Tuesday, May 18, 2010

ടി ഡി ദാസന്റെ ആത്മസംഘര്‍ഷങ്ങള്‍

Back  

Wednesday, May 12, 2010 | 10:28:12 AM IST
ടി ഡി ദാസന്റെ ആത്മസംഘര്‍ഷങ്ങള്‍

കുട്ടികള്‍ എന്നും സിനിമയുടെ പുറംപോക്കിലായിരുന്നു. അവരുടെ മാനസിക,വൈകാരിക ലോകത്തിന്‌ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ കാര്യമായി ഉണ്ടായിരുന്നില്ല. വളരെ അപൂര്‍വ്വം ശ്രമങ്ങളാകട്ടെ കുട്ടികളുടെ ചിത്രം എന്ന ലേബലില്‍ നിന്ന്‌ മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. അവ തീയേറ്ററുകളില്‍ എത്തിയില്ല. ജനം കണ്ടതുമില്ല. എന്റെ വീട്‌ അപ്പൂന്റേം പോലെയുള്ള ചിത്രങ്ങളെ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്‌. സൂപ്പര്‍ താരങ്ങളുടെയോ സൂപ്പര്‍ സംവിധായകരുടെയോ പേരുകേട്ട ബാനറുകളുടെയോ പിന്‍ബലമില്ലാതെ ഒരു ചിത്രം ഇവിടെ സംഭവിച്ചിരിക്കുന്നു, ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ്‌ ആറ്‌ ബി. അനാഥമാക്കപ്പെടുന്ന ബാല്യത്തിന്റെ തീവ്രസംഘര്‍ഷങ്ങള്‍ ആത്മാവില്‍ തട്ടുന്നവിധം ആവിഷ്‌കരിക്കപ്പെട്ട ചലച്ചിത്രമാണ്‌. നവാഗതനായ മോഹന്‍ രാഘവന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി ചരിത്രത്തില്‍ ഇടം നേടുന്നു.
കുടിവെള്ളം മുട്ടിപ്പോയ ഒരു ഗ്രാമം കുടിനീരൂറ്റുന്ന കോള കമ്പനിക്കെതിരെ നടത്തുന്ന സമരത്തിന്റെ സമകാലിക പശ്ചാത്തലത്തിലാണ്‌ ദാസന്റെ ജീവിതം ചുരുള്‍ നിവരുന്നത്‌. ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ ദാസന്‍(മാസറ്റര്‍ അലക്‌സാണ്ടര്‍). അച്ഛന്‍ ഉപേക്ഷിച്ചുപോയ ദാസനെ വളര്‍ത്തുന്നത്‌ അമ്മ ചന്ദ്രികയാണ്‌ (ശ്വേതാ മേനോന്‍). അച്ഛനില്ലാത്ത കുട്ടി എന്ന അപമാനത്തില്‍ ഉരുകിയാണ്‌ ദാസന്റെ ദിവസങ്ങള്‍ നീങ്ങുന്നത്‌. അമ്മയുടെ പെട്ടിയില്‍നിന്നും ഒരിക്കല്‍ അവന്‌ അച്ഛന്റെ മേല്‍വിലാസം ലഭിക്കുന്നു. ആ വിലാസത്തില്‍ ദാസന്‍ അതീവ രഹസ്യമായി അച്ഛന്‌ ഒരു കത്തയക്കുന്നു. ഡ്രൈവറായി ജോലി ചെയ്‌തിരുന്ന അവന്റെ അച്ഛന്‍ ആ വിലാസത്തില്‍ നിന്നും പോയിരുന്നു. ചലച്ചിത്ര സംവിധായകനായ നന്ദനും (ബിജുമേനോന്‍) അയാളുടെ മകള്‍ അമ്മുവും (ടിനാ റോസ്‌) സഹായിയായ മാധവനുമാണ്‌ (ജഗദീഷ്‌) ഇപ്പോഴവിടെ താമസിക്കുന്നത്‌. ദാസന്റെ പിതാവിനെ കണ്ടെത്തി ആ കത്ത്‌ നല്‍കണമെന്ന്‌ നന്ദന്‍ മാധവനെ ചുമതലപ്പെടുത്തുന്നു. എന്നാല്‍ മാധവന്‍ അലസമായി ആ കത്ത്‌ ചവറ്റുകുട്ടയില്‍ എറിയുകയാണുണ്ടായത്‌. ഇത്‌ കാണുന്ന അമ്മുവിന്‌ വലിയ സങ്കടം തോന്നുകയും ആ കത്ത്‌ ദാസന്റെ അച്ഛനെ കണ്ടുപിിടിച്ച്‌ നല്‍കാന്‍ ശ്രമിച്ച്‌ പരാജയപ്പെടുകയും ചെയ്യുന്നു. ഇതിനിടയില്‍ ദാസന്റെ രണ്ടാമത്തെ കത്ത്‌ അച്ഛനെ തേടിയെത്തുന്നു. ഈ രണ്ടു കത്തുകളും അമ്മു നന്ദനെ ഏല്‍പ്പിക്കുന്നു. അമ്മുവിലും നന്ദനിലും ഈ കത്ത്‌ സൃഷ്‌ടിക്കുന്ന വ്യത്യസ്‌ത ഭാവനകളാണ്‌ ചിത്രത്തെ മുന്നോട്ട്‌ നയിക്കുന്നത്‌. ദാസന്റെ കത്ത്‌ അമ്മുവില്‍ ഒരു കഥയായി പുനര്‍ജ്ജനിക്കുന്നു. നന്ദന്റെ ഭാവന മറ്റൊരു വഴിയിലൂടെ ദാസനെ നിര്‍മ്മിക്കുന്നു. ഒരു ചലച്ചിത്രത്തിന്റെ കഥയായി അയാളിലത്‌ വികസിക്കുന്നു. വ്യത്യസ്‌തമായ ആഖ്യാനങ്ങളിലൂടെ പല തലങ്ങളുള്ള ജീവിതവ്യാപാരത്തെയാണ്‌ സംവിധായകനും തിരക്കഥാകൃത്തുമായ മോഹന്‍ രാഘവന്‍ ആവിഷ്‌കരിക്കുന്നത്‌.
ബാല്യം ഇത്രയേറെ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടോ എന്നാണ്‌ മുതിര്‍ന്നവര്‍ എപ്പോഴും ചിന്തിക്കുന്നത്‌. കുട്ടികളെ മുതിര്‍ന്നവരുടെ ചെറിയ രൂപങ്ങളായി കാണുകയും മനസ്സിലാക്കുകയുമാണ്‌ പതിവ്‌. അതിനപ്പുറം ബാല്യം എന്ന ജീവിതാവസ്ഥയെ, അസ്‌ഥിത്വത്തെ, മനസ്സിനെ, വൈകാരിക ലോകത്തെ, വിചാരങ്ങളെ മനസ്സിലാക്കാനും പിന്തുടരാനും എന്തുകൊണ്ടോ സമൂഹം വിമുഖമാകുന്നു. എന്നാല്‍ ലോക ചലച്ചിത്രങ്ങളെ വിസ്‌മയിപ്പിച്ച ഇറാനിയന്‍ ചലച്ചിത്രങ്ങളുടെ പ്രമേയ കേന്ദ്രം എപ്പോഴും കുട്ടികളായിരുന്നു. ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍, വൈറ്റ്‌ ബലൂണ്‍, കളര്‍ ഓഫ്‌ പാരഡൈസ്‌ തുടങ്ങി നിരവധി ചിത്രങ്ങള്‍ മനസ്സിനെ ആഴത്തില്‍ സ്‌പര്‍ശിച്ച്‌ കടന്നുപോയി. നിരാലംബമായ ബാല്യമായിരുന്നു ചിത്രങ്ങളുടെ കേന്ദ്ര പ്രമേയം. ഒരു സമൂഹത്തില്‍ കുട്ടികള്‍ ഇത്രമേല്‍ നിരാലംബരും അനാഥരുമാണെങ്കില്‍ ആ സമൂഹം എത്രത്തോളം അനിശ്ചിതമായിരിക്കും എന്നതാണ്‌ സിനിമ മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയം. ടി ഡി ദാസന്‍ എന്ന കുട്ടിയുടെ നിരാലംബബാല്യം മുന്നോട്ടുവയ്‌ക്കുന്ന വലിയ ചോദ്യമിതാണ്‌. ഒരു കുട്ടിയുടെ ജീവിതം ഇത്രമേല്‍ അനാഥമാക്കപ്പെടുന്നുവെങ്കില്‍ നാം ജീവിക്കു സമൂഹത്തിന്റെ സുരക്ഷ എന്താണ്‌? രാഷ്‌ട്രം നല്‍കുന്ന കരുതല്‍ എന്താണ്‌? ആ നിലയ്‌ക്ക്‌ ഈ ചിത്രം കുട്ടികളുടെ ചിത്രമല്ല, മുതിര്‍വര്‍ മറന്നുപോകുന്ന ജീവിത ചുറ്റുപാടുകളെക്കുറിച്ചുള്ള സന്ദേശമാണ്‌. നമ്മുടെ ഡെപ്പാംകൂത്ത്‌ ഫാന്‍സ്‌ പടങ്ങളുടെ ആഘോഷത്തിമിര്‍പ്പില്‍ ഒരുപക്ഷെ, പരാജയപ്പെട്ട ഒരു നല്ല ചിത്രം. 

 http://www.scoopeye.com/showNews.php?news_id=4463

``ജാതിചോദിക്കുന്നില്ല ഞാന്‍ സോദരി''!!!

Back

Sunday, May 16, 2010 | 11:16:37 AM IST
``ജാതിചോദിക്കുന്നില്ല ഞാന്‍ സോദരി''!!!

 മഹാകവി കുമാരനാശാന്റെ അതിപ്രശസ്‌തമായ ഒരു കാവ്യ ശകലമാണ്‌ ഇത്‌. ഗ്രാമത്തിനു പുറത്തു വസിക്കുന്ന ചാമര്‍ നായകന്റെ മകളോട്‌ കുറച്ചു വെള്ളം ഇരന്ന ആനന്ദഭിക്ഷുവിനോട്‌ താന്‍ ജാതി ശ്രേണിയില്‍ താഴേക്കിടയിലുള്ളവളാണെന്നു പറഞ്ഞ്‌ കുടിവെള്ളം നിഷേധിച്ചപ്പോള്‍ ആനന്ദഭിക്ഷു പറഞ്ഞതാണ്‌ സന്ദര്‍ഭം. ഇത്‌ ജാതിയില്ലാത്ത ഒരു സമൂഹത്തെക്കുറിച്ച്‌ സ്വപ്‌നം കാണാന്‍ കേരളീയരെ പ്രേരിപ്പിച്ച ഒരു പ്രഖ്യാത കാവ്യശകലമായിരുന്നു.
എന്റെ ബാല്യ - യൗവനകാലത്ത്‌ ഏറ്റവും പ്രചാരത്തിലിരുന്ന ഒരു കലാപരിപാടി ആയിരുന്നു കഥാപ്രസംഗം. കഥാപ്രസംഗ കല ഇന്ന്‌ അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്‌. മലയാളത്തിലെ അതിപ്രശസ്‌തങ്ങളായ ഖണ്‌ഡകാവ്യങ്ങളെ ആസ്‌പദമാക്കിയായിരുന്നു അക്കാലഘട്ടത്തില്‍ കഥാപ്രസംഗം നടത്തിപ്പോന്നത്‌. കെ.കെ.തോമസ്‌, കൈമാപ്പറമ്പന്‍, പി.സി.എബ്രഹാം, എം.പി.മന്മഥന്‍ മുതലായവരായിരുന്നു ഈ കലാവതരണത്തില്‍ അക്കാലത്തെ പ്രമുഖര്‍. എനിക്ക്‌ എട്ടോ ഒമ്പതോ വയസ്സുള്ളപ്പോഴാണെന്നു തോന്നുന്നു ചണ്‌ഡാലഭിക്ഷുകിയെ ആസ്‌പദമാക്കി ശ്രീ. എം.പി. മന്മഥന്‍ ഭരണങ്ങാനം സ്‌കൂളില്‍ ഒരു കഥാപ്രസംഗം നടത്തി. അന്ന്‌ ശ്രീ. മന്മഥന്‍ സ്വരമധുരമായ ഭാഷയില്‍ അഭിനയത്തിന്റെ അകമ്പടിയോടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പാടിയ ആ കവിത ഇന്നും എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. വിദ്യാര്‍ത്ഥികളുടെയും ജനങ്ങളുടെയും സാഹിത്യാസ്വാദനത്തിന്‌ പ്രോത്സാഹനം നല്‍കുന്ന കഥാപ്രസംഗ കല പിന്നീട്‌ അമ്പലമുറ്റങ്ങളിലും രാഷ്‌ട്രീയ വേദികളിലുമായി ചുരുങ്ങി ചുരുങ്ങി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
കുമാരനാശാന്റെ ചണ്‌ഡാലഭിക്ഷുകി, നളിനി, ലീല, വള്ളത്തോളിന്റെ മഗ്‌ദലനാമറിയം, ചങ്ങമ്പുഴയുടെ രമണന്‍ എന്നിവയെ ആസ്‌പദമാക്കിയായിരുന്നു അക്കാലഘട്ടത്തില്‍ കഥാപ്രസംഗങ്ങള്‍. ഏതു ഖണ്‌ഡകാവ്യത്തെ ആസ്‌പദമാക്കി കഥാപ്രസംഗം നടത്തിയാലും മറ്റ്‌ കവികളുടെ കാവ്യ ശകലങ്ങള്‍ എടുത്ത്‌ ഉദ്ധരിച്ച്‌ കഥാപ്രസംഗത്തെ ആസ്വാദകരമാക്കി തീര്‍ക്കുന്നതില്‍ കലാകാരന്മാര്‍ ബദ്ധശ്രദ്ധരായിരുന്നു. അക്കാലഘട്ടത്തിലെ മിക്ക ഖണ്‌ഡകാവ്യങ്ങളെയും കവിതകളെയും എനിക്ക്‌ പരിചയപ്പെടുത്തിയത്‌ കഥാകാലക്ഷേപ കലയായിരുന്നു എന്നുതന്നെ പറയാം.
അക്കാലഘട്ടത്തില്‍ ജാതി ജഡിലമായിരുന്നു കേരള സമൂഹം. ജാതികളും ഉപജാതികളുമായി വിഭജിക്കപ്പെട്ട്‌്‌ ``തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്‌ടിയില്‍പോലും ദോഷമുള്ളോര്‍'' എന്ന്‌ വിവിധ ജാതികളെക്കുറിച്ച്‌ കുമാരനാശാന്‍ എഴുതി. മാത്രമല്ല അത്‌ ജീവിതാനുഭവവുമായിരുന്നു. ജാതിവ്യവസ്ഥകള്‍ക്കെതിരെ ശ്രീനാരായണന്‍ നടത്തിയ നിശബ്‌ദ ആശയസമരം ജനങ്ങളില്‍ ഒരു പുതിയ ഉണര്‍വും കാഴ്‌ചപ്പാടും സൃഷ്‌ടിച്ചത്‌ ആശാന്റെ കവിതകളിലൂടെയായിരുന്നു. ഏതായാലും മനുഷ്യത്വ ഹീനമായ ജാതിവ്യവസ്ഥയെ പറിച്ചെറിയുക എന്നുള്ളത്‌ അത്‌ ചിന്തിക്കുന്നവരുടെ കര്‍മ്മ പദ്ധതിയുടെ ഒരു ഭാഗമായി തീര്‍ന്നു.
