Thursday, February 19, 2009

ഉണ്ണി എന്ന നടന്‍

മീനാക്ഷി ഒരു ആണ്കുഞ്ഞിനെ പ്രസവിച്ച ദിവസം. ആറ്റുനോറ്റ് ഉണ്ടായ ഉണ്ണിയാണ്. കുടുംബത്തില്‍ എല്ലാവരും ആഹ്ലാദിച്ചുകൊണ്ടിരിക്കുകയാണ്. ആ സമയത്തു പടിപ്പുര വാതില്‍ കടന്ന് ഒരു സന്ന്യാസി നടന്നു വരുന്നു. കാഴ്ചയില്‍ ഒരു സിദ്ധന്‍റെ ലക്ഷണമുണ്ട്.

ഉമ്മറത്തുവന്ന ഉടനെ കാരണവര്‍ ചോദിച്ചു, "എവിടെനിന്നു വരുന്നു?"

"ഉജ്ജനിയില്‍നിന്നാണ്"

"ഫലം പറയാമോ?"

"പറയാം"

കാരണവര്‍ ഒരുനിമിഷം ചിന്തിച്ചുകൊണ്ടു ചോദിച്ചു, "ഇവിടെ ഒരു ഉണ്ണി പിറന്നിരിക്കുന്നു. മുതിര്‍ന്നാല്‍ ഉണ്ണി ആരായിത്തീരും."

സന്ന്യാസി എന്തൊക്കെയോ മനസ്സില്‍ കണക്കുകൂട്ടി. ഉള്‍ക്കണ്ണുകൊണ്ട് എല്ലാം കാണുന്ന പ്രതീതി. "സംശയം വേണ്ട. ഉണ്ണി ഒരു നല്ല ‍അഭിനേതാവാകും."

"അഭിനേതാവോ? എന്നുവച്ചാല്‍?"

"നടന്‍"

കാരണവര്‍ക്ക് ഒട്ടും തൃപ്തി തോന്നിയില്ല. അതിനാല്‍ സന്ന്യാസിക്കു വലിയ സമ്മാനങ്ങളൊന്നും കൊടുത്തതുമില്ല. സന്ന്യാസി പോയശേഷം കാരണവര്‍ ഉണ്ടായ സംഭവങ്ങളെല്ലാം മറ്റുള്ളവരോടു പറഞ്ഞു. ഉണ്ണീ കഥകളി നടന്‍ ആകാനാണു സാദ്ധ്യത! അല്ലെങ്കില്‍ ഓട്ടംതുള്ളല്‍കാരനാകും. ചാക്യാര്‍കൂത്തോ പാഠകമോ? ഇതൊന്നുമല്ലെങ്കില്‍ വല്ല നാടകങ്ങളിലും അഭിനയിക്കാന്‍ ആയിരിക്കുമോ യോഗം?

ഉണ്ണി വളര്‍ന്നു. പഠിക്കാന്‍ ആ കുട്ടി മിടുക്കന്‍ ആയിരുന്നു. ഉണ്ണിക്ക് ഒരു കാര്യത്തില്‍ മാത്രം താത്പര്യമില്ല. അഭിനയിക്കുന്ന കാര്യത്തില്‍. കലാപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഉണ്ണിക്കില്ല. എപ്പോഴും നല്ല മാര്‍ക്കോടു കൂടി ഉണ്ണി പാസ്സായിക്കൊണ്ടിരുന്നു. മുതിര്‍ന്നതോടെ സിദ്ധന്‍ പറഞ്ഞ കാര്യം ഉണ്ണിയുടെ കാതിലുമെത്തി. താന്‍ ഒരുനടനായിപ്പോകുമോ എന്ന് ഉണ്ണിയും സംശയിച്ചു. എന്നാല്‍ പ്രതീക്ഷിച്ചതു സംഭവിച്ചില്ല. സ്കൂളില്‍ കുട്ടികള്‍ നാടകമവതരിപ്പിക്കാറുണ്ട്. ഉണ്ണിയ്ക്കാകട്ടെ അഭിനയവാസനയില്ല. നാടകങ്ങള്‍ കാണാനൊന്നും ആ കുട്ടിക്കു കമ്പം ഉണ്ടായിരുന്നില്ല.

അതിനിടയില്‍ ഗ്രാമത്തിലെ ടാക്കീസില്‍ സിനിമകള്‍ വന്നു. ഉണ്ണി അഭിനേതാവായില്ല. ടെലിവിഷന്‍ വന്നു. അതില്‍ മുഖം കാണിച്ചില്ല, എന്നുമാത്രമല്ല, ഒരു ഫോട്ടോ എടുക്കാന്‍ പോലും ഉണ്ണിക്ക്‌ ഇഷ്ടമല്ലായിരുന്നു.

ഉണ്ണീ പരീക്ഷകളൊക്കെ പാസ്സായി വലിയ ഉദ്യോഗസ്ഥനായി. ഉദ്യോഗത്തില്‍ വിജയിക്കുകതന്നെ ചെയ്തു. കീര്‍ത്തിമാനായി. വിവാഹം കഴിച്ചു. വൈവാഹിക ജീവിതത്തിലും ഉണ്ണീ വിജയിച്ചു. തൊടുന്നതെല്ലാം പൊന്ന് എന്ന രീതിയിലായിരുന്നു ഉണ്ണിയുടെ ജീവിതം. ഉണ്ണിക്ക്‌ മക്കളുണ്ടായി. അവര്‍ വിവാഹിതരായി.

ഒടുവില്‍ ഒരു ദിവസം ഉണ്ണി സന്ന്യാസം സ്വീകരിച്ചു.

സന്ന്യാസദീക്ഷയുടെ ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ പടിവാതില്‍ കടന്ന് ഒരു വൃദ്ധസന്ന്യാസി അവിടെ വന്നു. ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. ഉണ്ണി ഭൂജാതനായ ദിവസം വീട്ടില്‍ വന്ന സന്ന്യാസിയായിരുന്നു അത്. പരിചയപ്പെടുത്തിയപ്പോള്‍ കൂടിനില്‍ക്കുന്നവര്‍ വൃദ്ധസന്ന്യാസിയോടു ചോദിച്ചു-

"താങ്കളുടെ പ്രവചനം തെറ്റി. ഉണ്ണി പലതും ആയി. നടന്‍ മാത്രം ആയില്ല."

"ഉണ്ണി നടന്‍ മാത്രമായിരുന്നു. അതുകൊണ്ടാണ് ജീവിതത്തില്‍ ഇത്രയേറെ വിജയിച്ചത്. ജീവിതത്തെ ഒരു നാടകമായി ഉണ്ണി കണ്ടു. മകന്‍, വിദ്യാര്‍ത്ഥി, ഉദ്യോഗസ്ഥന്‍, ഭര്‍ത്താവ്, പിതാവ് എന്നീ റോളുകളില്‍ വളരെ തന്മയത്വത്തോടുകൂടി ഉണ്ണി അഭിനയിച്ചു. അവനവന്‍ ആരാണെന്ന സ്വത്വം നിലനിര്‍ത്തി അഭിനേതാവായതുകൊണ്ടു ഉണ്ണി പ്രിയങ്കരനായി. ഇപ്പോള്‍, സന്ന്യാസിയായിരിക്കുന്നു. ഒരു നല്ല നടന്‍ ഇങ്ങനെയാകണം."

നടനാകുക എന്നതിന്‍റെ ആന്തരീകാര്‍ത്ഥം അവിടെകൂടിനിന്നവര്‍ക്ക് വ്യക്തമായി. നല്ല നടനായി മാ‍റാന്‍ കഴിയാത്തതുകൊണ്ടാണ് ഇന്നു പലരും ദു:ഖം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജീവിതനാടകത്തില്‍ നന്നായി അഭിനയിക്കണം.

( മാതൃവാണി, സെപ്തംബര്‍, 2008 - പി.ആര്‍.നാഥന്‍)