Saturday, January 17, 2009

ആ ചുകന്ന സഞ്ചി

മുപ്പത്തഞ്ചോളം വര്‍ഷത്തെ അടുപ്പവും സ്നേഹവും നിസ്സാരമല്ല, ഈ ചെറിയ മുനുഷ്യ ജീവിതത്തില്‍. എന്നിട്ടും ചെറുകാട് മരിച്ചു എന്ന് അപ്രതീക്ഷിതമായി കേട്ടപ്പോള്‍ എനിക്ക് ഞെട്ടലുണ്ടായില്ല.

മുറുക്കാന്‍ ചെല്ലവും പാര്‍ട്ടിസര്‍ക്കുലറുകളും സാഹിത്യകൃതികളും ക്ളാസ് നോട്ടുകളും വീട്ടിലേക്കുള്ള പഞ്ചസാരപ്പൊതിയും എല്ലാം കുത്തിനിറച്ച ആ വലിയ ചുവന്ന തുണിസഞ്ചി അദ്ദേഹം താഴത്തിറക്കി എന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ആ സഞ്ചി അദ്ദേഹത്തിന്‍റെ പ്രതീകമായിരുന്നു.

ചെറുകാടിനെ സംബന്ധിച്ചിടത്തോളം, കാലത്തിന്‍റെ ഗതിയെ കണ്ടറിയുവാന്‍ കഴിഞ്ഞുവെന്നതായിരുന്നു ഏറ്റവും വലിയ വിദ്യാഭ്യാസം. അദ്ദേഹം സമ്പാദിച്ച മറ്റെല്ലാ അറിവുകളും ഈയൊരു അറിവിനെ പോഷിപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹവുമായി വാദപ്രതിവാദം നടത്തുമ്പോള്‍ മറ്റെല്ലാ ഭാഗത്തും അദ്ദേഹം കുറെയൊക്കെ വിട്ടുവീഴ്ചക്ക് തയ്യാറാകും. എന്നാല്‍, കലാബോധത്തെ സംബന്ധിച്ചുള്ള സ്വന്തം നിലപാടിന് അല്പംപോലും മാറ്റമുണ്ടാകുകയില്ല. ഒരിക്കല്‍ 'കാലത്തിനായിക്കൊണ്ട് നമസ്കരിക്കുക" എന്നര്‍ത്ഥംവരുന്ന ഋഷിസൂക്തം ഞാന്‍ അദ്ദേഹത്തിനു ചൊല്ലിക്കൊടുത്തു.

' അതു പറഞ്ഞ മഹര്‍ഷി സ്വല്പം വകതിരിവുള്ളവനാണ് എന്നു തോന്നുന്നു ' അദ്ദേഹം പറഞ്ഞു. ' ഇതൊക്കെ തനിക്കറിയാം. എന്നിട്ടും എന്നോടിങ്ങനെ ഓരോ ദുസ്സാമര്‍ത്ഥ്യം പറയണോ? '

ചെറുകാടിനെപ്പറ്റി ഓര്‍ക്കാന്‍ വളരെയേറെയുണ്ട്. നമുക്ക് പ്രിയപ്പെട്ട ഒരാള്‍ മരിച്ചുകഴിയുമ്പോള്‍, ചിരകാലാനുഭവങ്ങള്‍ ചങ്ങലക്കണ്ണികള്‍ പോലെ മനസ്സിലൂടെ ഓടിപ്പോകുന്നു. ഈ കണ്ണികളാണ് ആ പൊയ്പ്പോയ മനുഷ്യനെ നമ്മുടെ മനസ്സില്‍ പിന്നെ ബന്ധിച്ചു നിര്‍.ത്തുന്നത്.

വളരെയേറെ അത്തരം കണ്ണികള്‍ എന്‍റെ മനസ്സില്‍ ഉള്ളതുകൊണ്ടാണ് എന്നു തോന്നുന്നു, ചെറുകാട് മരിച്ചിട്ടും മരിച്ചുവെന്ന് എനിക്ക് ബോദ്ധ്യപ്പെടാത്തത്. അദ്ദേഹം ഗദ്യത്തിലും പദ്യത്തിലുമായി വളരെ എഴുതി. ' മണ്ണിന്‍റെ മാറില്‍ ' എന്നാണ് അദ്ദേഹത്തിന്‍റെ ഒരു പുസ്തകത്തിന്‍റെ പേര്. പക്ഷെ, എല്ലാ പുസ്തകങ്ങള്‍ക്കും ആ പേരിട്ടാലും ശരിയായിരിക്കും. അത്രയ്ക്കധികം വള്ളുവനാടന്‍ മണ്ണിനോട് ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്‍റെ കൃതികള്‍.

വാദപ്രതിവാദത്തിലൂടെയാണ് ഞങ്ങള്‍ കൂടിക്കാഴ്ചകള്‍ ഏറിയകൂറും ആഘോഷിച്ചിട്ടുള്ളത്. ചെറുകാടിന് ഒരിക്കലും ശുണ്ഠിവരില്ല; എനിക്ക് ഇടക്കിടക്ക് ശുണ്ഠി വരാതെയുമിരിക്കുകയില്ല. ' നിങ്ങള്‍ വരട്ടു തത്ത്വശാസ്ത്രജ്ഞനാവരുത്. ' ഒരിക്കല്‍ ഞാന്‍ പറഞ്ഞു. ചിരിച്ചുകോണ്ട് അദ്ദേഹം പറഞ്ഞു " താന്‍ എന്നെ കേമനാക്കരുത്. എന്‍റെ ഈ സഞ്ചിയില്‍ മനുഷ്യര്‍ക്കാവശ്യമുള്ള പലതുമുണ്ട്. എന്നാല്‍ അതില്‍ തത്ത്വശാസ്ത്രം ഞാന്‍ വാങ്ങിവച്ചിട്ടില്ല, ഒട്ടും. ഈ സഞ്ചിയിലുള്ള പഞ്ചസാര മധുരിക്കും എന്നറിയാന്‍ എനിക്ക് തത്ത്വശാസ്ത്രം ആവശ്യമില്ല. മനുഷ്യന് സുഖവും സന്തോഷവുമുണ്ടാക്കുന്ന എല്ലാകാര്യവും ഇഷ്ടം; അല്ലാത്തതിനോടൊക്കെ ദേഷ്യമുണ്ടുതാനും.

"

( കടപ്പാട് - ഉറൂബിന്‍റെ ശനിയാഴ്ചകള്‍ എന്ന പുസ്തകത്തില്‍ നിന്ന്. പൂര്‍ണ്ണ പബ്ളിക്കേഷന്‍സ്- ഫസ്റ്റ് എഡിഷന്‍ 1999. ശ്രീ. ഉറുബ് ( പി.സി. കുട്ടിക്കൃഷ്ണന്‍ ) എഴുതിയ ലേഖനത്തില്‍ നിന്ന് )