Back | |
Wednesday, May 12, 2010 | 10:28:12 AM IST ടി ഡി ദാസന്റെ ആത്മസംഘര്‍ഷങ്ങള്‍ കുട്ടികള്‍ എന്നും സിനിമയുടെ പുറംപോക്കിലായിരുന്നു. അവരുടെ മാനസിക,വൈകാരിക ലോകത്തിന് പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ കാര്യമായി ഉണ്ടായിരുന്നില്ല. വളരെ അപൂര്‍വ്വം ശ്രമങ്ങളാകട്ടെ കുട്ടികളുടെ ചിത്രം എന്ന ലേബലില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. അവ തീയേറ്ററുകളില്‍ എത്തിയില്ല. ജനം കണ്ടതുമില്ല. എന്റെ വീട് അപ്പൂന്റേം പോലെയുള്ള ചിത്രങ്ങളെ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. സൂപ്പര്‍ താരങ്ങളുടെയോ സൂപ്പര്‍ സംവിധായകരുടെയോ പേരുകേട്ട ബാനറുകളുടെയോ പിന്‍ബലമില്ലാതെ ഒരു ചിത്രം ഇവിടെ സംഭവിച്ചിരിക്കുന്നു, ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി. അനാഥമാക്കപ്പെടുന്ന ബാല്യത്തിന്റെ തീവ്രസംഘര്‍ഷങ്ങള്‍ ആത്മാവില്‍ തട്ടുന്നവിധം ആവിഷ്‌കരിക്കപ്പെട്ട ചലച്ചിത്രമാണ്. നവാഗതനായ മോഹന്‍ രാഘവന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി ചരിത്രത്തില്‍ ഇടം നേടുന്നു. കുടിവെള്ളം മുട്ടിപ്പോയ ഒരു ഗ്രാമം കുടിനീരൂറ്റുന്ന കോള കമ്പനിക്കെതിരെ നടത്തുന്ന സമരത്തിന്റെ സമകാലിക പശ്ചാത്തലത്തിലാണ് ദാസന്റെ ജീവിതം ചുരുള്‍ നിവരുന്നത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദാസന്‍(മാസറ്റര്‍ അലക്‌സാണ്ടര്‍). അച്ഛന്‍ ഉപേക്ഷിച്ചുപോയ ദാസനെ വളര്‍ത്തുന്നത് അമ്മ ചന്ദ്രികയാണ് (ശ്വേതാ മേനോന്‍). അച്ഛനില്ലാത്ത കുട്ടി എന്ന അപമാനത്തില്‍ ഉരുകിയാണ് ദാസന്റെ ദിവസങ്ങള്‍ നീങ്ങുന്നത്. അമ്മയുടെ പെട്ടിയില്‍നിന്നും ഒരിക്കല്‍ അവന് അച്ഛന്റെ മേല്‍വിലാസം ലഭിക്കുന്നു. ആ വിലാസത്തില്‍ ദാസന്‍ അതീവ രഹസ്യമായി അച്ഛന് ഒരു കത്തയക്കുന്നു. ഡ്രൈവറായി ജോലി ചെയ്‌തിരുന്ന അവന്റെ അച്ഛന്‍ ആ വിലാസത്തില്‍ നിന്നും പോയിരുന്നു. ചലച്ചിത്ര സംവിധായകനായ നന്ദനും (ബിജുമേനോന്‍) അയാളുടെ മകള്‍ അമ്മുവും (ടിനാ റോസ്) സഹായിയായ മാധവനുമാണ് (ജഗദീഷ്) ഇപ്പോഴവിടെ താമസിക്കുന്നത്. ദാസന്റെ പിതാവിനെ കണ്ടെത്തി ആ കത്ത് നല്‍കണമെന്ന് നന്ദന്‍ മാധവനെ ചുമതലപ്പെടുത്തുന്നു. എന്നാല്‍ മാധവന്‍ അലസമായി ആ കത്ത് ചവറ്റുകുട്ടയില്‍ എറിയുകയാണുണ്ടായത്. ഇത് കാണുന്ന അമ്മുവിന് വലിയ സങ്കടം തോന്നുകയും ആ കത്ത് ദാസന്റെ അച്ഛനെ കണ്ടുപിിടിച്ച് നല്‍കാന്‍ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്യുന്നു. ഇതിനിടയില്‍ ദാസന്റെ രണ്ടാമത്തെ കത്ത് അച്ഛനെ തേടിയെത്തുന്നു. ഈ രണ്ടു കത്തുകളും അമ്മു നന്ദനെ ഏല്‍പ്പിക്കുന്നു. അമ്മുവിലും നന്ദനിലും ഈ കത്ത് സൃഷ്‌ടിക്കുന്ന വ്യത്യസ്‌ത ഭാവനകളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ദാസന്റെ കത്ത് അമ്മുവില്‍ ഒരു കഥയായി പുനര്‍ജ്ജനിക്കുന്നു. നന്ദന്റെ ഭാവന മറ്റൊരു വഴിയിലൂടെ ദാസനെ നിര്‍മ്മിക്കുന്നു. ഒരു ചലച്ചിത്രത്തിന്റെ കഥയായി അയാളിലത് വികസിക്കുന്നു. വ്യത്യസ്‌തമായ ആഖ്യാനങ്ങളിലൂടെ പല തലങ്ങളുള്ള ജീവിതവ്യാപാരത്തെയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മോഹന്‍ രാഘവന്‍ ആവിഷ്‌കരിക്കുന്നത്. ബാല്യം ഇത്രയേറെ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടോ എന്നാണ് മുതിര്‍ന്നവര്‍ എപ്പോഴും ചിന്തിക്കുന്നത്. കുട്ടികളെ മുതിര്‍ന്നവരുടെ ചെറിയ രൂപങ്ങളായി കാണുകയും മനസ്സിലാക്കുകയുമാണ് പതിവ്. അതിനപ്പുറം ബാല്യം എന്ന ജീവിതാവസ്ഥയെ, അസ്‌ഥിത്വത്തെ, മനസ്സിനെ, വൈകാരിക ലോകത്തെ, വിചാരങ്ങളെ മനസ്സിലാക്കാനും പിന്തുടരാനും എന്തുകൊണ്ടോ സമൂഹം വിമുഖമാകുന്നു. എന്നാല്‍ ലോക ചലച്ചിത്രങ്ങളെ വിസ്‌മയിപ്പിച്ച ഇറാനിയന്‍ ചലച്ചിത്രങ്ങളുടെ പ്രമേയ കേന്ദ്രം എപ്പോഴും കുട്ടികളായിരുന്നു. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, വൈറ്റ് ബലൂണ്‍, കളര്‍ ഓഫ് പാരഡൈസ് തുടങ്ങി നിരവധി ചിത്രങ്ങള്‍ മനസ്സിനെ ആഴത്തില്‍ സ്‌പര്‍ശിച്ച് കടന്നുപോയി. നിരാലംബമായ ബാല്യമായിരുന്നു ചിത്രങ്ങളുടെ കേന്ദ്ര പ്രമേയം. ഒരു സമൂഹത്തില്‍ കുട്ടികള്‍ ഇത്രമേല്‍ നിരാലംബരും അനാഥരുമാണെങ്കില്‍ ആ സമൂഹം എത്രത്തോളം അനിശ്ചിതമായിരിക്കും എന്നതാണ് സിനിമ മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയം. ടി ഡി ദാസന്‍ എന്ന കുട്ടിയുടെ നിരാലംബബാല്യം മുന്നോട്ടുവയ്‌ക്കുന്ന വലിയ ചോദ്യമിതാണ്. ഒരു കുട്ടിയുടെ ജീവിതം ഇത്രമേല്‍ അനാഥമാക്കപ്പെടുന്നുവെങ്കില്‍ നാം ജീവിക്കു സമൂഹത്തിന്റെ സുരക്ഷ എന്താണ്? രാഷ്‌ട്രം നല്‍കുന്ന കരുതല്‍ എന്താണ്? ആ നിലയ്‌ക്ക് ഈ ചിത്രം കുട്ടികളുടെ ചിത്രമല്ല, മുതിര്‍വര്‍ മറന്നുപോകുന്ന ജീവിത ചുറ്റുപാടുകളെക്കുറിച്ചുള്ള സന്ദേശമാണ്. നമ്മുടെ ഡെപ്പാംകൂത്ത് ഫാന്‍സ് പടങ്ങളുടെ ആഘോഷത്തിമിര്‍പ്പില്‍ ഒരുപക്ഷെ, പരാജയപ്പെട്ട ഒരു നല്ല ചിത്രം. http://www.scoopeye.com/showNews.php?news_id=4463 |
Tuesday, May 18, 2010
ടി ഡി ദാസന്റെ ആത്മസംഘര്‍ഷങ്ങള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment