ഞങ്ങള്‍ അമ്പലവാസികളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള യുവതികളുണ്ട്. അമ്പലങ്ങളില്‍ ഗുമസ്തപ്പണിയെങ്കിലും കൊടുത്ത് അവരെ രക്ഷിക്കേണ്ടതിനു പകരം അനാഥരാക്കുന്ന നയമല്ലേ സര്‍ക്കാര്‍ സ്വീകരിക്കുന്നത്?
എന്തിനാണ് ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുത്തത്? വിദേശഫണ്ടുകള്‍ കുത്തിയൊഴുകുന്ന ഹൈന്ദവേതര മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ല? മുക്രിക്കും മദ്രസ അദ്ധ്യാപകര്‍ക്കും പെന്ഷന്‍ കൊടുക്കുകയും ഹജ്ജിന് സബ്സിഡി അനുവദിക്കുകയും വഖഫ് ബോര്‍ഡിനെ തോളിലേറ്റി തലോടുകയും ചെയ്യുന്ന സര്‍ക്കാര്‍ എന്തു സംവര്‍ണമാണ് സവര്‍ണ ന്യൂനപക്ഷത്തിന് നല്‍കിയത്? ഉയര്‍ന്ന ജാതിക്കാര്‍ക്ക് സംവരണം നല്‍കരുതെന്ന് സുപ്രീംകോടതിയില്‍ കേസ് വന്നപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ അരഭിപ്രായം രേഖപ്പെടുത്തി - "സവര്‍ണരിലും പാവപ്പെട്ടവരില്ലേ" എന്ന്. നാല് വോട്ടിനു വേണ്ടി കേരളത്തിലെ മുന്‍-പിന്‍ സര്‍ക്കാരുകള്‍ നടത്തുന്ന തീക്കളി സമൂഹത്തിലുണ്ടാക്കാവുന്ന ഭവിഷ്യത്തുകള്‍ എത്രമാത്രം തീക്ഷ്ണമായിരിക്കുമെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചരിക്കുന്നു.
.ഈ സവര്‍ണര്‍ ഇന്ത്യക്കാരല്ലേ? കേരളീയരല്ലേ? അര്‍ഹിക്കുന്നവര്‍ക്ക് സംവരണം കൊടുക്കരുതെന്ന് പറയാനുള്ള അവകാശം ഈ ജനാധിപത്യ വ്യവസ്ഥയില്‍ ഇല്ലെന്ന കാര്യം മറക്കരുത്.. സംവരണത്തിന്‍റെ ക്രൂരത ഏറ്റവുമധികം അനുഭവിച്ചിട്ടുണ്ട്. എന്‍ട്രന്സ് പരീക്ഷയ്ക്ക് 30,000 റാങ്കില്‍ വന്ന സംവരണക്കാരെ എടുത്തിട്ടേ 4000 - 5000 റാങ്കുകാര്‍ക്ക് കിട്ടൂ. ഇന്ത്യയിലല്ലാതെ ലോകത്തിന്‍റെ മറ്റൊരു കോണിലും ഇങ്ങനെയുള്ള അനീതികള്‍ നടക്കുന്നില്ല. പാശ്ചാത്യരാജ്യങ്ങളില്‍ മികവുതന്നെയാണ് പ്രധാനം.
"രാധ എപ്പോഴും ദുഃഖിതയാണ്" എന്ന് മാസ്റ്റര്‍ സൂചിപ്പിച്ചു. സന്തോഷിക്കാന്‍ കഴിയുന്നില്ല. 30 വര്‍ഷം അദ്ധ്യാപികയായിരുന്നു. സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയത്തില്‍ ലക്ചററും പ്രിന്സിപ്പലുമൊക്കെയാവാന്‍ സാദ്ധ്യതകളുണ്ടായിരുന്നു. എന്‍റെ സീനിയോറിറ്റി മറികടന്ന് ഒരദ്ധ്യാപകന്‍ ലക്ചററായി, പ്രിന്സിപ്പലായി. 9 വര്‍ഷം! ഐക്യജനാധിപത്യ മുന്നണിയോ ഇടതുപക്ഷ സര്‍ക്കാരോ സഹായിച്ചിട്ടില്ല. സെക്രട്ടേറിയറ്റിലെ ഫയലുകളില്‍ (വിദ്യാഭ്യാസ വകുപ്പില്‍) എന്‍റെ നിരവധി പരാതികള്‍ സുഖനിദ്രയിലായിരിക്കും. മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീറിനും ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിക്കും 'അനര്‍ഹമായതൊന്നും വേണ്ട, അര്‍ഹിക്കുന്ന പോസ്റ്റ് അനുവദിക്കണ' മെന്ന് അനേകം നിവേദനങ്ങള്‍. ഒന്നും സംഭവിച്ചില്ല. ഒടുവില്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. എല്ലാ ആനുകൂല്യങ്ങളും നല്‍കി ഹയര്‍ സെക്കണ്ടറിയിലേക്ക് ഉദ്യോഗക്കയറ്റം കൊടുക്കണമെന്ന് കോടതി. 2007 മെയ് 9-ന് തിരുവനന്തപുരത്തെത്തി. ശിക്ഷക് സദനില്‍ താമസിച്ചു. ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റില്‍ പലതവണ കയറിയിറങ്ങി. അന്നത്തെ എച്ച്.എസ്.എസ്. ഡയറക്ടര്‍ കാര്‍ത്തികേയന്‍ നായരെ കണ്ടു. ഉദ്യോഗസ്ഥരായ ഷാജി, ബാബു, രാധിക എല്ലാവരും ഒരേ മനസ്സായിരുന്നു. 2007 മെയ് 31ന് വിരമിക്കുന്ന എനിക്ക് എച്ച്.എസ്.എസ്സിലേക്ക് പ്രമോഷന്‍ അനുവദിക്കണം. കാര്‍ത്തികേയന്‍ നായര്‍ നേരിട്ടുതന്നെ നിയമകാര്യവകുപ്പിലെത്തി അന്വേഷിച്ചു. നടന്നില്ല.
വനം മന്ത്രി ബിനോയി വിശ്വത്തെ ഓഫീസില്‍ പോയി കണ്ടു. കെ.എസ്.ടി.എ. ഓഫീസില്‍ പോയി എ.കെ.ചന്ദ്രനെ കണ്ടു. രക്ഷയില്ല. കോടതിവിധി നടപ്പാക്കിക്കിട്ടാനാണ് ഈ ജനാധിപത്യരാജ്യത്ത്, സാക്ഷരകേരളത്തില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ വാതിലുകള്‍ കയറിയിറങ്ങിയത്. മെയ് 12ന് വീണ്ടും ബിനോയ് വിശ്വത്തിന്‍റെ ചേംബറിലെത്തി. മന്ത്രിക്കു മുന്നില്‍ നിരവധി ഉദ്യോഗസ്ഥരുണ്ടായിരുന്നു. അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയെ കാണാന്‍ നിര്‍ദ്ദേശിച്ചു. എം.എ.ബേബി സ്ഥലത്തില്ല. അദ്ദേഹത്തിന്‍റെ പി.എ. മണിറാമിനെ കണ്ടു. നിവേദനം സമര്‍പ്പിച്ചു. ഒരാഴ്ചകൊണ്ട് കാര്യം ശരിയാകുമെന്ന് പറഞ്ഞു. വര്‍ഷം 2010 ആയി. ഒന്നും സംഭവിച്ചില്ല.
സമാന രീതിയിലുള്ള ഒരു പ്രശ്നത്തില്‍ നായനാര്‍ മന്ത്രിസഭ പാസ്സാക്കി സര്‍വ ആനുകൂല്യങ്ങളും നല്‍കിയ അദ്ധ്യാപക ദമ്പതികളെ അറിയാം. അവര്‍ക്ക് രാഷ്ട്രീയ പിന്ബലമുണ്ട്; എന്‍റെ സേവനകാലമാകെ അട്ടിമറിച്ച അദ്ധ്യാപകനും. എനിക്കുവേണ്ടി കേസ് വാദിച്ചു ജയിച്ചത് പി.ആര്‍. രാമചന്ദ്രമേനോനായിരുന്നു. അദ്ദേഹം ഇന്ന് ഹൈക്കോടതി ജഡ്ജിയാണെന്ന് പത്രം വഴി അറിഞ്ഞു. രാഷ്ട്രീയ സ്വാധീനവും ധനവുമുണ്ടെങ്കില്‍ കേരളത്തില്‍ ഏതു ജയിച്ച കേസും ഇല്ലാതാക്കാം.
നാലു പ്രാവശ്യം തോറ്റ, ഒരു രാഷ്ട്രീയക്കാരന്‍റെ ഭാര്യയ്ക്ക് അഞ്ചാം തവണ രണ്ടാം റാങ്ക്! രണ്ടാം റാങ്ക് ലഭിക്കാന്‍ അര്‍ഹതപ്പെട്ടവന്‍ കേസ് കൊടുത്തു. രണ്ടാം റാങ്കുകാരിയുടെ സര്‍ട്ടിഫിക്കറ്റ് സറണ്ടര്‍ ചെയ്തുവെന്ന് കേട്ടു. ദീര്‍ഘകാല അദ്ധ്യാപന പരിചയം കൊണ്ട് എഴുതുകയാണ് - നാലഞ്ചു പ്രാവശ്യം പരാജയപ്പെട്ട ഒരു വിദ്യാര്‍ത്ഥിക്ക് റാങ്ക് കിട്ടുക പ്രയാസമാണ്. പാസ്സാകുമായിരിക്കും. ഏതു മുന്നണി ഭരിച്ചാലും ഇങ്ങനെയുള്ള പക്ഷപാതം കാണാറുണ്ട്.
( ശ്രീമതി. കെ.എം. രാധ ജ്വാല മാസികയില്‍ എഴുതിയ ഹൃദയ സ്പര്‍ശിയായ ലേഖനത്തില്‍ നിന്ന്. മുഴുവന്‍ വായനക്കും അവര്‍ എഴുതിയ ലേഖനത്തിന്‍റെ താളുകള്‍ ഇവിടെ സ്കാന്‍ ചെയ്ത് ചേര്‍ക്കുന്നു. കാരണം അവരുടെ ഓര്‍മ്മകളിലുടെയുള്ള ഗുരുവന്ദനത്തിന്‍റെ തീര്‍ത്ഥാടനം ഹൃദയഹാരിതന്നെയാണ്)