ഞാന്‍ ജനിക്കുതിനു മുമ്പു നടന്ന ഗുരുവായൂര്‍ സത്യാഗ്രഹവും വൈക്കം സത്യാഗ്രഹവും എല്ലാം സമൂഹത്തിന്റെ ഉപരിതലത്തില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ചു. പക്ഷേ ബാല്യ-കൗമാര ഹൃദയങ്ങളില്‍ പുത്തന്‍ വെളിച്ചം നല്‍കിയത്‌ ആശാന്റെ ``ചണ്‌ഡാലഭിക്ഷുകി''യും ``ദുരവസ്ഥ''യും മറ്റുമാണെന്ന്‌ ഇന്നെനിക്കു തോന്നുന്നു. ഇന്ത്യന്‍ ജാതിവ്യവസഥയുടെ വേരറുക്കാന്‍ ശ്രീ വിവേകാനന്ദനും ഗാന്ധിജിയും ഫുള്‍ക്കെയും അബേദ്‌കറും എല്ലാം രംഗത്തിറങ്ങി പ്രവര്‍ത്തിച്ചു. അങ്ങനെ ജാതിവ്യവസ്ഥയെ നിയമം കൊണ്ട്‌ നിരോധിച്ച്‌ ഇന്ത്യന്‍ ഭരണഘടന തന്നെ ജാതി സമ്പ്രദായത്തെ അപ്രത്യക്ഷമാക്കി. അന്ന്‌ ജാതി ചോദിക്കരുത്‌ എന്നുള്ളതായിരുന്നു മുദ്രാവാക്യമെങ്കില്‍ ഇന്ന്‌ ഗവണ്‍മെന്റ്‌ തന്നെ ജാതി ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. സെന്‍സസില്‍ ഓരോ പൗരന്റെയും ജാതി ഏതെന്ന്‌ കുറിക്കണം എന്നത്‌ നിര്‍ബന്ധമാക്കാന്‍ പോകുകയാണ്‌. ഇതിലൂടെ ജാതി വ്യവസ്ഥ ഇന്ത്യയില്‍ നൈയാമികമായി പുനഃസ്ഥാപിക്കുമോ എന്നുള്ള സംശയം പലരിലും ബാക്കി നില്‍ക്കുന്നു.
ഒരു കാലത്ത്‌ സവര്‍ണ്ണര്‍ അവര്‍ണ്ണരുടെമേല്‍ നടത്തിയ മൃഗീയമായ ആധിപത്യത്തിന്‌ പരിഹാരമെന്നോണം അധഃസ്ഥിതരെ പുനരുദ്ധരിക്കുന്നതിനുവേണ്ടിയുള്ള നടപടി എന്ന നിലയിലാണ്‌ ജാതി സംവരണം ഏര്‍പ്പെടുത്തിയത്‌. അത്‌ തികച്ചും ന്യായവുമായിരുന്നു. പിന്നോക്കം നില്‍ക്കുവര്‍ക്ക്‌ പ്രത്യേക പരിഗണന ലഭിച്ചെങ്കില്‍ മാത്രമേ അവര്‍ക്കു സമൂഹത്തില്‍ മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ. ഭരണഘടനയില്‍ ജാതിസംവരണത്തിന്‌ പത്തുകൊല്ലത്തേക്കായിരുന്നു കാലാവധി. അതു നീണ്ടുനീണ്ടുപോയി 60 കൊല്ലം കഴിഞ്ഞിട്ടും ജാതി വ്യവസ്ഥ സമൂഹത്തില്‍ കൂടുതല്‍ രൂക്ഷമാകുകയാണെന്നു തോുന്നുന്നു.
ജാതി വ്യവസ്ഥ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ലോകമെമ്പാടും നിലനിന്നിരുന്നു. റോമിലെ പൗരന്മാര്‍ രണ്ടു ജാതികളായിരുന്നു - പെട്രിഷ്യന്‍സ്‌, പ്ലിബിയന്‍സ്‌. പെട്രിഷ്യന്‍സ്‌ ഉന്നതകുലത്തില്‍പെട്ടവരും ഭരണം കൈയ്യടക്കിയവരുമായിരുന്നു. പ്ലിബിയന്‍സ്‌ ഹീന ജാതിയില്‍പെട്ടവരും അധികാരത്തിന്റെ നാലുകെട്ടിനു പുറത്തു ജീവിച്ചിരുവരുമായിരുന്നു. ന്യൂനപക്ഷമായ പെട്രിഷ്യന്‍സ്‌ സമൂഹത്തിന്റെ ഉന്നത തലത്തില്‍ വിഹരിച്ചിരുന്നപ്പോള്‍ അവകാശമില്ലാത്ത ഒരു ജനതയായി അടിമകളും പ്ലിബിയന്‍സും ജീവിച്ചുപോന്നു. ഈ സാമൂഹ്യ വിഭജനത്തിനെതിരായി സമരങ്ങള്‍ ഉണ്ടായി. സമരത്തിന്റെ അന്ത്യത്തില്‍ പ്ലിബിയന്‍സിന്റെ അവകാശ സംരക്ഷണത്തിനായി ഭരണ മണ്‌ഡലത്തില്‍ അവരുടെ പ്രതിനിധികളായി ട്രൈബ്യൂണലുകള്‍ നിയമിക്കപ്പെട്ടു. കാലം കഴിഞ്ഞപ്പോള്‍ പെട്രിഷ്യന്‍സിനേക്കാള്‍ പ്ലിബിയന്‍സ്‌ സമൂഹത്തില്‍ കൂടുതല്‍ ശക്തരാകുകയും സമൂഹചരിത്രത്തെ തിരുത്തിക്കുറിച്ച്‌ പ്ലിബിയന്‍സ്‌ അധികാരം കൈയടക്കുകയും ചെയ്‌തു. പെട്രിഷ്യന്‍സ്‌ പുറംതള്ളപ്പെട്ടു. (ഇന്ന്‌ പലരും ധരിച്ചിരിക്കുന്നതുപോലെ റോമാ സാമ്രാജ്യം വളര്‍ന്നതും വികസിച്ചതും ചക്രവര്‍ത്തിമാരുടെ കീഴിലായിരുന്നില്ല. മറിച്ച്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ആയിരുന്നു റോമാ സാമ്രാജ്യത്തിന്റെ വികസനകാലഘട്ടങ്ങളില്‍ റോമന്‍ ജനതയെ നയിച്ചിരുന്നത്‌.) ക്രിസ്‌തുവിന്റെ കാലത്താണ്‌ റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി സീസര്‍ അവരോധിതനാകുന്നത്‌. നാലുനൂറ്റാണ്ടുകൊണ്ട്‌ ചക്രവര്‍ത്തിമാരുടെ അധികാര ഭരണത്തില്‍കീഴില്‍ റോമന്‍ സാമ്രാജ്യം തകര്‍ന്നു എന്നുതന്നെ പറയാം.
ഇന്ത്യയുടെ സാമൂഹിക ചരിത്രം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ കഴിഞ്ഞ 60 കൊല്ലംകൊണ്ട്‌ രാഷ്‌ട്രീയ സാമൂഹ്യ അധികാരമണ്‌ഡലത്തില്‍ വന്ന മാറ്റം അത്ഭുതാവഹമാണെന്നു കാണാം. റോമില്‍ പേട്രീഷ്യന്‍സും പ്ലിബിയന്‍സും തമ്മില്‍ നടന്ന രക്ത രൂക്ഷിത വിപ്ലവങ്ങളാണ്‌ പ്ലിബിയന്‍സിനെയും അടിമകളെയും സ്വതന്ത്രരാക്കിയതും അധികാര മണ്‌ഡലത്തില്‍ പ്രവേശനം കൊടുത്തതും. എന്നാല്‍ ഇന്ത്യയില്‍ നടന്നത്‌ ഒരു നിശബ്‌ദ വിപ്ലവമായിരുന്നു. ജാതി വ്യവസ്ഥയിലെ അനീതിയെക്കുറിച്ച്‌ ബോധവാന്മാരായ സവര്‍ണ്ണര്‍തന്നെയാണ്‌ ഇതിനായി രംഗത്തിറങ്ങിയത്‌. അവര്‍ണ്ണരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരത്തിന്‌ നേതൃത്വം കൊടുത്തത്‌ ഗുരുവായൂരില്‍ കെ. കേളപ്പന്‍ നായരും എ.കെ.ഗോപാലന്‍ നമ്പ്യാരും കുറൂര്‍ നമ്പൂതിരിപ്പാടും എല്ലാമാണ്‌. വൈക്കത്ത്‌ കെ. കേശവമേനോനും മന്നത്തു പത്മനാഭനുമെല്ലാം അവര്‍ണ്ണരോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു.
ഒരുകാലത്ത്‌ സവര്‍ണ്ണരായിരുന്നവര്‍ ഇന്ന്‌ ഭയപ്പെടുന്നത്‌ സംവരണം തങ്ങളുടെ അവകാശങ്ങളെ ഹനിക്കുമോ എന്നാണ്‌. ഓരോ ജാതിയുടെയും എണ്ണമെടുത്ത്‌ ഉദ്യോഗങ്ങള്‍ വിഭജിക്കുമ്പോള്‍ തങ്ങള്‍ പുറംതള്ളപ്പെടുമെന്ന ഭീതി സവര്‍ണ്ണരില്‍ പൊട്ടിമുളയ്‌ക്കാന്‍ തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും സമ്പത്തിലും ഉന്നതി നേടിയ പൂര്‍വകാല അവര്‍ണ്ണര്‍ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുമ്പോള്‍ അതേ ജാതിയില്‍തന്നെ പിന്നോക്കം പോയവര്‍ അവഗണിക്കപ്പെടുന്നുണ്ട്‌ എന്നത്‌ ഇന്ന്‌ ഒരു യഥാര്‍ത്ഥ്യമാണ്‌. ബീഹാറിലെ സസ്‌റാം നിയോജകമണ്‌ഡലത്തില്‍നിന്നും നാല്‌പതിലേറെകൊല്ലം പാര്‍ലമെന്റില്‍ അംഗമായി, 47-ലെ ഇടക്കാല ഗവണ്‍മെന്റെിന്റെ കാലം മുതല്‍ കേന്ദ്രത്തിലെ മന്ത്രി ആയിരുന്ന പരേതനായ ജഗജീവന്‍ റാമിന്റെ നിയോജകമണ്‌ഡലം ഇന്നും പിന്നോക്കാവസ്ഥയില്‍നിന്നും കരകയറിയിട്ടില്ല. ജാതിയുടെ പേരില്‍ അധികാരം പിടിച്ചെടുക്കുന്നവര്‍ തങ്ങളുടെ ജാതിക്കാരെ തിരിഞ്ഞുനോക്കാറില്ലെന്ന്‌ ഇന്ന്‌ ആരോപണമുണ്ട്‌. സത്യത്തില്‍ ``ജാതി ചോദിക്കുന്നില്ല'' എന്ന ഒരു അവസ്ഥ വരുന്നതുവരെ ഗാന്ധിജി വിഭാവനം ചെയ്‌ത അന്ത്യോദയവ്യവസ്ഥ ഉദിക്കുമെന്നു തോന്നുന്നില്ല.
ജോസഫ്‌ പുലിക്കുന്നേല്‍

http://www.scoopeye.com/showNews.php?news_id=4659

Monday, May 17, 2010

പ്രണയകഥ തിരുത്തിയെഴുതിയപ്പോള്‍


PRO
സിനിമ സമൂഹത്തെ സ്വാധീനിക്കുമോ? ഇല്ലെന്നും ഉണ്ടെന്നും രണ്ട് വാദങ്ങള്‍ സിനിമാലോകത്തു തന്നെയുണ്ട്. സ്വാധീക്കുമെന്നാണ് അന്തരിച്ച ചലച്ചിത്രപ്രതിഭ ലോഹിതദാസ് വിശ്വസിച്ചിരുന്നത്. എന്നാല്‍ സ്വാധീനിക്കില്ലെന്ന് തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസന്‍ പറയുന്നു.

അതേസമയം, സംവിധായകര്‍ ധൈര്യപൂര്‍വം അവതരിപ്പിക്കുന്ന ചില പ്രമേയങ്ങളും ദൃശ്യങ്ങളും ഒടുവില്‍ വിവാദമായിത്തീരാറുണ്ട്. സമൂഹത്തെ ദോഷകരമായി ബാ‍ധിക്കുന്നു എന്നായിരിക്കും ആരോപണം. ‘എന്‍റെ സൂര്യപുത്രിക്ക്’ എന്ന ഫാസില്‍ ചിത്രം ഇത്തരത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതാണ്. മെഗാഹിറ്റായ ആ സിനിമ തെറ്റായ ചില പ്രവണതകള്‍ മുന്നോട്ടുവച്ചു എന്നായിരുന്നു ആരോപണം.

സൂര്യപുത്രിയില്‍ അമല അവതരിപ്പിക്കുന്ന ‘മായ’ എന്ന കഥാപാത്രം ഒരു ‘തെറിച്ച പെണ്‍കുട്ടി’യാണ്. കൂട്ടുകാരോടൊപ്പം ഹോസ്റ്റല്‍ മതില്‍ ചാടുകയും രാത്രികളില്‍ കറങ്ങി നടക്കുകയും അപകടകരമായി പ്രണയിക്കുകയും ഒക്കെ ചെയ്യുന്ന ഒരു കഥാപാത്രം. ഈ സിനിമ പുറത്തിറങ്ങിയപ്പോള്‍, സിനിമ കണ്ട് പ്രചോദിതരായ ചില പെണ്‍‌കുട്ടികള്‍ ‘മായ’യെപ്പോലെ പെരുമാറാന്‍ തുടങ്ങിയത്രേ. യുവതലമുറയെ ഫാസില്‍ ഈ ചിത്രത്തിലൂടെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് ആക്ഷേപമുയര്‍ന്നു.

ആക്ഷേപങ്ങളോട് അന്ന് ഫാസില്‍ പ്രതികരിച്ചില്ല. പക്ഷേ, താന്‍ അങ്ങനെ ഒരു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തണം എന്ന് അദ്ദേഹം അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ‘അനിയത്തിപ്രാവ്’ എന്ന സിനിമ അങ്ങനെ സംഭവിച്ചതാണ്. സൂര്യപുത്രിയില്‍ താന്‍ സൃഷ്ടിച്ച പ്രണയം മാതാപിതാക്കളെ വേദനിപ്പിച്ചുവെങ്കില്‍ അനിയത്തിപ്രാവിലൂടെ അതിനൊരു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു ഫാസില്‍.
PRO


പ്രണയിക്കുന്ന എല്ലാ ചെറുപ്പക്കാര്‍ക്കും ഒരു പാഠപുസ്തകമായിരുന്നു ആ സിനിമ. സുധി എന്ന എം ബി എ വിദ്യാര്‍ത്ഥിയും മിനി എന്ന പെണ്‍കുട്ടിയും സ്നേഹിച്ചത് അവര്‍ പോലും അറിയാതെയായിരുന്നു. തമ്മില്‍ പിരിയാനാകാത്തവിധം അവര്‍ അടുത്തു. എന്നാല്‍, അവരുടെ മാതാപിതാക്കളും ബന്ധുക്കളും ആ ബന്ധത്തില്‍ ഏറെ വേദനിച്ചു. ഒടുവില്‍ സുധിയും മിനിയും തീരുമാനിച്ചു - വേര്‍പിരിയാം. തങ്ങളെ സ്നേഹിക്കുന്നവരുടെ മനസ് വേദനിപ്പിച്ച് ഒന്നാവേണ്ടതില്ല.

സിനിമ കണ്ട ശേഷം അനവധി മാതാപിതാക്കള്‍ ഫാസിലിനെ അഭിനന്ദിച്ചു. കേരളത്തിലെ യുവതലമുറയ്ക്കുള്ള പാഠപുസ്തകം തന്നെയാണ് ‘അനിയത്തിപ്രാവ്’ എന്ന് അവര്‍ പ്രതികരിച്ചു. അതെ, സൂര്യപുത്രിയിലൂടെ തെറ്റിദ്ധരിക്കപ്പെട്ട ഫാസില്‍ ഈ പ്രണയകാവ്യത്തിലൂടെ കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനായി. പ്രണയത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം ഉറച്ച ശബ്ദത്തില്‍ വ്യക്തമാക്കുകയായിരുന്നു ഫാസില്‍

Suryaputhri to Aniyathipravu | പ്രണയകഥ തിരുത്തിയെഴുതിയപ്പോള്‍

ദാവൂദ്, ‘മോസ്റ്റ് വാണ്ടഡ് നമ്പര്‍ 3’

ലോകത്തിലെ 10 വമ്പന്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടിക ഫോര്‍ബ്സ് മാഗസിന്‍ പുറത്തിറക്കി. 1993 ലെ മുംബൈ സ്ഫോടനത്തില്‍ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിമാണ് ഫോര്‍ബ്സ് പട്ടികയിലെ മൂന്നാമന്‍.

അല്‍-ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനാണ് രണ്ടാം തവണയും പട്ടികയില്‍ ഒന്നാമത്. 2008 മുതലാണ് ഫോര്‍ബ്സ് മാഗസിന്‍ ഇത്തരമൊരു പട്ടിക പുറത്തിറക്കി തുടങ്ങിയത്. എന്നാല്‍, അന്നുമുതല്‍ ഇതുവരെയായും പട്ടികയിലെ ഒരാളെ പോലും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നിട്ടില്ല എന്നും മാഗസിന്‍ പറയുന്നു.

ലോകത്തിലെ എറ്റവും വിപുലവും ശക്തവുമായ തെരച്ചില്‍ നടത്തിയിട്ടും കഴിഞ്ഞ എട്ട് വര്‍ഷമായി പിടികൊടുക്കാതെ കഴിയുകയാണ് ലാദന്‍. പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗ മേഖലയിലെവിടെയോ ഒളിവില്‍ കഴിയുന്ന ലാദന്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മെക്സിക്കന്‍ മയക്കുമരുന്ന് കടത്തുകാരനായ ജൊവാക്കിന്‍ ഗുസ്മാനാണ് പട്ടികയില്‍ രണ്ടാമത്. ഇയാള്‍ യു എസിലേക്ക് കൊക്കെയ്ന്‍ കടത്തുന്ന പ്രമുഖ ശക്തികേന്ദ്രമായി മാറിയിരിക്കുന്നു.

മൂന്നാം സ്ഥാനത്തുള്ള ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിക്ക് അല്‍‌-ക്വൊയ്ദയുമായും ലഷ്കര്‍-ഇ-തൊയ്ബയുമായും അടുത്ത ബന്ധമുണ്ടെന്നും കള്ളക്കടത്ത് പാതകള്‍ ഇവര്‍ പങ്കിടാറുണ്ടെന്നും ഫോര്‍ബ്സ് മാഗസിന്റെ ലേഖനത്തില്‍ പറയുന്നു. പാകിസ്ഥാന്‍ സര്‍ക്കാര്‍ നിഷേധിക്കുന്നുണ്ട് എങ്കിലും ദാവൂദ് ഇപ്പോള്‍ പാകിസ്ഥാനില്‍ ഉണ്ടാവാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 5000 അംഗങ്ങളുടെ പിന്‍‌ബലമാണ് ഡി കമ്പനിക്ക് ഉള്ളത്

Dawood No 3 in Forbe's most wanted list | ദാവൂദ്, ‘മോസ്റ്റ് വാണ്ടഡ് നമ്പര്‍ 3’

അനുതാപമായ് ക്വാന്‍ യിന്‍ എന്ന ‘ലേഡി ബുദ്ധ‘


PRO
പൊട്ടിച്ചിരിച്ചുകൊണ്ട് ധനത്തിന്റെ ഭാണ്ഡം പേറിവരുന്ന ‘ലാഫിംഗ് ബുദ്ധയെ’ ഫെംഗ്‌ഷൂയി തല്‍പ്പരര്‍ക്കെല്ലാം പരിചിതമായിരിക്കും. എന്നാല്‍, കന്യാമറിയത്തെ പോലെ അനുതാപത്തിന്റെ സുഖവീചികള്‍ പ്രസരിപ്പിക്കുന്ന ‘ലേഡി ബുദ്ധ’ അഥവാ ക്വാന്‍ യിന്നിനെ കുറിച്ച് അറിയാവുന്നവര്‍ വിരളമായിരിക്കും.

‘മറ്റുള്ളവരുടെ കരച്ചില്‍ കേള്‍ക്കുന്നവള്‍’ എന്നാണ് ഈ ദയാമൂര്‍ത്തിയായ ചൈനീസ് ദേവതയുടെ പേരിനര്‍ത്ഥം. മാതൃസ്നേഹം പകര്‍ന്നു നല്‍കുന്ന ദേവത കടല്‍ യാത്രക്കാരെയും കപ്പല്‍ ജോലിക്കാരെയും കാത്തുകൊള്ളുമെന്ന വിശ്വാസം ശക്തമാണ്. സഹായം വേണ്ടവര്‍ക്ക് വിശ്വാസത്തിന്റെയോ ജാതി-മത-വര്‍ഗ പശ്ചാത്തലത്തിന്റെയോ അതിരുകള്‍ക്ക് അതീതമായി ക്വാന്‍ യിന്‍ സഹായമെത്തിക്കുമെന്നാണ് ഈ ദേവതയെ കുറിച്ചുള്ള സങ്കല്‍പ്പം.

അതായത്, എത്രത്തോളം ശിക്ഷ അര്‍ഹിക്കുന്ന ആളെയും ശിക്ഷിക്കാന്‍ ദേവി ശ്രമിക്കുകയില്ല. അനുതാപത്തിന്റെ തരംഗങ്ങള്‍ പ്രസരിപ്പിക്കുന്ന ദേവി ആരാച്ചാരുടെ വാളിനു മുന്നില്‍ കഴുത്ത് കുനിച്ച് നില്‍ക്കുന്ന കുറ്റവാളിയുടെ കരച്ചിനു പോലും പരിഹാരം നല്‍കുമത്രേ. ആ‍രാച്ചാരുടെ മുന്നില്‍ ഇപ്പോള്‍ കൊല്ലപ്പെടുമെന്ന് കരുതി നില്‍ക്കുന്ന ആള്‍ ദേവിയെ വിളിച്ചാല്‍ ആരാച്ചാരുടെ വാള്‍ ചിന്നിച്ചിതറിപ്പോകുമെന്നാണ് ചൈനക്കാര്‍ വിശ്വസിക്കുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷകയായ ക്വാന്‍ യിന്നിന്റെ പ്രതിരൂപം എവിടെ സൂക്ഷിക്കുന്നോ ആ ചുറ്റുപാടുകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്നാണ് വിശ്വാസം. ക്വാന്‍ യിന്നിന്റെ സാന്നിധ്യമുണ്ടെങ്കില്‍ അവിടെ വാഗ്വാദങ്ങളോ രോഗമോ ഉണ്ടാവില്ല എന്നാണ് ചൈനീസ് വിശ്വാസം. സ്ത്രീകളുടെ സംരക്ഷകയായ ദേവതയ്ക്ക് കുട്ടികളില്ലാത്തവരുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ കഴിവുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

പത്തോളം തരത്തിലുള്ള ബോധിസത്വ ക്വാന്‍ യിന്‍ പ്രതിമകള്‍ ലഭ്യമാണ്. ഇവ മുറിക്കുള്ളിലോ വീടിനു പുറത്ത് പൂന്തോട്ടത്തിലോ സ്ഥാപിക്കാവുന്നതാണ്. എന്നാല്‍, വളരെ താഴ്ചയുള്ള സ്ഥലങ്ങള്‍ ക്വാന്‍ യിന്നിനു വേണ്ടി കണ്ടെത്താതിരിക്കാന്‍ ശ്രദ്ധിക്കണം

Compaassion, that is lady Buddha | അനുതാപമായ് ക്വാന്‍ യിന്‍ എന്ന ‘ലേഡി ബുദ്ധ‘

അഫ്സല്‍ ഗുരു: ഡല്‍ഹിക്ക് മെല്ലെപ്പോക്ക്

പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയത് ഡല്‍ഹി സര്‍ക്കാരിന് വിനയാവുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ താമസിക്കുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ അമിര്‍ കസബിന്റെ ശിക്ഷാവിധി വരുന്നതിന് ഒരാഴ്ച മുമ്പാണ് ആഭ്യന്തരമന്ത്രാലയം ഡല്‍ഹി ആഭ്യന്തര സെക്രട്ടറി ജി എസ് പട്നായിക്കിന് ഇതു സംബന്ധിച്ച കത്ത് നല്‍കിയത്. 2006 സെപ്തംബര്‍ മുതല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഫ്സല്‍ ഗുരുവിന്റെ ഭാര്യ സമര്‍പ്പിച്ച ദയാഹര്‍ജിയിന്മേല്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം കാക്കുകയാണ്.

