Monday, April 26, 2010

പൂരത്തെ പറ്റി ഫുട്ബോള്‍ താരം പാപ്പച്ചന്‍


CV Pappachan
PRO
PRO
ഫുട്ബോളില്‍ മുന്നേറ്റത്തിന്‍റേയും ആരോഹണങ്ങളില്‍, നിലയ്ക്കാത്ത ആരവങ്ങളില്‍ അമരക്കാരനായി നിന്ന പാപ്പച്ചന് തൃശൂര്‍ പൂരമെന്നാല്‍ ഇരിപ്പുറക്കില്ല. തന്നോടൊപ്പം ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ആവേശക്കാറ്റുയര്‍ത്തിയ ഐ‌എം വിജയനും ഇരുവരുടെയും കൂട്ടുകാരനായ കലാഭവന്‍ മണിക്കും ഇതേ സ്വഭാവം തന്നെ. പറപ്പൂക്കാരന്‍ ചുങ്കത്ത് പാപ്പച്ചന്‍ എന്ന സിവി പാപ്പച്ചന്‍ ഡിവൈഎസ്പി പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തെ പറ്റി മനസ് തുറക്കുകയാണിവിടെ.

“പൂരങ്ങളിലെ രാജാവായ തൃശൂര്‍ പൂരമാണ് എനിക്കു മേളങ്ങളെ കുറിച്ചു പറഞ്ഞു തന്നത്‌. പഞ്ചാരിയും പാണ്ടിയും പഠി്ക്കുന്നതിനു പ്രേരകമായതു തൃശൂര്‍ പൂരമാണ്. തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ സ്വദേശിയായ താന്‍ പൂരം ആദ്യമായി കണ്ടതു 1990-ലാണ്‌. പാവറട്ടി പെരുന്നാളും തൃശൂര്‍ പൂരവും ഏകദേശം ഒരേ ദിവസങ്ങളിലാണ് നടക്കുക എന്നതിനാല്‍ ആദ്യകാലങ്ങളിലൊന്നും എനിക്ക് പൂരം കാണാന്‍ പറ്റിയിരുന്നില്ല. എന്റേത് ഒരു ക്രിസ്ത്യന്‍ കുടുംബമാണ്. വീട്ടുകാര്‍ പള്ളി പെരുനാളിനു മാത്രമേ പോവാന്‍ അനുവദിച്ചിരുന്നുള്ളു.”

“ഫെഡറേഷന്‍ ക്ലബ്ബ്‌ വിജയത്തിനു ശേഷം പൂരം കാണാനെത്തിയപ്പോള്‍ ലഭിച്ചത്‌ വിഐപി പരിഗണനയായിരുന്നു. വിജയനും കലാഭവന്‍ മണിയുമൊക്കെ മൈതാനത്ത് ഉണ്ടാകും. കുടമാറ്റവും മേളങ്ങളും കൗതുകത്തോടെയാണു കണ്ടിരുന്നത്‌. തൃശൂര്‍ പൂരം അന്നു മുതല്‍ ഒരു ലഹരിയായിരുന്നു. കേരളത്തില്‍ എവിടെയായിരുന്നാലും തൃശൂര്‍ പൂരത്തിന്‌ എത്തും. തിരുവനന്തപുരത്തായിരുന്ന കാലത്തു പൂരം വെടിക്കെട്ടു കാണാന്‍ പുലര്‍ച്ചെ കണ്ണൂര്‍ എക്സ്പ്രക്സിലാണു പോന്നത്‌. യാത്രയ്ക്കിടയില്‍ ഉറങ്ങിപ്പോയി.”

“ഏതോ ഒരു സ്റ്റേഷന്‍ എത്തിയപ്പോള്‍ തൃശൂരെത്തിയെന്നു കരുതി ചാടിയിറങ്ങി. ചാലക്കുടി സ്റ്റേഷനിലാണു തെറ്റിയിറങ്ങിയത്‌. പിന്നീട്‌ അവിടെ നിന്ന്‌ തൃശൂരിലെത്തിയപ്പോഴേക്കും പൂരം വെടിക്കെട്ടു കഴിഞ്ഞിരുന്നു.
പാണ്ടിമേളവും പഞ്ചാരിമേളവും കാണാന്‍ മണിക്കൂറുകളോളം നില്‍ക്കുമായിരുന്നു. അന്നൊന്നും അതിന്റെ താളബോധം മനസിലായിരുന്നില്ല. പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങി മേള പ്രമാണിമാരുടെ ഫ്ലക്സ്‌ ബോര്‍ഡുകള്‍ ഉയര്‍ന്നു തുടങ്ങിയാല്‍ പിന്നെ പൂരം വരെ കാത്തിരിപ്പാണ്‌.”

Footballer CV Pappachan about Thrissoor Pooram | പൂരത്തെ പറ്റി ഫുട്ബോള്‍ താരം പാപ്പച്ചന്‍

അരുന്ധതിക്കെതിരെ സികെ ജാനുവും സാറാ ജോസഫും


Arundhathi Roy
PRD
PRO
പ്രശസ്‌ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയി മാവോയിസ്‌റ്റുകളുടെ ചട്ടുകമായി മാറുകയാണെന്ന ആരോപണത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സികെ ജാനുവും സാറാ ജോസഫും അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍. അരുന്ധതി റോയി ഒരിക്കലും മാവോയിസ്റ്റുകളുടെ ബ്രാന്‍ഡ് അം‌ബാസിഡര്‍ ആകരുതെന്നാണ് ഇവര്‍ ഇറക്കിയിരിക്കുന്ന പ്രസ്താവനയില്‍ പറയുന്നത്. സിവിക്‌ ചന്ദ്രന്‍, ഗീതാനന്ദന്‍ എന്നിവരും പ്രസ്‌താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്‌.

“നര്‍മദ മുതല്‍ ചെങ്ങറയും മുത്തങ്ങയും വരെയുള്ള പ്രശ്‌നങ്ങളില്‍ അരുന്ധതിയുടെ ഇടപെടലിനോട്‌ അധഃസ്‌ഥിത കേരളത്തിന്‌ നന്ദിയും സ്‌നേഹവുമുണ്ട്‌. എന്നാല്‍ ഇപ്പോള്‍ മാവോയിസ്‌റ്റുകളുടെ ബ്രാന്‍ഡ്‌ അംബാസഡറാകുന്ന നിലപാടുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല.”

“ഛത്തീസ്‌ഗഡിലെ മാവോയിസ്‌റ്റ് പോരാട്ടം നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അരുന്ധതി ഈയിടെ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു ലേഖനം എഴുതിയിരുന്നു. ആദിവാസി മേഖലകളിലെ ഖനികള്‍ കോര്‍പറേറ്റുകള്‍ക്ക്‌ തീറെഴുതി കൊടുക്കുന്നതിനെതിരേ ആദിവാസികള്‍ പോരാട്ടത്തിലാണ്‌. മാവോ ജനിക്കുന്നതിനു മുമ്പ്‌ ആരംഭിച്ച ആദിവാസി പോരാട്ടങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ ഒറീസയിലും മറ്റും നടക്കുന്നത്‌. ഈ സമരത്തില്‍ ആദിവാസികള്‍ക്ക്‌ മാവോയിസ്‌റ്റുകളുടെ രക്ഷകര്‍തൃത്വം ആവശ്യമില്ല.”

“കോര്‍പറേറ്റ്‌ ഖനനത്തിനോ അത്‌ പ്രതിനിധീകരിക്കുന്ന നവകൊളോണിയല്‍ വികസനനയത്തിനോ എതിരാണെന്ന്‌ മാവോയിസ്‌റ്റുകള്‍ ഇതുവരെ പറഞ്ഞിട്ടില്ല. ആദിവാസി പ്രശ്‌നത്തില്‍ താത്‌പര്യമുണ്ടെങ്കില്‍ ചെയ്യേണ്ടത്‌ ഖനനം എന്തുവില കൊടുത്തും തടയുകയാണ്‌. പ്രശ്‌നം സങ്കീര്‍ണമാക്കാതെ ആദിവാസികളുടെ അവകാശങ്ങള്‍ക്ക്‌ അനുകൂലമായി ഇടപെടുകയാണു വേണ്ടത്” - പ്രസ്‌താവന അഭ്യര്‍ഥിക്കുന്നു.

