മാര്‍ക്സിസ്റ്റ് തത്വശാസ്ത്രത്തില്‍ അഗാധജ്ഞാനമൊന്നുമില്ലെങ്കിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അടിയുറച്ച ആത്മാര്‍ത്ഥപ്രവത്തകനെന്ന നിലയില്‍ പാര്‍ടി പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി, പുരോഗമന സ്വഭാവം എല്ലായെപ്പോഴും നിലനിറുത്തിക്കൊണ്ട് സാഹിത്യരചന നടത്തിയ ചെറുകാടിനെ നാം വേണ്ടത്ര ആദരിച്ചുവോ എന്നു സംശയമാണ്. കമ്യൂണിസ്റ്റ് വിരോധികള്‍ അന്ധമായി എതിര്‍ത്തുവെങ്കില്‍ അനുയായികള്‍ അന്ധമായി അംഗീകരിക്കുകയാണ് ചെയ്തത്...................
ഡോ.എം.ലീലാവതിയാണ് വൈകിയാണെങ്കിലും ചെറുകാടിനെ ശ്രദ്ധിക്കാന്‍ സന്മനസ്സുകാണിച്ച അംഗീകൃത നിരൂപക. തന്‍റെ മേഖല കവിതാനിരൂപണമായിരുന്നതുകൊണ്ടാണ് നോവലെഴുത്തില്‍ കേന്ദ്രീകരിച്ച ചെറുകാടിനെ വിമര്‍ശിക്കാനോ നിരൂപണം ചെയ്യാനോ അന്ന് തയ്യാറാകാതിരുന്നത് എന്ന് അവര്‍ ഒട്ടൊരു കുറ്റബോധത്തോടെ സമ്മതിക്കുന്നു. ചെറുകാടിന്‍റെ സ്ത്രീകഥാപാത്രങ്ങളുടെ സവിശേഷതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന 'സ്ത്രീ സങ്കല്‍പ്പം ചെറുകാടിന്‍റെ നോവലുകളില്‍' എന്ന നിരൂപണഗ്രന്ഥത്തില്‍ ഡോ.ലീലാവതി ചെറുകാടിന്‍റെ മഹത്വം അംഗീകരിക്കുന്നുണ്ട്.........................
പുരോഗമന പക്ഷത്തു നിലയുറപ്പിച്ച മറ്റുപലര്‍ക്കും ലഭിച്ച സ്വീകരണങ്ങളൊന്നും ചെറുകാടിനു കിട്ടുകയുണ്ടായില്ല. 'പരിപാവന'മായ സാഹിത്യത്തിരുമുറ്റത്ത് മുരിക്കിന്‍പൂ കൊണ്ട് പൂക്കളമിട്ട ഒരു 'തെമ്മാടി'യെ ശുദ്ധകലാവാദികളായ പിന്തിരിപ്പന്മാര്‍ ആദരിക്കാനിടയില്ല................
സര്‍വ്വകലാശാലാതലങ്ങളില്‍ ചെറുകാടുകൃതികള്‍ കയറിച്ചെല്ലുന്നത് ഈ അടുത്തകാലത്താണ്. തറവാടിത്തവും നമ്മളൊന്നും ജീവിതപ്പാതയുമെല്ലാം പാഠപുസ്തകങ്ങളായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ടെന്ന് ആശ്വാസകരമാണ്..............
ചെറുകാട് ജീവിച്ച കാലത്ത് അംഗീകാരം കിട്ടാതിരുന്നത് ഭാഗ്യമില്ലാതെ പോയതുകൊണ്ടായിരിക്കുമെന്നും അതില്‍ നിരൂപകരെ മാത്രം കുറ്റം പറയേണ്ടതില്ലെന്നും ഡോ.എം.ലീലാവതി പറയുന്നുണ്ട്. "അദ്ദേഹത്തോളം സര്‍ഗ്ഗപ്രതിഭയില്ലാത്തവര്‍ കൂടുതല്‍ വാഴ്ത്തപ്പെട്ടു. ജീവിച്ചിരിക്കുമ്പോള്‍ കൂടുതല്‍ വലിയ അംഗീകാരങ്ങള്‍ നേടി. സാഹിത്യമൂല്യമുള്ള കൃതികള്‍ മാത്രമാണ് പരിഗണിക്കപ്പെടുന്നതെങ്കില്‍ ചെറുകാടിന്‍റെ താഴെ നില്‍ക്കേണ്ട പലരും മീതെ അവരോധിക്കപ്പെട്ടു" എന്ന 'ദുഃഖസത്യം' ഡോ.ലീലാവതി കാണുന്നുണ്ട്........
'സ്വതന്ത്ര' സാഹിത്യകാരന്‍റെ കുപ്പായം തയ്ക്കാന്‍ ഫലിതത്തിന്‍റേയും കാല്‍പ്പനികതയുടേയും യോഗാത്മകതയുടേയും ഇളം നിറത്തിലുള്ള തുണികളുണ്ടായിട്ടും അതൊക്കെയും ചുവപ്പു ചായത്തില്‍ മുക്കി വിപ്ലവത്തിന്‍റെ കൊടി തുന്നാണദ്ദേഹം തുനിഞ്ഞത്..............
ജീവിതപ്പാതയുടെ ആമുഖത്തില്‍ ചെറുകാടു തന്നെ തുറന്നു പറയുന്നുണ്ട് : "ഞാന്‍ സ്വാര്‍ത്ഥിയാണ്. ഞാന്‍ ചെയ്തതും ചെയ്യുന്നതും ചെയ്യാവുന്നതുമായതൊക്കെ, അന്ത്യവിശകലനത്തില്‍, എനിക്കുവേണ്ടി മാത്രമാണ്. എനിക്കുവേണ്ടിയാണ്, ഞാന്‍, എന്‍റെ വീട്, കുടുംബം, ഭാര്യ, കുട്ടികള്‍, ജോലി, വരുമാനം, പേര്, പെരുമ എല്ലാം ഈ ലോകംതന്നെഎനിക്കുവേണ്ടിയാണ്."............
മരുമക്കത്തായത്തറവാട്ടില്‍ അച്ഛന്‍ വിരുന്നുകാരന്‍ മാത്രമാണ്. അതുകൊണ്ട് ചെറുകാട്ടു പിഷാരത്തായിരുന്നു ഗോവിന്ദന്‍റെ ജീവിതം പിച്ചവെച്ചു വളര്‍ന്നത്. അച്ഛന് മകനോട് അതിരറ്റ വാത്സല്യമായിരുന്നു. ഭാര്യയേയും മക്കളേയും കൂടെ പാര്‍പ്പിക്കാന്‍ അതിയായ മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പരാധീനത കരുണാകരപ്പിഷാരോടിയെ അതിനൊന്നും സമ്മതിച്ചില്ല.........
ചെറുകാടിനെ സാഹിത്യതല്‍പ്പരനാക്കിയതില്‍ പ്രധാനപങ്ക് അച്ഛനായിരുന്നിരിക്കണം. പുരാണകഥകളും ശ്ലോകങ്ങളും മകന് പറഞ്ഞുകൊടുത്തിരുന്ന അച്ഛന്‍, പല കഥാഭാഗങ്ങളും അഭിനയിച്ചുകാട്ടുകയും ചെയ്യുമായിരുന്നു. അച്ഛന്‍റെ മാറില്‍ പറ്റിക്കിടന്നുകൊണ്ട് ചെറുകാട് ചെറുപ്പത്തില്‍ത്തന്നെ ഒട്ടേറേ അറിവും സ്നേഹവും നേടിയെടുത്തു.............
സ്കൂളില്‍ പോകുന്നവഴിക്ക് കുതിര വണ്ടിയില്‍ ഒരു ലിഫ്റ്റു കിട്ടിയ ചെറുകാട്, അതിനകത്തിരുന്ന് മിണ്ടാതെ പുസ്തകം വായിച്ചിരുന്ന ഒരു കറുത്തകുട്ടിയെ കണ്ടുമുട്ടി. ഏലംകുളത്തു മനയ്ക്കലെ നാലാം തമ്പുരാനായ ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു അത്.................
ഇതിനിടയില്‍ ചെറുകാടിന്‍റെ വിവാഹവും കഴിഞ്ഞു. ചെറുപ്പം മുതലേ മോഹിച്ച ലക്ഷ്മിക്കുട്ടിയെത്തന്നെ - അവരുടെ പുനര്‍ വിവാഹമാണെങ്കിലും - ചെറുകാട് പ്രിയതമയെ കണ്ടെത്തി................
ചെറുകാട് പാവറട്ടിയിലെ കുര്യാക്കോസ് മാസ്റ്ററുടെ സാഹിത്യദീപികാസംസ്കൃത കോളേജില്‍ മലയാളം അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അപ്പോഴേക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സജീവ പ്രവര്‍ത്തകനായി മാറിക്കഴിഞ്ഞു അദ്ദേഹം...........
1950 മുതല്‍ 1976-ല്‍ അന്തരിക്കുന്നതുവരെയുള്ള ചെറുകാടിന്‍റെ ഔദ്യോഗികജീവതത്തിന് ഏതാണ്ട് എട്ടു ഘട്ടങ്ങളുണ്ടെന്നു പറയാം. കൃഷിക്കാരന്‍, നവലോകത്തിന്‍റെ സഹായി, ദേശാഭിമാനിയിലെ പ്രൂഫ് റീഡര്‍, വീണ്ടും ഹൈസ്കൂള്‍ അദ്ധ്യാപകന്‍, പട്ടാമ്പി കോളേജദ്ധ്യാപകന്‍, കലാസാഹിത്യപ്രസ്ഥാനങ്ങളുടെ നായകന്‍, യു ജി സി പ്രഫെസര്‍, പ്രസാധകന്‍ എന്നിങ്ങനെയാണവ. ചിലതൊക്കെ ഒരുമിച്ചായിരുന്നുവെന്നു മാത്രം. ഈ കാലഘട്ടങ്ങളിലെല്ലാം സാഹിത്യത്തിന്‍റെ തട്ടകത്തില്‍ സജീവമായി ഉറച്ചുനില്‍ക്കുകയും ചെയ്തിരുന്നു............
ചെറുകാടിന്‍റെ ആദ്യത്തെ വിമര്‍ശകയും നിരൂപകയും ലക്ഷ്മി പിഷാരസ്യാരായിരുന്നു. ചെറുകാട് എഴുതിയ കവിതകളും നോവലിന്‍റെ ചാപ്റ്ററുകളും മറ്റും കഴിയുന്നതും ഒരു പ്രാവശ്യം വായിച്ചു നോക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കാറുണ്ടായിരുന്നു. വല്ല അക്ഷരത്തെറ്റോ വ്യാകരണപ്പിശകോ അശ്രദ്ധ കൊണ്ട് വരികയാണെങ്കില്‍ തിരുത്തിയിരുന്നത് അവരാണ്. ഒരു ലേഖനം വാരികക്കയക്കേണ്ട എന്നു പറയാനുള്ള സ്വാതന്ത്ര്യവുമണ്ടായിരുന്നു. അങ്ങനെ ഉപേക്ഷിച്ച അനുഭവം ഉണ്ടായിട്ടുണ്ട്. ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെ ഡയറിയില്‍ നിന്നൊരു ഭാഗം ശ്രദ്ധിക്കുക:
"പ്രമാണി നോവല്‍ സശ്രദ്ധം ഒന്നുവായിച്ച് തെറ്റു തിരുത്തി. കഷ്ണം കഷ്ണമായി എഴുതുമ്പോള്‍ വായിച്ചിരുന്നുവെങ്കിലും മുഴുവന്‍ വായിച്ചപ്പോഴല്ലേ കാര്യം മനസ്സിലായുള്ളു. ഞാന്‍ ഗ്രഹിക്കാതിരുന്ന ചില പ്രത്യേക ഗുണങ്ങള്‍ ഈ നോവലിനുണ്ട്. മൊത്തത്തില്‍ നല്ല നോവലാണെന്ന അഭിപ്രായം വരും. ദുര്‍ല്ലഭം ചില അദ്ധ്യായങ്ങളെ നിര്‍ജ്ജീവങ്ങളായുള്ളു. പൊട്ടന്‍ കുഞ്ഞാലിയെയും ഭ്രാന്തത്തിമറിയയെയും മറക്കാന്‍ കഴിയില്ല" വെറും ഒരാസ്വാദനമായിരുന്നില്ല അവരുടെ നിരൂപണങ്ങളെന്നത് ഇതില്‍ നിന്നറിയാമല്ലോ.
ആര്യാപള്ളത്തിന്‍റെ നേതൃത്വത്തില്‍ സ്ത്രീകളെ പുരോഗമന പ്രസ്ഥാനവും കലാരംഗവുമായി ബന്ധപ്പെടുത്തിയ അതേ കാലത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരും നാടകാഭിനയത്തിന് രംഗത്തെത്തി. തന്‍റെ നാടകങ്ങളിലെ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ചെറുകാട് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു................
പാര്‍ടിയെ തന്‍റെ കുടുംബമായി കണക്കാക്കിയ ഒരാളായിരുന്നു ചെറുകാട്. കുടുംബത്തോട് ചെയ്തു തീര്‍ക്കാനുള്ള കടപ്പാടുകള്‍ ചെയ്തു തീര്‍ക്കുന്നതോടൊപ്പം തനിക്കുള്ള അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനും അദ്ദേഹം ശ്രമിച്ചിരുന്നു............
നല്ലൊരു സംഘാടകനായിരുന്നു ചെറുകാട്. സ്വതവേയുള്ള മേധാശക്തിയും ജനരഞ്ജനമനോഭാവവും ഋജുവായ സമീപനവും ലാളിത്യവും കൊണ്ട് ആരേയും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഒരല്‍പ്പം പോലും ജാടയില്ലാതിരുന്നതുകൊണ്ട് ആര്‍ക്കും എപ്പോഴും ചെറുകാടിലേക്ക് കടന്നു ചെല്ലാം...........
പട്ടാമ്പിയിലെ പുന്നശ്ശേരി സ്മാരക ഗവണ്മെന്‍റ് സംസ്കൃത കോളെജ് ഇന്നത്തെ രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിന് ദേവലോകത്തിന്‍റെ ആമുഖത്തില്‍ പറയുന്നതുപോലെ ചെറുകാടും ഒരുപാട് യത്നിച്ചിട്ടുണ്ട്.............
യുവസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ ചെറുകാട് വളരെയേറേ ശ്രദ്ധിച്ചിരുന്നു. താന്‍ തകര്‍ന്ന ഹൃദയങ്ങള്‍ എന്ന പേരില്‍ ഒരു നോവലെഴുതിയത് ചെറുകാടിന്‍റെ സ്റ്റഡിക്ലാസില്‍ വിവരിച്ച ഒരു സംഭവത്തിന്‍റെ പ്രേരണയില്‍ നിന്നാണെന്ന് കോവിലന്‍ വിവരിക്കുന്നുണ്ട്. ഫാക്റ്റില്‍ പി ആര്‍ ഒ ആയിരുന്ന കെ എം ദാമോദരന്‍, അടയ്ക്കാപുത്തൂരില്‍ വെച്ചുനടന്ന ഒരു കവി സമ്മേളനത്തില്‍ "ശാസ്താവു ചിരിച്ചു" എന്നൊരു സരസ കവിത വായിക്കുകയുണ്ടായി. വായില്‍ മുറുക്കാന്‍ നിറച്ച് ഒരു ജനലരികിലിരിക്കുകയായിരുന്ന ചെറുകാട് അറിയാതെ അതുകേട്ട് പൊട്ടിച്ചിരിച്ചു പോയി. ചുമരാകെ ചുവപ്പുമയമായി. കവിതയുടെ കോപ്പി വാങ്ങി കവിക്ക് സുഗ്രീവന്‍ എന്നൊരു തൂലികാനാമവും നല്‍കി നര്‍മ്മദക്കയച്ചുകൊടുത്തു. നര്‍മ്മദയുടെ വിശേഷാല്‍ പ്രതിയില്‍ കവിത പ്രസിദ്ധീകരിച്ചു വന്നു.
ശിവരാമന്‍ ചെറിയനാടിനെ കൂടുതല്‍ കഥയെഴുതാന്‍ പ്രേരിപ്പിച്ചതും സ്റ്റഡിസര്‍ക്കിളിലേക്ക് ആവാഹിച്ചതും ചെറുകാടായിരുന്നുവത്രെ. "എനിക്ക് ചെറുകഥയിലേക്കുള്ള വളിച്ചം വീശിത്തന്നത് ചെറുകാടാ"ണെന്ന് പ്രശസ്ത ചെറുകഥാകൃത്തായ എന്‍ പ്രഭാകരന്‍ സ്മരിക്കുന്നു. ചിറ്റൂര്‍ നോവല്‍ ക്യാമ്പില്‍ മിന്നാമിനുങ്ങുകള്‍, മെഴുകുതിരികള്‍ എന്ന നോവല്‍ അവതരിപ്പിച്ച മനോജിനെ അവിടെ വച്ചുതന്നെ ചെറുകാട് അനുമോദിച്ചു. വീയപുരം എന്ന സ്ഥലത്തുവച്ച് നാട്ടുകാര്‍ നല്‍കിയ ഫൌണ്ടന്‍ പേന അവിടെ തുള്ളലവതരിപ്പിച്ച ഒരു കുട്ടിക്കു സമ്മാനിക്കുകയുണ്ടായി. ഇങ്ങനെ വളരുന്ന സാഹിത്യകാരന്മാരെയും കലാകാരന്മാരെയും നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക ചെറുകാടിന്‍റെ പതിവായിരുന്നു.
"പൂമാല എന്‍റെ കഴുത്തിനു ചേര്‍ന്നതല്ല. ഇത് വാങ്ങാന്‍ തലകുനിച്ചു നട്ടെല്ലു വളയ്ക്കാനും ഞാന്‍ തയ്യാറല്ല. നിങ്ങള്‍ എനിക്കൊരു പേന തരൂ. അത് ഞാനെടുക്കില്ല. പുതുമുറക്കാരായ എഴുത്തുകാര്‍ക്ക് ഞാനത് സമ്മാനിക്കും." ചെറുകാട് സ്വീകരണവേളയില്‍ സാധാരണയായി പറയാറുള്ളതാണിത്..........
സ്വപ്രയത്നം കൊണ്ടുമാത്രം വളര്‍ന്നു വലുതാവുകയും ഇച്ഛാശക്തിയൊന്നു കൊണ്ടുമാത്രം സാംസ്കാരിക ലോകത്ത് പടര്‍ന്നു പന്തലിക്കുകയും ചെയ്ത കരുത്തനായ ചെറുകാടിന് ഗുരുനാഥന്മാര്‍ ഏറെയൊന്നുമില്ല. ഓരോ കാലഘട്ടത്തിലും ചെറുകാടിനെ കൈപിടിച്ചുയര്‍ത്താന്‍ ചിലരൊക്കെ മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും ചെറുകാട് കൂടുതലും തന്നിഷ്ടത്തിന്‍റെ ബലത്തിലുള്ള ആത്മവിശ്വാസം കൊണ്ടാണ് വിജയം വരിച്ചത്. ഗുരുനാഥന്‍ ഒരാളെ ഉണ്ടാവുകയുള്ളുവന്നും ഗുരു പിതൃതുല്യനായിരിക്കുമെന്നുമുള്ള മതമംഗീകരിക്കുകയാണെങ്കില്‍ ചെറുകാടിന്‍റെ യഥാര്‍ത്ഥ ഗുരു പുലാമന്തോള്‍ അച്ചന്‍ മൂസ്സായിരുന്നുവെന്ന് ജീവിതപ്പാതയില്‍ കാണാവുന്നതാണ്............
വൈദ്യം പഠിക്കാനാണ് പുലാമന്തോള്‍ മൂസ്സിനെ സമീപിച്ചതെങ്കിലും അവിടെ നിന്ന് കൂടുതലായും പഠിച്ചത് സ്വഭാവരൂപികരണത്തിന്‍റെ ബാലപാഠങ്ങളാണ്. കുട്ടിക്കുറുമ്പനായി നടന്ന ചെറുകാടിനെ മെരുക്കാന്‍ കഴിഞ്ഞ ആ ഗുരുഭൂതനെ ഭയഭക്തി ബഹുമാനങ്ങളോടെ മാത്രമെ ചെറുകാട് കണ്ടിരുന്നുള്ളു.
"സംസ്കൃതഭാഷ സാഹിത്യം വായിച്ചു മനസ്സിലാക്കാനുള്ള അറിവും പരിചയവും നേടിത്തന്ന ആ വിദ്യാര്‍ത്ഥി ജീവിതമാണ്, എന്നെ ഞാനാക്കാന്‍ സഹായിച്ചത്" എന്ന് ചെറുകാട് തുറന്നു പറയുന്നുമുണ്ട് (ജീവിതപ്പാത)...........
ഇ പി യാണ് ചെറുകാടിന്‍റെ രാഷ്ട്രീയ ഗുരു. "ഇ പി എന്നാല്‍ വെറും ഇറശ്ശീരി പുത്തന്‍ വീട്ടില്‍ ഗോപാലന്‍ നായരല്ല. ത്യാഗപൂര്‍ണ്ണമായ ജീവിതം കൊണ്ട് രാഷ്ട്രീയ, സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ പടപൊരുതുന്ന വീരസേനാനി എന്‍റെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ നേതാവ്" എന്നാണ് ഇ പി യെക്കുറിച്ച് ചെറുകാട് എഴുതുന്നത്.............
കമ്മ്യൂണിസ്റ്റ് പാര്‍ടി 1964-ല്‍ രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ ഇ പി 'വലതു' പക്ഷത്തും ചെറുകാട് 'ഇടതു' പക്ഷത്തുമാണ് നിലയുറപ്പിച്ചത്. അന്നത്തെ പ്രത്യേക സാഹചര്യങ്ങളില്‍ ഇവര്‍ പാര്‍ടിശത്രുത വ്യക്തിപരമായും പ്രകടിപ്പിക്കുകയുണ്ടായി.............
ഇരുവരുടേയും ശത്രുത ചെറുകാടിന്‍റെ മരണം വരെയും തുടര്‍ന്നു. ചെറുകാട് മരിച്ചപ്പോഴാണ് അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം ഇ പി കയറിച്ചെന്നത്. എങ്കിലും പാര്‍ടി ശത്രുത മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന കാലത്താണ് ജീവിതപ്പാതയില്‍ ഇ പി യെ അങ്ങേയറ്റം പുകഴ്ത്തിക്കൊണ്ട്, ഉന്നതമായ ഇമേജ് നല്‍കിക്കൊണ്ട് ചെറുകാട് ചിത്രീകരിച്ചത്. എത്രതന്നെ അകല്‍ച്ചയുണ്ടായിട്ടും തന്‍റെ രാഷ്ട്രീയഗുരുവെന്ന പദവി മറ്റാര്‍ക്കും കൊടുക്കാന്‍ ചെറുകാട് ഒരുക്കമായിരുന്നില്ല............
പി ടി ഭാസ്കരപ്പണിക്കരാണ് ചെറുകാടിനെ സ്വാധീനിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ്. പി.ടി.ബി യുടെ വ്യക്തിത്വവും സംഘടനാശേഷിയും അറിവും ചെറുകാടില്‍ ഒരുതരം ഭക്തിഭാവം തന്നെ സൃഷ്ടിച്ചിരുന്നു. മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രം കണ്ടുമടങ്ങവെ, ചെറുകാട് തന്നോടു പറഞ്ഞ കാര്യങ്ങള്‍ കെ പി ശങ്കരന്‍ ഓര്‍ക്കുന്നുണ്ട്; 'എടോ, ഈ ദൈവം എന്നു പറയുന്ന ആളോട് എനിക്ക് വിശേഷിച്ച് വിരോധമൊന്നുമില്ല. അയാള്‍ പക്ഷെ നമ്മുടെ പി ടി ഭാസ്കരപ്പണിക്കരെപ്പോലെയൊ മറ്റോ ആകണമെന്നു മാതം. നമുക്ക് തുല്യതതോന്നാന്‍ പാകത്തില്‍ നമ്മോട് ഇണങ്ങാവുന്ന ആളായിരിക്കണം' ........
ചെറുകാട് ജ്യേഷ്ഠതുല്യരായി ആദരിച്ച രണ്ടുപേരാണ് എം പി ഭട്ടതിരിപ്പാടും കെ പി നാരായണപ്പിഷാരോടിയും. തന്‍റെ ഒരകന്ന ബന്ധുകൂടിയായ നാരായണപ്പിഷാരോടിയാണ് ചെറുകാടിനെ പാവറട്ടി കോളെജില്‍ അദ്ധ്യാപകനായി ക്ഷണിക്കുന്നത്...........
ചെറുകാടിനെ സാഹിത്യ-സാംസ്കാരിക മേഖലയിലെ സജീവ പ്രവര്‍ത്തകനാക്കി മാറ്റുന്നതില്‍ പ്രേംജി എന്നറിയപ്പെടുന്ന എം പി ഭട്ടതിരിപ്പാട് മുഖ്യപങ്കുവഹിച്ചിട്ടുണ്ട്..............ചെറുകാടിന്‍റെ നമ്മളൊന്ന്, തൃശൂരിലെ കേരളകലാവേദിക്കുവേണ്ടി എം പി ഭട്ടതിരിപ്പാടാണ് സംവിധാനം ചെയ്ത് കേരളത്തിലൂടനീളം കൊണ്ടുനടന്നവതരിപ്പിച്ചത്. പട്ടിപ്പങ്ങനായി എം പി അഭിനയിക്കുകയും ചെയ്തു.................ചെറുകാടിന്‍റെ നാടകത്തിന് 'പ്രൊഫഷണല്‍' മാനം കൊടുക്കുന്നതിനായി എം പി നമ്മളൊന്നിനെ ഒന്നു പരിഷ്കരിക്കുകയും രണ്ടു കഥാപാത്രങ്ങളെക്കൂടി ഉല്‍ക്കൊള്ളിക്കുകയും സംഭാഷണത്തിന് ചിലേടങ്ങളില്‍ മൂര്‍ച്ച കൂട്ടുകയും ചെയ്തു. അതുകൊണ്ടുതന്നെ ആ നാടകത്തിന്‍റെ പകര്‍പ്പവകാശം ചെറുകാട് എം പി ഭട്ടതിരിപ്പാടിന് വിട്ടുകൊടുക്കുകയുണ്ടായി..........
സാഹിത്യരംഗത്ത് മിക്കവാറും എല്ലാവരും ചെറുകാടിന്‍റെ സുഹൃത്തുക്കളായിരുന്നു............എന്‍ വി കൃഷ്ണവാരിയര്‍, എം സ് മേനോന്‍, എം ആര്‍ ചന്ദ്രശേഖരന്‍, തിക്കോടിയന്‍, എസ്.കെ.പൊറ്റെക്കാട്, പുതുശ്ശേരി രാമചന്ദ്രന്‍, തിരുനല്ലൂര്‍ കരുണാകരന്‍, പുനലൂര്‍ ബാലന്‍ തുടങ്ങിയവര്‍ അക്കാലത്തെ ചെറുകാടിന്‍റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായിരുന്നു......
ദേശാഭിമാനിസ്റ്റഡി സര്‍ക്കിളിന്‍റെ ജീവാത്മാവും പരമാത്മാവുമായി വര്‍ത്തിച്ചവരാണ് എം എന്‍ കുറുപ്പും ചെറുകാടും. ചെറുകാടിനെ പില്‍ക്കാലത്ത് സജീവ രാഷ്ട്രീയത്തിലേക്കും സംഘടനാപ്രവര്‍ത്തന്ത്തിലേക്കും പിടിച്ചുകൊണ്ടുപോയത് എം എന്‍ കുറുപ്പാണ്. ചെറുകാടിനെക്കൊണ്ട് നോവലെഴുതിച്ചതില്‍ കുറുപ്പിന് പ്രധാനപങ്ക് അവകാശപ്പെടാവുന്നതാണ്. അദ്ദേഹത്തിന്‍റെ നിര്‍ബന്ധംകൊണ്ടു കൂടിയാണ് ദേവലോകവും ഭൂപ്രഭുവും പുറത്തുവന്നത്. ജീവിതപ്പാതയെഴുതിയതിനുപിന്നിലും എം എന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.........
എംകുട്ടികൃഷ്ണന്‍, ഐ വി ദാസ്, ഫിലിപ്പ്, ശിവദാസ് തുടങ്ങിയ ഒട്ടേറെ സ്റ്റഡിസര്‍ക്കിള്‍ ബന്ധുക്കള്‍ ചെറുകാടിനുണ്ടായിരുന്നു. ഒരിക്കല്‍ ചെറുകാടിന്റെ സുഹ്രുത്തുക്കളായിക്കഴിഞ്ഞാല്‍ അവര്‍ക്കാര്‍ക്കും ചെറുകാടിനെ ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. ഓര്‍ക്കാപ്പുറത്ത് സഞ്ചിയും തൂക്കി വീട്ടില്‍ കയറിവരുന്ന ഈ അതിഥി, നിമിഷങ്ങള്‍ക്കുള്ളില്‍ വീട്ടുകാരനായിമാറും. ഈ മഹാത്മാവിനെപ്പറ്റി ആര്‍ക്കും എന്റെ ചെറുകാട് എന്നു പറയാന്‍ തോന്നുമെന്നുള്ള പി അപ്പുക്കുട്ടന്റെ പരാമര്‍ശം ശ്രദ്ധേയമാണ്. കുട്ടികളുമായി സരസസംഭാഷണത്തിലേര്‍പ്പെടുകയും അവരെ ചിരിപ്പിച്ച് അവരോടൊപ്പം പൊട്ടിച്ചിരിക്കുകയും ബഹളം വയ്ക്കുകയും ചെയ്യും..........
ചെറുകാടിന്റെ നാടകങ്ങളിലൊന്നിനെ ഇംഗ്ലീഷില്‍ തര്‍ജ്ജുമ ചെയ്യാനാവശ്യമായ സൌകര്യം ചെയ്യണമെന്നറിയിച്ച കേരളസാഹിത്യ അക്കാദമിക്ക് അദ്ദേഹം ഇങ്ങനെയാണ് മറുപടിയെഴുതിയത്:
"നിങ്ങളുടെ സ്ഥാപനം സര്‍ക്കാര്‍ ലവലില്‍ കാട്ടിക്കൂട്ടുന്ന ഔദ്യോഗിക കാര്യങ്ങളിലൊന്നും എനിക്ക് വലിയ മതിപ്പില്ലെന്ന് തുറന്നു പറയട്ടെ.എന്റെ പക്കല്‍ നിങ്ങള്‍ക്കു തരാന്‍ പാകത്തിലുള്ള 'ഏകാങ്കനാടകങ്ങ'ളൊന്നുമില്ല.
ഞാനിതിനിടെ കുറച്ചു നാടകങ്ങളെഴുതിയിട്ടുണ്ട്. ചിലതു നന്നെന്ന് ചിലര്‍ പറയുന്നു; മറ്റുചിലര്‍ മോശമെന്നു പറയുന്നു. കാശുകൊടുത്താല്‍ മാര്‍ക്കറ്റില്‍ നിന്ന് അവ വാങ്ങാന്‍ കിട്ടും. നിങ്ങളുടെ ലൈബ്രറിയില്‍ അവയില്‍ച്ചിലതുണ്ടാവാം. നിങ്ങളുടെ അക്കാദമി മെമ്പര്‍മാരില്‍ ചിലരെങ്കിലും അതില്‍ ഒന്നോ, രണ്ടോ വായിച്ചു കാണും. ഇല്ലെങ്കില്‍ ചെറുകാടിന്റെ നാടകങ്ങളില്‍ നിന്ന് വിവര്‍ത്തനക്ഷമമായ ഒന്ന് തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് ഒരുത്തനെ കൂലികൊടുത്തേല്‍പിക്കാം. വയസ്സുകാലത്ത് എന്നെ ബുദ്ധിമുട്ടിക്കരുത്. എനിക്ക് വേറെ പല പണിയുമുണ്ട്........വിവര്‍ത്തനം ചെയ്യാന്‍ നിങ്ങളുടെ സമക്ഷത്തില്‍ നാടകം സമര്‍പ്പിച്ച് കാത്തുനില്‍ക്കാന്‍ - കല്‍പ്പന കേള്‍ക്കാന്‍-ഞാനൊരു പിച്ചക്കാരനൊന്നുമല്ല........
കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതില്‍ താന്‍ ഏറെയൊന്നും അഭിമാനം കൊള്ളുന്നില്ലെന്ന് തന്നെയാണ് സ്വീകരണയോഗങ്ങളിലും ചെറുകാട് പറഞ്ഞത്. അവാര്‍ഡ് ഒരു ഭാഗ്യക്കുറി പോലെയാണെന്നും അബദ്ധത്തില്‍ തന്റെ പേരും അതില്‍ പെട്ടുപോയതാണെന്നും ചെറുകാട് പറയുമായിരുന്നു
1976 സപ്തംബറില്‍ തൃശൂരില്‍ നടന്ന അക്കാദമിയുടെ നോവല്‍ ക്യാമ്പിലെ ഗ്രൂപ്പു ചര്‍ച്ചകള്‍ക്കിടയില്‍ ഒരാള്‍ ചെറുകാടിനോട് ചോദിച്ചു: "കേരളത്തിലെ ഒരു പ്രശസ്ത സിനിമാനിര്‍മ്മതാവ് താങ്കള്‍ ആഗ്രഹിക്കുന്നതിനേക്കാളേറെ പ്രതിഫലം വാഗ്ദാനം ചെയ്തിട്ട് നിങ്ങള്‍ വിശ്വസിക്കുന്ന രാഷ്ട്രീയാദര്‍ശത്തിന് വിരുദ്ധമായി ഒരു കഥയെഴുതിക്കൊടുക്കണമെന്നാവശ്യപ്പെട്ടാല്‍ നിങ്ങളുടെ പ്രതികരണമെന്താവും?" വികാരാധിക്യത്തോടെ സദസ്യരെ നോക്കി ചെറുകാട് പറഞ്ഞു : " പണത്തിന് വളരെ ബുദ്ധിമുട്ടിയിരുന്ന ബാല്യകാലത്തുപോലും ഞാന്‍ മോഷ്ടിക്കാന്‍ മുതിര്‍ന്നിട്ടില്ല.".........
ചെറുകാട് എന്ന വ്യക്തിയുടേയും സാഹിത്യകാരന്റേയും പ്രധാനപ്പെട്ട ഒരു സവിശേഷതയായിരുന്നു ആത്മാര്‍ത്ഥത. തന്റെ അനുശോചന സന്ദേശത്തില്‍ എസ് കെ പൊറ്റെക്കാട് ഇങ്ങനെ പറഞ്ഞു : "ഒരു സാഹിത്യകാരന്റെ കൈമുതല്‍ ആത്മാര്‍ത്ഥയാണെങ്കില്‍ അക്കാര്യത്തില്‍ ചെറുകാട് ഒരു കുബേരനായിരുന്നു. മനുഷ്യജീവിതത്തിന്റെ ആഴവും പരപ്പും അതിലെ വൈകാരികച്ചുഴികളും വേദനകളുടെ ഇരമ്പവും അഹ്ലാദത്തിന്റെ അലതല്ലലുമെല്ലാം സഹതാപത്തോടെ, സത്യബോധത്തോടെ, ധര്‍മ്മരോഷത്തോടെ പകര്‍ത്തിക്കാണിച്ച പ്രതിഭാശാലിയായ ഒരു പുണ്യപുരുഷനായിരുന്നു ഇപ്പോള്‍ യശഃശരീരനായത്തീര്‍ന്ന എന്റെ പഴയ സുഹൃത്ത് ചെറുകാട്."........
ചെറുകാടിനെക്കുറിച്ച് സാംസ്കാരിക രംഗത്തെ സഹപ്രവര്‍ത്തകനായ ഡോ എന്‍ വി കൃഷ്ണവാരിയര്‍ പറയുന്നു, "കലവറയില്ലായ്മ ഒരു ഗുണമാണെങ്കില്‍ ആ ഗുണം അതിന്റെ പൂര്‍ണ്ണതയില്‍ ചെറുകാടിന്റെ ജീവിതത്തില്‍ കാണപ്പെട്ടിരുന്നു. ആ ജീവിതവുമായി നേരിട്ടിടപഴകാന്‍ കഴിയാത്തവര്‍ക്ക് അദ്ദേഹത്തിന്റെ രചനകളില്‍ ഒരളവുവരെ ആ ഗുണം സാക്ഷാത്കരിക്കാം."...........
ലളിതവും മസൃണവുമാണെങ്കിലും അതേസമയം വിട്ടുവീഴ്ചയില്ലാത്തതും തന്റേടവും, ധിക്കാരവും നിറഞ്ഞതുമായിരുന്നു, ചെറുകാടിന്റെ പെരുമാറ്റം. ചെറുകാടിന്റെ ഈ പരുക്കന്‍ മട്ടിനെ ഒരു കരിങ്കല്‍ ശില്‍പ്പത്തോടാണ് തായാട്ട് വിശേഷിപ്പിച്ചത്. പൊയ്മുഖമില്ലാത്ത പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്........തായാട്ട് ഇങ്ങനെ അനുസ്മരിക്കുന്നു: "ഈ 'പോക്കിരി' മട്ട് ചെറുകാടിന്റെ എല്ലാ പ്രവര്‍ത്തനത്തിലും ചൈതന്യമായി വര്‍ത്തിക്കുന്നു"........
ലാളിത്യം ചെറുകാടിന്റെ മറ്റൊരു സവിശേഷതയായിരുന്നു. വാക്കിലും നോക്കിലും നടപ്പിലുമെന്നുവേണ്ട ജീവിതത്തിലാകെ അത് നിറഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നു. മുറുക്കിത്തുപ്പിക്കൊണ്ടിരിക്കുകയും ആരെയും കേറി പരിചയപ്പെട്ട് സൌഹൃദം സ്ഥാപിക്കുകയും ശത്രുവിനോടുപോലും അഹന്തനിറഞ്ഞ പുഞ്ചിരിയോടെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്ത ചെറുകാടിന്റെ പെരുമാറ്റം ആരെയും ആകര്‍ഷിച്ചിരുന്നു. വിലകുറഞ്ഞ ഷര്‍ട്ടും മുണ്ടും ചുവന്ന സഞ്ചിയും ചപ്രത്തലയുമൊക്കെക്കണ്ടാല്‍ ഏതോ പ്രാകൃതനാണെന്നേ ആദ്യനോട്ടത്തില്‍ തോന്നുകയുള്ളു. ചെറുകാട് പല വീടുകളിലും കയറിച്ചെന്നാല്‍ ആരാധ്യനായ ചെറുകാടിനെ കാത്തിരിക്കുന്ന വീട്ടുകാര്‍ ഈ അപരിഷ്കൃതനെ ശ്രദ്ധിക്കുകയേയില്ല. താന്‍ ചെറുകാടാണെന്നു പരിചയപ്പെടുത്തിയാലോ അവരൊക്കെയും പരിഭ്രമിക്കുകയുമായി. പാര്‍വ്വതി പവനന്‍ തനിക്കുണ്ടായ ഇത്തരം ഒരു അനുഭവം വിവരിച്ചിട്ടുണ്ട്. 1955 ഫെബ്രുവരിയില്‍ മദിരാശി യൂണിവേഴ്സിറ്റിയില്‍ പ്രസംഗിക്കാന്‍ ചെന്ന ചെറുകാടിനെക്കണ്ട് 'ചെറുകാടിന്റെ വലിയക്കാരനായിരിക്കും' എന്ന് കുട്ടികള്‍ തെറ്റിദ്ധരിച്ച കാര്യം അദ്ദേഹം ഡയറിയില്‍ കുറിച്ചിട്ടുണ്ട്........
1970-ല്‍ പട്ടാമ്പിക്കോവിലകത്തു വച്ചു നടന്ന സാഹിത്യസമിതി ക്യാമ്പിലെ ഒരു സംഭവം ഡോ.ടി പി സുകുമാരന്‍ അനുസ്മരിക്കുന്നുണ്ട്. മുറിയില്‍ നീന്നുടുക്കാന്‍ അദ്ദേഹം കരുതിയിരുന്ന മുണ്ടുകാണാനില്ല. നോക്കിയപ്പോള്‍ കലവറക്കാരനായ ചെറുകാട് അതെടുത്തു ചുറ്റി എങ്ങോ പോയി വരികയാണ്. വന്നപാടെ തോര്‍ത്തുമുണ്ടുടുത്ത് ആ മുണ്ടഴിച്ചുകൊടുത്ത ചെറുകാട് പറയുകയാണ് : "എനിക്കൊന്നു ടൌണിലേക്കു പോവണമായിരുന്നു. തന്‍റെ ഈ രസികന്‍ മുണ്ടുകണ്ടു ഏടുത്തുടുത്തുപോയി." ആ രസികന്‍ മുണ്ടിന്‍റെ ചരിത്രം ടി.പി.സുകുമാരന്‍ തുടര്‍ന്നു പറയുന്നു: "തലേന്ന് കോയമ്പത്തൂരിലെ ആര്‍ എസ് പുരത്തു വച്ച് രാമനവമിയോടനുബന്ധിച്ചു നടന്ന സംഗീതക്കച്ചേരികള്‍ ഞാന്‍ ഒറ്റയിരുപ്പിന് നിലത്തിരുന്നു കേട്ടത് ഈ മുണ്ടുടുത്തായിരുന്നു. അതേ മുണ്ടുടുത്തു തന്നെയാണ് പട്ടാമ്പീലേക്ക് രാത്രി വണ്ടികയറി യാത്രയായതും. മണ്ണും കല്‍ക്കരിയും കൊണ്ട് ആസകലം ഒരു സ്റ്റമ്പു വര്‍ക്കിനു വിധേയമായിക്കഴിഞ്ഞ അത്രമേല്‍ ചവുണ്ട ഒരു മുണ്ടായിരുന്നു അത്. എന്നുവെച്ചാല്‍ ചെറുകാടിന്‍റെ ദൃഷ്ടിയിലെ രസികന്‍ മുണ്ട്" ഇതാണ് ചെറുകാടിന്‍റെ വസ്ത്രധാരണ രീതിയിലെ ഭ്രമം
എ പി പി നമ്പൂതിരിയും ഇത്തരമൊരനുഭവം ഓര്‍ക്കുന്നുണ്ട്. 1956 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ റൈറ്റേഴ്സ് കോണ്ഫ്രന്സില്‍ ചെറുകാട്, എ പി പി, എസ് കെ പൊറ്റെക്കാട്, എന്‍ വി കൃഷ്ണവാരിയര്‍. മുണ്ടശ്ശേരി, വൈലോപ്പിള്ളി, വയലാര്‍, കെ ടി മുഹമ്മദ് എന്നിവരായിരുന്നു കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ചെറുകാടും എ പി പി യും എം പിയായ എ കെ ജി യുടെ മുറിയിലാണ് താമസിച്ചത്. കിടക്കുമ്പോള്‍ ചെറുകാട് പാന്‍റ്സ് മാറ്റി തന്‍റെ മുഷിഞ്ഞ മുണ്ടുടുക്കാന്‍ തുടങ്ങിയപ്പോള്‍ എ കെ ജി കളിയാക്കി, "എന്തിനാ ഈ മുഷിഞ്ഞ ഡ്രസ്സു ധരിക്കുന്നത്? കിടക്കുമ്പോള്‍ നല്ല ഡ്രസ്സ് പാടില്ലാന്നായിരിക്കും ഇയാളുടെ വിചാരം."
"അങ്ങനെയല്ല, നല്ല ഡ്രസ്സ് ഇട്ട് ഉലയ്ക്കണ്ടല്ലോന്നു കരുതി" ചെറുകാടിന്‍റെ മറുപടി.
"എന്നാലും ഈ മുഷിഞ്ഞുനാറിയ ഡ്രസ്സിടണമെന്നില്ലല്ലോ. ഇവിടെയാരെങ്കിലും വരും. ഈ മുഷിഞ്ഞ ഡ്രസ്സിട്ട ചെറുകാടിനെയല്ലേ പരിചയപ്പെടുത്തേണ്ടത്?" എ കെ ജി ചോദിച്ചു
അതിലും വലിയ കാര്യമൊന്നും ചെറുകാട് കണ്ടില്ല. "കിടക്കാന്‍ വരുമ്പോള്‍ ആള് കാണാന്‍ വരികയാണ്", എന്ന പ്രതികരണവുമായി അദ്ദേഹം അതേ വേഷത്തില്‍ത്തന്നെ ഉറങ്ങാന്‍ തുടങ്ങി.
ചെറുകാടിന്‍റെ മുഷിഞ്ഞവേഷം, കളിചിരികള്‍ തുടങ്ങിയ സവിശേഷതകളില്‍ നിന്ന് അദ്ദേഹത്തിന് 'കുട്ടിത്ത'മെന്ന ഗുണമുണ്ടെന്ന് കുഞ്ഞുണ്ണിമാഷ് സ്ഥാപിക്കുന്നുണ്ട്. "കുട്ടിത്തത്തിനും അവധൂതത്വത്തിനും തമ്മില്‍ വ്യത്യാസമധികമില്ല. മുഷിഞ്ഞ വേഷത്തിലുള്ള മുഷിയാത്ത നടത്തം ഈ അവധൂതത്വത്തിന്‍റെ ലക്ഷണമാണ്" എന്ന് അദ്ദേഹം പറയുന്നു............
ചെറുകാടിന്‍റെ സഞ്ചി സുപ്രസിദ്ധമാണല്ലോ. ഇന്നത്തെ ബുദ്ധിജീവികളുടെ സഞ്ചി പ്രചാരത്തില്‍ വരുന്നത്തിന് എത്രയോ മുമ്പുതന്നെ ചെറുകാട് ചുവന്ന തോള്‍സഞ്ചി അദ്ദേഹത്തിന്‍റെ 'ഐഡന്‍റിറ്റിഫിക്കേഷന്‍ മാര്‍ക്ക്' ആയി മാറ്റിയിരുന്നു. തന്‍റെ യൌവ്വനകാലം മുതല്‍ക്കുതന്നെ ഈ സഞ്ചി ഒരവയവം പോലെ സ്വീകരിച്ച ചെറുകാട് അന്ത്യംവരെ അതിനു വലിയ പരിഷ്കാരമൊന്നും വരുത്തിയിരുന്നില്ല. പാവറട്ടി കോളെജിലെത്തുന്ന കാലത്താണെന്നു തോന്നുന്നു ഈ സഞ്ചി സ്ഥിരമായി ചെറുകാടിന്‍റെ തോളില്‍ കയറിത്തുടങ്ങിയത്............
വളഞ്ഞ കാലുള്ള കുട കോളറിന്‍റെ പിന്നിലായി കൊളുത്തിയിട്ടിരിക്കും. ഇരു കൈയും വീശിയാണ് നടക്കുക. കുഞ്ഞുണ്ണി മാഷുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഭാരം പേറിക്കൊണ്ടുള്ള ഭാരമില്ലാത്ത നടപ്പ്"................
ചെറുകാടിന്‍റെ ഇടതു തോളില്‍ സ്ഥിരമായി തൂങ്ങിക്കിടക്കാറുള്ള ഈ സ്ഞ്ചിയിലൂടെയാണ് ശക്തി പബ്ലിക്കേഷന്സ് രൂപം കൊണ്ടതും വിതരണരംഗത്ത് സ്ഥാനം പിടിച്ചതും. ജീവിതപ്പാതയുടെ നൂറുക്കണക്കിനു കോപ്പികള്‍ ചുവന്ന സ്ഞ്ചിയിലൂടെ വായനക്കാരുടെ കൈകളിലെത്തി. ഈ സഞ്ചിയും തൂക്കിയാണദ്ദേഹം ഊടുവഴികളിലുടെ നടന്നും തിരക്കുള്ള ബസ്സുകളില്‍ തൂങ്ങിനിന്നും കേരളത്തിലുടനീളം പുരോഗമന സാഹിത്യ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഓടിനടന്നത്.............
സാഹിത്യത്തിലും ജീവിതത്തിലും ചെറുകാട് ഒരു ഗ്രാമീണനായിരുന്നു. നഗരങ്ങള്‍ പിടിച്ചടക്കി തന്‍റെ സാഹിത്യ സാമ്രാജ്യം വികസിപ്പിച്ചപ്പോഴും പള്ളിക്കൂടം വാദ്ധ്യാരില്‍ നിന്ന് യു ജി സി പ്രൊഫെസറായി ഉയര്‍ന്നപ്പൊഴും ചെറുകാടില്‍ പ്രകാശിച്ചു നിന്ന ഗ്രാമീണത അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നു വേര്‍തിരിച്ചു........വെറും ശുദ്ധ നാട്ടിന്പുറത്തുകാരനായിരുന്നില്ല, കണ്ണുകണ്ട കൃഷിക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. ഏതെങ്കിലും വീട്ടില്‍ച്ചെന്ന് ഉമിക്കരിയും പച്ചീര്‍ക്കിലും കൊണ്ട് പല്ലുതേയ്പു പരിപാടി നടത്തുമ്പോഴും പറമ്പിലെ വിഭവങ്ങളിലേക്കായിരിക്കും കണ്ണു ചെല്ലുക. നല്ല വിത്തോ ചെടിയോ സംഘടിപ്പിക്കാന്‍ പറ്റുമെങ്കില്‍ അതും കൊണ്ടാണ് മടങ്ങുക...........
ചെറുകാട് പ്രൊഫെസറായി ചാര്‍ജ്ജെടുക്കന്നതിനു മുമ്പ് കോളെജ് ക്ലാസ് എങ്ങനെയായിരിക്കുമെന്നറിയാന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ ചെന്ന് പ്രൊഫെസര്‍ എന്‍ കൃഷ്ണപിള്ളയുടെ ക്ലാസിലിരുന്നിട്ടുണ്ടത്രെ.ശുദ്ധതയുടേയും ആത്മാര്‍ത്ഥതയുടേയുമൊക്കെ സ്വാധീനം കൊണ്ടായിരിക്കാം ഇതിനു തുനിഞ്ഞത്. പ്രൊഫെസറായുള്ള ഔദ്യോഗിക ജീവിതം ചെറുകാടിന് ഏറെ താല്‍പര്യമുള്ളതായിരുന്നുവെങ്കിലും ഒരുതരം വിമ്മട്ടമനുഭവിച്ചുകൊണ്ടാണ് ബ്യൂറോക്രസിയുടെ ചട്ടക്കൂടിനുള്ളില്‍ അദ്ദേഹം കഴിച്ചുകൂട്ടിയത്. റിട്ടയര്‍ ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു : "ഞാന്‍ സ്വതന്ത്രനായി, ഇനി എനിക്ക് സ്വര്യമായി ഇന്‍ക്വിലാബ് വിളിക്കാം"............
വളരെ മുമ്പു മുതല്‍ക്കേ ഡയറിയെഴുതുക ചെറുകാടിന്‍റെ ശീലമാണ്. അച്ചടിച്ച ഡയറികള്‍ കിട്ടാന്‍ തുടങ്ങും മുമ്പ് പോക്കറ്റ് നോട്ടുബുക്കില്‍ തീയതി കുറിച്ചിട്ട്, ചെറിയ കുറിപ്പുകള്‍ എഴുതിവയ്ക്കാറാണ്ടുയിരുന്നു. മംഗളോദയത്തിന്‍റെ ഡയറികള്‍ കിട്ടാന്‍ തുടങ്ങിയപ്പോള്‍പ്പിന്നെ അതായി ചെറുകാടിന്‍റെ സ്ഥിരം ഡയറി............മംഗളോദയത്തിന്‍റെ ഡയറി കിട്ടാന്‍ വൈകിയാല്‍ ചെറുകാട് ശുണ്ഠിയെടുത്ത് കമ്പനിക്കെഴുതുമായിരുന്നു. മംഗളോദയം ഡയറി നില്‍ക്കുകയും ചിന്ത ഡയറി തുടങ്ങുകയും ചെയ്തപ്പോള്‍ പിന്നെ ചിന്ത ഡയറിയിലായി എഴുത്ത്. മറ്റേതു ഡയറിയുണ്ടായാലും മംഗളോദയവും ചിന്തയും പ്രിയപ്പെട്ടതു തന്നെയായിരുന്നു.........
കേരളത്തിലെ കമ്യൂണിസ്റ്റിന് സ്വകാര്യ ജീവിതം അലോസരമായ നാല്‍പ്പത്തിയെട്ടില്‍ ചെറുകാടിന്‍റെ ഡയറികള്‍ക്കും കുഴപ്പം നേരിട്ടു. പോലിസിന്‍റെ കണ്ണില്‍പ്പെട്ടാല്‍ തന്‍റെ ഡയറികള്‍ കാരണം പ്രസ്ഥാനത്തിനും സഖാക്കള്‍ക്കും കുഴപ്പം വരരുതല്ലോ എന്നു കരുതി ചെറുകാട് ഡയറികളെല്ലാം എരിച്ചു കളയുകയും കൊള്ളിത്തോട്ടില്‍ ഒഴുക്കിക്കളയുകയും ചെയ്തു.........താന്‍ ഡയറിയെഴുതുന്നതിനോടൊപ്പം സഹധര്‍മ്മിണിയെ ഡയറിയെഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു ചെറുകാട്. ചെറുകാടിന്‍റെ ഡയറിക്കുറിപ്പുകള്‍ക്കുള്ള പൂരകമായിരിക്കും ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെ ഡയറി. നാല്‍പ്പത്തിയെട്ടില്‍ ഇതും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ചെറുകാട് ഒളിവിലിരുന്നുകൊണ്ട് തന്‍റെ വീടിനെയും നാടിനെയും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. അണിയറയില്‍ സര്‍ച്ചു ചെയ്യാന്‍ പൊലീസെത്തി. അപ്പോഴാണ് കൂലിക്കുവേണ്ടി ഒരു ചെറുമിയും വന്നത്. ചോദ്യം ചെയ്യുന്നതിനിടയില്‍ പൊലീസുകാര്‍ ചെറുമിക്കു കൂലികൊടുക്കാനുണ്ടെങ്കില്‍ കൊടുത്തു വിടാന്‍ പറഞ്ഞു. നെല്ലളന്നു കൊടുക്കുന്നതിനിടയില്‍ ലക്ഷ്മിക്കുട്ടി ടീച്ചര്‍ക്കൊരു കുറിപ്പു കിട്ടി. ചെറുകാടിന്‍റേതാണ്. ഡയറി നശിപ്പിക്കാനുള്ളതായിരുന്നു അത്. അങ്ങനെ നിമിഷങ്ങള്‍ക്കുള്ളില്‍ അവരുടെ ഡയറിയും അടുപ്പിലെരിഞ്ഞു.........
പകര്‍പ്പെടുക്കലും കോപ്പി സൂക്ഷിക്കലുമൊന്നും ചെറുകാടിനു പതിവില്ല. എഴുതിക്കഴിഞ്ഞാല്‍ അതുതന്നെ 'ഫെയര്‍ കോപ്പി'. വലിയ തെറ്റുകളൊന്നുമുണ്ടാവില്ല. വായിച്ചു തിരുത്തലോ നന്നാക്കിയെഴുതലോ നടപ്പില്ല...........ഇരുപത്തിനാലു തവണയൊക്കെ തിരുത്തിയെന്ന ചിലരുടെ അവകാശവാദം പൊള്ളയായ വീമ്പടിക്കലാണെന്നായിരുന്നു ചെറുകാടിന്‍റെ വിശ്വാസം........ചെറുകാട് ഒരു സൃഷ്ടിയിലേര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ മനസ്സിലത് നിറഞ്ഞിരിക്കുകയാവും. അതു പൂര്‍ത്തിയാക്കിയിട്ടേ മിക്കവാറും മറ്റൊന്നു തുടങ്ങുകയുള്ളു..........നവയുഗത്തിന്‍റേയോ ദേശാഭിമാനിയുടേയോ നിര്‍ബന്ധത്തിനു വഴങ്ങിയാവും രചന തുടങ്ങുക. ആദ്യം തന്നെ മുഴുവനും എഴുതി എത്തിച്ചെങ്കിലെ പ്രസിദ്ധീകരണം തുടങ്ങൂ എന്നു പത്രാധിപന്മാര്‍ നിര്‍ബന്ധം പിടിച്ചിരുന്നെങ്കില്‍ ചെറുകാടിന്‍റെ പല നോവലും തുടങ്ങുകപോലും ചെയ്യുമായിരുന്നില്ല............ഒരിക്കല്‍ ജീവിതപ്പാത പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കെ എം എന്‍ കുറുപ്പിന്‍റെ കമ്പി കിട്ടുന്നു : "ചാപ്റ്റര്‍ ലോസ്റ്റ് സെന്‍ഡ് ഇമ്മിഡിയറ്റ്ലി." ചെറുകാട് ഉടന്‍ തന്നെ പേന കയ്യിലെടുത്തു. നേരത്തെ അയച്ച ചാപറ്റര്‍ മനസ്സില്‍ നിന്നു പകര്‍ത്തിയെഴുതി പോസ്റ്റു ചെയ്തു. പിന്നീട് പഴയ കോപ്പി കിട്ടിയ കുറുപ്പ് രണ്ടും ഒത്തു നോക്കി. വള്ളിപുള്ളി വ്യത്യാസമില്ലെന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്..........
പാര്‍ടി പ്രചാരണത്തിനു വേണ്ടിയാണ് കവിതകളധികവും എഴുതിയത്. കഥകള്‍ സ്വാനുഭവത്തിന്‍റെ പ്രേരണയിലെഴുതി. എന്നാല്‍ നാടകങ്ങളും നോവലുകളും അധികവും എഴുതിയത് മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്. മണ്ണിന്‍റെ മാറില്‍, മുത്തശ്ശി എന്നീ നോവലുകളെഴുതിയത് മലബാറിലെ പ്രശസ്ത കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന കെ എ കേരളീയന്‍റെ നിര്‍ദ്ദേശവും ഉപദേശവുമനുസരിച്ചാണ്..........
1968 കാലത്ത് എം എന്‍ കുറുപ്പും, ആര്‍ പിയും ചെറുകാടിനെ സന്ദര്‍ശിക്കുകയും ദേശാഭിമാനിക്കു വേണ്ടി ഒരു നോവലെഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. അന്ന് ദേവലോകമാണ് ചെറുകാട് എഴുതിക്കൊടുത്തത്....... ജീവിതപ്പാത എഴുതുന്നത് ഇ കെ നായനാര്‍, എം എന്‍ കുറുപ്പ്, ചെറുകാട് തുടങ്ങിയവരുള്‍ക്കൊള്ളുന്ന പാര്‍ടി സാംസ്കാരിക ഘടകത്തിന്‍റെ തീരുമാനമനുസരിച്ചാണ്.........
വായന കുറവായിരുന്നു ചെറുകാടിന്..........അതുകൊണ്ടുതന്നെ മറ്റു സാഹിത്യകാരന്മാരും സാഹിത്യപദ്ധതികളും ചെറുകാടിനെ കാര്യമായി സ്വാധീനിച്ചിട്ടില്ല എന്നു ധൈര്യപൂര്‍വ്വം പറയാം. പഠിച്ച കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാനുള്ള അസാധരണമായ കഴിവുണ്ടായിരുന്ന ചെറുകാട് നല്ല വായനക്കാരനും കൂടിയായിരുന്നെങ്കില്‍ മലയാള സാഹിത്യത്തിന് അതെന്തുമാത്രം വിലപ്പെട്ടതായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. നിര്‍ഭാഗ്യവശാല്‍ ചെറുകാട് അക്കാര്യത്തില്‍ വലിയൊരു മടിയനായിരുന്നു.........."എനിക്കു വളരെയൊന്നും വായിക്കാന്‍ വയ്യാ. വായിച്ചാല്‍ ഉറക്കം വരും" എന്ന് ചെറുകാട് തന്നെ ജീവിതപ്പാതയില്‍ പറയുന്നുണ്ട്. ചിലപ്പോള്‍ സഹധര്‍മ്മിണിയായ ലക്ഷ്മി പിഷാരസ്യാര്‍ നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ ശുപാര്‍ശ ചെയ്യും. അപ്പോള്‍ 'താന്‍ തന്നെ വായിച്ച് അതിന്‍റെ ചുരുക്കം പറഞ്ഞു തന്നാല്‍ മതി' യെന്നാവും ഉത്തരം. പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുമുണ്ട്
വിക്ടര്‍ യൂഗോവിന്‍റെ പാവങ്ങളാണ് ചെറുകാടിനെ സ്വാധീനിച്ച പ്രധാനപ്പെട്ട കൃതി. നാലപ്പാടന്‍ തര്‍ജ്ജുമ ചെയ്ത പാവങ്ങള്‍ ചെറുകരെ രാമനുണ്ണിയുടെ സഹായത്താല്‍ വായിക്കാന്‍ കഴിഞ്ഞ ചെറുകാടിന് തന്‍റെ കൃതികള്‍ പാവങ്ങളുടെ വഴിക്കാണ് നീങ്ങേണ്ടതെന്ന് മനസ്സിലായി. "കുറച്ചു സംസ്കൃതം മാത്രം പഠിച്ചു കൂപമണ്ഡൂകമായി, വയനാട്ടിലെ എഴുത്തച്ഛനായി ജീവിച്ചു പോന്ന എന്നെ എനിക്കു കാണിച്ചു തന്നത് രാമനുണ്ണിയാണ്" എന്ന് ജീവിതപ്പാതയില്‍ ചെറുകാട് പറയുന്നുണ്ട്.............
ചെറുകാടിനെ സ്വാധീനിച്ച മറ്റൊരു കൃതി മാക്സിം ഗോര്‍ക്കിയുടെ അമ്മയാണ്. അദ്ധ്യാപിക എന്ന പേരില്‍ നോവല്‍ എഴുതിത്തുടങ്ങിയതിനുശേഷമാണ് ചെറുകാടിന് അമ്മ സമ്മാനമായി കിട്ടുന്നത്. അക്കാര്യം ആത്മകഥാസദൃശമായ മുത്തശ്ശിയില്‍ത്തന്നെ പറയുന്നുമുണ്ട്. നോവലിലെ പ്രധാന കഥാപാത്രമായ നാണിക്ക് പ്രധാനാദ്ധ്യാപകനായിരുന്ന രാഘവന്‍ മാസ്റ്റര്‍ പിരിഞ്ഞുപോകുമ്പോള്‍ നല്‍കിയ സമ്മാനമാണ് ഈ പുസ്തകം. സത്യസന്ധനും റിയലിസ്റ്റ് സാഹിത്യകാരനുമായ ചെറുകാട് നോവലില്‍ത്തന്നെ രേഖപ്പെടുത്തി. അമ്മ വായിച്ചതിനുശേഷമാണ്, അദ്ധ്യാപിക മുത്തശ്ശിയായത്.............
വള്ളുവനാടു താലൂക്കിലും പാലക്കാട് ജില്ലയിലും മാത്രമല്ല മലബാറിലും കേരളത്തിലാകെയും ഒട്ടേറെ പ്രസംഗവേദികളില്‍ ചെന്ന് ചെറുകാട് ബഹുജനങ്ങളുമായി സംവദിക്കാറുണ്ടായിരുന്നു. പ്രസംഗത്തെയും ഒരുപാര്‍ടി പ്രവര്‍ത്തനമെന്ന നിലയിലാണ് ചെറുകാട് കണ്ടിരുന്നത്. അമ്പതുകളിലും അറുപതികളിലും കേരളത്തിലെ തിരക്കേറിയ പ്രസംഗകനായിമാറിയ ചെറുകാടിന് മിക്ക ദിവസങ്ങളിലും പ്രസംഗ പരിപാടികളുണ്ടായിരുന്നു........
കെ പി ശങ്കരന്‍ പ്രസ്താവിച്ചതുപോലെ കാറില്‍ വന്നിറങ്ങുകയും പ്രസംഗിച്ചു കഴിഞ്ഞയുടന്‍ കാറില്‍ തലയും പൂഴ്ത്തിയിരുന്ന് രക്ഷപ്പെടുകയും ചെയ്യുന്ന സ്വഭാവമായിരുന്നില്ല ചെറുകാടിന്‍റേത്. പലപ്പോഴും ബസ്സിലും ലോറിയിലും കയറി പ്രസംഗസ്ഥലത്തെത്തുകയാണ് പതിവ്. ബസ്സിന്‍റെ കാശുപോലും കിട്ടാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. പ്രസംഗത്തിന് കാശുവാങ്ങുകയും കാര്‍ നിര്‍ബന്ധമാക്കുകയും ചെയത സാഹിത്യകാരന്മാരും സാംസ്കാരിക പ്രമുഖരും സുലഭമായിരുന്ന കാലത്താണ് ചെറുകാട് ഭാണ്ഡവും തൂക്കി പ്രസംഗവേദിയിലേക്ക് കയറിച്ചെന്നിരുന്നത്................
അദ്ധ്യാപകനെന്ന നിലയിലും പ്രശസ്തനായിരുന്നു ചെറുകാട്. നാല്‍പ്പതിലേറെ വര്‍ഷം അദ്ധ്യാപകനായിരുന്ന അദ്ദേഹം ഈ ലോകത്തില്‍ നിന്നു പിരിഞ്ഞുപോകുന്ന ദിവസവും ക്ലാസില്‍ പോയി പഠിപ്പിച്ചിരുന്നു...........
കോളെജില്‍ നിറഞ്ഞുനിന്ന ഒരു വ്യക്തിത്വമായിരുന്നു ചെറുകാടിന്‍റേത്. പട്ടാമ്പി കോളെജില്‍ പഠിക്കാന്‍ ചെല്ലുന്നവരെ സംബന്ധിച്ചിടത്തോളം ചെറുകാടും ഒരു ആകര്‍ഷണകേന്ദ്രമായിരുന്നു. 'ചെറുകാടുമാഷുടെ കോളെജ്' എന്നൊരു ധാരണ കുട്ടികളിലുണ്ടാക്കും വിധമുള്ള പരിവേഷം അദ്ദേഹത്തിനുണ്ടായിരുന്നു. എവിടെ നോക്കിയാലും ഏതുപ്രശ്നത്തിലും ചെറുകാടുമാഷുണ്ടാവും..........
അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിലെ പരമ്പരാഗത സിദ്ധാന്തങ്ങളൊന്നും ചെറുകാടംഗീകരിച്ചില്ല. സ്വന്തം വീട്ടിലെ കുട്ടികളോടെന്നപോലെയാണവരോടദ്ദേഹം പെരുമാറിയത്...........കുട്ടികളുടെ ഹോസ്റ്റലിലും ലോഡ്ജിലുമൊക്കെ ഏതു സമയത്തും കയറിച്ചെല്ലുകയും തന്‍റെ ഭാണ്ഡമിറക്കി അവരോടൊപ്പം 'വെച്ചുണ്ടുകൂടുക'യും ചെയ്ത ചെറുകാട് മാഷ് അവര്‍ക്കൊക്കെയും സ്നേഹധനനായ ഒരമ്മാവനായിരുന്നു. സാമ്പത്തിക പ്രയാസം കാരണം, പഠിത്തം തുടരാന്‍ കഴിയാതെ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തന്‍റെ സാമ്പത്തിക പ്രയാസത്തിനിടക്കും ചില്ലറസഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ചെറുകാട് സന്നദ്ധനായിരുന്നു
നല്ലൊരു നടനായിരുന്നു ചെറുകാട്............നാടകമെഴുത്തുമായി നടന്ന നാല്‍പ്പതുകളിലും അമ്പതുകളിലും അണിയറയില്‍ മാത്രമല്ല അരങ്ങത്തും തന്‍റെ പാടവം തെളിയിക്കുകയുണ്ടായി........നടകരംഗത്തെ തന്‍റെ ആചാര്യനായ പ്രേംജിയുടെ നിരൂപണം ശ്രദ്ധിക്കുക. "ഇനി പറയാനുള്ളത് സ്വതന്ത്രയിലെ അധികാരി കെട്ടിയ ചെറുകാടിന്‍റെ അഭിനയത്തെ സംബന്ധിച്ചാണ്. അധികാരി എല്ലാ രംഗങ്ങളിലും നല്ലവണ്ണം ശോഭിച്ചിരുന്നുവെന്നു പറയാം."..........
സാഹിത്യത്തിലെന്നപോലെ വ്യക്തിജീവിതത്തിലും ചെറുകാട് ഫലിതരസികനായിരുന്നു.........വീടുകളില്‍ ചെന്നാല്‍ കുട്ടികളുമായി കൂടിയിരിക്കുകയും കഥയും ഫലിതവും കൊണ്ട് അവരെ രസിപ്പിക്കുകയും ചെയ്യും..........വ്യക്തിജീവിതത്തിലെ നിരവധി ഫലിതങ്ങള്‍ ചെറുകാടിന്‍റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സ്മരിക്കാനുണ്ട്...........
ചെറുകാടിന്‍റെ ആരാദ്ധ്യനായ സുഹൃത്തും രാഷ്ട്രീയ നേതാവുമായ ഇ എം എസിനു മുന്നിലും ചെറുകാട് ഒരു പൊടിക്കൈ പ്രയോഗിക്കുകയുണ്ടായി. ചെറുകാടിനെ കോളെജദ്ധ്യാപകനാക്കിയെങ്കിലും അവിടെ നിന്നുള്ള പ്രമോഷനും മറ്റും അദ്ദേഹത്തിന് നിഷേധിച്ച 'സര്‍ക്കാര്‍ നയ'ത്തിനെതിരെ ചെറുകാട് പ്രതിഷേധിച്ചുകൊണ്ടിരുന്ന കാലം. ഇ എം എസ് പട്ടാമ്പി കോളെജ് ഓഡിറ്റോറിയത്തിന്‍റെ ശിലാസ്ഥാപനത്തിനായി എത്തിയതാണ്. അന്ന് പ്രത്യേകരീതിയിലാണ് ചെറുകാട് പ്രത്യക്ഷപ്പെട്ടത്. മുറിക്കയ്യന്‍ ഷര്‍ട്ടും പാന്‍റ്സും ഇ എം എസിന്‍റെ മുന്നില്‍ച്ചെന്ന് "എന്താ എന്നെ ഇനിയെങ്കിലും പ്രൊഫെസറാക്കിക്കൂടെ?" എന്നൊരു ചോദ്യവും ചോദിച്ചത്രെ............
1960 ആഗസ്ത് 13-ന്‍റെ ഡയറിയില്‍ വീട്ടില്‍ കള്ളന്‍ കയറിയ കാര്യം എഴുതിവെച്ചത് നോക്കുക. "വാച്ചും കാശും കള്ളന്‍ കൊണ്ടുപോയി.ഫൌണ്ടന്‍ പെന്നുകള്‍ മാത്രം കൊണ്ടുപോയില്ല. കള്ളന്‍ നല്ലവനാണ്."
ചെറുകാട് ഒരു ഭീരുവായിരുന്നോ? ചിലരെല്ലാം ചെറുകാടിനെക്കുറിച്ച് ഇങ്ങനെ സംശയിക്കുന്നുണ്ട്. പോകുന്ന ദിക്കിലെല്ലാം മക്കളെയാരെയെങ്കിലും തുണ കൂട്ടുകയും രാത്രി വെളിച്ചമില്ലാതെ മുറ്റത്തു പോലും ഇറങ്ങാന്‍ മടിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു ചെറുകാടിന്‍റേത്. ചിലപ്പോള്‍ നട്ടപ്പാതിര നേരത്ത് ടോര്‍ച്ചില്ലാതെ വഴി നടന്നു വരുന്ന ചെറുകാട് വീട്ടിലെത്തിക്കഴിഞ്ഞാല്‍ വിളക്കും ആളുമില്ലാതെ പടിക്കലെ കുളത്തില്‍പ്പോലും പോവുകയില്ല. ആളുകള്‍ക്ക് സംശയിക്കാന്‍ ഇതില്‍പ്പരം എന്തുവേണം?
ഏകാന്തതയനുഭവിക്കാന്‍ ചെറുകാട് തയ്യാറല്ലായിരുന്നു. സമൂഹത്തില്‍ നിന്നകന്ന് വ്യക്തിദുഃഖങ്ങളുടെ ഒറ്റപ്പെട്ട തുരുത്തില്‍ ചെന്നിരുന്ന് രചനക്കുവേണ്ടിയുള്ള അനുഭവം നേടാനും അദ്ദേഹം ഒരുങ്ങിയില്ല. ജീവിതത്തോടുള്ള അങ്ങേയറ്റത്തെ സ്നേഹം മാത്രമാണ് ഈ ഭയത്തിനു കാരണം. വീട്ടിനുള്ളിലായിരിക്കുമ്പോള്‍ കൂടുകയും ജനങ്ങള്‍ക്കിടയിലായിരിക്കുമ്പോള്‍ കുറയുകയും ചെയ്യുന്ന ഈ ഭയം പലരിലുമെന്നപോലെ ചെറുകാടിലുമുണ്ടായിരുന്നുവെന്നു മാത്രം..........
ഭക്ഷണത്തോട് ചെറുകാടിന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. സമൃദ്ധമായ സദ്യ എപ്പോഴും പ്രിയങ്കരമായിരുന്നു. ദാരിദ്ര്യവും ജീവിതാസക്തിയുമൊക്കെ ഇതിനു കാരണമാകാം. നല്ല കൊഴുത്ത ചായയും ഇടിച്ചു പിഴിഞ്ഞ പായസവും ചെറുകാടിനെ ആകര്‍ഷിച്ചിരുന്നു. നേന്ത്രക്കായയുടെ ഉപ്പേരിയായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട വിഭവം............ചെറുകാട് രോഗാവസ്ഥയില്‍ കിടന്നപ്പോള്‍ വിവരമറിയാതെയാണെങ്കിലും അവിടെ എത്തിച്ചേര്‍ന്ന സഹധര്‍മ്മിണിയുടെ കയ്യില്‍ വറുത്തപ്പേരിയുടെ പൊതിയാണുണ്ടായിരുന്നത്. പക്ഷെ, ചെറുകാടിനതു രുചിക്കാന്‍ കഴിഞ്ഞില്ല.....
ശുണ്ഠിയും ദേഷ്യവും ഒട്ടും കുറവായിരുന്നില്ല ചെറുകാടിന്. ദേഷ്യം വന്നാല്‍ കണ്ണും മൂക്കും കാണില്ല. വാശിപിടിച്ചാല്‍ ജയിച്ചേ മതിയാവു. ആരുടെ മുമ്പിലും തല കുനിക്കില്ലെന്നു മാത്രമല്ല, അപമാനിച്ചാല്‍ അതൊട്ടും സഹിക്കുകയുമില്ല...........
ജീവിതപ്പാത ദേശഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന കാലം. അതു നിര്‍ത്തണമെന്നുള്ള ഒരു വായനക്കാരന്‍റെ കുറിപ്പു കണ്ടപ്പോള്‍ ചെറുകാട് പൊട്ടിത്തെറിച്ചു. ജീവിതപ്പാതയുടെ രചന നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചു. പത്രാധിപരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് വാശി മാറിയത്.
വിമര്‍ശിക്കുകയും സ്വയം വിമര്‍ശനം നടത്തുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകനാണെങ്കിലും കടുത്ത വിമര്‍ശനങ്ങളില്‍ അദ്ദേഹം വിഷമിച്ചിരുന്നു.........
വിമര്‍ശനം വ്യക്തിപരവും ആക്ഷേപകരവുമാണെന്നു തോന്നുമ്പോഴാണ് ദേഷ്യം വരിക. പക്ഷെ, തന്‍റെ സാഹിത്യകൃതികളെ നിരൂപണം ചെയ്യുന്നതിനോടും കാര്യകാരണസഹിതം തെറ്റ് ചൂണ്ടിക്കാട്ടുന്നതിനോടും വലിയ താല്‍പര്യമായിരുന്നു. "നിരൂപണത്തെക്കുറിച്ച് എനിക്ക് പരിഭ്രമമില്ല. കാരണം എന്‍റെ സാഹിത്യം പൊതുസ്വത്താണ്. അതിനെക്കുറിച്ച് ആര്‍ക്കും എന്തു വേണമെങ്കിലും പറയാം. ഞാന്‍ അതൊക്കെ കേള്‍ക്കാന്‍ ഒരുക്കമാണ്. സ്വീകരിക്കാവുന്നത് സ്വീകരിക്കാന്‍ ശ്രമിക്കും" ഇതായിരുന്നു ചെറുകാടിന്‍റെ അഭിപ്രായം........
ചെറുകാട് ഗോവിന്ദപ്പിഷാരോടിക്ക് ചെറുകാട് എന്നതിനുപുറമെ, മലങ്കാടന്‍, ആസാദ്, എന്നീ പ്രശസ്തമായ തൂലികാനാമങ്ങളുമുണ്ടായിരുന്നു. ചേലക്കാട്, സൂത്രധാരന്‍, സി ജി കുഞ്ചു തുടങ്ങിയ പേരുകളിലും സാഹിത്യരചന നടത്തിയിട്ടുണ്ട്........
തന്‍റെ പ്രശസ്തിയേക്കാള്‍ പ്രസ്ഥാനത്തിന്‍റെ പുരോഗതി ലക് ഷ്യമാക്കിയ ചെറുകാടിന് സ്വന്തം പേരില്‍ത്തന്നെ കൃതികള്‍ രചിക്കണമെന്നുണ്ടായിരുന്നില്ല. മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ട കാലത്ത്, സ്വന്തം പേരില്‍ സമൂഹവിമശര്‍നം നടത്തുന്നത് തീക്കൊള്ളികൊണ്ടുള്ള തല ചൊറിയലുമായിരിക്കും........
ചെറുകാടില്‍ അവസാനം വരെയുണ്ടായ ഒരു സവിശേഷതയായിരുന്നു അദ്ദേഹത്തിന്‍റെ 'ഷാരോടിത്തം'. പിഷാരോടിയായി ജനിക്കുകയും ജീവിക്കുകയും ചെറുകാടിന്‍റെ വ്യക്തിത്വത്തില്‍ ഈ ഷാരോടിത്തത്തിന്‍റെ നന്മയും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. അമ്പലത്തില്‍ നുന്നുണ്ട കഴകച്ചോറില്‍ നിന്ന് സ്വത്വത്തിനുള്ളിലേക്ക് പകര്‍ന്നുകിട്ടിയ ഈ സ്വഭാവം ചെറുകാടിന്‍റെ മൌലികത കൂടിയാണ്. ഗോവിന്ദന്‍ എന്ന വ്യക്തിയെയും അതിനുചുറ്റുമുള്ള തന്‍റെ കുടുംബത്തെയും ഉള്‍പ്പെടുത്തി വരച്ച ഈ ഷാരോടി വൃത്തത്തിന്‍റെ ന്യൂക്ലിയസിലിരുന്നുകോണ്ടാണ് ചെറുകാട് അതിനു ചുറ്റുമുള്ള സമൂഹബന്ധത്തിന്‍റെയും സമഭാവനയുടെയും സാര്‍വ്വദേശീയമാനവികതയുടെയും വൃത്തങ്ങള്‍ വരച്ചുവെച്ചത്.
1966-ല്‍ തൃശൂരില്‍ നടന്ന ഒരു സാഹിത്യ സമ്മേളനത്തിലെ നോവല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ചെറുകാട് സംസാരിക്കവെ പാറപ്പുറത്തിനെ ഒരു ക്രിസ്ത്യാനി സാഹിത്യകാരനെന്നു വിശേഷിപ്പിക്കുകയുണ്ടായി. അതില്‍ പ്രതിഷേധിച്ച പാറപ്പുറത്തിനെ ചെറുകാട് വിലക്കി. "താനവിടെയിരിക്യാ." പിന്നെ സദസ്സിനോടു പറഞ്ഞു- "ഞാന്‍ ഒരു ഷാരോടി സാഹിത്യകാരനാണ്. പറപ്പുറത്ത് ഒരു ക്രിസ്ത്യാനി സാഹിത്യകാരനും." അര്‍ത്ഥം ശരിക്കും അറിഞ്ഞുകൊണ്ടുതന്നെയാണ് ചെറുകാട് വാക്കുകള്‍ പ്രയോഗിച്ചത്. ആഴത്തിലേക്കുപോയ അടിവേരുകളുടെ ഉറപ്പ് സൂചിപ്പിക്കുന്ന ഒരു ധ്വന്യാത്മകപ്രയോഗമാണിത്........
അതിഥികളെ സ്വീകരിക്കുക ചെറുകാടിനിഷ്ടമുള്ള കാര്യമാണ്. ചെറുകാടിന്‍റെ ആതിഥ്യമനുഭവിക്കാത്ത സാഹിത്യകാരന്മാരും സാഹിത്യപ്രവര്‍ത്തകരും അന്ന് വിരളമായിരുന്നു. വഴിയെ പോകുന്ന സാഹിത്യകാരന്മാരെ റോഡില്‍നിന്നും 'റെയിലില്‍' നിന്നുമൊക്കെ കണ്ടെടുത്ത് കട്ടുപ്പാറയിലേക്കു കൊണ്ടുവരും. സഹധര്‍മ്മിണി ഉറക്കം വെടിഞ്ഞുണ്ടാക്കിയ വിഭവങ്ങളുമായി ഊട്ടിയാലെ ചെറുകാടിനു തൃപ്തി കൈവരികയുള്ളു. പക്ഷെ പാത്രം ശുചിയാക്കുന്നതിലും മറ്റും അസാരം ചില നിര്‍ബന്ധങ്ങള്‍ ചെറുകാടിനുണ്ടായിരുന്നു........അതും ചെറുകാടിന്‍റെ ആതിഥ്യത്തിന്‍റെ ഭാഗമായെ മിക്കവരും കരുതിയിരുന്നുള്ളു.........കമ്യൂണിസ്റ്റ് വിശാല ഹൃദയനും വിപ്ലവകാരിയും അനാചരങ്ങള്‍ക്കെതിരെ പടപൊരുതിയവനും മിശ്രഭോജനത്തിനു നേതൃത്വം കൊടുത്തവനുമാണ് ചെറുകാട്. പക്ഷെ, അതേസമയം തന്നെ പാരമ്പര്യം പൂര്‍ണ്ണമായും കൈവെടിഞ്ഞുകൊണ്ടുള്ള ഒരു പുരോഗതിക്കും ചെറുകാട് തയ്യാറല്ലായിരുന്നു...........
ചെറുകാടിന്‍റെ സാഹിത്യകൃതികളില്‍ ഏറ്റവും ശ്രദ്ധേയമായത് ജീവിതപ്പാതയാണ്. അതിന്‍റെ വിജയത്തിനുള്ള പ്രധാനകാരണം ഈ ഷാരോടിത്തം കൂടി ഉള്‍ക്കൊള്ളുന്ന വ്യക്തിത്വത്തിന്‍റെ വിയര്‍പ്പും ചോരയും കണ്ണീരും മണക്കുന്ന സാന്നിദ്ധ്യം തന്നെയാണ്.........ക്ഷേത്രകാര്യങ്ങളും കഴകപ്രവൃത്തികളുമൊക്കെ കൃത്യമായി പഠിച്ച ചെറുകാടിന് അത്തര്‍മൊരു സംസ്കാരത്തിന്‍റെ വേരുകള്‍ എളുപ്പം പിഴുതുകളയാന്‍ കഴിയുമായിരുന്നില്ല........പുരോഗമന സ്വഭാവത്തിനിടയിലും ഈ ഒരു പിന്മ ങ്കിലിം ടക്കം ചെറുകാടിന്‍റെ പ്രകൃതത്തിലുണ്ടായിരുന്നു. ധിക്കാരിയും വിപ്ലവകാരിയുമായിരുന്നെങ്കിലും യാഥാസ്ഥിതികത്വത്തിന്‍റെ ചില അംശങ്ങളോട് പൊരുതാന്‍ കഴിയാത്ത ഒരവസ്ഥ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ കാണാവുന്നതാണ്. കുടുമ മുറിച്ച് 'കോണ്ഗ്രസാ'യെങ്കിലും പുലാമന്തോള്‍ മൂസ്സിന്‍റെ മുന്നില്‍ ആ തലയുമായി പ്രത്യക്ഷപ്പെടാന്‍ പേടിയായിരുന്നു..........
മറ്റുപല കമ്യൂണിസ്റ്റുകാരും കോണ്ഗ്രസ് പ്രസ്ഥാനത്തെ തള്ളിപ്പറയുമ്പോഴും ചെറുകാടിന് കോണ്ഗ്രസിനോടും പഴയ ചില കോണ്ഗ്രസുകാരോടും മാര്‍ദ്ദവസമീപനമാണുണ്ടായിരുന്നത്.........
തായാട്ടു ശങ്കരന്‍ പറയുന്നതുപോലെ, "ഇ പി ഗോപാലന്‍ എടുത്തുകൊടുത്ത ചെങ്കൊടി ഇടത്തുകൈകൊണ്ട് ഏറ്റുവാങ്ങുമ്പോഴും ആ കയ്യുടെ വിരലില്‍ തന്‍റെ കുഞ്ഞമ്മാമന്‍ കൊടുത്ത പവിത്രമോതിരം കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.
ചെറുകാടിനെക്കുറിച്ചുള്ള വ്യക്തിപരമായ ഏറ്റവും വലിയ വിമര്‍ശനം അദ്ദേഹം കമ്യൂണിസ്റ്റായിരിക്കെത്തന്നെ മൂകാംബികാ ഭക്തനുമായിരുന്നു എന്നതാണ്. 'പുറത്ത് സഖാവും അകത്ത് ഭക്തനും' എന്ന രീതിയില്‍ ഇരട്ടവ്യക്തിത്വമുണ്ടായിരുന്നുവെന്ന് പറഞ്ഞ് പലരും ചെറുകാടിനെ പരിഹസിച്ചിരുന്നു. ചുവന്ന സഞ്ചിക്കകത്ത് മൂകാമിയിലെ ഭസ്മകും പേരി നടക്കുന്ന അദ്ദേഹം കപടഭക്തനാണെന്നും കപടസഖാവാണെന്നും വിമര്‍ശനമുയര്‍ന്നു വന്നു.........
ദേശീയത, പ്രാദേശികത, മനുഷ്യമനസ്സ്, പാരമ്പര്യം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെ പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് ഭൌതികവാദത്തിന്‍റെ മാത്രം വെളിച്ചത്തില്‍ നമ്മുടെ നാട്ടില്‍ കമ്യൂണിസം കെട്ടിപ്പടുക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. മനുഷ്യന്‍റെ പ്രധാന ശത്രു ദൈവമല്ല, മനുഷ്യന്‍ തന്നെയാണെന്നും ദൈവം ബൂര്‍ഷ്വാ-ഭൂപ്രഭുവര്‍ഗ്ഗത്തിന്‍റെ കയ്യിലെ മോഹനമായ ഒരുപകരണം മാത്രമാണെന്നും മനസ്സിലായിക്കഴിയുമ്പോള്‍ ചെറുകാടിനെപ്പോലുള്ളവരുടെ ഭക്തിചിന്ത ക്ഷന്തവ്യമാണുതാനും...........
വെള്ളപ്പൊക്കം വന്ന് വീടും പറമ്പും മുങ്ങിയപ്പോള്‍ വെപ്പും കിടപ്പും അമ്പലത്തിലാക്കി 'അക്ഷരാര്‍ത്ഥത്തില്‍ അമ്പലവാസി'കളായ ഒരു കുടുംബത്തിന് ഈശ്വരവിശ്വാസത്തില്‍ നിന്ന് എളുപ്പം ഒളിച്ചോടാന്‍ സാദ്ധ്യമല്ല.
ചെറുകാടിന്‍റെ ഭക്തി, നൊസ്റ്റാള്‍ജിയയില്‍ നിന്നുണ്ടായതാണെന്ന് ചെറുകാടുതന്നെ പറഞ്ഞുറപ്പിക്കുന്നുണ്ട്. "ഞാന്‍ ഈശ്വരനെ വിളിക്കുമ്പോള്‍ വായനക്കാരായ നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. വിഷമ പ്രശ്നങ്ങളില്‍ മനസ്സുരുകുമ്പോള്‍ സഹസ്രാബ്ദങ്ങളോളം നിലനിന്ന ഒരു സംസ്കാരം ഒരു നെടുവീര്‍പ്പായി വെണ്ണയുരുകുന്ന ശബ്ദം പോലെ പുറത്തുവരികയാണ്".........
ചെറുകാടിന്‍റെ അച്ഛന്‍ പണ്ഡിതനല്ലെങ്കിലും തികഞ്ഞ ഭക്തനായിരുന്നു. മിക്കനേരവും സ്തോത്രങ്ങളും രാമനാമവും ഉരുക്കഴിച്ചിരുന്ന അച്ഛന്‍ ചെറുകാടിന്‍റെ ഭക്തിയെ മുളപ്പിച്ചെടുത്തു. സ്കൂള്‍കുട്ടിയായ തന്നെ ചുമലിലിട്ട് ചെവിയില്‍ രാമരാമ എന്ന് ഇടവിടാതെ ജപിക്കുമ്പോള്‍ ആ ശബ്ദം തന്‍റെ ആത്മാവില്‍ രസകരമായ ഒരു കിരുകിരുപ്പുണ്ടാക്കുമെന്ന് ചെറുകാട് പറഞ്ഞിട്ടുണ്ട്..........
ജീവിതവാദിയായിരുന്ന ചെറുകാടിന് ഏറ്റവുമധികം ഭക്തി ഈ ലോകത്തിലെ ജീവിതത്തോടു തന്നെയായിരുന്നു. "ഈ ജന്മം സത്യമാണ്. ഇതുള്ളകാലത്തോളം എനിക്കിവിടെ ജീവിക്കണം" എന്നു പ്രഖ്യാപിച്ച ചെറുകാട് ഒരിക്കലും അന്യലോകകാംക്ഷിയായ ഒരു ഭക്തന്‍റെ വേഷം ധരിക്കുകയില്ല. ചെമ്പില്‍ അമ്പഴങ്ങ പുഴുങ്ങിത്തന്നാലും തനിക്കീ ലോകത്തില്‍ ജീവിക്കണം എന്നു പറഞ്ഞ മുത്തശ്ശിയുടെ ജീവിത പ്രേമത്തെ ഇഷ്ടപ്പെടുന്ന ചെറുകാട് ജീവിതത്തെ ജനനത്തില്‍ നിന്നു മരണത്തിലേക്കുള്ള തീര്‍ത്ഥയാത്രയായിട്ടല്ല ഘോഷയാത്രയായിട്ടാണ് കാണുന്നത്..........മൂകാമിയില്‍ പോയ ഒരവസരത്തില്‍ രാത്രി ലോഡ്ജു മുറിയില്‍ വെച്ചുണ്ടായ ഒരനുഭവം ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. "ഒരു സ്വാമിജി എന്നെ ആസ്തികനാക്കാന്‍ കിണഞ്ഞു ശ്രമിച്ചു. ഞാന്‍ ആസ്തികനാവുകയാണോ? അല്ലെങ്കില്‍ എനിക്കെന്നും ആസ്തിക്യമുണ്ടായിരുന്നില്ലെ?"
മൂകാംബികയോടുള്ള ഭക്തി, മാതൃപൂജയുമായി ബന്ധപ്പെടുത്തുന്നതായിരിക്കും ശരി. ശാക്തേയ ഭാവത്തിന്‍റെ സാന്നിദ്ധ്യം തന്‍റെ ജീവിതത്തില്‍ (താനറിയാതെ തന്നെ) നിലനിര്‍ത്തിയ ചെറുകാടിന് മൂകാംബിക അസ്പ്രശ്യയായ ഒരു ദേവിയായിരുന്നില്ല.വിദ്യയുടേയും സാഹിത്യത്തിന്‍റേയും അധിദേവതയായ ഈ അമ്മ ചെറുകാടിന് എഴുതാനുള്ള ഒരു പ്രചോദനകേന്ദ്രമോ മാനസികക്ഷോഭം നിയന്ത്രിക്കാനുള്ള ഒരു ദിവ്യൌഷധമോ ആയിരുന്നു. എഴുതാനുള്ള മനഃശാന്തി തേടിക്കൊണ്ടാണ് പലപ്പോഴും ചെറുകാടവിടെ പോയിരുന്നത്. സംഘര്‍ഷം ഒഴിഞ്ഞ ഒരു മനസ്സുമായി തിരിച്ചുപോരുകയും ചെയ്യാറുണ്ട്............
അവിടെയെത്തിയാല്‍ ഭക്തിസാന്ദ്രതയില്‍ നമസ്കരിക്കുകയോ വീണുരുളുകയോ ചെയ്യാറില്ല, ചെറുകാട്. ചിലപ്പോള്‍ കയ്യും കെട്ടി നടയ്ക്കല്‍ ഒരൊറ്റ നില്‍പ്പുനില്‍ക്കും. ദേവിയോട് വരങ്ങളൊന്നും ആവശ്യപ്പെടുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. "അമ്മ എനിക്ക് വേണ്ടതൊക്കെ തരും" എന്നൊരു വിശ്വാസം മാത്രം..........
മനസ്സിന്‍റെ ഒരു മൂലയില്‍ സ്വകാര്യം പോലെ സൂക്ഷിച്ചിരുന്ന അര്‍ദ്ധാസ്തിക്യബോധവും മാതൃപൂജയും വിദ്യാപൂജയും ചേര്‍ന്നുണ്ടായ മൂകാംബികാഭക്തിയും ചെറുകാടിനുണ്ടായിരുന്നുവെന്നത് ഒരു രഹസ്യമേ അല്ല. ചെറുകാട് തന്നെ അത് തുറന്നു പറഞ്ഞതുകൊണ്ട് ഹിപ്പോക്രസിയുടെ വകുപ്പില്‍ അതിനെ ചേര്‍ക്കാനും പറ്റില്ല. മൂകാമിയിലെ ഒരു വാരിയര്‍ സമ്മാനിച്ച ദേവിയുടെ ഒരു പെയിന്‍റിങ്ങ് ചില്ലിട്ട് ചുമരില്‍ തൂക്കിയപ്പോള്‍ ചില സുഹൃത്തുക്കള്‍ ചെറുകാടിനോട് അതൊഴിവാക്കിക്കൂടെ എന്നു ചോദിക്കുകയുണ്ടായി. "മനസ്സില്‍ നിന്നു മാറുന്നില്ല. പിന്നെ എന്തിന് ചുമരില്‍നിന്നു മാറ്റണം?" എന്നായിരുന്നു ചെറുകാടിന്‍റെ മറുപടി...........
ചെറുകാടിന്‍റെ ഭക്തിയെക്കുറിച്ച് ഏറെയൊന്നും ചര്‍ച്ച ചെയ്തു വിഷമിക്കേണ്ട കാര്യമില്ല. അതദ്ദേഹത്തിന്‍റെ വെറ്റില മുറുക്കുപോലെ, മുരിങ്ങയില തോരന്‍പോലെ, നേന്ത്രക്കായുപ്പേരി പോലെ, കൊഴുത്ത ചായപോലെ ഒരു പ്രിയപ്പെട്ട ശീലം മാത്രമായിരുന്നു. കുഞ്ഞുണ്ണി മാഷ് ഇങ്ങനെ പറയുന്നു : "ചെറുകാടിന് മൂന്നു ചോപ്പുണ്ട്. കുട്ടികളുടെ പട്ടുകോണകത്തിന്‍റെ ചോപ്പ്, മൂകാംബികയുടെ സിന്ദൂരത്തിന്‍റെ ചോപ്പ്, കമ്യൂണിസത്തിന്‍റെ ചോപ്പ്. നാലാമതൊരു ചോപ്പ് കൂടിയുണ്ട്. ഈ മൂന്നുംകൂടി മുറുക്കിയുണ്ടാക്കിയ ചോപ്പ്. ഈ നാലാം ചോപ്പാണ്, ചെറുകാടിന്‍റെ ശരിയായ ചോപ്പ്"

(കടപ്പാട് - ചെറുകാടിന്‍റെ ലോകം - പ്രഭാകരന്‍ പഴശ്ശി - ചിന്ത പബ്ലിഷേഴ്സ് - first chintha edition - may 1998)