Posted on: 19 Jul 2010
പി.ഇ. ഉഷ
ഇപ്പോഴും ആദിവാസി മേഖലകളില്‍ പുറത്തുനിന്ന് വന്നിട്ടുള്ള പുരുഷന്മാര്‍ ആദിവാസി സ്ത്രീകളെ തന്ത്രപൂര്‍വം കുരുക്കില്‍പ്പെടുത്തുന്ന സംഭവങ്ങള്‍ വിരളമല്ല. ഇവയൊന്നുംതന്നെ വിവാഹമെന്ന സ്ഥാപനത്തിലെത്തുന്നവയല്ല. സ്ത്രീയുടെ ഇടവും വിഭവങ്ങളും ഉപയോഗപ്പെടുത്തി അവരോടൊപ്പം കുറച്ച് കാലം ചെലവഴിച്ച് പിരിഞ്ഞുപോകുന്നവരാണ് ഏറെയും
അനീഷ പ്ലസ് ടു പാസ്സായത് എഴുപത്തിമൂന്ന് ശതമാനം മാര്‍ക്കോടുകൂടിയാണ്. അവളുടെ സമൂഹത്തില്‍നിന്ന് ഇത്രയും മാര്‍ക്കോടെ ഒരു കുട്ടി പ്ലസ് ടു പാസ്സാകുന്നത് ആദ്യമായാണ്. പ്രത്യേക ട്യൂഷനോ സഹായങ്ങളോ ഒന്നുംതന്നെയുണ്ടായിരുന്നില്ല. സ്വന്തം പ്രയത്‌നത്തിന്റെ ഫലം. പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശന പരീക്ഷയെഴുതി. ആദിവാസി ആചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന അവള്‍ ആദിവാസി വിഭാഗത്തിനായി നീക്കിവെച്ച സീറ്റിനായി അപേക്ഷ നല്കി. അപ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്.
അച്ഛന്‍ ഈഴവനും അമ്മയുടെ അച്ഛന്‍ നായരുമായതുകൊണ്ട് അവളെ ആദിവാസിവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്ന ഉത്തരവുണ്ടായി. അമ്മയുടെ അച്ഛന്‍ അമ്മയുടെ അമ്മയുടെ ഒപ്പം ജീവിച്ചിരുന്നത് അവരുടെ ഊരില്‍ത്തന്നെയായിരുന്നു. അയാള്‍ നായരാണെന്ന് അറിഞ്ഞത് വിളിപ്പേരില്‍നിന്നു മാത്രമായിരുന്നു. അദ്ദേഹത്തിന്റെ നാട്ടിലേക്ക് മക്കളെയോ അവരുടെ അമ്മയെയോ കൊണ്ടുപോയിട്ടില്ല. ബന്ധുക്കളെയും അറിയില്ല. അദ്ദേഹം മരിച്ചതും ഊരില്‍വെച്ചുതന്നെയായിരുന്നു.
നായരായിരുന്ന അനീഷയുടെ അമ്മയുടെ അച്ഛന്‍ കുടുംബത്തിന്റെ സമൃദ്ധിക്കായി തന്റെ വീട്ടില്‍നിന്ന് ഒന്നും കൊണ്ടുവന്നതായി അറിയില്ല. മറിച്ച് ആ കുടുംബം നിലനിന്നത് അനീഷയുടെ അമ്മയുടെ അമ്മയുടെ ഭൂസ്വത്ത് ഉപയോഗപ്പെടുത്തി മാത്രമായിരുന്നു. അദ്ദേഹം ആ പ്രദേശത്ത് എത്തുന്നത് മണ്ണാര്‍ക്കാട് മൂപ്പില്‍ നായരുടെ പണിക്കാരനായിട്ടാണ്. അമ്മയുടെ അമ്മ നഞ്ചിയെ കണ്ടെത്തുന്നത് ഊരിനടുത്ത് ജോലിക്ക് വന്നപ്പോഴായിരുന്നു. അനീഷയുടെ അമ്മയും ഈഴവ സമുദായത്തില്‍പ്പെട്ട അനീഷയുടെ അച്ഛനും സ്‌നേഹിച്ച് അവരുടെ ഊരില്‍ത്തന്നെ ഒരുമിച്ച് ജീവിക്കുകയായിരുന്നു. അനീഷയ്ക്ക് ഇളയതായി പിറന്ന, സെറിബ്രല്‍ പാള്‍സി ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കും പരിചരണങ്ങള്‍ക്കുമായാണ് അവര്‍ ഊരില്‍നിന്നും യാത്രാസൗകര്യമുള്ള മറ്റൊരിടത്തേക്ക് മാറി താമസിക്കുന്നത്. അധികം താമസിയാതെ അനീഷയുടെ അച്ഛന്‍ മരിച്ചു. ടി.ടി.സി. പാസ്സായ അനീഷയുടെ അമ്മയ്ക്ക് ഒരിക്കല്‍ സര്‍ക്കാര്‍ ജോലി അടുത്തെത്തിയെങ്കിലും അച്ഛന്‍ നായരാണെന്നതിനാല്‍ നഷ്ടമായി. ഇപ്പോള്‍ ദിവസക്കൂലിയടിസ്ഥാനത്തില്‍ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നു.
സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് അച്ഛന്റെ ജാതിയാണ് കുട്ടികള്‍ക്ക് കണക്കാക്കേണ്ടത് എന്ന സര്‍ക്കാര്‍ ഉത്തരവ്. അതുപിന്നീട് പരിഷ്‌കരിക്കപ്പെട്ടു. ആദിവാസികളുടെ ആചാരപ്രകാരമാണ് ജീവിക്കുന്നത്. എങ്കില്‍ അവര്‍ക്ക് ആദിവാസി എന്ന പരിഗണന നല്കാമെന്നായി. എന്നാല്‍ ഇവിടെ തര്‍ക്കവിഷയമായി വരുന്ന രണ്ടുമൂന്നു കാര്യങ്ങളുണ്ട്. ഒന്ന്, ആചാരങ്ങള്‍ ആരാണ് തീരുമാനിക്കുക. രണ്ട്, ആചാരങ്ങള്‍ കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ അത് എങ്ങനെ തീരുമാനിക്കപ്പെടും?
ഇത്തരം കാര്യങ്ങളില്‍ കേരളത്തില്‍ തീര്‍പ്പുകല്പിക്കുന്നത് കിര്‍ത്താഡ്‌സ് ആണ്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പെണ്‍കുട്ടിക്ക് സംവരണാനുകൂല്യത്തിന് അര്‍ഹതയില്ല എന്നു വിധിച്ചു. ഇവിടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് പ്രസക്തിയുണ്ടായില്ല.
പത്തുമാസം ഗര്‍ഭം ചുമക്കുകയും പ്രസവിക്കുകയും ചെയ്ത് മറ്റെല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റി കുഞ്ഞു വളരുമ്പോള്‍ അച്ഛന്റെ ജാതി കുട്ടിക്ക് ചാര്‍ത്തിക്കിട്ടുകയാണ്. ഇത് സ്ത്രീകളോടുള്ള വിവേചനമാണ്. സാമൂഹികമായ അനീതിയുമാണ്. അനീഷ ഉള്‍പ്പെടുന്ന മുഡൂഗ സമൂഹത്തില്‍നിന്ന് ഒരേയൊരു ഡോക്ടര്‍ മാത്രമാണ് ഇതുവരെയുണ്ടായിട്ടുള്ളത്. അനീഷയുടെ വീട്ടില്‍ ആരുംതന്നെ ഉയര്‍ന്ന വിദ്യാഭ്യാസമോ സര്‍ക്കാര്‍ ഉദ്യോഗമോ ഉള്ളവരല്ല. നായരുടെ മകളായ അനീഷയുടെ അമ്മയൊഴികെ, എല്ലാ മക്കളും വിവാഹം കഴിച്ചിരിക്കുന്നത് മുഡൂഗ സമുദായത്തില്‍നിന്നോ അല്ലെങ്കില്‍ പ്രാക്തന ഗോത്രത്തില്‍പ്പെട്ട കുറുംബ സമുദായത്തില്‍നിന്നോ ആണ്.
അനീഷ ഈഴവ ആചാരങ്ങളനുസരിച്ചുള്ള ഒരു ചടങ്ങുകള്‍ക്കും വിധേയയായിട്ടില്ല. അതുപോലെ നായര്‍ സമുദായ ആചാരങ്ങള്‍ക്കനുസരിച്ചുള്ള ചടങ്ങുകള്‍ക്ക് അനീഷയുടെ അമ്മയും. എസ്.എന്‍.ഡി.പി.ക്കാരോ എന്‍.എസ്.എസ്സുകാരോ അനീഷയെയോ അനീഷയുടെ അമ്മയെയോ അറിയുമോ? സാധ്യതയില്ല. സര്‍ക്കാര്‍ ഉത്തരവുകൊണ്ട് ഉണ്ടാക്കാവുന്നതല്ലല്ലോ അത്തരം സാധ്യതകള്‍.
ഇപ്പോഴും ആദിവാസി മേഖലകളില്‍ പുറത്തുനിന്ന് വന്നിട്ടുള്ള പുരുഷന്മാര്‍ ആദിവാസി സ്ത്രീകളെ തന്ത്രപൂര്‍വം കുരുക്കില്‍പ്പെടുത്തുന്ന സംഭവങ്ങള്‍ വിരളമല്ല. ഇവയൊന്നുംതന്നെ വിവാഹമെന്ന സ്ഥാപനത്തിലെത്തുന്നവയല്ല. സ്ത്രീയുടെ ഇടവും വിഭവങ്ങളും ഉപയോഗപ്പെടുത്തി അവരോടൊപ്പം കുറച്ച് കാലം ചെലവഴിച്ച് പിരിഞ്ഞുപോകുന്നവരാണ് ഏറെയും.
ആ കുട്ടികള്‍ക്ക് ഈ അച്ഛന്മാരുടെ ജാതി ചാര്‍ത്തിക്കൊടുക്കുന്ന ഉത്തരവ് എത്ര ആഭാസകരമാണ്. സ്വന്തം ശരീരത്തിന്മേല്‍ സ്ത്രീകള്‍ക്കുള്ള അവകാശം സംരക്ഷിച്ചുകിട്ടാതിരിക്കുന്ന അവസ്ഥ നേരിടുന്ന അവര്‍ തന്നെ തങ്ങള്‍ കഷ്ടപ്പെട്ടു വളര്‍ത്തിയുണ്ടാക്കിയ കുട്ടികള്‍ തങ്ങളുടെ ജാതിക്കാരല്ല എന്നു കേട്ട് അത്ഭുതപ്പെടുമ്പോഴും അവരുടെ ജാതി നിര്‍ണയിക്കുന്ന ഊരുമൂപ്പന്മാരും മറ്റും ഈ കുട്ടികള്‍ അവരുടെ ജാതിയിലാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത്തരം സംഭവങ്ങളോടുള്ള അലംഭാവങ്ങള്‍ ഒരു സമൂഹത്തോടുതന്നെ ചെയ്യുന്ന ക്രൂരതകളാണ്.
തന്റേതല്ലാത്ത കാരണങ്ങളാല്‍ അവകാശനിഷേധവുമായി താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ മുഴുവന്‍ ദൗര്‍ബല്യങ്ങളെയും പിന്നാക്കാവസ്ഥകളെയും സ്വാംശീകരിച്ച് അനീഷ നമുക്കു മുന്നില്‍ നിശ്ശബ്ദയായി നില്ക്കുമ്പോള്‍ കിര്‍ത്താഡ്‌സ് പോലെയുള്ള സ്ഥാപനങ്ങള്‍ ഇത്ര ലാഘവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തുകൂടാ എന്നു പറയേണ്ടിവരുന്നു. അതോടൊപ്പം ഒരു സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ആ സമൂഹത്തിനുതന്നെ വിട്ടുകൊടുക്കുകയാണ് വേണ്ടത്.
സര്‍ക്കാര്‍ ഉത്തരവുണ്ടാകുമ്പോള്‍ തന്നെ അത് എങ്ങനെ നടപ്പാക്കപ്പെടുന്നുവെന്നത് വിലയിരുത്തണം; പ്രത്യേകിച്ചും പ്രാന്തവല്‍കൃത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ളതാകുമ്പോള്‍. നീതിപീഠങ്ങളെയും അതുപോലെ മറ്റു സ്ഥാപനങ്ങളെയും സമീപിച്ച് അന്തിമമായി നീതി നടപ്പാക്കിയെടുക്കാനുള്ള ശേഷിയില്ലാത്ത സമൂഹങ്ങളോട് ഇത്തരത്തിലുള്ള നീതികേട് ഇനിയെങ്കിലും കാണിക്കരുത്. അവരുടെ കുട്ടികള്‍ക്ക് ജന്മാവകാശമായി കിട്ടുന്ന സ്വന്തം വംശത്തിന്റെ അവകാശമെങ്കിലും അനുവദിച്ച് കൊടുക്കാനുള്ള കാരുണ്യം ഉണ്ടാവുമെന്ന് ഇനിയും പ്രതീക്ഷിക്കാമോ? അഥവാ നമ്മുടെ പൊതുസമൂഹത്തില്‍ ഇത്തരം നീതികേടുകളെ തളച്ചിടാന്‍ ആരു തയ്യാറുണ്ട്?
http://www.mathrubhumi.com/story.php?id=114001