സമാജം വര്‍ഷാവര്‍ഷം നടത്തിപ്പോരുന്ന കായിക മത്സരങ്ങളിലെ അവസാന ഇനം അരങ്ങേറാന്‍ പോവുകയായിരുന്നു. വനീതാ വിഭാഗത്തിന്‍റെ മ്യൂസിക്കല്‍ ചെയര്‍ അഥവാ കസേരകളിയുടെ പ്രാരംഭ നടപടികള്‍ മൈതാനിയില്‍ സംഘാടകര്‍ ആരംഭിച്ചു കഴിഞ്ഞു.
വട്ടത്തില്‍ നിരത്തിയിട്ട പത്തു കസേരകള്‍ക്കുചുറ്റും സര്‍ക്കിളിനു പുറത്ത് തരുണികള്‍ അണിഞ്ഞൊരുങ്ങി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നു. സ്ലിം ബ്യൂട്ടികളും ഫാറ്റ് ബ്യൂട്ടികളും കുമ്മായം കൊണ്ടുവരച്ച വട്ടത്തിന് ചുറ്റോടുചുറ്റും, മൈക്കിലൂടെ ഒഴുകിയെത്തിയ ഇന്‍സ്ട്രുമെന്‍റെല്‍ മ്യൂസിക്കിന്‍റെ താളക്രമവിടവനുസരിച്ച് ഓടിയും ഇരുന്നും ഓരോ റൌണ്ടുകളും തികച്ചുകൊണ്ടിരുന്നു. കസേര കിട്ടാത്തവര്‍ ഇളിഭ്യരായി ചിരിച്ച് പുറത്തുപൊയ്ക്കൊണ്ടിരുന്നു. ഒടുവില്‍ മത്സര വിധി പ്രഖ്യാപനത്തിന്‍റെ ശേഷക്രിയയ്ക്കുവേണ്ടി രണ്ടുപേര്‍ അവശേഷിച്ചു. അത് ജയാ മേനോനും സുനിതാ നായരും ആയിരുന്നു. രണ്ടുപേരും ഇത്തിരി തടിച്ച സുന്ദരിക്കോതകളായിരുന്നു. ഒന്നാം സ്ഥാനത്തെത്തി കസേര കൈക്കലാക്കാനുള്ള വാശിയില്‍ ഇരുവരും സാരി അല്പം കയറ്റി ഇടുപ്പില്‍ കുത്തി. വിസില്‍ ശബ്ദമുയര്‍ന്നു. വാദ്യോപകരണസംഗീതത്തിന്‍റെ ചടുലതയില്‍, കാണികളുടെ ആവേശം പകരുന്ന തപ്പടിയുടെ മൂര്‍ച്ഛയില്‍ ഇരുവരും കിതപ്പ് അശേഷം വകവെയ്ക്കാതെ സര്‍ക്കിളിനു പുറത്ത് കസേരയ്ക്കുചുറ്റും അന്ത്യമ വിധിക്കായി ഓടിത്തുടങ്ങി. കസേര സ്വന്തമാക്കിയേ അടങ്ങൂ എന്ന മുഴുത്ത വാശിയില്‍ അവരുടെ ആവേശം പതിന്മടങ്ങ് വര്‍ധിച്ചിരുന്നു. സംഗീതം നിലച്ചു. അവശേഷിച്ചിരുന്ന ഒരു കസേരയില്‍ ജയാ മേനോനും സുനിതാ നായരും അര്‍ദ്ധാസനത്തില്‍ ഇരിപ്പുറപ്പിച്ചു. അന്നേരം റഫറി, ജയാ മേനോന്‍റെ കളിക്ക് ഫൌള്‍ വിധിച്ചു. സംഗീതം നിലയ്ക്കുന്നതിനുമുമ്പ് ജയാ മേനോന്‍ സര്‍ക്കിളിനുള്ളില്‍ പ്രവേശിച്ചിരുന്നു.! സുനിതാ നായര്‍ ഒന്നാം സ്ഥാനക്കാരിയായി മൈക്കിലൂടെ അനൌണ്സ് ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു സംഘാടകര്‍. " ഇത് പക്ഷപാതമാണ്. ഈ വിധിയെ ഞാന്‍ മാനിക്കുന്നില്ല. " - ജയാ മേനോന്‍റെ ഭര്‍ത്താവ് ഇടപെട്ടു. കോലാഹലം ആരംഭിക്കുകയായിരുന്നു. കാണികള്‍ രണ്ടുചേരിയായി. തര്‍ക്കമായി, ബഹളമായി, തമ്മില്‍ തമ്മില്‍ വാടാ പോടാ വിളിയായി. " ഏട്ടാ, സാരല്യാന്നേയ്. ഈ കസേരയില്ലെങ്കില്‍ വേറൊരു കസേര നമുക്ക് കിട്ടൂന്നേയ് " - ബഹളത്തിനിടയിലും ജയാ മേനോന്‍ പറഞ്ഞു. " നീയ്യ് മിണ്ടാതിരിക്കെടി. ഞാനാ നിന്‍റെ അംഗത്വ ഫീസ് അടയിക്കണ് " - ജയാ മേനോന്‍റെ ഭര്‍ത്താവ് കുരച്ചു. സ്പോര്‍ട്സ് കമ്മറ്റി ചെയര്‍മാനും കണ്‍വീനറും ഗ്രൌണ്ടിന്‍റെ ഒരറ്റത്ത് മാറിനിന്ന് പരസ്പരം കുശുകുശുത്തു. മൈക്കിലൂടെ വിധിപ്രഖ്യാപനം പുറത്തെത്താന്‍ അധിക സമയമെടുത്തില്ല. മ്യൂസിക്കല്‍ ചെയറിന്‍റെ ഒന്നാം സ്ഥാനത്തേക്കുള്ള വിജയം തുല്യമായി പങ്കിട്ടിരിക്കുന്നു. കാണികള്‍ ചേരിതിരിവ് മറന്ന് കൈയ്യടിച്ചു. അന്നേരം ജയാ മേനോനേയും സുനിതാ നായരേയും വിക്റ്ററി സ്റ്റാന്‍ഡിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് മൈതാനിയില്‍ മുഴങ്ങി കേട്ടു. ജയാ മേനോനും സുനിതാ നായരും വിക്റ്ററി സ്റ്റാന്‍റിന്‍റെ അരികിലെത്തി. അവര്‍ പരസ്പരം നോക്കി. എങ്ങനെ രണ്ടുപേരും വിക്റ്ററി സ്റ്റാന്‍റിന്‍റെ ഒന്നാം നിലയില്‍ ഒരുമിച്ച് കയറിനില്ക്കും എന്നായിരുന്നു അപ്പോള്‍ അവരെ അലട്ടിയിരുന്ന പ്രശ്നം. അപ്പോള്‍ മാത്രമേ സംഘാടകര്‍ ആ യാഥാര്‍ത്ഥ്യത്തിന്‍റെ വിഷമവൃത്തം മനസ്സിലാക്കിയുള്ളു. ആദ്യം ആരെ കയറ്റിയാലും മറു ചേരിക്കാര്‍ ബഹളമുണ്ടാക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. എങ്കില്‍ എല്ലാവരേയും വിസ്മയിപ്പിച്ചുകൊണ്ട് സ്പോര്‍ട്സ് കമ്മറ്റി പൊടുന്നനെ പരിഹാരം കണ്ടെത്തി. ജയാ മേനോനും സുനിതാ നായരും മുഖാമുഖം നിന്ന് ഹസ്ത്ദാനം ചെയ്യുമ്പോള്‍ സഹൃദയരായ കാണികള്‍ നീണ്ട ഹര്‍ഷാരവത്തോടെ കസേരകളിക്കാരെ അഭിനന്ദിച്ചു.