Wednesday, July 13, 2011

Saturday, January 15, 2011

Karimpuzha Sreerama Swami Temple

Friday, August 13, 2010

കത്തുകളിലെ അക്ഷര സുഗന്ധം

കത്തുകള്‍ക്കു വേണ്ടി പോസ്റ്റുമാനേയും കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.  കാലം മാറി.  കഥ മാറി.  പതുക്കെ പതുക്കെ ആയിരുന്നു അതിന്‍റെ വഴി മാറല്‍.  ആദ്യം ഒരുവിധം എല്ലാ വീടുകളിലും ലാന്‍ ഫോണുകള്‍ എത്തി.  പിന്നെ മൊബൈല്‍ ഫോണുകളുടെ സാന്നിദ്ധ്യം വിളിച്ചറിയച്ചു കൊണ്ടുള്ള കാലമെത്തി.  അവിടെ നിന്നും ഒരുപാടു കാതം നമ്മള്‍ മുന്നോട്ടു പോയി. ഇമെയില്‍, എസ്.എം.എസ് അടക്കി വാഴുന്ന ഈ കാലത്ത് കത്തുകള്‍ക്ക് എന്ത് പ്രസക്തി എന്ന ചോദ്യം സ്വാഭാവികം.

എങ്കിലും കത്തുകളോടുള്ള മാനസികമായ ഒരടുപ്പം ഇവയ്ക്കൊന്നുമില്ലെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു.  കത്തുകളിലൂടെ ഈ ദുനിയാവിലുള്ള എന്തിനേക്കുറിച്ചും പറയാനും ചര്‍ച്ച ചെയ്യാനും കഴിയുന്നു എന്നു തന്നെയാണ് അതിന്‍റെ പ്രസക്തി.  ഓരോ കത്തും ഒരോ വ്യക്തിയുടേയും കൈയ്യൊപ്പു പതിഞ്ഞതാണ്. അത്തരത്തിലുള്ള ഒരു കത്ത് ഇവിടെ ചേര്‍ക്കുന്നു - വീണ്ടും വീണ്ടും വായിച്ചു ചിന്തിച്ചിട്ടുള്ള ഒരു കത്ത്. പിന്നെ ഒരു പാടു ചിരിച്ചിട്ടുള്ള കത്ത്.   എന്ത് കച്ചറയും ഇമെയിലാക്കി forward ചെയ്ത് inbox നിറയ്ക്കുന്ന ഈ നെറ്റ് യുഗത്തില്‍ കത്തുകളുടെ പ്രസക്തി അത് തരുന്ന അക്ഷര സുഗന്ധം തന്നെയാണെന്ന് തോന്നുന്നു.

***************
പ്രിയപ്പെട്ട മുരളിയേട്ടാ,

താനയച്ച എഴുത്തു കിട്ടി.  റേഷനില്‍ improvement കണ്ടതില്‍ സമാധാനം തോന്നി.  എങ്കിലും പഴയ മോഡലില്‍ എത്തീട്ട് ല്യ ട്ട്വോ.  പിന്നെ,  താനെഴുതീല്യേ - 'എഴുതാന്‍ പലതുമുണ്ട്..പക്ഷെ...' ന്ന്.  ഈ 'പക്ഷെ' ക്ക് എന്‍റെ അടുത്ത് പ്രസക്തില്യാലോ.....തനിക്കെഴുതാന്‍ തോന്നണതെന്തും എനിക്ക് തുറന്നെഴുതാം.

അവിടുത്തെ വിശേഷങ്ങള്‍ - (കേട്ടു ബോറടിച്ച ഒരു ചോദ്യമായിരിക്കുമല്ലേ?) എല്ലാം എഴുതൂ.  ഞാന്‍ ദിവസങ്ങളിങ്ങനെ കഴിക്കുന്നു.  ഉണ്ടും, ഉറങ്ങിയും - ഡയാമീറ്റര്‍ കൂടിക്കൂടി വര്ണ്ണ്ട്.  എല്ലാവരടേം എഴുത്തുകളുണ്ട്.  മോഹനേട്ടന്‍ ഒരു ഫോട്ടോ അയച്ചു തന്നിട്ടുണ്ട് - ( with താടി ).  ഞാന്‍ കരിമ്പുഴ പോയിരുന്നു.  രാധാകൃഷ്ണനെ കാണാന്‍ പറ്റീല്യ.  എന്‍റെ കൂട്ടുകാരികള്‍ക്കെല്ലാം സുഖം തന്നെ.  Ex.Sethu ഇവിടെ വന്നിരുന്നു.  വിമല മലേഷ്യയില്‍ ചെന്ന് എഴുത്തു വന്നു.  മൂപ്പത്തി അവിടെ 'all kinds of' സുഖം അനുഭവിക്കുന്നു.  എന്‍റെ ഒരു ക്ലാസ്മേറ്റ് (പത്മജ) ബോംബെയിലെത്തിയിട്ടുണ്ട് (with കെട്ട്യോന്‍).  അയാള്‍ക്ക് naval dockyard ലാണ് ജോലി.  പേര് ദേവപ്രസാദ്.  പത്മ ആള് സുന്ദരിക്കുട്ട്യാ ട്ട്വോ.


