രണ്ടാം ശനിയാഴ്ച. രാവിലെ പത്തു മണി. ടെര്‍മിനസിന്‍റെ പരിസര പ്രദേശങ്ങളില്‍ ആള്‍ത്തിരക്കധികമില്ല. തിരക്കൊഴിഞ്ഞ നഗര വീഥികളിലൂടെ ചുവന്ന ചായമടിച്ച ബസ്സുകളും കറുപ്പും മഞ്ഞയും കലര്‍ന്ന പ്രീമിയര്‍ പത്മിനികളും ഇടമുറിയാതെ ഒഴുകിക്കൊണ്ടിരുന്നു.
പത്രമാപ്പീസിനു പുറകു വശത്തെ സ്റ്റോപ്പില്‍ ബസ് നമ്പര്‍ അറുപത്തി ആറ് കറുത്ത പുക തുപ്പി വന്നു നിന്നു. ശീലം തെറ്റിയ്ക്കാതെ രാമഭദ്രന്‍ ബസ്സില്‍ ചാടിക്കയറി; ഗ്രഹിണി പിടിച്ച കുട്ടികളെപ്പോലെ അയാള്‍ ബസ്സിന്‍റെ ഉള്‍വശം ആര്‍ത്തിയോടെ നോക്കി. ബസ്സില്‍ പാതിയിലേറെ ഇരിപ്പിടങ്ങള്‍ ഒഴിഞ്ഞിരിക്കുന്നു. രാമഭദ്രന് സമാധാനമായി. എല്ലാ ദിവസങ്ങളും ഇങ്ങനെ ആയിരുന്നെങ്കില്‍! അയാള്‍ പ്രാര്‍ത്ഥിച്ചു. രണ്ടാള്‍ക്ക് ഇരിക്കാന്‍ പാകത്തിലുള്ള സീറ്റുകളൊന്നില്‍ അയാള്‍ കാലുകള്‍ വിടര്‍ത്തി ഒരുതരം ചാരുകസേര മോഡല്‍ ഇരുത്തം ഇരുന്നു. എപ്പോഴും കിട്ടുന്നതല്ലല്ലോ ഈ സുഖം അയാള്‍ ബ്രീഫ്കേയ്സ് തുറന്നു. അല്ലറ ചില്ലറ കാര്യങ്ങള്‍ ഇങ്ങനത്തെ യാത്രാ വേളകളിലാണ് രാമഭദ്രന്‍ നോക്കുക പതിവ്. എന്തൊക്കെ പണികളുണ്ട്. സമാജത്തിന്‍റെ മേല്‍ നോട്ടം. വിവാഹ ദല്ലാള്‍ പണി. അങ്ങനെയങ്ങനെ പല കാര്യങ്ങളും നോക്കണ്ടേ! പിന്നെ കുറച്ചു വായന. അതു വെറും ടോണിക് പോലെ. കുറച്ചെന്തെങ്കിലുമൊക്കെ വായിക്കും. പ്രത്യേകിച്ച് മനസ്സ് വിഷമിക്കുമ്പോള്‍. കൊലപാതക ഫീച്ചറുകള്‍, ജ്യോതിഷ പംക്തി ഇതൊക്കെ രാമഭദ്രന് ഇഷ്ടപ്പെട്ട വിഷയങ്ങളാണ്. പിന്നെ വിവാഹ പരസ്യങ്ങള്‍. അവിടെ നാലു കാശു തടയും ചിലപ്പോള്‍ രാമഭദ്രന് ജ്യോതിഷത്തില്‍ നല്ല വിശ്വാസമാണ്. ജാതകവശാല്‍ കേസരി യോഗമുണ്ടെന്ന് രാമഭദ്രന്‍ പറയുന്നു. അതുകൊണ്ട് ചെല്ലുന്നിടത്തെല്ലാം അയാള്‍ പ്രസിദ്ധനാവുമെന്ന് രാമഭദ്രന്‍ സുഹൃത്തുക്കളൊടു പറയാറുമുണ്ട്. അതുകൊണ്ടാണോ രാമഭദ്രന്‍ പൊതുകാര്യ പ്രസക്തനായത്? അറിയില്ല. സമാജത്തിന്‍റെ പ്രസിഡന്‍റ്. അതിന്‍റെ ഊര്‍ജ്ജസ്വലനായ പ്രവര്‍ത്തകന്‍. ഇതൊക്കെയാണ് രാമഭദ്രന്‍. അയാള്‍ നയചാതുരിയോടെ സംസാരിച്ച് ആള്‍ക്കാരെ വശത്താക്കുന്നു. അതിസമര്‍ത്ഥമായി ഫണ്ടുപിരിവിന്‍റെ ക്രയവിക്രയം സ്വയം ഏറ്റെടുക്കുന്നു. പരിചയമുള്ളവരോ ഇല്ലാത്തവരോ ആരായാലും അവരെ മയക്കിയെടുത്ത് കാശ് സ്വന്തമാക്കാനുള്ള രാമഭദ്രന്‍റെ ആ കഴിവുണ്ടല്ലോ.......അപാരം ഇത്തരം ബഹുമുഖ പ്രതിഭകള്‍ ഇത്തിരി താന്തോന്നിത്തം കാട്ടിയാലും ആരും അത് അത്ര കാര്യമാക്കില്ല. ഉവ്വോ? ഇല്ലെന്നാണ് പൊതുവിശ്വാസം. രാമഭദ്രനെക്കുറിച്ച് പറയുമ്പോള്‍ ചില പഴയ കാര്യങ്ങള്‍ കൂടി ഇവിടെ പറയേണ്ടി വരും. വര്‍ഷങ്ങള്‍ക്കു മുന്പ്. നാട്ടില്‍ അമ്പലം വിഴുങ്ങി കമ്മറ്റിയിലെ ഒരു പ്രധാന പ്രവര്‍ത്തകനായിരുന്നു ഈ കഥാനായകന്‍. പണം ശേഖരിച്ച് വെട്ടി ആര്‍ഭാടമടിച്ചു. ചോദിച്ചവരോട് അലംബുണ്ടാക്കി. നാവിന്‍റെ കഴിവു കൊണ്ട് ഒരുവിധം പരിക്കു പറ്റാതെ രക്ഷപ്പെട്ടു. കാശ് കിട്ടിയാല്‍ പിന്നെ ഏതു കോരനാ മാറാത്തത്. രാമഭദ്രന്‍ അധികം താമസിയാതെ ഒരു പെണ്ണു കേസിലും അകപ്പെട്ടു. നാറിയെന്നത് രണ്ടുതരം. തടികേടാവാതിരിക്കാന്‍ പിന്നെ അവിടെനിന്ന് മുങ്ങുകയെ നിവര്‍ത്തിയുള്ളു. അസ്സലായി മുങ്ങി. പൊങ്ങിയത് ഈ നഗരത്തിലും നഗരത്തിന്‍റെ ആര്‍ഭാടം രാമഭദ്രന് നന്നേ ബോധിച്ചു. പതുക്കെ അയാള്‍ പലതിലും ഇടപെട്ടു. നോക്കണെ, രാമഭദ്രന്‍റെ ഒരു രാശി. പറയുന്നപോലെ പ്രവര്‍ത്തിക്കുന്ന രാമഭദ്രന്‍ എന്ന പേര് അയാള്‍ നേടിയെടുത്തു. രാമഭദ്രന്‍ രാഷ്ട്രീയക്കാരന്‍റെ വേഷമിട്ടു. അനുയായികളെ സൃഷ്ടിച്ചു. പൊതുപ്രവര്‍ത്തകനെന്ന ഖ്യാതി നേടി. സമാജങ്ങള്‍ ഉണ്ടാക്കി. മറ്റു ചിലത് കുളംതോണ്ടി. നിലനില്‍പ്പിന് രാമഭദ്രന് ഏതറ്റംവരെ പോകാനും മടിയുണ്ടായില്ല. അനുയായികളുടെ ആശ്രിതവത്സനായി. ഇതൊക്കെ പോരെ നല്ലൊരു നേതാവാകാന്‍, ജനസമ്മതനാവാന്‍. അങ്ങനെയൊരിക്കല്‍ സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഫണ്ടു പിരിക്കാന്‍ സമാജം തീരുമാനിക്കുന്നു എന്തിനേയും തന്‍റെ വഴിയ്ക്കു കൊണ്ടു വരുവാന്‍ രാമഭദ്രന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. പിരിച്ചെടുത്ത കാശില്‍ എത്ര പേര്‍ക്ക് സഹായം കിട്ടിയെന്ന് ആര്‍ക്കുമറിയില്ല. രാമഭദ്രന്‍ അങ്ങനെയണ്. എല്ലാം കൈയിലൊതുങ്ങമ്പോള്‍ അയാളുടെ നിറം മാറും. പക്ഷെ എല്ലാവര്‍ക്കും ഒരു കാര്യമറിയാം. അതിനുശേഷമാണ് രാമഭദ്രന്‍ ഒരു പുതിയ ഫ്ലാറ്റ് വാങ്ങുന്നത്. അങ്ങനെ അയാള്‍ എന്തെല്ലാം വാങ്ങി. പലതും വാങ്ങി. അതാണ് ചിലരുടെ തലേലെഴുത്തെന്ന് പറയുന്നത്. അതൊന്നും വെറുതയുമല്ല. എല്ലാവര്‍ക്കും ഓരോരൊ വഴി എന്ന് പൊതുജനം തമ്മില്‍ പറഞ്ഞു കുതികാല്‍ വെട്ടിനെക്കുറിച്ചും സ്വജന പക്ഷപാതത്തെക്കുറിച്ചും വായ്ത്താരി മുഴക്കുന്ന അഴിമതിയും അഴിഞ്ഞാട്ടവും നമ്മുടെ സമൂഹത്തിന്‍റെ വിപത്തായിരിക്കെ അതില്‍ നിന്നെല്ലാം വ്യത്യസ്തരായിരിക്കാന്‍ പുത്തന്‍ കൂറുകാരോടു ഉപദേശിക്കുന്ന രാമഭദ്രന്‍, ചര്‍ച്ചകളിലും സ്റ്റഡിക്ലാസുകളിലും തന്‍റെ അനര്‍ഗ്ഗളമായ വാഗ്ധോരണിയിലൂടെ അക്ഷരങ്ങളുടെ ചീട്ടുകൊട്ടാരത്തിനു മുമ്പില്‍ അന്ധാളിച്ചു നില്‍ക്കുന്ന യുവാക്കളോടു മുഴങ്ങുന്ന സ്വരത്തില്‍ അയാള്‍ പറയും - വായനയല്ല തിയറിയല്ല ജീവിതം; ജീവിതം പ്രാക്റ്റിക്കലാണ്. ഭാവനയല്ല സ്വപ്നമല്ല ജീവിതം; യാഥാര്‍ത്ഥ്യമാണ് ജീവിതം. ജീവിക്കാനുള്ളതാണു ജീവിതം. വെട്ടിപ്പിടിക്കുക കീഴടക്കുക - അതാണു ജീവിതം. വിധി അലംഘനീയമാണ്. വില്ലുകുലക്കുമ്പോള്‍ വിറകൊള്ളുന്ന ജാണിന്‍റെ അസ്വാസ്ഥ്യത്തോടെ യുവാക്കള്‍ അയാളുടെ സാഗര ഗര്‍ജ്ജനം ശ്രവിക്കാന്‍ നിര്‍ബ്ബന്ധിതരായി എങ്ങനെയും ജീവിക്കുക എന്നത് തത്വത്തില്‍ സ്വീകരിച്ച അയാള്‍ തനിക്ക് പുറം തിരിഞ്ഞു നില്‍ക്കുന്ന എന്തിനേയും ഒരുതരം കലാപാടവത്തോടെ നേരിട്ടു. അത്തരമൊരാള്‍ നേവിയിലുണ്ടായിരുന്ന സിവിലിയന്‍ ജോലി രാജിവച്ച് ഒരു പ്രൈവറ്റ് കമ്പനിയില്‍ സ്റ്റെനൊ ടൈപ്പിസ്റ്റായി ഉദ്യോഗത്തില്‍ കയറുമ്പോള്‍ അത്ഭുതപ്പെടേണ്ടതില്ല. പക്ഷെ, അയാളെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ച അയാളുടെ സഹപ്രവര്‍ത്തകന്‍റെ രസികത്തമോ! രാമഭദ്രന്‍റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞു - ഇന്ത്യാ പാക് യുദ്ധം ഉടനടി തീര്‍ച്ച. അണുവായുധങ്ങളുടെ മാറ്റുരച്ചു നോക്കല്‍ ജവാന്മാര്‍ക്ക് ഒരു ശ്വാസത്തിന്‍റെ ആയുസ്സു പോലും കൊടുക്കില്ല. പിന്നെ സിവിലിയന്മാരായ നമ്മള്‍ പടക്കോപ്പുമേന്തി യുദ്ധത്തിനു പോകേണ്ടി വരും.... ഇത്രയും മതിയായിരുന്നു അയാള്‍ക്ക്. ഇത്തിരിയില്‍ നിന്ന് ഒത്തിരി കാണുന്നവനാണു രാമഭദ്രന്‍. അയാള്‍ സിവിലിയന്‍ ജോലി രാജിവച്ചു നഗരത്തിലെ വെള്ളിവെളിച്ചത്തില്‍ ഉഴറുന്ന ലക്ഷം ലക്ഷങ്ങളില്‍ ഒരുവനായി......... പച്ചനുണകളും പറഞ്ഞു ഫലിപ്പിക്കാന്‍ വിരുത് വേണം. അക്കാര്യത്തില്‍ രാമഭദ്രനെ വെല്ലാന്‍ ആരുണ്ട്? ഇല്ലെന്നു മാത്രമല്ല അയാള്‍ക്ക് ഏതു ജോലിയും അപ്രാപ്യവുമായിരുന്നില്ല. ചുരുക്കെഴുത്ത് വശമില്ലാത്ത രാമഭദ്രന്‍ കേട്ടെഴുത്ത് ലോങ്ങ് ഹാന്ഡില്‍ എഴുതിയെടുത്ത് പുതിയതായി ജോലിക്കു ചേര്‍ന്ന ചിന്നപ്പയ്യനെ ക്കൊണ്ട് ടൈപ്പ് ചെയ്യിച്ചു. അങ്ങനെ ഒരുപാടു ക്രെഡിറ്റുകള്‍ അയാള്‍ കമ്പനിയില്‍ നേടിയെടുത്തു. അപ്പോള്‍ അയാള്‍ മുതലാളിയുടെ സ്വന്തമാവുന്നത് സ്വാഭാവികം....... "ടിക്കറ്റ്...ടിക്കറ്റ്...." കണ്ടക്റ്ററുടെ ശബ്ദം രാമഭദ്രന്‍ കേട്ടില്ല. അയാള്‍ നല്ല ഉറക്കത്തിലായിരുന്നു അപ്പോള്‍. സുഖ നിദ്ര. അയാള്‍ യാത്ര തുടര്‍ന്നു........ "ഒപ്പേര ഹൌസ്" കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു. രാമഭദ്രന്‍ കണ്ണു തുറന്നു. പിടഞ്ഞെഴുന്നേറ്റ്. അയാള്‍ ബ്രീഫ്കെയ്സ് തൂക്കി ധൃതിയില്‍ പുറത്തിറങ്ങി. ആകാശ നീലിമയുടെ വര്‍ണ്ണമിയന്ന യൂനിഫോം വസ്ത്രധാരികള്‍ അയാളെ തടഞ്ഞു "യുവര്‍ ടിക്കറ്റ് പ്ലീസ്" രാമഭദ്രന്‍ പോക്കറ്റില്‍ നിന്ന് തന്‍റെ ഐഡിന്‍റിറ്റി കാര്‍ഡ് എടുത്തു നീട്ടി. ഏതോ കോഡു ഭാഷയാണെന്നു തോന്നത്തക്ക വിധം ചില ഗോഷ്ടികള്‍ കാട്ടി. ഒരു വര്‍ഷത്തിനു മുമ്പ് നേവിയില്‍ സിവിലിയനായിരുന്നപ്പോള്‍ കൈവശമുണ്ടായിരുന്ന അയാളുടെ ഐഡിന്‍റി കാര്‍ഡിലേക്ക് യൂനിഫോം വസ്ത്ര ധാരികള്‍ സൂക്ഷിച്ചു നോക്കി...അതു കഴിഞ്ഞു രാമഭദ്രനേയും.... പിന്നെ അവിടെ നടന്നത് രാമഭദ്രന്‍റെ വക ഒരു അസ്സല്‍ കലാപ്രകടനമായിരുന്നു. കാഴ്ചക്കാരായി നിരവധി പേര്‍.. ഒടുവില്‍ ദുരൂഹമായ ആ കലാപ്രകടനത്തിന്‍റെ അമ്പരപ്പില്‍ ദൃക്സാക്ഷികള്‍ സത്യമറിഞ്ഞു - രാമഭദ്രന്‍ എവിടെ...........?