മാവോയിസ്റ്റുകളെ പിന്തുണച്ചുകൊണ്ട് അരുന്ധതി അടുത്തിടെ ഒരു ലേഖനം എഴുതുകയുണ്ടായി. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കിടെ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒറീസ, പശ്ചിമബംഗാള്‍ ഗവണ്‍മെന്റുകള്‍ വിവിധ വ്യവസായ സ്ഥാപനങ്ങളുമായി രഹസ്യ ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് അരുന്ധതി ലേഖനത്തില്‍ ആരോപിച്ചത്. ശതകോടികള്‍ വിലമതിക്കുന്ന ഉരുക്ക്, ഇരുമ്പ്, അലൂമിനിയം ഫാക്ടറികള്‍ക്കും വൈദ്യുതി, അണക്കെട്ട്, പദ്ധതികള്‍ക്കുമായി ഉണ്ടാക്കിയിരിക്കുന്ന ഈ ധാരണാപത്രങ്ങളെ പണമായി പരിഭാഷപ്പെടുത്താന്‍ ആദിവാസികളെ നീക്കം ചെയ്യാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത് എന്നായിരുന്നു അരുന്ധതിയുടെ ആരോപണം.

CK Janu and Sara Joseph against Arundhathi Roy | അരുന്ധതിക്കെതിരെ സികെ ജാനുവും സാറാ ജോസഫും

Friday, April 23, 2010

ഒബാമയും ലാമയും ജനപ്രിയ നേതാക്കള്‍


PRO
ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവെന്ന പദവി യു എസ് പ്രസിഡന്‍റ് ബറാക് ഒബാമയ്ക്ക്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയാണ് രണ്ടാം സ്ഥാനത്ത്. റേഡിയോ ഫ്രാന്‍സ് ഇന്‍റര്‍നാഷണലാണ് ജനപ്രിയ നേതാവിനെ തെരഞ്ഞെടുക്കാനായി ആറു രാജ്യങ്ങളില്‍ സര്‍വെ നടത്തിയത്.

77 ശതമാനം പേരാണ് ഒബാമയെ ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒബാമയ്ക്ക് ലഭിച്ച വോട്ടുകളേക്കാള്‍ ഒരു ശതമാനം കൂടുതലാണിത്. 75 ശതമാനം പേരുടെ പിന്തുണയുമായി ദലൈ ലാമ രണ്ടാം സ്ഥാനത്തുണ്ട്. 62 ശതമാനം വോട്ടുകള്‍ നേടിയ യു എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണാണ് മൂന്നാം സ്ഥാനത്ത്.

54 ശതമാനം വോട്ടുകള്‍ നേടി ജര്‍മന്‍ ചാന്‍‌സലര്‍ ആഞ്ജലെ മോര്‍ക്കല്‍ നാലാമതും ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളസ് സര്‍ക്കോസി അഞ്ചാമതും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആറാമതും പോപ് ബെനഡിക്ട് പതിനാലാമന്‍ ഏഴാമതുമാണ്.

Dalai Lama|Obama | ഒബാമയും ലാമയും ജനപ്രിയ നേതാക്കള്‍

സിനിമ-സീരിയല്‍ നടന്‍ ശ്രീനാഥ് മരിച്ച നിലയില്‍

PRO
സിനിമ-സീരിയല്‍ നടന്‍ ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലത്തെ ഒരു ഹോട്ടല്‍ മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മോഹന്‍ലാല്‍ നായകനായ 'ശിക്കാര്‍' എന്ന സിനിമയില്‍ ശ്രീനാഥിനൊരു വേഷമുണ്ടായിരുന്നു. ഇതിന്റെ ചിത്രീകരണത്തിനായാണ് ശ്രീനാഥ് കോതമംഗലത്ത് വന്നത്.