എനി നമ്മുടെ വിമര്‍ശന വിഷയമാകേണ്ട സംഗതി - WIFE എന്നാല്‍ Wonderful...................എന്ന് എഴുതീലോ.  ഭാര്യ എന്ന സ്ത്രീ (whether it may be an instrument, an ornament, a beautiful thing for the attraction of the showcase) യെപ്പറ്റി പലര്‍ക്കും പല outlook ആയിരിക്കൂലോ - മറിച്ചും.  നമ്മുടെ Golden bell നെപ്പോലുള്ള പാര്‍ട്ടിക്ക് ഭര്‍ത്താവ് ച്ചാല്‍ .............(ഞാന്‍ മുഴുമിപ്പിക്കണോ മുരളിയേട്ടാ?) പുരുഷന്മാരില്‍ മിക്കവരും (exception ഉണ്ടേ) പെണ്ണിനെ instrument ആയി കാണുന്നവരാകുമെന്നത് നിഷേധിക്കാന്‍ കഴിയ്വോ.  നിഷേധിക്കാന്‍ മുതിരുന്നെങ്കില്‍ അതിനു മുമ്പ് മലയാളനാടില്‍ പ്രസിദ്ധീകരിച്ചു വരുന്ന 'വീണ്ടും ഭാര്യമാര്‍ കഥ പറയുന്നു' എന്ന ലേഖനം വായിക്കാനപേക്ഷ.  (ഇത് ഇവിടത്തെ ഭാര്യമാര്‍ K.G.Sethunath ന് എഴുതുന്ന എഴുത്തുകളാണ്)

ഭാര്യമാരെ തനിക്കു തുല്യരായി കാണുന്ന ഭര്‍ത്താക്കന്മാരുണ്ടെന്ന സത്യവും നിഷേധിക്കുന്നില്യ.  പക്ഷെ, അധികപേരും കൂടെ കൊണ്ടുനടക്കാന്‍ മാത്രമുള്ള (സൌന്ദര്യമുള്ളതാണെങ്കില്‍ കൂടുതല്‍ അഭികാമ്യം) ഒരുപകരണം മാത്രായിട്ടാണ് പെണ്ണിനെ കാണുന്നത്.  സ്ത്രീകളും ഒട്ടും വ്യത്യസ്തരല്ല ട്ട്വോ.  ഭര്‍ത്താവിന്‍റെ ഒരു പ്രദര്‍ശന വസ്തുവാകാന്‍ മാത്രെ മിക്ക പെണ്ണുങ്ങളും ആഗ്രഹിക്കുന്നുള്ളൂ ല്ലേ.  സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ്, (കാണാവുന്ന സ്ഥലത്തെല്ലാം) പട്ടു ചേലയുടുത്ത്, നഖം നീട്ടി പെയിന്‍റടിച്ച്, ഷാമ്പൂവിട്ട് മുടി പറപ്പിച്ച്, പാദസരം കിലുക്കി നടക്കുന്ന ഭാര്യ (സ്ത്രീ) ഇത് പുരുഷന്, ഷോകേസില്‍ വെയ്ക്കുന്ന മനോഹരമായ ഒരു പ്രതിമ എന്നല്ലാതെ മറ്റെന്താണ്?  ഇവിടെ 'സ്ത്രീ പുരുഷ സമത്വം' വേണമത്രെ - ഈ സമത്വത്തെക്കുറിച്ച് പ്രസംഗിക്കുന്നവരോ - മേല്‍പ്പറഞ്ഞവരല്ലേ.  സൌന്ദര്യം മാത്രം കണ്ട്, enjoyment നുള്ള instrument ആയി പെണ്ണിനെ ഉപയോഗിക്കുന്ന പുരുഷന്മാരുടെ സ്ഥിതിയും ദയനീയം തന്നെ.  ഈ സൌന്ദര്യം ച്ചാ എന്താണാവോല്ലേ.  'കവിതയെഴുതുന്ന കണ്ണുകളും,.......ചാമ്പക്കാ ചുണ്ടുകളും..........' ഇങ്ങനെ പോകുന്നില്ലേ സ്ത്രീ സൌന്ദര്യം?  പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതെല്ലാം അര്‍ത്ഥശൂന്യമാവില്ലേ (Iam ignorant of it.........) പരസ്പരമുള്ള സ്നേഹത്തിനു മുന്നില്‍ ഈ ദേഹത്തിനു വല്ല പ്രസക്തിയുമുണ്ടോ?  ഇല്ലെന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്ന ഒരാള്‍ക്കേ സ്നേഹിക്കാന്‍ കഴിയൂ എന്ന വിശ്വാസക്കാരിയാണ് ഞാന്‍.  ഒരുപക്ഷെ, എന്‍റെ ഈ അഭിപ്രായത്തോടു യോജിക്കാത്ത ഒരാളെയായിരിക്കാം എനിക്കു കിട്ടുക.  ഞങ്ങള്‍ക്കെന്നും വെറും സമാന്തര രേഖകളായേ പോവാന്‍ കഴിയൂ എന്നെനിക്കു തോന്ന്ണു.  വിമര്‍ശനം നീട്ടുന്നില്യ [ഇതിനുള്ള പ്രതികരണവും പ്രതീക്ഷിക്കട്ടെ...........?]

ഇവിടെ പ്രത്യേകിച്ച് വിശേഷമൊന്നൂല്യ.  ഒരു proposal നടക്കുന്നു.  വിദ്വാന്‍ jamshedpur ലാണ്.  ജാതകമൊക്കെ യോജിച്ചുപോലും.  എനി ചെലപ്പോ August-Sept ആയി വരുമത്രെ.  അപ്പോ interview ഉണ്ടാവാന്‍ chance ഉണ്ട്.  പക്ഷെ ഉയരത്തിന്‍റെ കാര്യം അല്‍പം പരുങ്ങലിലാണെന്നു കേട്ടു (പ്രശ്നം ആശാന്‍റെ മാതാപിതാക്കള്‍ക്ക്) എന്നെ സംബന്ധിച്ചേടത്തോളം അടുത്തൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല.  പിന്നെ, പേര് എനിക്കറീല്യ.  എന്തോ അതൊന്നും അന്വേഷിക്കാന്‍ താല്‍പര്യം തോന്നീല്യ.  സ്വഭാവ ഗുണത്തെപ്പറ്റിയൊക്കെ തന്തയുടെ (അയാളുടെ) ഗംഭീര വിശദീകരണമുണ്ടായി.  എന്തായാലും വിവരങ്ങള്‍ ഞാനെഴുതാം.  എനിക്കും ഇതൊരു രസം തന്നെ - time pass - കാര്യം വരുമ്പോളല്ലേ നമ്മള്‍ പറയേണ്ടൂ.

പിന്നെ, 'തുളസി' എന്ന ശാലീനത തുളുമ്പുന്ന ആ നാമം, അതിനുടമയായ ഇവിടുത്തെ തുളസിയെ ഞാന്‍ ധാരളമായിട്ടറിയും.  തുളസിയുടെ businessഉം ഞങ്ങള്‍ക്കപരിചിതമല്ല.  മൂപ്പത്തിയെ ഇടക്കിടക്കു കാണലുണ്ട്.  തനിക്കെങ്ങനെ ഈ up-to-date news കിട്ട്ണു?  തുളസി കണ്ടാല്‍ കൊള്ളാവുന്നതു തന്നെയാണ്.  അന്യേട്ടന്‍റെ ഒരു friend ഉണ്ണിയുണ്ടായിരുന്നു.  അയാളുടെ instrument ആയിരുന്നു കുറച്ചുകാലം.  ആശാന്‍ വേറെ പെണ്ണു കെട്ടി.  ഇപ്പോള്‍ instrument ന് ചെറിയ weakness ഉണ്ടെന്നു കേട്ടു.  hard work ന്‍റെ ഫലമായിരിക്കാം. Parts ഓരോന്നായി weak ആയി വരുന്നതല്ലേ.  റിപ്പയര്‍ ചെയ്യാലോ

WIFE ന് വേറെയും ഒരു full form ണ്ട് (Worries Invited For Ever)

തല്‍ക്കാലം നിര്‍ത്തട്ടെ -

എന്ന് സ്നേഹപൂര്‍വ്വം
ഗീത   

Saturday, July 31, 2010

ഒരു നിലാവിന്‍റെ ഓര്‍മ്മയ്ക്ക്

വട്ടമുഖം.  വിശാലമായ നെറ്റി.  നീണ്ട മൂക്ക്.  എണ്ണമയമില്ലാത്ത ചുരുണ്ട മുടി. ഇത് നീല അയ്യര്‍ .  അതെ അവള്‍ ഒരു ചന്തക്കുട്ടി തന്നെയാണ്. ടൈപ്റൈറ്ററിലൂടെ  അവളുടെ നീണ്ടുമെലിഞ്ഞ വെളുത്ത വിരലുകള്‍ താളാത്മകമായി ചലിക്കുന്നത് ആരും ഒരു നിമിഷം നോക്കി നില്‍ക്കും.

ലെഡ്ജറിന്‍റേയും കാഷ്ബുക്കിന്‍റേയും വിരസതയ്ക്കുള്ള അറുതിയെന്നോണം അയാള്‍ നീലയുടെ അടുത്തെത്തുന്നു അവളുടെ വിരലുകളുടെ താളരസങ്ങള്‍ക്ക്

സുധാകര്‍, നീയെത്തിയോ? കുറച്ചെന്നെ സഹായിക്ക്...കിഴവനെത്തിയാല്‍ പണി കഴിഞ്ഞില്ലെങ്കില്‍ തന്ത എന്നെ കൊന്നു തിന്നും............ അവള്‍ പൊട്ടിച്ചിരിച്ചു.

മലയാളം ഒരുവിധം ഒപ്പിക്കുന്ന നീല.  അവളുടെ അച്ഛന്‍ പാലക്കാടിനടുത്തുള്ള ഒരു ഗ്രാമത്തിലും അമ്മ കോയമ്പത്തൂര്‍കാരിയുമാണ്..  അച്ഛന്‍റെ ഗ്രാമത്തിനെക്കുറിച്ച് അവള്‍ ഒരുപാടു  ഓര്‍മ്മകള്‍ വളപ്പൊട്ടു പോലെ സൂക്ഷിക്കുന്നു.  അതവള്‍ക്ക് അമൂല്യ നിധിയാണ്.

അവളുടെ അച്ഛന്‍റെ വീട്ടില്‍ നിന്ന് കോഴിക്കോട്ടുള്ള ആന്‍റിയുടെ വീട്ടിലേക്ക് യാത്ര ചെയ്ത ഓര്‍മ്മകള്‍ അയവിറക്കി അവള്‍ വാചാലയാകുമായിരുന്നു.  അന്നേരം അവളുടെ വിടര്‍ന്ന കണ്ണുകളത്രയും ഏതോ മാസ്മരിക ഭാവത്തില്‍ സംസാരിക്കുന്നു


എന്തൊരു ഭംഗിയാണ്........സ്വര്‍ണ്ണമണികള്‍ വാരിവിതറിയ നെല്‍പ്പാടങ്ങള്‍.  അവയ്ക്ക് കുറുകെ പറന്നകലുന്ന കൊറ്റികള്‍.  ഇരുകരകളോടും സ്വകാര്യം പറഞ്ഞൊഴുകുന്ന പുഴ......അവളുടെ നുണക്കുഴികള്‍ പതിവിലധികം വിരിഞ്ഞു.

മതി......മതി........നിന്‍റെയൊരു പ്രകൃതി വര്‍ണ്ണന

നിനക്കെന്തു പറ്റി സുധാകര്‍......അവള്‍ ഒട്ടൊരു ആശ്ചര്യത്തോടെ അയാളെ നോക്കി.

അയാള്‍ ഒന്നും പറയാതെ പിന്‍ തിരിഞ്ഞു
അക്കങ്ങളുടെ ലോകത്തേക്ക് ഉള്വലിയാന്‍ ആയാള്‍ ശ്രമിച്ചു.  പക്ഷെ കഴിഞ്ഞില്ല.  താന്‍ എന്തിനാണ് നീലയോട് കയര്‍ത്തത്.  ഛേ, മോശമായി

ഇരിക്കപ്പൊറുതിയില്ലാതെ അയാള്‍ എഴുന്നേറ്റു.

ടൈപ് റൈറ്ററില്‍ തിരുകിക്കയറ്റിയ കമ്പനിയുടെ ചരിഞ്ഞ അക്ഷരങ്ങളുള്ള ലെറ്റര്‍ ഹെഡ്ഡില്‍ താളം പിടിച്ചു കൊണ്ടവള്‍ ഇരിക്കുകയായിരുന്നു.

സോറി, നീലാ

എന്തേ? ഓ...അതോ...സാരല്ല........ഇയ്യിടെയായിട്ട് നീ വല്ലാതെ ദേഷ്യപ്പെടുന്നു.  എന്തു പറ്റി നിനക്ക്

നതിങ്ങ് സീരിയസ്

എനിക്കറിയാം.  നിനക്ക് നാട്ടില്‍ പോണം......കിഴവന്‍ അവധി തരുന്നില്ല.  ശരിയല്ലേ

കിഴവനും അവന്‍റെയൊരു കമ്പനീം....ആര്‍ക്കു വേണം

വെരി ഗുഡ്. നിന്‍റെ ചുണ കാണിച്ച് കൊട് കിഴവന്

ആത്മര്‍ത്ഥതയില്ലാതെ പെരുമാറാന്‍ പറ്റുന്നില്ല നീലാ

ബുള്‍ഷിറ്റ്.......ആത്മാര്‍ത്ഥത വണ്‍വേട്രാഫിക്ക് ആവരുതല്ലോ......നോക്ക്, എനിക്കിവിടെ അധികനാള്‍ തുടരാന്‍ ഉദ്ദേശമില്ല......എനിക്ക് ഐ.എ.എസ്. എഴുതണം

അതു ശരി.  പാവങ്ങളെ പറ്റിച്ച് നിനക്ക് പണവം പാപ്പാസുമുണ്ടാക്കണം!

നിനക്ക് അങ്ങിനെ തോന്നുന്നുണ്ടോ, സുധാകര്‍?

നഗര ജീവിയായ നിനക്ക് മറ്റൊരു തരത്തില്‍ ചിന്തിക്കാന്‍ പറ്റുമോ?

തീര്‍ച്ചയായും

ഏതായാലും ഒരു പ്രവചനത്തിന്‍റെ ആവശ്യമില്ല - അയാള്‍ പറഞ്ഞു

വേണ്ട.......പക്ഷെ, സുധാകര്‍ നീയിവിടെ ഇനിയും നില്‍ക്കരുത്

നോക്കാം

പ്ലീസ്......നിന്‍റെ ഭാവിയെ ഓര്‍ത്തെങ്കിലും.  കിഴവന്‍ ഒരു മുശേട്ടയാണ്.  പണത്തിന് കാവലിരിക്കുന്ന ഭൂതത്താന്‍

മറ്റുള്ളവര്‍ക്ക് അപ്രിയമായവ അവള്‍ സ്വാഭാവികമായി പറയുന്നു.  ഉള്ളില്‍ അശേഷം കന്മഷമില്ലാതെ അവളുടെ വാക്കുകള്‍ പൊട്ടിച്ചിതറുമ്പോള്‍ അത് സത്യത്തിന്‍റെ നേര്‍ക്കുള്ള വഴികാട്ടിയാകുന്നു.

ചിലപ്പോള്‍ ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ പറ്റുന്ന സംഭാഷണ ശകലങ്ങളും..........

ഒരു വാരാന്ത്യം. സന്ധ്യ മയങ്ങുന്നു.  ഡബിള്‍ ഡക്കറിന്‍റെ മുകള്‍ തട്ടിലിരുന്ന് പുറം കാഴ്ചകള്‍ കാണുകയായിരുന്നു.  അവളിലെ ഗ്രാമീണ സൌന്ദര്യം സജീവ സാന്നിദ്ധ്യമാകുന്നത് അയാള്‍ അറിഞ്ഞു.

ലുക് ദേര്‍, സുധാകാര്‍ - അവള്‍ വിരല്‍ ചൂണ്ടിയ ദിക്കിലേക്ക് അയാള്‍ കണ്ണുകള്‍ പായിച്ചു.

ചത്തപോലെ ജീവിക്കുന്ന മനുഷ്യക്കോലങ്ങള്‍ ചീഞ്ഞളിഞ്ഞ് നാറ്റം വമിക്കുന്ന കുപ്പത്തൊട്ടിയിലെ അഴുകിയ പദാര്‍ത്ഥങ്ങള്‍ക്ക് നായ്ക്കൊള്‍ക്കൊപ്പം കടിപിടി കൂടുന്നു.

ഇതാണ് ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം - അവള്‍ പറഞ്ഞു.

എത്ര ശരി.  ഈ നഗരത്തില്‍ മനുഷ്യന് ഒരു വിലയുമില്ലെന്ന് അയാള്‍ അറിഞ്ഞു.

ബസ്സിനു പുറത്തിറങ്ങി ടെര്‍മിനസ് ലക്ഷ്യമാക്കി അയാള്‍ അവളോടൊപ്പം നടന്നു.

നീയെന്നാ എന്‍റെ വീട്ടിലേക്ക് വരണേ - അവള്‍ ചോദിച്ചു.

ആവാം എന്നെങ്കിലുമൊരു ദിവസം

ഇന്ന് വാ........നാളെ അവധിയല്ലേ

മറ്റൊരു ദിവസം.  ഗുഡ്നൈറ്റ്

അവളുടെ പ്രതികരണത്തിനു കാക്കാതെ ധൃതിയില്‍ അയാള്‍ സ്റ്റേഷന്‍റെ അകത്തെത്തി............

മൂടല്‍ മഞ്ഞ് പുകമറ സൃഷ്ടിച്ച അടുത്ത പ്രഭാതത്തില്‍ ഓഫീസ് വഴിപോവുന്ന ബസ് പിടിക്കാന്‍ അയാള്‍ സ്റ്റോപ്പിലേക്ക് തിരക്കിട്ട് നടക്കുകയായിരുന്നു.  ബസ്സ്റ്റോപ്പിന്‍റെ കുറച്ചപ്പുറത്ത് തണുത്ത പ്രഭാതത്തിലും ആള്‍ക്കാര്‍ തടിച്ചു കൂടിയത് അയാള്‍ ശ്രദ്ധിച്ചു.

ഓഫീസിലെത്താന്‍ വൈകിയ നേരത്തും നഗരവാസിയുടെ സഹജമായ  നേരമ്പോക്കെന്നവണ്ണം ജനക്കൂട്ടത്തിലെന്തെന്നറിയാന്‍ ആയാള്‍ക്ക് ആകാംഷയുണ്ടായി.

എത്തിനോക്കി പിന്മാറുന്ന ആള്‍തിരക്കിന്‍റെ വിടവിലൂടെ അയാള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നീലയെ കണ്ടു

ജനസഞ്ചയത്തെ വകഞ്ഞു മാറ്റി ചോര വാര്‍ന്നൊഴുകുന്ന നീലയെ അയാള്‍ വാരിയെടുത്തു.  ടാക്സി പിടിച്ച് നേരെ ആശുപത്രിയിലേക്ക്.

ആശുപത്രിയുടെ എന്‍ക്വയറി കൌണ്ടറിനടുത്ത് അയാളെ പ്രതീക്ഷിച്ചെന്നവണ്ണം അയാളുടെ സഹപാഠി ഡോക്റ്റര്‍ രാഹുല്‍ ഒരു ദേവദൂതനെപ്പോലെ..... സ്കൂളില്‍ അവര്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്.

രാഹുല്‍, നീ ഇവിടെ!

ജോയിന്‍ ചെയ്തിട്ട് ഒരാഴ്ചയായി..........എന്തു പറ്റി?

ഒരു ആക്സിഡന്‍റ്......ഇവളെന്‍റെ സഹപ്രവര്‍ത്തകയാണ്.

രാഹുല്‍ എല്ലാം പെട്ടെന്ന് ശരിയാക്കി.  അവളെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു

സുധാകര്‍, നീ പോയി വേണ്ടപ്പെട്ടവരെ വിവരം അറിയിക്ക്.  ഷീ ഈസ് ഓള്‍ റൈറ്റ്

അയാള്‍ മിഴിച്ചു നിന്നു.

അയാളുടെ ചുമലില്‍ തട്ടി രാഹുല്‍ സമാധാനിപ്പിച്ചു -ഞാന്‍ ഇവിടില്ലേ. ഒന്നും സംഭവിക്കില്ല.  നീ പോയി ആ കുട്ടിയുടെ പേരന്‍റ്സിനെ വിവരം അറിയിക്ക്  

ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് അവളുടെ അച്ഛന്‍റെ ഫോണ്‍ നമ്പര്‍ കുറിച്ചെടുത്തു.......കുറച്ചു സമയത്തിനുള്ളില്‍ നീലയുടെ അച്ഛനും അമ്മയും ആസ്പത്രിയിലെത്തി.......

ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ ആശുപത്രി സന്ദര്‍ശിക്കുക അയാള്‍ പതിവാക്കി.  ദിവസങ്ങള്‍ക്കു ശേഷം ഒരു വൈകുന്നേരം ആശുപത്രിയിലെ നിഴലുറങ്ങുന്ന ഇടനാഴിയിലൂടെ അയാള്‍ നടക്കുകയായിരുന്നു.  ഡോക്റ്റര്‍ രാഹുലിനെ അയാള്‍ കണ്ടു.

നീലയുടെ ഒരു കാല്‍ മുട്ടിനു താഴെ മുറിച്ചു - രാഹുല്‍ പറഞ്ഞു.

അയാള്‍ കൂടുതലൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ തിരിഞ്ഞു നടന്നു.

അവള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയതിനു ശേഷം അവള്‍ക്ക് അയാളെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ട് അവളുടെ അച്ഛന്‍ അയാള്‍ക്ക് ഫോണ്‍ ചെയ്തു.  അയാള്‍ ചെന്നില്ല.  അയാക്കൊരു കത്തയച്ചു അവള്‍.  കത്തു പൊട്ടിക്കാതെ അയാള്‍ മേശ വലിപ്പിലിട്ടു.

പിന്നെയും മുന്നോട്ടുരുണ്ട കാലത്തിനിടയില്‍ അയാളിലും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു.  അയാള്‍ ഔദ്യോഗിക തലത്തില്‍ ഉയര്‍ന്ന പദവികള്‍ ചവുട്ടിക്കയറി........

അവിചാരിതമായി അയാള്‍ക്കൊരു കത്ത് കിട്ടി.  അത് നീലയുടെ കത്ത് ആയിരുന്നു.  ചെറ്റിട ആ കത്ത് അയാള്‍ തിരിച്ചും മറിച്ചും പിടിച്ചു.  ഒരുവേള കത്ത് പൊട്ടിച്ചു വായിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. പിന്നെ വേണ്ടെന്നു വെച്ച് അയാള്‍ കത്ത് മേശവലിപ്പിലിട്ടു.

പിന്നെയും വര്‍ഷങ്ങള്‍ പലതു കൊഴിഞ്ഞു.  ഒരു ദിവസം ഇംഗ്ലീഷ് പത്രം വായിക്കുന്നതിടയില്‍ മുന്‍ താളിലെ വലതുവശത്ത് ചിത്രത്തോടെ കൊടുത്ത വാര്‍ത്ത - District collector killed in violence.

സമുദായ ലഹളയില്‍ മരണമടഞ്ഞ നീല അയ്യരെ കുറിച്ച് പത്രം സവിസ്തരം എഴുതിയിരിക്കുന്നു.  പൊയ്ക്കാലുമായി പോലീസ് വ്യൂഹത്തിനൊപ്പം ലഹള നിയന്ത്രിക്കാന്‍ ജില്ലാ കലക്ടരും ഉണ്ടായിരുന്നുവത്ര!

കനത്ത ഹൃദയത്തോടെ മേശവലിപ്പില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന രണ്ടു കത്തുകള്‍ അയാള്‍ പുറത്തെടുത്തു -

സുധാകര്‍, നിന്നെയൊന്നു കാണണം.  നന്ദി പറയാനല്ല.  നീയെന്നെ വെറുക്കരുതെന്നു പറയാന്‍ വേണ്ടി മാത്രം. പ്ലീസ്....

രണ്ടാമത്തെ നീലയുടെ കത്ത് - സുധാകര്‍, ഐ.എ.എസ്. കിട്ടി. പോസ്റ്റിങ്ങ് എന്‍റെ പ്രിയപ്പെട്ട നാട്ടില്‍....

ഒരിറ്റു കണ്ണീര്‍ അടര്‍ന്നു വീണൂ.  നീലയ്ക്ക് ബലിതര്‍പ്പണമായി............

Friday, July 23, 2010

വിവേചനം ഇങ്ങനെയും


Posted on: 19 Jul 2010
പി.ഇ. ഉഷ


ഇപ്പോഴും ആദിവാസി മേഖലകളില്‍ പുറത്തുനിന്ന് വന്നിട്ടുള്ള പുരുഷന്മാര്‍ ആദിവാസി സ്ത്രീകളെ തന്ത്രപൂര്‍വം കുരുക്കില്‍പ്പെടുത്തുന്ന സംഭവങ്ങള്‍ വിരളമല്ല. ഇവയൊന്നുംതന്നെ വിവാഹമെന്ന സ്ഥാപനത്തിലെത്തുന്നവയല്ല. സ്ത്രീയുടെ ഇടവും വിഭവങ്ങളും ഉപയോഗപ്പെടുത്തി അവരോടൊപ്പം കുറച്ച് കാലം ചെലവഴിച്ച് പിരിഞ്ഞുപോകുന്നവരാണ് ഏറെയും


അനീഷ പ്ലസ് ടു പാസ്സായത് എഴുപത്തിമൂന്ന് ശതമാനം മാര്‍ക്കോടുകൂടിയാണ്. അവളുടെ സമൂഹത്തില്‍നിന്ന് ഇത്രയും മാര്‍ക്കോടെ ഒരു കുട്ടി പ്ലസ് ടു പാസ്സാകുന്നത് ആദ്യമായാണ്. പ്രത്യേക ട്യൂഷനോ സഹായങ്ങളോ ഒന്നുംതന്നെയുണ്ടായിരുന്നില്ല. സ്വന്തം പ്രയത്‌നത്തിന്റെ ഫലം. പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശന പരീക്ഷയെഴുതി. ആദിവാസി ആചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന അവള്‍ ആദിവാസി വിഭാഗത്തിനായി നീക്കിവെച്ച സീറ്റിനായി അപേക്ഷ നല്കി. അപ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്.

അച്ഛന്‍ ഈഴവനും അമ്മയുടെ അച്ഛന്‍ നായരുമായതുകൊണ്ട് അവളെ ആദിവാസിവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്ന ഉത്തരവുണ്ടായി. അമ്മയുടെ അച്ഛന്‍ അമ്മയുടെ അമ്മയുടെ ഒപ്പം ജീവിച്ചിരുന്നത് അവരുടെ ഊരില്‍ത്തന്നെയായിരുന്നു. അയാള്‍ നായരാണെന്ന് അറിഞ്ഞത് വിളിപ്പേരില്‍നിന്നു മാത്രമായിരുന്നു. അദ്ദേഹത്തിന്റെ നാട്ടിലേക്ക് മക്കളെയോ അവരുടെ അമ്മയെയോ കൊണ്ടുപോയിട്ടില്ല. ബന്ധുക്കളെയും അറിയില്ല. അദ്ദേഹം മരിച്ചതും ഊരില്‍വെച്ചുതന്നെയായിരുന്നു.

നായരായിരുന്ന അനീഷയുടെ അമ്മയുടെ അച്ഛന്‍ കുടുംബത്തിന്റെ സമൃദ്ധിക്കായി തന്റെ വീട്ടില്‍നിന്ന് ഒന്നും കൊണ്ടുവന്നതായി അറിയില്ല. മറിച്ച് ആ കുടുംബം നിലനിന്നത് അനീഷയുടെ അമ്മയുടെ അമ്മയുടെ ഭൂസ്വത്ത് ഉപയോഗപ്പെടുത്തി മാത്രമായിരുന്നു. അദ്ദേഹം ആ പ്രദേശത്ത് എത്തുന്നത് മണ്ണാര്‍ക്കാട് മൂപ്പില്‍ നായരുടെ പണിക്കാരനായിട്ടാണ്. അമ്മയുടെ അമ്മ നഞ്ചിയെ കണ്ടെത്തുന്നത് ഊരിനടുത്ത് ജോലിക്ക് വന്നപ്പോഴായിരുന്നു. അനീഷയുടെ അമ്മയും ഈഴവ സമുദായത്തില്‍പ്പെട്ട അനീഷയുടെ അച്ഛനും സ്‌നേഹിച്ച് അവരുടെ ഊരില്‍ത്തന്നെ ഒരുമിച്ച് ജീവിക്കുകയായിരുന്നു. അനീഷയ്ക്ക് ഇളയതായി പിറന്ന, സെറിബ്രല്‍ പാള്‍സി ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കും പരിചരണങ്ങള്‍ക്കുമായാണ് അവര്‍ ഊരില്‍നിന്നും യാത്രാസൗകര്യമുള്ള മറ്റൊരിടത്തേക്ക് മാറി താമസിക്കുന്നത്. അധികം താമസിയാതെ അനീഷയുടെ അച്ഛന്‍ മരിച്ചു. ടി.ടി.സി. പാസ്സായ അനീഷയുടെ അമ്മയ്ക്ക് ഒരിക്കല്‍ സര്‍ക്കാര്‍ ജോലി അടുത്തെത്തിയെങ്കിലും അച്ഛന്‍ നായരാണെന്നതിനാല്‍ നഷ്ടമായി. ഇപ്പോള്‍ ദിവസക്കൂലിയടിസ്ഥാനത്തില്‍ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നു.

സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് അച്ഛന്റെ ജാതിയാണ് കുട്ടികള്‍ക്ക് കണക്കാക്കേണ്ടത് എന്ന സര്‍ക്കാര്‍ ഉത്തരവ്. അതുപിന്നീട് പരിഷ്‌കരിക്കപ്പെട്ടു. ആദിവാസികളുടെ ആചാരപ്രകാരമാണ് ജീവിക്കുന്നത്. എങ്കില്‍ അവര്‍ക്ക് ആദിവാസി എന്ന പരിഗണന നല്കാമെന്നായി. എന്നാല്‍ ഇവിടെ തര്‍ക്കവിഷയമായി വരുന്ന രണ്ടുമൂന്നു കാര്യങ്ങളുണ്ട്. ഒന്ന്, ആചാരങ്ങള്‍ ആരാണ് തീരുമാനിക്കുക. രണ്ട്, ആചാരങ്ങള്‍ കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ അത് എങ്ങനെ തീരുമാനിക്കപ്പെടും?

ഇത്തരം കാര്യങ്ങളില്‍ കേരളത്തില്‍ തീര്‍പ്പുകല്പിക്കുന്നത് കിര്‍ത്താഡ്‌സ് ആണ്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പെണ്‍കുട്ടിക്ക് സംവരണാനുകൂല്യത്തിന് അര്‍ഹതയില്ല എന്നു വിധിച്ചു. ഇവിടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് പ്രസക്തിയുണ്ടായില്ല.

പത്തുമാസം ഗര്‍ഭം ചുമക്കുകയും പ്രസവിക്കുകയും ചെയ്ത് മറ്റെല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റി കുഞ്ഞു വളരുമ്പോള്‍ അച്ഛന്റെ ജാതി കുട്ടിക്ക് ചാര്‍ത്തിക്കിട്ടുകയാണ്. ഇത് സ്ത്രീകളോടുള്ള വിവേചനമാണ്. സാമൂഹികമായ അനീതിയുമാണ്. അനീഷ ഉള്‍പ്പെടുന്ന മുഡൂഗ സമൂഹത്തില്‍നിന്ന് ഒരേയൊരു ഡോക്ടര്‍ മാത്രമാണ് ഇതുവരെയുണ്ടായിട്ടുള്ളത്. അനീഷയുടെ വീട്ടില്‍ ആരുംതന്നെ ഉയര്‍ന്ന വിദ്യാഭ്യാസമോ സര്‍ക്കാര്‍ ഉദ്യോഗമോ ഉള്ളവരല്ല. നായരുടെ മകളായ അനീഷയുടെ അമ്മയൊഴികെ, എല്ലാ മക്കളും വിവാഹം കഴിച്ചിരിക്കുന്നത് മുഡൂഗ സമുദായത്തില്‍നിന്നോ അല്ലെങ്കില്‍ പ്രാക്തന ഗോത്രത്തില്‍പ്പെട്ട കുറുംബ സമുദായത്തില്‍നിന്നോ ആണ്.

അനീഷ ഈഴവ ആചാരങ്ങളനുസരിച്ചുള്ള ഒരു ചടങ്ങുകള്‍ക്കും വിധേയയായിട്ടില്ല. അതുപോലെ നായര്‍ സമുദായ ആചാരങ്ങള്‍ക്കനുസരിച്ചുള്ള ചടങ്ങുകള്‍ക്ക് അനീഷയുടെ അമ്മയും. എസ്.എന്‍.ഡി.പി.ക്കാരോ എന്‍.എസ്.എസ്സുകാരോ അനീഷയെയോ അനീഷയുടെ അമ്മയെയോ അറിയുമോ? സാധ്യതയില്ല. സര്‍ക്കാര്‍ ഉത്തരവുകൊണ്ട് ഉണ്ടാക്കാവുന്നതല്ലല്ലോ അത്തരം സാധ്യതകള്‍.

