Tuesday, May 18, 2010

``ജാതിചോദിക്കുന്നില്ല ഞാന്‍ സോദരി''!!!

Back

Sunday, May 16, 2010 | 11:16:37 AM IST
``ജാതിചോദിക്കുന്നില്ല ഞാന്‍ സോദരി''!!!

 മഹാകവി കുമാരനാശാന്റെ അതിപ്രശസ്‌തമായ ഒരു കാവ്യ ശകലമാണ്‌ ഇത്‌. ഗ്രാമത്തിനു പുറത്തു വസിക്കുന്ന ചാമര്‍ നായകന്റെ മകളോട്‌ കുറച്ചു വെള്ളം ഇരന്ന ആനന്ദഭിക്ഷുവിനോട്‌ താന്‍ ജാതി ശ്രേണിയില്‍ താഴേക്കിടയിലുള്ളവളാണെന്നു പറഞ്ഞ്‌ കുടിവെള്ളം നിഷേധിച്ചപ്പോള്‍ ആനന്ദഭിക്ഷു പറഞ്ഞതാണ്‌ സന്ദര്‍ഭം. ഇത്‌ ജാതിയില്ലാത്ത ഒരു സമൂഹത്തെക്കുറിച്ച്‌ സ്വപ്‌നം കാണാന്‍ കേരളീയരെ പ്രേരിപ്പിച്ച ഒരു പ്രഖ്യാത കാവ്യശകലമായിരുന്നു.
എന്റെ ബാല്യ - യൗവനകാലത്ത്‌ ഏറ്റവും പ്രചാരത്തിലിരുന്ന ഒരു കലാപരിപാടി ആയിരുന്നു കഥാപ്രസംഗം. കഥാപ്രസംഗ കല ഇന്ന്‌ അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്‌. മലയാളത്തിലെ അതിപ്രശസ്‌തങ്ങളായ ഖണ്‌ഡകാവ്യങ്ങളെ ആസ്‌പദമാക്കിയായിരുന്നു അക്കാലഘട്ടത്തില്‍ കഥാപ്രസംഗം നടത്തിപ്പോന്നത്‌. കെ.കെ.തോമസ്‌, കൈമാപ്പറമ്പന്‍, പി.സി.എബ്രഹാം, എം.പി.മന്മഥന്‍ മുതലായവരായിരുന്നു ഈ കലാവതരണത്തില്‍ അക്കാലത്തെ പ്രമുഖര്‍. എനിക്ക്‌ എട്ടോ ഒമ്പതോ വയസ്സുള്ളപ്പോഴാണെന്നു തോന്നുന്നു ചണ്‌ഡാലഭിക്ഷുകിയെ ആസ്‌പദമാക്കി ശ്രീ. എം.പി. മന്മഥന്‍ ഭരണങ്ങാനം സ്‌കൂളില്‍ ഒരു കഥാപ്രസംഗം നടത്തി. അന്ന്‌ ശ്രീ. മന്മഥന്‍ സ്വരമധുരമായ ഭാഷയില്‍ അഭിനയത്തിന്റെ അകമ്പടിയോടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പാടിയ ആ കവിത ഇന്നും എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. വിദ്യാര്‍ത്ഥികളുടെയും ജനങ്ങളുടെയും സാഹിത്യാസ്വാദനത്തിന്‌ പ്രോത്സാഹനം നല്‍കുന്ന കഥാപ്രസംഗ കല പിന്നീട്‌ അമ്പലമുറ്റങ്ങളിലും രാഷ്‌ട്രീയ വേദികളിലുമായി ചുരുങ്ങി ചുരുങ്ങി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
കുമാരനാശാന്റെ ചണ്‌ഡാലഭിക്ഷുകി, നളിനി, ലീല, വള്ളത്തോളിന്റെ മഗ്‌ദലനാമറിയം, ചങ്ങമ്പുഴയുടെ രമണന്‍ എന്നിവയെ ആസ്‌പദമാക്കിയായിരുന്നു അക്കാലഘട്ടത്തില്‍ കഥാപ്രസംഗങ്ങള്‍. ഏതു ഖണ്‌ഡകാവ്യത്തെ ആസ്‌പദമാക്കി കഥാപ്രസംഗം നടത്തിയാലും മറ്റ്‌ കവികളുടെ കാവ്യ ശകലങ്ങള്‍ എടുത്ത്‌ ഉദ്ധരിച്ച്‌ കഥാപ്രസംഗത്തെ ആസ്വാദകരമാക്കി തീര്‍ക്കുന്നതില്‍ കലാകാരന്മാര്‍ ബദ്ധശ്രദ്ധരായിരുന്നു. അക്കാലഘട്ടത്തിലെ മിക്ക ഖണ്‌ഡകാവ്യങ്ങളെയും കവിതകളെയും എനിക്ക്‌ പരിചയപ്പെടുത്തിയത്‌ കഥാകാലക്ഷേപ കലയായിരുന്നു എന്നുതന്നെ പറയാം.
അക്കാലഘട്ടത്തില്‍ ജാതി ജഡിലമായിരുന്നു കേരള സമൂഹം. ജാതികളും ഉപജാതികളുമായി വിഭജിക്കപ്പെട്ട്‌്‌ ``തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്‌ടിയില്‍പോലും ദോഷമുള്ളോര്‍'' എന്ന്‌ വിവിധ ജാതികളെക്കുറിച്ച്‌ കുമാരനാശാന്‍ എഴുതി. മാത്രമല്ല അത്‌ ജീവിതാനുഭവവുമായിരുന്നു. ജാതിവ്യവസ്ഥകള്‍ക്കെതിരെ ശ്രീനാരായണന്‍ നടത്തിയ നിശബ്‌ദ ആശയസമരം ജനങ്ങളില്‍ ഒരു പുതിയ ഉണര്‍വും കാഴ്‌ചപ്പാടും സൃഷ്‌ടിച്ചത്‌ ആശാന്റെ കവിതകളിലൂടെയായിരുന്നു. ഏതായാലും മനുഷ്യത്വ ഹീനമായ ജാതിവ്യവസ്ഥയെ പറിച്ചെറിയുക എന്നുള്ളത്‌ അത്‌ ചിന്തിക്കുന്നവരുടെ കര്‍മ്മ പദ്ധതിയുടെ ഒരു ഭാഗമായി തീര്‍ന്നു.
ഞാന്‍ ജനിക്കുതിനു മുമ്പു നടന്ന ഗുരുവായൂര്‍ സത്യാഗ്രഹവും വൈക്കം സത്യാഗ്രഹവും എല്ലാം സമൂഹത്തിന്റെ ഉപരിതലത്തില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ചു. പക്ഷേ ബാല്യ-കൗമാര ഹൃദയങ്ങളില്‍ പുത്തന്‍ വെളിച്ചം നല്‍കിയത്‌ ആശാന്റെ ``ചണ്‌ഡാലഭിക്ഷുകി''യും ``ദുരവസ്ഥ''യും മറ്റുമാണെന്ന്‌ ഇന്നെനിക്കു തോന്നുന്നു. ഇന്ത്യന്‍ ജാതിവ്യവസഥയുടെ വേരറുക്കാന്‍ ശ്രീ വിവേകാനന്ദനും ഗാന്ധിജിയും ഫുള്‍ക്കെയും അബേദ്‌കറും എല്ലാം രംഗത്തിറങ്ങി പ്രവര്‍ത്തിച്ചു. അങ്ങനെ ജാതിവ്യവസ്ഥയെ നിയമം കൊണ്ട്‌ നിരോധിച്ച്‌ ഇന്ത്യന്‍ ഭരണഘടന തന്നെ ജാതി സമ്പ്രദായത്തെ അപ്രത്യക്ഷമാക്കി. അന്ന്‌ ജാതി ചോദിക്കരുത്‌ എന്നുള്ളതായിരുന്നു മുദ്രാവാക്യമെങ്കില്‍ ഇന്ന്‌ ഗവണ്‍മെന്റ്‌ തന്നെ ജാതി ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. സെന്‍സസില്‍ ഓരോ പൗരന്റെയും ജാതി ഏതെന്ന്‌ കുറിക്കണം എന്നത്‌ നിര്‍ബന്ധമാക്കാന്‍ പോകുകയാണ്‌. ഇതിലൂടെ ജാതി വ്യവസ്ഥ ഇന്ത്യയില്‍ നൈയാമികമായി പുനഃസ്ഥാപിക്കുമോ എന്നുള്ള സംശയം പലരിലും ബാക്കി നില്‍ക്കുന്നു.
ഒരു കാലത്ത്‌ സവര്‍ണ്ണര്‍ അവര്‍ണ്ണരുടെമേല്‍ നടത്തിയ മൃഗീയമായ ആധിപത്യത്തിന്‌ പരിഹാരമെന്നോണം അധഃസ്ഥിതരെ പുനരുദ്ധരിക്കുന്നതിനുവേണ്ടിയുള്ള നടപടി എന്ന നിലയിലാണ്‌ ജാതി സംവരണം ഏര്‍പ്പെടുത്തിയത്‌. അത്‌ തികച്ചും ന്യായവുമായിരുന്നു. പിന്നോക്കം നില്‍ക്കുവര്‍ക്ക്‌ പ്രത്യേക പരിഗണന ലഭിച്ചെങ്കില്‍ മാത്രമേ അവര്‍ക്കു സമൂഹത്തില്‍ മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ. ഭരണഘടനയില്‍ ജാതിസംവരണത്തിന്‌ പത്തുകൊല്ലത്തേക്കായിരുന്നു കാലാവധി. അതു നീണ്ടുനീണ്ടുപോയി 60 കൊല്ലം കഴിഞ്ഞിട്ടും ജാതി വ്യവസ്ഥ സമൂഹത്തില്‍ കൂടുതല്‍ രൂക്ഷമാകുകയാണെന്നു തോുന്നുന്നു.
ജാതി വ്യവസ്ഥ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ലോകമെമ്പാടും നിലനിന്നിരുന്നു. റോമിലെ പൗരന്മാര്‍ രണ്ടു ജാതികളായിരുന്നു - പെട്രിഷ്യന്‍സ്‌, പ്ലിബിയന്‍സ്‌. പെട്രിഷ്യന്‍സ്‌ ഉന്നതകുലത്തില്‍പെട്ടവരും ഭരണം കൈയ്യടക്കിയവരുമായിരുന്നു. പ്ലിബിയന്‍സ്‌ ഹീന ജാതിയില്‍പെട്ടവരും അധികാരത്തിന്റെ നാലുകെട്ടിനു പുറത്തു ജീവിച്ചിരുവരുമായിരുന്നു. ന്യൂനപക്ഷമായ പെട്രിഷ്യന്‍സ്‌ സമൂഹത്തിന്റെ ഉന്നത തലത്തില്‍ വിഹരിച്ചിരുന്നപ്പോള്‍ അവകാശമില്ലാത്ത ഒരു ജനതയായി അടിമകളും പ്ലിബിയന്‍സും ജീവിച്ചുപോന്നു. ഈ സാമൂഹ്യ വിഭജനത്തിനെതിരായി സമരങ്ങള്‍ ഉണ്ടായി. സമരത്തിന്റെ അന്ത്യത്തില്‍ പ്ലിബിയന്‍സിന്റെ അവകാശ സംരക്ഷണത്തിനായി ഭരണ മണ്‌ഡലത്തില്‍ അവരുടെ പ്രതിനിധികളായി ട്രൈബ്യൂണലുകള്‍ നിയമിക്കപ്പെട്ടു. കാലം കഴിഞ്ഞപ്പോള്‍ പെട്രിഷ്യന്‍സിനേക്കാള്‍ പ്ലിബിയന്‍സ്‌ സമൂഹത്തില്‍ കൂടുതല്‍ ശക്തരാകുകയും സമൂഹചരിത്രത്തെ തിരുത്തിക്കുറിച്ച്‌ പ്ലിബിയന്‍സ്‌ അധികാരം കൈയടക്കുകയും ചെയ്‌തു. പെട്രിഷ്യന്‍സ്‌ പുറംതള്ളപ്പെട്ടു. (ഇന്ന്‌ പലരും ധരിച്ചിരിക്കുന്നതുപോലെ റോമാ സാമ്രാജ്യം വളര്‍ന്നതും വികസിച്ചതും ചക്രവര്‍ത്തിമാരുടെ കീഴിലായിരുന്നില്ല. മറിച്ച്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ആയിരുന്നു റോമാ സാമ്രാജ്യത്തിന്റെ വികസനകാലഘട്ടങ്ങളില്‍ റോമന്‍ ജനതയെ നയിച്ചിരുന്നത്‌.) ക്രിസ്‌തുവിന്റെ കാലത്താണ്‌ റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി സീസര്‍ അവരോധിതനാകുന്നത്‌. നാലുനൂറ്റാണ്ടുകൊണ്ട്‌ ചക്രവര്‍ത്തിമാരുടെ അധികാര ഭരണത്തില്‍കീഴില്‍ റോമന്‍ സാമ്രാജ്യം തകര്‍ന്നു എന്നുതന്നെ പറയാം.
ഇന്ത്യയുടെ സാമൂഹിക ചരിത്രം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ കഴിഞ്ഞ 60 കൊല്ലംകൊണ്ട്‌ രാഷ്‌ട്രീയ സാമൂഹ്യ അധികാരമണ്‌ഡലത്തില്‍ വന്ന മാറ്റം അത്ഭുതാവഹമാണെന്നു കാണാം. റോമില്‍ പേട്രീഷ്യന്‍സും പ്ലിബിയന്‍സും തമ്മില്‍ നടന്ന രക്ത രൂക്ഷിത വിപ്ലവങ്ങളാണ്‌ പ്ലിബിയന്‍സിനെയും അടിമകളെയും സ്വതന്ത്രരാക്കിയതും അധികാര മണ്‌ഡലത്തില്‍ പ്രവേശനം കൊടുത്തതും. എന്നാല്‍ ഇന്ത്യയില്‍ നടന്നത്‌ ഒരു നിശബ്‌ദ വിപ്ലവമായിരുന്നു. ജാതി വ്യവസ്ഥയിലെ അനീതിയെക്കുറിച്ച്‌ ബോധവാന്മാരായ സവര്‍ണ്ണര്‍തന്നെയാണ്‌ ഇതിനായി രംഗത്തിറങ്ങിയത്‌. അവര്‍ണ്ണരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരത്തിന്‌ നേതൃത്വം കൊടുത്തത്‌ ഗുരുവായൂരില്‍ കെ. കേളപ്പന്‍ നായരും എ.കെ.ഗോപാലന്‍ നമ്പ്യാരും കുറൂര്‍ നമ്പൂതിരിപ്പാടും എല്ലാമാണ്‌. വൈക്കത്ത്‌ കെ. കേശവമേനോനും മന്നത്തു പത്മനാഭനുമെല്ലാം അവര്‍ണ്ണരോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു.
ഒരുകാലത്ത്‌ സവര്‍ണ്ണരായിരുന്നവര്‍ ഇന്ന്‌ ഭയപ്പെടുന്നത്‌ സംവരണം തങ്ങളുടെ അവകാശങ്ങളെ ഹനിക്കുമോ എന്നാണ്‌. ഓരോ ജാതിയുടെയും എണ്ണമെടുത്ത്‌ ഉദ്യോഗങ്ങള്‍ വിഭജിക്കുമ്പോള്‍ തങ്ങള്‍ പുറംതള്ളപ്പെടുമെന്ന ഭീതി സവര്‍ണ്ണരില്‍ പൊട്ടിമുളയ്‌ക്കാന്‍ തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും സമ്പത്തിലും ഉന്നതി നേടിയ പൂര്‍വകാല അവര്‍ണ്ണര്‍ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുമ്പോള്‍ അതേ ജാതിയില്‍തന്നെ പിന്നോക്കം പോയവര്‍ അവഗണിക്കപ്പെടുന്നുണ്ട്‌ എന്നത്‌ ഇന്ന്‌ ഒരു യഥാര്‍ത്ഥ്യമാണ്‌. ബീഹാറിലെ സസ്‌റാം നിയോജകമണ്‌ഡലത്തില്‍നിന്നും നാല്‌പതിലേറെകൊല്ലം പാര്‍ലമെന്റില്‍ അംഗമായി, 47-ലെ ഇടക്കാല ഗവണ്‍മെന്റെിന്റെ കാലം മുതല്‍ കേന്ദ്രത്തിലെ മന്ത്രി ആയിരുന്ന പരേതനായ ജഗജീവന്‍ റാമിന്റെ നിയോജകമണ്‌ഡലം ഇന്നും പിന്നോക്കാവസ്ഥയില്‍നിന്നും കരകയറിയിട്ടില്ല. ജാതിയുടെ പേരില്‍ അധികാരം പിടിച്ചെടുക്കുന്നവര്‍ തങ്ങളുടെ ജാതിക്കാരെ തിരിഞ്ഞുനോക്കാറില്ലെന്ന്‌ ഇന്ന്‌ ആരോപണമുണ്ട്‌. സത്യത്തില്‍ ``ജാതി ചോദിക്കുന്നില്ല'' എന്ന ഒരു അവസ്ഥ വരുന്നതുവരെ ഗാന്ധിജി വിഭാവനം ചെയ്‌ത അന്ത്യോദയവ്യവസ്ഥ ഉദിക്കുമെന്നു തോന്നുന്നില്ല.
ജോസഫ്‌ പുലിക്കുന്നേല്‍

http://www.scoopeye.com/showNews.php?news_id=4659

No comments: