Monday, April 26, 2010

പൂരത്തെ പറ്റി ഫുട്ബോള്‍ താരം പാപ്പച്ചന്‍


CV Pappachan
PRO
PRO
ഫുട്ബോളില്‍ മുന്നേറ്റത്തിന്‍റേയും ആരോഹണങ്ങളില്‍, നിലയ്ക്കാത്ത ആരവങ്ങളില്‍ അമരക്കാരനായി നിന്ന പാപ്പച്ചന് തൃശൂര്‍ പൂരമെന്നാല്‍ ഇരിപ്പുറക്കില്ല. തന്നോടൊപ്പം ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ആവേശക്കാറ്റുയര്‍ത്തിയ ഐ‌എം വിജയനും ഇരുവരുടെയും കൂട്ടുകാരനായ കലാഭവന്‍ മണിക്കും ഇതേ സ്വഭാവം തന്നെ. പറപ്പൂക്കാരന്‍ ചുങ്കത്ത് പാപ്പച്ചന്‍ എന്ന സിവി പാപ്പച്ചന്‍ ഡിവൈഎസ്പി പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തെ പറ്റി മനസ് തുറക്കുകയാണിവിടെ.

“പൂരങ്ങളിലെ രാജാവായ തൃശൂര്‍ പൂരമാണ് എനിക്കു മേളങ്ങളെ കുറിച്ചു പറഞ്ഞു തന്നത്‌. പഞ്ചാരിയും പാണ്ടിയും പഠി്ക്കുന്നതിനു പ്രേരകമായതു തൃശൂര്‍ പൂരമാണ്. തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ സ്വദേശിയായ താന്‍ പൂരം ആദ്യമായി കണ്ടതു 1990-ലാണ്‌. പാവറട്ടി പെരുന്നാളും തൃശൂര്‍ പൂരവും ഏകദേശം ഒരേ ദിവസങ്ങളിലാണ് നടക്കുക എന്നതിനാല്‍ ആദ്യകാലങ്ങളിലൊന്നും എനിക്ക് പൂരം കാണാന്‍ പറ്റിയിരുന്നില്ല. എന്റേത് ഒരു ക്രിസ്ത്യന്‍ കുടുംബമാണ്. വീട്ടുകാര്‍ പള്ളി പെരുനാളിനു മാത്രമേ പോവാന്‍ അനുവദിച്ചിരുന്നുള്ളു.”

“ഫെഡറേഷന്‍ ക്ലബ്ബ്‌ വിജയത്തിനു ശേഷം പൂരം കാണാനെത്തിയപ്പോള്‍ ലഭിച്ചത്‌ വിഐപി പരിഗണനയായിരുന്നു. വിജയനും കലാഭവന്‍ മണിയുമൊക്കെ മൈതാനത്ത് ഉണ്ടാകും. കുടമാറ്റവും മേളങ്ങളും കൗതുകത്തോടെയാണു കണ്ടിരുന്നത്‌. തൃശൂര്‍ പൂരം അന്നു മുതല്‍ ഒരു ലഹരിയായിരുന്നു. കേരളത്തില്‍ എവിടെയായിരുന്നാലും തൃശൂര്‍ പൂരത്തിന്‌ എത്തും. തിരുവനന്തപുരത്തായിരുന്ന കാലത്തു പൂരം വെടിക്കെട്ടു കാണാന്‍ പുലര്‍ച്ചെ കണ്ണൂര്‍ എക്സ്പ്രക്സിലാണു പോന്നത്‌. യാത്രയ്ക്കിടയില്‍ ഉറങ്ങിപ്പോയി.”

“ഏതോ ഒരു സ്റ്റേഷന്‍ എത്തിയപ്പോള്‍ തൃശൂരെത്തിയെന്നു കരുതി ചാടിയിറങ്ങി. ചാലക്കുടി സ്റ്റേഷനിലാണു തെറ്റിയിറങ്ങിയത്‌. പിന്നീട്‌ അവിടെ നിന്ന്‌ തൃശൂരിലെത്തിയപ്പോഴേക്കും പൂരം വെടിക്കെട്ടു കഴിഞ്ഞിരുന്നു.
പാണ്ടിമേളവും പഞ്ചാരിമേളവും കാണാന്‍ മണിക്കൂറുകളോളം നില്‍ക്കുമായിരുന്നു. അന്നൊന്നും അതിന്റെ താളബോധം മനസിലായിരുന്നില്ല. പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങി മേള പ്രമാണിമാരുടെ ഫ്ലക്സ്‌ ബോര്‍ഡുകള്‍ ഉയര്‍ന്നു തുടങ്ങിയാല്‍ പിന്നെ പൂരം വരെ കാത്തിരിപ്പാണ്‌.”

Footballer CV Pappachan about Thrissoor Pooram | പൂരത്തെ പറ്റി ഫുട്ബോള്‍ താരം പാപ്പച്ചന്‍

No comments: