Wednesday, May 12, 2010

ശ്രീനിവാസന്‍ തിരക്കഥ മോഷ്ടിച്ചു?


PRO
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ എല്ലാവര്‍ക്കും ഇഷ്ടമാണ്, ബഹുമാനവുമാണ്. മലയാള സിനിമയിലെ ‘അപൂര്‍വ ജീനിയസ്’ ആയാണ് ശ്രീനിയെ ഏവരും കരുതുന്നത്. എന്നാല്‍ ഇടയ്ക്കിടെ ചില ‘അടിച്ചുമാറ്റല്‍‘ ആരോപണങ്ങളില്‍ ശ്രീനി കുടുങ്ങാറുണ്ട്. ഇപ്പോഴിതാ, ശ്രീനിവാസന്‍ തിരക്കഥ മോഷ്ടിച്ചതായി ആരോപിച്ച് ഒരാള്‍ രംഗത്തെത്തിയിരിക്കുന്നു.

‘ഒരുനാള്‍ വരും’ എന്ന പുതിയ ചിത്രത്തിന്‍റെ തിരക്കഥ മോഷണമാണെന്ന ആരോപണവുമായാണ് മുക്കം സ്വദേശിയായ കെ വി വിജയന്‍ എന്നയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത് പരിഗണിച്ച കോടതി മേയ് 31 വരെ ‘ഒരുനാള്‍ വരും’ റിലീസ് ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചു.

മേയ് 14ന് ഈ സിനിമ റിലീസ് ചെയ്യുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. അതിനാലാണ് 31 വരെ റിലീസ് തടഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം റിലീസ് ഡേറ്റ് ജൂണ്‍ 25 ആയി നിര്‍മ്മാതാവ് മണിയന്‍‌പിള്ള രാജു പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോടതി വിലക്ക് നീട്ടുമെന്നാണ് സൂചന.

ടി കെ രാജീവ്‌കുമാര്‍ സംവിധാനം ചെയ്യുന്ന ഒരുനാള്‍ വരും സാമൂഹ്യവിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു ഫാമിലി സ്റ്റോറിയാണ്. മോഹന്‍ലാലും ശ്രീനിവാസനും സമീര റെഡ്ഡിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീനി മുമ്പ് തിരക്കഥയെഴുതിയ ‘കഥ പറയുമ്പോള്‍’ മോഷണമാണെന്ന് ആരോപണമുണ്ടായിരുന്നു. ശ്രീനിയുടെ ഉദയനാണ് താരം, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ സിനിമകള്‍ ഹോളിവുഡ് സിനിമകളുടെ അനുകരണമാണെന്നും ആരോപണങ്ങള്‍ വന്നിരുന്നു

Sreeni stole script for Orunaal Varum | ശ്രീനിവാസന്‍ തിരക്കഥ മോഷ്ടിച്ചു?

ചൈനീസ് സ്കൂളില്‍ വീണ്ടും അക്രമം: എട്ട് മരണം

ചൈനയിലെ ഒരു നഴ്സറി സ്കൂളിലുണ്ടായ അക്രമത്തില്‍ ഏഴു കുട്ടികളും ഒരു അദ്ധ്യാപികയും കൊല്ലപ്പെട്ടു. നാല്‍‌പത്തിയെട്ടുകാരനായ ഒരാള്‍ കറിക്കത്തി ഉപയോഗിച്ച് കുട്ടികളെയും അദ്ധ്യാപികയെയും കുത്തിക്കൊല്ലുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പതിനൊന്ന് കുട്ടികള്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്.

രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഷാന്‍‌ക്സി മേഖലയിലെ ലിഞ്ചാംഗ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ വൂ ഹുവാന്‍‌മിന്‍ ആണ് അക്രമം നടത്തിയത്. അക്രമത്തിന് ശേഷം ഇയാള്‍ ജീവനൊടുക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

സ്കൂളില്‍ അക്രമം നടത്തിയതിന് ശേഷം തിരികെ സ്വന്തം വീട്ടിലെത്തിയ വൂ ഹുവാന്‍‌മിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സ്കൂളുകളില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത് ചൈനയില്‍ സ്ഥിരമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലെ അഞ്ചാമത്തെ സമാന സംഭവമാണിത്.

അക്രമത്തിന് പിന്നിലെ ലക്‍ഷ്യമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. അക്രമങ്ങളെ തുടര്‍ന്ന് വിദ്യാലയങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ചൈന സ്വീകരിച്ചുവരികയാണ്

Eight killed in China kindergarten attack | ചൈനീസ് സ്കൂളില്‍ വീണ്ടും അക്രമം: എട്ട് മരണം

Tuesday, May 11, 2010

37വര്‍ഷം മുമ്പ് മറഞ്ഞു; കണ്ടെത്തിയത് ഫേസ്ബുക്ക്


PRO
PRO
ബ്രിട്ടണിലെ ഈ അച്ഛനും മകനും ലോകത്തെ ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റിനെ ഒരിക്കലും മറക്കില്ല. നീണ്ട മുപ്പത്തിയേഴു വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിന് മകനെയും മകന് പിതാവിനെയുമാണ് ഫേസ്ബുക്ക് നല്‍കിയിരിക്കുന്നത്. ബ്രിട്ടന്‍ സ്വദേശി ആന്‍ഡി സ്പൈര്‍സ്-കോര്‍ബെറ്റിനെ കാണാതായിട്ട് 37 വര്‍ഷമായിരുന്നു. സ്പൈര്‍സ്-കോര്‍ബെറ്റിന് ഇപ്പോള്‍ 39 വയസ്സ്.

കാണാതായതു മുതല്‍ അച്ഛനും അമ്മയും അന്വേഷിക്കാന്‍ ബാക്കി ഒരിടമില്ല. അങ്ങനെയിരിക്കെയാണ് സ്പൈര്‍സ്-കോര്‍ബെറ്റിനെ ഫേസ്ബുക്കില്‍ കണ്ടെത്തുന്നത്. തന്റെ മകന്റെ ഫേസ്ബുക്ക് പ്രൊഫല്‍ കണ്ടെത്തിയ അച്ഛന്‍ ഗ്രാം കോര്‍ബെറ്റ് ഏറെ സന്തോഷത്തിലായി. ചിത്രം കണ്ടാണ് ഇത് തന്റെ മകനാണെന്ന് ഗ്രാം കോര്‍ബെറ്റ് മനസ്സിലാക്കിയത്.

പിന്നിട്, ഒരിക്കലും താമസിച്ചില്ല... സന്ദേശങ്ങള്‍ കൈമാറി ഇരുവരും ഒന്നിക്കുകയായിരുന്നു. തന്റെ മകന്റെ ചിത്രം ഫേസ്ബുക്കില്‍ കണ്ടപ്പോള്‍ ഏറെ സന്തോഷിച്ചെന്നും ഫേസ്ബുക്കിനോട് ഏറെ നന്ദിയുണ്ടെന്നും ഗ്രാം കോര്‍ബെറ്റ് പറഞ്ഞു. ‘എന്റെ മകനെ, എനിക്കിത് വിശ്വസിക്കാനാകുന്നില്ല’ എന്ന സന്ദേശമാണ് ഫേസ്ബുക്ക് അദ്ദേഹം കൈമറിയത്.

ഗ്രാം കോര്‍ബെറ്റ് എന്ന പേര് ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്തപ്പോഴാണ് മകന്റെ പ്രൊഫൈലും കണ്ടെത്തിയത്. ഗ്രാം കോര്‍ബെറ്റ് എന്ന പേരില്‍ പതിനഞ്ചോളം പ്രൊഫൈലും വന്നെങ്കിലും ചിത്രം കണ്ട് മകനെ കണ്ടെത്തുകയായിരുന്നു എന്ന് ഗ്രാം കോര്‍ബെറ്റ് അറിയിച്ചു

മോഡിയ്ക്കെതിരെ തെളിവില്ലെന്ന് ബിസിസിഐ


PRO
ഒരു ആവേശത്തിന്‍റെ പുറത്ത് ലളിത് മോഡിയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ തലപ്പത്തു നിന്ന് മാറ്റുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തെങ്കിലും ഇനിയെന്ത് എന്ന കാര്യത്തില്‍ ബി സി സി ഐ ഇരുട്ടില്‍ തപ്പുകയാണെന്ന് സൂചന. ഇതിന്‍റെ സൂചനയാണ് ബി സി സി ഐ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ മോഡിയ്ക്ക് അഞ്ചു ദിവസം കൂടി സമയം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി സി സി ഐ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുന്നതിന് മുന്‍പ് തനിക്ക് ചില രേഖകള്‍ ആവശ്യമാണെന്ന് കാണിച്ച് മോഡിയും ബി സി സി ഐ സെക്രട്ടറി എന്‍ ശ്രീനിവാസനും തമ്മില്‍ നടത്തിയ ഇ-മെയില്‍ ആശയവിനിമയത്തിന്‍റെ പകര്‍പ്പുകള്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ പുറത്തു വിട്ടതോടെയാണ് ഇക്കാര്യം വ്യക്തമായത്. മാധ്യമ റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ബി സി സി ഐ മോഡിയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മോഡിയും ശ്രീനിവാ‍സനും തമ്മില്‍ നടത്തിയ ഇ മെയില്‍ ആശയവിനിമയത്തിലെ പ്രസക്ത ഭാഗങ്ങള്‍:
ലളിത് മോഡി: വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് താങ്കള്‍ നല്‍കിയ നോട്ടീസില്‍, എന്‍റെ നടപടികള്‍ കാരണം ബി സി സി ഐയുടെ പ്രതിച്ഛായ നഷ്ടമായെന്ന് വിവിധ വ്യക്തികളില്‍ നിന്നും ബി സി സി ഐ ഭാരവാഹികളില്‍ നിന്നും പരാതി ലഭിച്ചതായി പറയുന്നു. ആരൊക്കെയാണ് പരാതി നല്‍കിയത്. അതിന്‍റെ പകര്‍പ്പ് താങ്കളുടെ കൈവശം ഉണ്ടോ ?

ഇതിന് ശ്രീനിവാസന്‍ നല്‍കിയ മറുപടി: ബി സി സി ഐയുടെ പ്രതിച്ഛായ നഷ്ടമാക്കിയെന്ന് സംഘടനയിലെ മുതിര്‍ന്ന അംഗങ്ങള്‍ തന്നെ പരാതി പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ ബി സി സി ഐയ്ക്ക് മാത്രമല്ല ക്രിക്കറ്റിന്‍റെ മൊത്തം പ്രതിച്ഛായ തന്നെ മോശമാക്കിയെന്ന് താങ്കള്‍ക്കും അറിവുള്ളതാണല്ലൊ. ഈ സമയത്ത് വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ താങ്കളുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവുമല്ലോ.

ലളിത് മോഡി: എനിക്ക് മൂന്ന് ഫ്രാഞ്ചൈസികളില്‍ വ്യാജ ഓഹരി പങ്കാളിത്തമുണ്ടെന്ന് താങ്കള്‍ പറയുന്നു. ഇതെ തെളിയിക്കാനാവശ്യമായ രേഖകള്‍ ഉണ്ടെങ്കില്‍ നല്‍കണം.

ശ്രീനിവാസന്‍: താങ്കള്‍ക്ക് മൂന്ന് ഐ പി എല്‍ ഫ്രാഞ്ചൈസികളില്‍ ഓഹരി പങ്കാളിത്തമുണ്ടെന്ന് പറഞ്ഞത് മാധ്യമ റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തിലാണ്. പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍. താങ്കളും ഈ റിപ്പോര്‍ട്ടുകള്‍ കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. ഈ മാധ്യമ റിപ്പോര്‍ട്ടുകളുടെ കോപ്പി ഇപ്പോള്‍ ഞങ്ങളുടെ കൈവശമില്ല.

ലളിത് മോഡി: ഫ്രാഞ്ചൈസി ലേലത്തിന് മുന്‍പ് വിവിധ കോര്‍പറേറ്റുകള്‍ക്ക് ഞാന്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്ന് നോട്ടീസില്‍ പറയുന്നു. എന്തു സന്ദേശമാണ് ഞാന്‍ കൈമാറിയതെന്നും അര്‍ക്കാണ് ഞാന്‍ വിരങ്ങള്‍ കൈമാറിയതെന്നും വ്യക്തമാക്കണം.

ശ്രീനിവാസന്‍: നിര്‍ണായക വിരങ്ങള്‍ നല്‍കിയെന്ന് പറയുന്ന വ്യക്തിയുടെ പേര് പുറത്തു വിടാ‍ന്‍ കഴിയില്ല. ആവശ്യപ്പെട്ടാല്‍ ഇത് വാക്കാല്‍ വ്യക്തമാക്കാം.

ലളിത് മോഡി: കൊച്ചില്‍ ഐ പി എല്‍ ടീമുമായി ബന്ധപ്പെട്ട് ഫ്രാഞ്ചൈസി കരാര്‍ ഒപ്പിടുന്നത് ബി സി സി ഐ പ്രസിഡന്‍റിന്‍റെ മുന്‍‌കൂര്‍ അനുമതിയോടെയേ പാടുകയുള്ളൂവെന്ന് നോട്ടീസില്‍ പറയുന്നു. ഇങ്ങനെ ഒരു മാര്‍ഗനിര്‍ദേശം നിലവിലുണ്ടോ. ഉണ്ടെങ്കില്‍ അതിന്‍റെ രേഖകള്‍ നല്‍കുക.

കൊച്ചി ടീമുമായുള്ള ഫ്രാഞ്ചൈസി കരാര്‍ ഒപ്പിടാന്‍ വൈകുന്നതിലുള്ള ആശങ്ക താങ്കളെ നേരിട്ട് അറിയിച്ചിരുന്നു. കരാര്‍ ഒപ്പിടാ‍ത്തത് നീതികേടാണെന്നും താങ്കളെ നേരിട്ട് ധരിപ്പിച്ചിരുന്നു

Monday, May 10, 2010

മോഹന്‍ലാലിന് വീണ്ടും ജൂഹി ചൌള നായിക


IFM
1998ല്‍ പുറത്തിറങ്ങിയ ‘ഹരികൃഷ്ണന്‍സ്’ എന്ന ചിത്രം ഓര്‍മ്മയില്ലേ? മലയാള പ്രേക്ഷകര്‍ക്ക് വിവാദങ്ങളുടെ പേരിലെങ്കിലും മറക്കാനാവാത്ത ചിത്രമാണ് അത്. ഫാസില്‍ സംവിധാനം ചെയ്ത ആ ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു നായകന്‍‌മാര്‍. ഹിന്ദിയിലെ താരസുന്ദരി ജൂഹി ചൌളയായിരുന്നു നായിക. ഇരട്ട ക്ലൈമാക്സ് ആണ് ആ ചിത്രത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്.

മോഹന്‍ലാലോ മമ്മൂട്ടിയോ, ആരാണ് നായികയെ സ്വന്തമാക്കേണ്ടത് എന്നതായിരുന്നു ഫാസിലിനെ കുഴപ്പിച്ച ചോദ്യം. ഒടുവില്‍ പകുതി പ്രിന്‍റുകളില്‍ ലാലിന് ജൂഹിയെ കിട്ടുന്നതായും ബാക്കി പകുതിയില്‍ ജൂഹിയെ മമ്മൂട്ടി നേടുന്നതായും ചിത്രീകരിച്ചു. ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ ഇരട്ട ക്ലൈമാസ് വന്‍ വിവാദമാണ് സൃഷ്ടിച്ചത്.

ഇപ്പോഴിതാ, ജൂഹി ചൌളയെ സ്വന്തമാക്കാന്‍ മോഹന്‍ലാലിന് വീണ്ടും ഒരു അവസരം. ഇത്തവണ മത്സരത്തിന് മമ്മൂട്ടി ഉണ്ടാകുകയുമില്ല. അതേ, ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഗാഥ’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന് ജൂഹി നായികയാകുന്നത്. ടി പത്മനാഭന്‍റെ ‘കടല്‍’ എന്ന ചെറുകഥയാണ് ഈ സിനിമയ്ക്ക് ആധാരം.

മോഹന്‍ലാലിന്‍റെ ഭാര്യയായാണ് ജൂഹി ഗാഥയില്‍ അഭിനയിക്കുന്നത്. ആദ്യം ജയാ ബച്ചനെയും പിന്നീട് മാധുരി ദീക്ഷിതിനെയും മോഹന്‍ലാലിന്‍റെ ഭാര്യാവേഷത്തിനായി ആലോചിച്ചതാണ്. ഒടുവിലാണ് സംവിധായകന്‍ ജൂഹിയിലെത്തിയത്. ഈ ചിത്രത്തില്‍ മോഹന്‍ലാലിന് ഒരു മകളും ഉണ്ട്.

Juhi in Malayalam | മോഹന്‍ലാലിന് വീണ്ടും ജൂഹി ചൌള നായിക

വലിയ സംവിധായകര്‍ എന്നെ നായകനാക്കുന്നില്ല: മണി


PRO
കലാഭവന്‍ മണിക്ക് നേരിയ പരിഭവമുണ്ട്. വലിയ സംവിധായകര്‍ ആരും തന്നെ നായകനാക്കി സിനിമ ആലോചിക്കുന്നില്ല എന്നാണ് മണിയുടെ പരിഭവം. ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മണി ഇക്കാര്യം പറയുന്നത്.

“ഞാന്‍ അടുത്തിടെ നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളുടെയും സംവിധായകര്‍ പുതുമുഖങ്ങളാണ്. എന്നാല്‍ ആ ചിത്രങ്ങളൊക്കെ വിജയം കണ്ടോ എന്നത് മറ്റൊരു കാര്യം. ഇന്നത്തെ വലിയ സംവിധായകര്‍ ആരും എന്നെ നായകനാക്കി സിനിമ ചെയ്യാന്‍ വരാറില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്‍റെ സിനിമയും നന്നായി ഓടുമായിരുന്നു. എന്നെ നായകനാക്കി സിനിമ ചെയ്യാനുള്ള പേടികൊണ്ടാണോ അതോ എന്നെ നായകനാക്കാനുള്ള കഥ കിട്ടാത്തതുകൊണ്ടാണോ അവര്‍ സമീപിക്കാതിരിക്കുന്നത് എന്ന് എനിക്കറിയില്ല” - മണി പറയുന്നു.

“എന്‍റെ വളരെ നല്ല ചിത്രങ്ങള്‍ പോലും പ്രേക്ഷകര്‍ സ്വീകരിക്കാത്ത സ്ഥിതി വന്നിട്ടുണ്ട്. പുതുമയാര്‍ന്ന പ്രമേയവുമായി എന്നെ നായകനാക്കി ചിത്രമെടുക്കാന്‍ ധൈര്യത്തോടെ ഒരു കഴിവുറ്റ സംവിധായകന്‍ വന്നാല്‍ മാത്രമേ ഈ അവസ്ഥയില്‍ നിന്ന് എനിക്ക് രക്ഷപ്പെടാന്‍ കഴിയൂ. പക്ഷേ, അങ്ങനെ ആരും എന്നെ സമീപിക്കുന്നില്ല” - മണി പരിഭവിക്കുന്നു.

“പല താരങ്ങളും വേണ്ട എന്നു പറഞ്ഞ് തഴയുന്ന സബ്ജക്ടുകളാണ് ഒടുവില്‍ എന്നെത്തേടി വരുന്നത്. അവയില്‍ ചില മാറ്റങ്ങള്‍ വരുത്തി നന്നാക്കിയാണ് ഞാന്‍ അഭിനയിക്കുന്നത്.” - മണി വ്യക്തമാക്കി.

താന്‍ എല്ലാവരെയും സഹായിക്കാറുണ്ടെന്നും സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍‌വിളികള്‍ കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും കലാഭവന്‍ മണി വെളിപ്പെടുത്തുന്നു.

“ചാലക്കുടിയില്‍ മാത്രമല്ല, എല്ലാവരെയും ഞാന്‍ സഹായിക്കാറുണ്ട്. സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍‌വിളികള്‍ കാരണം എനിക്കിപ്പോള്‍ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്. സഹിക്കാനാകാതെ ഞാന്‍ ഫോണ്‍ ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. ഞാന്‍ വീട്ടിലുള്ളപ്പോള്‍ വീടിനുമുമ്പില്‍ നിറയെ ആള്‍ക്കാരായിരിക്കും. പലപ്പോഴും അവരെ പിരിച്ചുവിടാന്‍ തന്നെ ഞാന്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. എനിക്ക് സിനിമയില്‍ നിന്ന് ലഭിക്കുന്നതിന്‍റെ ഭൂരിഭാഗവും ഞാന്‍ പാവങ്ങള്‍ക്ക് കൊടുക്കുകയാണ്.” - താന്‍ ജനപ്രിയനാകുന്നതില്‍ ചാലക്കുടിയിലെ രാഷ്ട്രീയക്കാര്‍ക്കുള്ള മുറുമുറുപ്പൊന്നും ശ്രദ്ധിക്കാറില്ലെന്നും കലാഭവന്‍ മണി പറയുന്നു

മാണി ആനപ്പുറത്തിരിക്കുന്ന കൊതുക്: പി സി തോമസ്


PRO
ആനപ്പുറത്തിരിക്കുന്ന കൊതുകിന് സമമാണ് കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ എം മാണിയെന്ന് പി സി തോമസ്. ഒരു സ്വകാര്യവാര്‍ത്താ ചാനലിനോടാണ് തോമസ് ഇങ്ങനെ പറഞ്ഞത്. ആനയുടെ പുറത്തിരിക്കുന്ന കൊതുകിന് ഭാവം താനാണ് വലുതെന്നാണ്. അതുകൊണ്ട് ആദ്യം ആനപ്പുറത്ത് നിന്ന് കൊതുക് താഴെയിറങ്ങി കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും പി സി തോമസ് പറഞ്ഞു.

ഒറ്റയ്ക്കു മത്സരിക്കുമെന്ന് പറഞ്ഞ കെ എം മാണി പാലായില്‍ ഒറ്റയ്ക്കു മത്സരിക്കാനുള്ള ധൈര്യം കാട്ടണം. മാണി പാലായില്‍ ഒറ്റയ്ക്കു മത്സരിച്ചാല്‍ എത്ര വോട്ടു കിട്ടുമെന്ന് കാണിച്ചു തരാമെന്നും പി സി തോമസ് വെല്ലുവിളിച്ചു. 1979ല്‍ ജനസംഘത്തോടൊപ്പം ചേര്‍ന്ന് മത്സരിച്ച മാണിക്ക് താന്‍ എന്‍ ഡി എയുടെ കൂടെ മത്സരിച്ചതിനെക്കുറിച്ച് പറയാന്‍ അവകാശമില്ലന്നും പി സി പറഞ്ഞു.

തങ്ങളെ മുന്നണിയില്‍ എടുക്കുന്നതിനെ ആര്‍ എസ് പിയും സി പി ഐയും എതിര്‍ത്തിട്ടില്ല. മന്ത്രിസ്ഥാനത്തിന്‍റെ കാര്യം എല്‍ ഡി എഫ് തീരുമാനിക്കും. കൂറുമാറിയ പി ജെ ജോസഫ് ഉള്‍പ്പെടെയുള്ളവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കുമെന്നും പി സി തോമസ് അറിയിച്ചു

PC Thomas against to KM Mani | മാണി ആനപ്പുറത്തിരിക്കുന്ന കൊതുക്: പി സി തോമസ്