കഴിഞ്ഞ വര്‍ഷവും ദയാഹര്‍ജി സംബന്ധിച്ച ഫയലില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിന്റെ കാരണം ചോദിച്ച് ആഭ്യന്തരമന്ത്രാലയം ഡല്‍ഹി സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അന്ന് പ്രതികരിച്ചത്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

2003 ഒക്ടോബര്‍ 23 ന് ഹൈക്കോടതി ഇത് ശരിവച്ചു. 2005 ഓഗസ്റ്റ് 4 ന് സുപ്രീംകോടതിയും അഫ്സലിന്റെ ശിക്ഷാവിധി ശരിവച്ചു. ഗുരുവിന്റെ ഭാര്യ 2006 ജനുവരിയിലാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്

Afsal Guru; Delhi slowing down | അഫ്സല്‍ ഗുരു: ഡല്‍ഹിക്ക് മെല്ലെപ്പോക്ക്

ഇന്ത്യയുടെ തൊണ്ട വരണ്ടു; വിവാഹങ്ങളും നടക്കുന്നില്ല


PRO
കല്യാണസദ്യ കഴിച്ച് കൈ കഴുകാന്‍ പോലും വെള്ളമില്ലെങ്കില്‍? പിന്നെന്തു ചെയ്യാനാ കല്യാണം തന്നെയങ്ങ് മാറ്റിവെയ്ക്കുക ഇല്ലെങ്കില്‍ കല്യാണമേ വേണ്ടെന്നു വെയ്ക്കുക. വര്‍ഷങ്ങള്‍ക്കു മുമ്പ് വാളയാറിനടുത്ത് മയ്യത്തു കുളിപ്പിയ്ക്കാന്‍ 600 രൂപയ്ക്കു വെള്ളം വാങ്ങേണ്ടി വന്ന സ്ഥലത്ത് ഇപ്പോള്‍ കല്യാണ ആവശ്യത്തിനായി കാശു കൊടുത്ത്ഒരു ട്രാക്ടര്‍ വെള്ളമാണ് വാങ്ങിയിരിക്കുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമയായ പാലക്കാട് ജില്ലയിലെ വാളയാറില്‍ ജലക്ഷാമം മൂലം വീട്ടില്‍ നടത്താന്‍ നിശ്ചയിച്ച കല്യാണം കല്യാണമണ്ഡപത്തിലേക്ക് മാറ്റി.

ദക്ഷിണേന്ത്യയില്‍ കല്യാണം മണ്ഡപത്തിലേക്ക് മാറ്റി വെയ്ക്കാനെങ്കിലും കഴിയുന്നുണ്ട്. പക്ഷേ ഉത്തരേന്ത്യയിലെ അവസ്ഥ ഇതിലും കഷ്ടമാണ് എന്നതാണ് സത്യം. പൊരിയുന്ന വെയിലിനോട് മല്ലിട്ടു നില്ക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. എരിയുന്ന സൂര്യതാപത്തിനു കീഴില്‍ കുടം, ബക്കറ്റ്, ചെരുവം തുടങ്ങിയ ആയുധങ്ങള്‍ വെച്ച് കീഴടങ്ങുകയാണ് പല ഗ്രമങ്ങളും. സര്‍ക്കാര്‍ വെള്ളം നല്കുന്ന പൈപ്പില്‍ പോലും ഒരു തുള്ളി ജലം കിട്ടാതെ വരുമ്പോള്‍ കല്യാണം തന്നെ മാറ്റിവെയ്ക്കേണ്ട അവസ്ഥയിലാണ് ഉത്തരേന്ത്യക്കാര്‍. .

ആന്ധ്രാ പ്രദേശിലെ പല ഗ്രാമങ്ങളും കടുത്ത ജലക്ഷാമത്തിലാണ്. വെള്ളമില്ലാത്തതിനാല്‍ ഇവിടെ വിവാഹങ്ങള്‍ മുടങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ സല്‍ക്കാരം ഒരുക്കാന്‍ ആവശ്യത്തിന് വെള്ളമില്ലാത്തതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന് ഗ്രാമീണര്‍ പറയുന്നു. സ്വകാര്യ വ്യക്തികളുടെ പക്കല്‍ നിന്നും വന്‍ വില കൊടുത്ത് വെള്ളം വാങ്ങാന്‍ ഇവര്‍ക്ക് കഴിയാത്തതിനാല്‍ മഴക്കാലത്തിനായി വേഴാമ്പല്‍ കാത്തിരിക്കുന്നത് പോലെ ഈ ഗ്രാമീണരും കാത്തിരിക്കുകയാണ്. ഇതോടെ കല്യാണങ്ങളെല്ലാം മഴക്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഈ ഗ്രാമത്തിലേക്ക് പൈപ്പ് ലൈന്‍ വേണമെന്ന് വളരെക്കാലമായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതര്‍ ഇതുവരെ നടപടി എടുത്തിട്ടില്ല. കുടിവെള്ളം എത്തിക്കാന്‍ ആവശ്യമായ നടപടി ഉടനെ സ്വീകരിക്കുമെന്ന് കളക്ടര്‍ എന്‍ നാഗേശ്വര റാവു ഉറപ്പുനല്‍കി.ഇതു പോലെ ഒരുപാട് ഉറപ്പുകള്‍ ഇതുനു മുമ്പും ഇവര്‍ക്ക് ലഭിച്ചതാണ്.

Water scaecity in India | ഇന്ത്യയുടെ തൊണ്ട വരണ്ടു; വിവാഹങ്ങളും നടക്കുന്നില്ല