Monday, January 19, 2009

നാല് നുറുങ്ങു കഥകള്‍

മൂന്ന് ചൈനീസ് നാടോടി കഥകള്‍

കഴുതയുടെ കഴിവ്

- ജിന്‍ ജ്യാക്ക്

ഒരു മണ്ടന്‍ കഴുത നാഴികക്കല്ലിനു ചുറ്റും കുറെ തവണ ചുറ്റി. എന്നിട്ട് സ്വയം പുകഴ്ത്തി പറഞ്ഞു - " ഹായ്, എത്ര നാഴികയാണ് ഞാന്‍ പിന്നിടുന്നത്!"

ഇതു കണ്ട ഒരു കാള കഴുതയോടു പറഞ്ഞു - " ചങ്ങാതി, വിഡ്ഡിത്തം പറയാതെ. താന്‍ നാഴികക്കല്ല് ചുറ്റുകയാണ്. "

കഴുതയ്ക്ക് ദേഷ്യം വന്നു - " പിന്നെ, ഞാന്‍ ഈ നാഴികയൊക്കെ പിന്നിടുന്നില്ലെ? വെറുതെ അസൂയ പറയരുത്.


മറവി - ഹ്വാങ്ങ് യോക്ക്യു


ഒരു മറവിക്കാരന്‍ വീടു പൂട്ടി പോകുമ്പോള്‍ താക്കോല്‍ വീട്ടിന്നരികെ വെച്ചു മറന്നു. പിന്നീടൊരു നാള്‍ താക്കോല്‍ വഴിയോരത്ത് വെച്ചു മറന്നു. അയാള്‍ അവസാനം ഒരു സൂത്രം കണ്ടുപിടിച്ചു. താക്കോല്‍ പൂട്ടില്‍ത്തന്നെ വെയ്ക്കുക, എന്നാല്‍ ഇനി മറക്കില്ലല്ലോ!

മുടി- യാങ്ങ് സ്വായി

ഒരു പെണ്‍കുട്ടിക്ക് സുന്ദരമായ മുടിയുണ്ടായിരുന്നു. എല്ലാവരും പെണ്‍കുട്ടിയെ നോക്കി അഭിനന്ദിച്ചു. കുട്ടിയുടെ അച്ഛനും അമ്മക്കും ഇതു കണ്ടപ്പോള്‍ പേടിയായി. അവര്‍ കുട്ടിയുടെ മുടി സ്വര്‍ണ്ണത്തുണികോണ്ട് പൊതിഞ്ഞു. കാറ്റും വെയിലും മഴയും കൊള്ളാതായി. അടുത്ത വര്‍ഷം കുട്ടിയുടെ മുടി പാടെ കൊഴിഞ്ഞും പോയി.
(കടപ്പാട് - മിനിമാഗസിന്‍, മാര്‍ച്ച്, 1986 - സമ്പാദകന്‍ - ശിവന്‍ ഒറ്റപ്പാലം)

മാലുവിന്‍റെ തേങ്ങല്‍‍

എന്തെഴുതേണ്ടു എങിനെയെഴുതേണ്ടു എന്നറിയാതെ മാലുവിന്‍റെ കത്ത് പോക്കറ്റില്‍ കിടക്കുന്നു. മനുഷ്യന്‍ മനുഷ്യനോട് കാട്ടുന്ന ക്രൂരതക്ക് കര്‍മ്മഫലമെന്ന് പേരിടാമോ? പ്രത്യേകിച്ചും മാലുവിനെ സംബന്ധിച്ച്. വള്ളുവനാടന്‍ ഗ്രാമഭംഗിയും കുന്തിപ്പുഴയുടെ പവിത്രതയും ഒരു പോലെ ആവാഹിച്ചെടുത്ത കിളുന്ത് പെണ്ണ്. തന്‍റെ വ്യക്തിത്വം വാക്കിലും പ്രവൃത്തിയിലും പ്രകടിപ്പിക്കുന്ന നല്ലോരു സുഹൃത്ത്.

മാലു ഒരിക്കല്‍ എഴുതിയ കത്തിലെ വരികള്‍ ഞാനിപ്പോഴും ഓര്‍ക്കുന്നു - " ശ്രീരാമനെ പിരിഞ്ഞിരിക്കുന്ന സീതയുടെ ദു:ഖം ഇപ്പോള്‍ ഞങ്ങള്‍ക്കില്ല. സത്യം തന്നെ. പക്ഷെ സീതയെപ്പോലുള്ള ചുരുക്കം ചില പെണ്ണുങ്ങള്‍ ഇന്നുമുണ്ടാകും. സൌദി അറേബ്യയിലോ മറ്റോ ഉള്ള ശ്രീരാമന്‍മാരെ കാത്ത്, നാട്ടില്‍ കത്തുവരുന്ന ദിവസവും നോക്കി ഇരിക്കുന്ന സീതമാരില്ലേ! അങ്ങിനെയൊരു സീതയാവാനുള്ള ഗതികേട് ഉണ്ടാവരുതേ എന്നേ പ്രാര്‍ത്ഥനയുള്ളു "

മാലുവിന് അറം പറ്റിയതാണോ? എന്തോ! (മുരളീധരന്‍ പി.പി. ശ്രീരാഗം മാസികയില്‍ പണ്ടെഴുതിയത്)