ശാലിനി എന്‍റെ കൂട്ടുകാരി, ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, കുടുംബപുരാണം, ഇതു ഞങ്ങളുടെ കഥ, ദേവാസുരം, കിരീടം, കിലുകിലുക്കം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘കേരള കഫേ’യിലാണ് ശ്രീനാഥ് അവസാനമായി അഭിനയിച്ചത്. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

പ്രേക്ഷകര്‍ക്ക്‌ മറക്കാനാവാത്ത ഒട്ടേറെ അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ശ്രീനാഥിനെ മലയാളികള്‍ സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയാണ്‌ കണ്ടിരുന്നത്‌. കുടുംബകഥകളില്‍ നിന്ന്‌ വിട്ട് ആക്ഷനും കോമഡിക്കും പ്രാധാന്യമുള്ള വേദിയായി സിനിമ മാറിയപ്പോള്‍ ഇതു രണ്ടും തനിക്ക്‌ പറ്റിയതല്ലെന്ന്‌ തിരിച്ചറിഞ്ഞ്‌ ശ്രീനാഥ്‌ ടെലിവിഷന്‍ പരമ്പരകളിലേക്ക്‌ ചേക്കേറുകയായിരുന്നു.

Cinema-Serial actor Sreenath commit suicide | സിനിമ-സീരിയല്‍ നടന്‍ ശ്രീനാഥ് മരിച്ച നിലയില്‍

Thursday, April 22, 2010

കൂടുതല്‍ മധുരം വേണ്ടെന്ന് പറയൂ!

മധുരം ഇല്ലാതൊരു ചായ! ഒരു സ്പൂണ്‍ മധുരമില്ലെങ്കില്‍ പിന്നെ എന്തിനാണെന്ന് നാം ചോദിച്ചു പോവും. അത് സ്വാഭാവികം. എന്നാല്‍, കിട്ടുമ്പോഴെല്ലാം മധുര പലഹാരങ്ങള്‍ നിയന്ത്രണമില്ലാതെ വാരി വലിച്ചു തിന്നാലോ? അത് ഒരു ദുരന്തത്തിലേക്കുള്ള പോക്ക് ആയിരിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.

പഞ്ചസാരയുടെ അളവ് കൂട്ടിയുള്ള ആഹാര ശീലം പ്രമേഹത്തിലേക്ക് മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുമെന്നാണ് ഒരു പുതിയ പഠനത്തില്‍ പറയുന്നത്. ഇമോറി സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

പ്രായ പൂര്‍ത്തിയായ 6,000 പേരുടെ ആഹാര രീതിയാണ് ഗവേഷണ സംഘം പഠന വിധേയമാക്കിയത്. 1996 നും 2006 നും ഇടയിലുള്ള ഏഴ് വര്‍ഷമാണ് പഠനം നീണ്ടത്. അധികം മധുരം ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗത്തിലേക്ക് നയിക്കാവുന്ന ശാരീരിക നിലയുണ്ടാവുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

Say no to too much Sugar | കൂടുതല്‍ മധുരം വേണ്ടെന്ന് പറയൂ!

തരൂര്‍ പാര്‍ട്ടിയുടെ സ്വത്തെന്ന് രാഹുല്‍

ഐപിഎല്‍ വിവാദത്തില്‍ അകപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ച ശശി തരൂര്‍ [^] തിരഞ്ഞെടുപ്പില്‍ വിജയിച്ച സമയം മുതല്‍ തന്നെ കോണ്‍ഗ്രസില്‍ പല മുതിര്‍ന്ന നേതാക്കളുടെയും കണ്ണിലെ കരടായിരുന്നു.

ഇപ്പോള്‍ വിവാദത്തിലകപ്പെട്ട് അദ്ദേഹം രാജിവച്ചതില്‍ സന്തോഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം ഒട്ടും കുറവല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പരിചയക്കുറവും, രാഷ്ട്രീയ പ്രവര്‍ത്തനം നടത്താതെ നേടിയ മന്ത്രിപദവുമെല്ലാമാണ് ഉത്തരേന്ത്യന്‍ നേതാക്കള്‍ക്ക് തരൂരിനെ അനഭിമതനാക്കിയത്.

എന്നാല്‍ എഐസിസി രാഹുല്‍ [^] ഗാന്ധി ശശി തരൂരിനെ പാര്‍ട്ടിയുടെ ഒരു സമ്പത്തായിത്തന്നെയാണ് കാണുന്നത്. വിവാദത്തികപ്പെടുകുയും രാജിവയ്ക്കുകയും ചെയ്‌തെങ്കിലും കോണ്‍ഗ്രസിന്റെ ഭാവിയില്‍ തരൂരിന് നല്ല റോള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് തന്നെയാണ് രാഹുലിന്റെ വിശ്വാസമത്രേ.

രാഹുലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഐപിഎല്‍ വിവാദത്തിന്റെ പേരില്‍ തരൂരിനെ എഴുതിത്തള്ളാന്‍ എന്തായാലും രാഹുല്‍ തീരുമാനിച്ചിട്ടില്ല. വൈകാതെ തന്നെ തരൂരിനെ സംഘടനാ പദവികളില്‍ ഏതിലെങ്കിലും അവരോധിക്കാനാണ് രാഹുലിന്റെ തീരുമാനമെന്ന് സൂചനയുണ്ട്.

തരൂരിലെ രാഷ്ട്രീയക്കാരനിലേറെ രാഹുലിന് പ്രിയം അദ്ദേഹത്തിലെ നയതന്ത്രജ്ഞനെയാണത്രേ. വിവാദത്തില്‍ തരൂരിന്റെ കൈകള്‍ ശുദ്ധമായിരുന്നുവെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടില്‍ അദ്ദേഹത്തിന് പ്രധാനപ്പെട്ട റോള്‍ തന്നെ ലഭിക്കുമെന്ന കര്യത്തില്‍ സംശയമില്ല.
http://thatsmalayalam.oneindia.in/news/2010/04/22/india-rahul-sees-tharoor-as-an-asset.html

നമുക്ക് ഭൂമിയെ പ്രണയിക്കാം

ആഗോള താപനത്തിന്‍റെ പൊള്ളുന്ന ചൂട് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു ഭൗമദിനം കൂടി. കൊടും ചൂടില്‍ മഞ്ഞുരുകി ഭൂമി മുങ്ങാന്‍ ഇനി എത്ര കാലം കൂടിയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ ഭൌമ ദിനവും. നാല്പതാം ഭൗമദിനമാണ് ഇന്നത്തേത്. 141 രാജ്യങ്ങള്‍ ഒപ്പിട്ട 1997ലെ ക്യോട്ടോ ഉച്ചകോടിയോടെയാണ് ഭൗമദിനം സംഘടിതമായി ആചരിച്ചു തുടങ്ങിയത്.

വ്യവസായവല്‍കൃത രാജ്യങ്ങള്‍ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളും ഓസോണ്‍ പാളിക്ക് നേരിടുന്ന ഭീഷണിയും ആഗോളതാപനത്തിന് വഴിവച്ചിട്ടുണ്ട്. ഇപ്പോള്‍, വികസ്വര രാജ്യങ്ങളും വ്യവസായവല്‍ക്കരണ പാതയില്‍ കുതിച്ചുമുന്നേറുന്നതോടെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ അനിയന്ത്രിതമാം വിധം ഉയരുകയാണ്.

മണ്ണിന്‍റെ സ്വാഭാവികമായ ഘടനയില്‍ മാറ്റവും മലിനീകരണവുമാണ് മൂന്നാം ലോകരാജ്യങ്ങളിലെ കാര്‍ഷിക ഉത്പാദനക്ഷമത കുറയുന്നതിനുള്ള പ്രധാനകാരണമെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റൂട്ടിലെ പഠനങ്ങള്‍ തെളിയിക്കുന്നു.

അവരുടെ പഠനങ്ങളനുസരിച്ച് രണ്ടാം ലോക മഹായുദ്ധനന്തരം ഏകദേശം 120 കോടി ഹെക്ടര്‍ കൃഷിഭൂമി ഉപയോഗരഹിതമായി കണക്കാക്കുന്നു. മേല്‍മണ്ണിന്‍റെ കനത്ത നഷ്ടം മൂലം ഉത്പാദനം കുറയുകയും ലാറ്ററീകരണം എന്ന ഭൗതിക-രാസ പ്രക്രിയയ്ക്ക് വഴി തെളിയിക്കുകയും ചെയ്യുന്നു.

കേരളവും ലാറ്ററീകരണത്തിന് ഇരയായ സംസ്ഥാനമാണെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. ഇത് രൂക്ഷമായ തോതില്‍ കാണുന്നത് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലാണ്. വനനശീകരണം വ്യാപകമായ വയനാട്ടിലും ലാറ്ററീകരണമുണ്ട്.

World earth day | നമുക്ക് ഭൂമിയെ പ്രണയിക്കാം