിവേകി' കളെന്ന് സ്വയം കാഹളമൂതുന്ന നമ്മള്‍ വിളിക്കാറുള്ളത് ഭാഷാ ഭ്രാന്ത് എന്നാണ്. മലയാളമൊഴിയുടെ മാനംകാക്കാന്‍ ഇവിടെ ആരും ആത്മാഹുതി ചെയ്‌തിട്ടില്ല. ചെയ്യുകയുമില്ല. ഇതു ശരിക്കും വിവേകം തന്നെയാണെന്ന് നമ്മള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ ഭ്രാന്തിന് വന്നുചേര്‍ന്ന നേട്ടത്തില്‍ നമ്മളിപ്പോള്‍ അസൂയപ്പെടേണ്ടതില്ല. ഒരു അഭിനന്ദന സന്ദേശമയച്ച് കയ്യും കെട്ടി ഇരിക്കുകയേ വേണ്ടൂ.
എന്നാല്‍ കടുകിട വിട്ടുകൊടുക്കാതെ കമ്പവലിപ്പണിതുടരാനും ത്യാഗങ്ങള്‍ ഏറ്റെടുക്കാനും നമ്മള്‍ തുനിഞ്ഞിട്ടില്ലെങ്കിലും നേട്ടങ്ങള്‍ അവര്‍ക്കൊപ്പം നമുക്കും കിട്ടണം എന്നാണ് നമ്മുടെ കൊതി. ``ദീപസ്‌തംഭം മഹാശ്ചര്യം...'' തന്നെ.
അവര്‍ ഏറ്റെടുത്ത കമ്പവലിപ്പണികള്‍ നോക്കാം. വിദ്യാഭ്യാസത്തില്‍ അമ്മമൊഴിക്കുള്ള ഒന്നാം സ്ഥാനം അവര്‍ ഒരിക്കലും അവഗണിച്ചില്ല. തമിഴിന്റെ പഴമയെപ്പറ്റിയും പെരുമയെപ്പറ്റിയും കേള്‍ക്കേണ്ടവരെല്ലാം കേള്‍ക്കത്തക്കവണ്ണം എന്നുമവര്‍ പാടിപ്പുകഴ്‌ത്തി. തമിഴന്നായി അവര്‍ ഒരു സര്‍വകലാശാല സ്ഥാപിച്ചു. 1981 ല്‍ തഞ്ചാവൂരില്‍ തന്നെ. ആ യൂണിവേഴ്‌സിറ്റി മാത്രമല്ല തമിഴ് നാട്ടിലെ എല്ലാ യൂണിവേഴ്‌സിറ്റികളും തമിഴ് പഴമയിലെ ഗവേഷണങ്ങളും പഠനങ്ങളും വികസിപ്പിക്കാന്‍ കൊണ്ടുപിടിച്ചു പണിയെടുത്തു. ഇതുകണ്ടിട്ട് കണ്ണുതുറന്ന ആന്ധ്രക്കാര്‍ വഴിയെ സ്വന്തം നാട്ടിലും കന്നടക്കാര്‍ അവരുടെ നാട്ടിലും സ്വന്തം ഭാഷകള്‍ക്കുവേണ്ടിയുള്ള യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിച്ചു - (ഹൈദരാബാദില്‍ തെലുങ്ക് യൂണിവേഴ്‌സിറ്റി 1991 ല്‍; ഹംപിയില്‍ കന്നട യൂണിവേഴ്‌സിറ്റി 1992 ല്‍) ആ മൂന്നു തെന്നിന്ത്യാ പ്രവിശ്യകളിലും സ്വന്തം ഭാഷ ഭരണമാധ്യമവും അധ്യയന മാധ്യമവും ആക്കുന്നതില്‍ വിട്ടുവീഴ്‌ചയില്ലാത്ത നയം കൈക്കൊണ്ടിട്ടും പച്ചച്ചാണകത്തില്‍ തീപ്പിടിപ്പിക്കും പോലെയാണ് കേരളത്തിലെ സമാനശ്രമങ്ങള്‍ ``പുരോഗമിച്ചത്.'' ബ്യൂറോക്രാറ്റുകള്‍ ``മുടി മുതല്‍ അടി'' വരെ ആംഗലത്തിനേ ഗൗരവമുള്ളൂ എന്ന് വിശ്വസിച്ചവരുമാണ്. പൊതിയാത്തേങ്ങ കിട്ടിയ കുറുക്കനെപ്പോലെ മുകളില്‍ നിന്നുള്ള ഉത്തരവുകളും അറിയിപ്പുകളും കയ്യില്‍ കിട്ടിയ ആംഗലമറിയാപ്പാവങ്ങള്‍ അമ്പരന്ന് അറിവാളരെ ആശ്രയിച്ചു. മുറിയിംഗ്ലീഷും മംഗ്ലീഷും (മലയാള മട്ടിലുള്ള ഇംഗ്ലീഷ്) ആണ് ജനസേവകര്‍ ആയ പല ആപ്പീസര്‍മാരും പ്രയോഗിച്ചിരുന്നതെങ്കിലും പട്ടയിട്ട ഉടുപ്പുപോലെ അതിനൊരു ഗമ ഉണ്ടെന്ന നിനവു നിലനിന്നുപോന്നു - പോരുന്നു. ഉയര്‍ന്ന ബ്യൂറോക്രാറ്റുകള്‍ `ഭാഷാവാര'ത്തില്‍ മാത്രമാണ് ചടങ്ങായി അമ്മമൊഴിയെ വാഴ്‌ത്തിയത്. മാറ്റത്തോട് അവര്‍ ഉള്ളുകൊണ്ട് ഇണങ്ങിയില്ല. ``കൊക്കക്കോള ദുഃഖം'' അറിയാതെ പ്രകടിപ്പിച്ചുപോയ ഉന്നതനുപറ്റിയപോലെ നാക്കുപിഴവ് വരുത്താതെ നോക്കുമെങ്കിലും ഉള്ളില്‍ വിദേശഭാഷയോടുള്ള `മമത'യും സമാനമാണ്. ഭരണചുക്കാന്‍ പിടിച്ചു പോന്ന രാഷ്‌ട്രീയക്കാരും (എല്ലാ കക്ഷികളും ഇക്കാര്യത്തില്‍ തുല്യം) മേധാവിത്വം (അതിന്റെ ശരിയായ അര്‍ത്ഥത്തിലല്ല, അധീശത്വം എന്ന അര്‍ത്ഥത്തില്‍) ഉറയ്‌ക്കണമെങ്കില്‍ ആംഗലം പൊടിപൊടിക്കണം എന്നു കരുതിപ്പോന്നു; പൊടിയിംഗ്ലീഷുമാത്രം കൈമുതലായവര്‍ പോലും. അങ്ങനെ ഭരണരംഗത്തും നീതിന്യായസ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഒരുപോലെ അമ്മമൊഴിയോടുള്ള മമതയ്‌ക്ക് എന്നും ഇളംചൂടേ ഉണ്ടായിരുന്നുള്ളൂ കേരളത്തില്‍. കാര്യം ഇങ്ങനെയിരിക്കെ, മറ്റു തെന്നിന്ത്യന്‍ പ്രവിശ്യകളിലുള്ളപോലെ ഭാഷാനയവും ഭാഷയ്‌ക്കു സമര്‍പ്പിതമായ ഉന്നത സ്ഥാപനങ്ങളും വേണമെന്ന് ചില മലയാളം വാധ്യാന്മാര്‍ മുറവിളി കൂട്ടിക്കൊണ്ടിരുന്നത് കാട്ടിലെ നിലവിളി പോലെ ആരും കേട്ടില്ല എങ്കില്‍ അത്ഭുതമില്ല. ബഹുജനമോ? കേരളത്തിലെ ആളുകള്‍ക്കുമില്ല അമ്മമൊഴിയോടു മമതയെന്ന ദൗര്‍ബല്യം. ഇതിന്റെ കാരണം മലയാളം മാത്രം പഠിച്ചാല്‍ ഗതിപിടിക്കില്ല എന്ന ന്യായമായ ആശങ്കയാണ്. ഇതില്‍ കുറച്ച് സത്യമുള്ളതുകൊണ്ട് ഇംഗ്ലീഷ് നന്നായി പഠിക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് എല്ലാവര്‍ക്കും അവസരം നല്‌കുകയും പത്താംതരം കഴിയും വരെ മലയാളം പഠിക്കണമെന്നും പ്രാഥമിക തലത്തില്‍ അറിവുപകരുന്നതിനുള്ള മാധ്യമം മലയാളമായേ തീരൂഎന്നും നിഷ്‌കര്‍ഷിക്കുകയും ഇംഗ്ലീഷില്‍ ഭാഷണം ശീലിക്കുകയും (എഴുതല്‍ പ്രാഥമികതലത്തിനുശേഷം) ചെയ്യുന്നരീതിയിലുള്ള ഒരു പാഠ്യപദ്ധതിയാണ് സംവിധാനം ചെയ്യേണ്ടത്. ഇതില്ലാത്തതുകൊണ്ട് കേരളത്തില്‍ ജനത്തിന്റെ നയം ``മലയാളം ഒഴിഹ'' എന്നായിപ്പോകുന്നു. കുഗ്രാമങ്ങളിലെ കടകളുടെ പേരുപോലും ആംഗലത്തിലല്ലോ? യഥാപ്രജാ തഥാ രാജാ. ആളുകള്‍ക്കു വേണ്ടാത്തതുകൊണ്ടാണ്, മറ്റു പ്രവിശ്യകളിലെപ്പോലെ അമ്മമൊഴിയെ വളര്‍ത്തുന്നതിനുള്ള സ്ഥാപനങ്ങളും ഉദ്യമങ്ങളും വികസിപ്പിക്കാന്‍ അതാതുകാലത്തു വരുന്ന ഭരണകൂടങ്ങള്‍ നിര്‍ബ്ബന്ധമാകാത്തത്. എങ്കിലും അകക്കാഴ്‌ചയും അകലെക്കാഴ്‌ചയും ഉള്ള ഭരണകര്‍ത്താക്കള്‍ തുടര്‍ച്ചയായി ഭരണത്തിന്റെ അമരത്തിരിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ മറ്റു മൂന്നു നാടുകളിലെപ്പോലെ കേരളത്തിലും തനതുമൊഴിക്ക് മികവ് തികക്കാന്‍ കഴിഞ്ഞേനെ.
തമിഴിന്റെ പിന്നാലെ കന്നടത്തിനും തെലുങ്കിനും ക്ലാസിക് പദവി അനുവദിക്കപ്പെട്ടത് അതിന്നുവേണ്ടി കമ്പവലിക്കാനുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികളും ഭരണകര്‍ത്താക്കളായ ജനപ്രതിനിധികളും മുന്നിട്ടിറങ്ങിയതിന്റെ ഫലമാണ്. ആന്ധ്രപ്രദേശില്‍ തെലുങ്കു യൂണിവേഴ്‌സിറ്റിക്കു പുറമെ ദ്രവീഡിയന്‍ യൂണിവേഴ്‌സിറ്റി (1997) യെന്ന മറ്റൊരു സ്ഥാപനം കൂടി ഉണ്ടായി.
കേരളത്തില്‍ സംസ്‌കൃതത്തിനായി ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിതമായപ്പോള്‍പ്പോലും അങ്ങനൊന്ന് മലയാളത്തിന്നും വേണ്ടതില്ലേ എന്ന ചിന്തക്ക് ആക്കമുണ്ടായില്ല. അതുകൊണ്ട് ഊക്കുമുണ്ടായില്ല. മലയാളത്തിലെ നിലവിലുള്ള വാക്കുകളില്‍ ഭൂരിപക്ഷവും സംസ്‌കൃതമാണ്. അതുപോലെ, സംസ്‌കൃത സര്‍വകലാശാലയുടെ വാലുകളായി മലയാളകേന്ദ്രങ്ങളുണ്ടായി. അവയിലും ബിരുദക്കാരെ ഉത്‌പാദിപ്പിക്കലല്ലാതെ ഭാഷാധ്യയനത്തെയോ ഭാഷാധ്യപകരെയോ പുതിയ ഊക്കും ഉണര്‍വ്വും പകരത്തക്കവണ്ണം നവീകരിക്കുന്നതില്‍ കേന്ദ്രിതമായ പദ്ധതികളില്ല. മലയാള ഭാഷയെയും സാഹിത്യത്തെയും വളര്‍ത്തിയെടുത്ത മഹാന്മാരുടെ പേരില്‍ `ചെയര്‍' എന്ന ഇംഗ്ലീഷ് പദംകൊണ്ടു വിവക്ഷിക്കുന്ന തരത്തിലുള്ള അദ്ധ്യയനഗവേഷണകേന്ദ്രങ്ങളുണ്ടാവുകയോ നയിക്കാനുള്ള വിദഗ്‌ദ്ധരെ നിയോഗിക്കുകയോ ഒന്നുമുണ്ടായില്ല. പുതിയ കമ്പ്യൂട്ടര്‍ യുഗത്തില്‍ ലോകഭാഷകളില്‍ അപ്രധാനങ്ങളായ കുറെയെണ്ണം ക്രമേണ കൊഴിഞ്ഞ് കരിഞ്ഞലിഞ്ഞ് മണ്ണാവും എന്നാണ് വിദഗ്‌ദ്ധര്‍ പ്രവചിക്കുന്നത്. മലയാളം അക്കൂട്ടത്തില്‍പ്പെട്ടുപോവുമോ? അങ്ങനെ സംഭവിച്ചാലും കേരളമെന്ന രാജ്യവും ഇവിടുത്തെ മനുഷ്യരും അറബിക്കടലിലാണ്ടുപോവില്ല എന്ന ശുഭാപ്‌തിവിശ്വാസം നമുക്ക് ഊന്നുവടിയായുണ്ടാവും.
അതുസംഭവിക്കാതിരിക്കാന്‍ വേണ്ടി മലയാളം എന്ന ഭാഷയുടെ സാന്നിദ്ധ്യം ഭൂസ്ഥിതി ശാസ്‌ത്രത്തില്‍ അടയാളപ്പെടുത്താന്‍ പല ഉദ്യമങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ഉണ്ടായപ്പോള്‍ മാതൃഭാഷ ഔദ്യോഗിക ഭാഷയാക്കാന്‍ പദ്ധതി രൂപപ്പെടുത്തുന്നതിനായി ഒരു വിദഗ്‌ദ്ധസമിതിയെ നിയോഗിച്ചിരുന്നു. കോമാട്ടില്‍ അച്യുതമേനോനും ഡോ. ഭാസ്‌കരന്‍നായരും കെ ദാമോദരനും പി ടി ഭാസ്‌കരപ്പണിക്കരും എല്‍ ഡി ഐസക്കും അംഗങ്ങള്‍. ഏഴുകൊല്ലം കൊണ്ട് കാര്യം സാധിക്കാം എന്നായിരുന്നു അവരുടെ വിശ്വാസം. മനോരാജ്യത്തിനു അര്‍ദ്ധരാജ്യം വേണ്ടല്ലോ. അതില്‍പ്പിന്നെ അര്‍ധശതാബ്‌ദം പിന്നിട്ടിട്ടും വഞ്ചി തിരുനക്കരെത്തന്നെ. ഡ്രവീഡിയന്‍ ലിംഗ്വിസ്റ്റിക് അസോസിയേഷന്റെ (ഡി എല്‍ എ) സ്ഥാപകനേതാവായ ഡോ. വി ഐ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ 1971 ല്‍ ആദ്യമായി ദ്രാവിഡഭാഷാ സമ്മേളനം സംഘടിപ്പിച്ചത് തിരുവനന്തപുരത്താണ്. പിന്നീട് ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ ഉത്സാഹത്തില്‍ ലോകമലയാള സമ്മേളനം ഉണ്ടായത് 1979 ല്‍. ഇതു രണ്ടും മലയാളഭാഷയെ വെള്ളിവെളിച്ചത്തില്‍ നിര്‍ത്താനുതകി. പിന്നീട് അതിന്റെ തുടര്‍ച്ചകളായ സമാരംഭങ്ങളുണ്ടായില്ല.
മലയാളഭാഷയുടെ പേരിലൊരു യൂണിവേഴ്‌സിറ്റി ഉണ്ടായിരുന്നെങ്കില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് സര്‍വവിജ്ഞാനകോശനിര്‍മാണസ്ഥാപനം, ഹസ്‌തരേഖാ ഗ്രന്ഥാലയം മുതലായി പല സ്ഥാപനങ്ങളും അതിലേക്കുചേര്‍ത്ത് ഭാഷാപോഷണത്തിനും ഭാഷാധ്യാപകപരിശീലനത്തിനുമുള്ള വേദികള്‍ വികസിപ്പിക്കാന്‍ കഴിയുമായിരുന്നു. ഏതു യൂണിവേഴ്‌സിറ്റിയിലും അതതു പ്രദേശത്തെ ഭാഷയ്‌ക്കൊരു വിഭാഗം ഉണ്ടാകേണ്ടതാണ്. ശാസ്‌ത്രസാങ്കേതികവിദ്യാ സര്‍വകലാശാലയില്‍ അതു വേണ്ടെന്നാണ് അധികൃതര്‍ നിശ്ചയിച്ചത്, ഒന്നാം വൈസ് ചാന്‍സലര്‍ ഭാഷാ വിദഗ്‌ദ്ധനായിട്ടുപോലും. അതേസമയം ഹിന്ദിക്കും വിദേശഭാഷകള്‍ക്കും അവിടെ സ്ഥാനമുണ്ടുതാനും. ഇത്തരം സമീപനങ്ങള്‍ ഉള്ളിന്നുള്ളില്‍ ഭാഷയോടു മമതയില്ലായ്‌മയെന്ന മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. വിദേശങ്ങളില്‍ വെച്ചുനടത്തിയ ചില ലോകമലയാള സമ്മേളനങ്ങള്‍ പലര്‍ക്കും വിദേശയാത്രക്ക് വഴിയൊരുക്കിക്കൊടുത്തു എന്നതില്‍ കവിഞ്ഞ് ലോകശ്രദ്ധയെ മലയാളത്തിലേക്ക് തിരിക്കാന്‍ സഹായിച്ചിട്ടുണ്ടോ എന്നു സംശയമാണ്.
ഏതായാലും മലയാള യൂണിവേഴ്‌സിറ്റിയെപ്പറ്റി തുടര്‍ച്ചയായി പ്രമേയങ്ങള്‍ പാസ്സാക്കിക്കൊണ്ടിരിക്കാന്‍ ഡി എല്‍ എ എന്ന സംഘടനക്കുശ്രദ്ധയുണ്ട്. കഴിഞ്ഞകൊല്ലം ജൂണിലും വന്നു ഒരുപ്രമേയം. ഇക്കാര്യത്തില്‍ ഭരണകൂടത്തിനുള്ള തല്‍പരത മന്ത്രിമാരും പ്രഖ്യാപിക്കാറുണ്ട്. എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതിനുള്ള താല്‍പര്യത്തിന്നുള്ള തെളിവ് ഇനിയും കിട്ടേണ്ടതായിട്ടാണിരിക്കുന്നത്. എങ്കിലും അയല്‍പക്കത്തെ ആഘോഷത്തില്‍ സന്ദേശമയച്ചല്ലോ. `അനസൂയവിശുദ്ധ'തയ്‌ക്കെങ്കിലും തെളിവായി! `തായ' ഏതായാലും ദ്രാവിഡകുലത്തിലെ തായ തന്നെയാണ് - അവള്‍ക്ക് നല്ലതുവരട്ടെ. |
|