ഇപ്പോഴും ആദിവാസി മേഖലകളില്‍ പുറത്തുനിന്ന് വന്നിട്ടുള്ള പുരുഷന്മാര്‍ ആദിവാസി സ്ത്രീകളെ തന്ത്രപൂര്‍വം കുരുക്കില്‍പ്പെടുത്തുന്ന സംഭവങ്ങള്‍ വിരളമല്ല. ഇവയൊന്നുംതന്നെ വിവാഹമെന്ന സ്ഥാപനത്തിലെത്തുന്നവയല്ല. സ്ത്രീയുടെ ഇടവും വിഭവങ്ങളും ഉപയോഗപ്പെടുത്തി അവരോടൊപ്പം കുറച്ച് കാലം ചെലവഴിച്ച് പിരിഞ്ഞുപോകുന്നവരാണ് ഏറെയും.

ആ കുട്ടികള്‍ക്ക് ഈ അച്ഛന്മാരുടെ ജാതി ചാര്‍ത്തിക്കൊടുക്കുന്ന ഉത്തരവ് എത്ര ആഭാസകരമാണ്. സ്വന്തം ശരീരത്തിന്മേല്‍ സ്ത്രീകള്‍ക്കുള്ള അവകാശം സംരക്ഷിച്ചുകിട്ടാതിരിക്കുന്ന അവസ്ഥ നേരിടുന്ന അവര്‍ തന്നെ തങ്ങള്‍ കഷ്ടപ്പെട്ടു വളര്‍ത്തിയുണ്ടാക്കിയ കുട്ടികള്‍ തങ്ങളുടെ ജാതിക്കാരല്ല എന്നു കേട്ട് അത്ഭുതപ്പെടുമ്പോഴും അവരുടെ ജാതി നിര്‍ണയിക്കുന്ന ഊരുമൂപ്പന്മാരും മറ്റും ഈ കുട്ടികള്‍ അവരുടെ ജാതിയിലാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത്തരം സംഭവങ്ങളോടുള്ള അലംഭാവങ്ങള്‍ ഒരു സമൂഹത്തോടുതന്നെ ചെയ്യുന്ന ക്രൂരതകളാണ്.

തന്റേതല്ലാത്ത കാരണങ്ങളാല്‍ അവകാശനിഷേധവുമായി താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ മുഴുവന്‍ ദൗര്‍ബല്യങ്ങളെയും പിന്നാക്കാവസ്ഥകളെയും സ്വാംശീകരിച്ച് അനീഷ നമുക്കു മുന്നില്‍ നിശ്ശബ്ദയായി നില്ക്കുമ്പോള്‍ കിര്‍ത്താഡ്‌സ് പോലെയുള്ള സ്ഥാപനങ്ങള്‍ ഇത്ര ലാഘവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തുകൂടാ എന്നു പറയേണ്ടിവരുന്നു. അതോടൊപ്പം ഒരു സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ആ സമൂഹത്തിനുതന്നെ വിട്ടുകൊടുക്കുകയാണ് വേണ്ടത്.

സര്‍ക്കാര്‍ ഉത്തരവുണ്ടാകുമ്പോള്‍ തന്നെ അത് എങ്ങനെ നടപ്പാക്കപ്പെടുന്നുവെന്നത് വിലയിരുത്തണം; പ്രത്യേകിച്ചും പ്രാന്തവല്‍കൃത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ളതാകുമ്പോള്‍. നീതിപീഠങ്ങളെയും അതുപോലെ മറ്റു സ്ഥാപനങ്ങളെയും സമീപിച്ച് അന്തിമമായി നീതി നടപ്പാക്കിയെടുക്കാനുള്ള ശേഷിയില്ലാത്ത സമൂഹങ്ങളോട് ഇത്തരത്തിലുള്ള നീതികേട് ഇനിയെങ്കിലും കാണിക്കരുത്. അവരുടെ കുട്ടികള്‍ക്ക് ജന്മാവകാശമായി കിട്ടുന്ന സ്വന്തം വംശത്തിന്റെ അവകാശമെങ്കിലും അനുവദിച്ച് കൊടുക്കാനുള്ള കാരുണ്യം ഉണ്ടാവുമെന്ന് ഇനിയും പ്രതീക്ഷിക്കാമോ? അഥവാ നമ്മുടെ പൊതുസമൂഹത്തില്‍ ഇത്തരം നീതികേടുകളെ തളച്ചിടാന്‍ ആരു തയ്യാറുണ്ട്? 

http://www.mathrubhumi.com/story.php?id=114001

Tuesday, July 20, 2010

സുകുമാര്‍ അഴീക്കോടും കാലികപ്രശ്നങ്ങളും

ഞങ്ങള്‍ അമ്പലവാസികളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള യുവതികളുണ്ട്.  അമ്പലങ്ങളില്‍ ഗുമസ്തപ്പണിയെങ്കിലും കൊടുത്ത് അവരെ രക്ഷിക്കേണ്ടതിനു പകരം അനാഥരാക്കുന്ന നയമല്ലേ സര്‍ക്കാര്‍ സ്വീകരിക്കുന്നത്?

എന്തിനാണ് ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുത്തത്?  വിദേശഫണ്ടുകള്‍ കുത്തിയൊഴുകുന്ന ഹൈന്ദവേതര മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ല?  മുക്രിക്കും മദ്രസ അദ്ധ്യാപകര്‍ക്കും പെന്ഷന്‍ കൊടുക്കുകയും ഹജ്ജിന് സബ്സിഡി അനുവദിക്കുകയും വഖഫ് ബോര്‍ഡിനെ തോളിലേറ്റി തലോടുകയും ചെയ്യുന്ന സര്‍ക്കാര്‍ എന്തു സംവര്‍ണമാണ് സവര്‍ണ ന്യൂനപക്ഷത്തിന് നല്‍കിയത്?  ഉയര്‍ന്ന ജാതിക്കാര്‍ക്ക് സംവരണം നല്‍കരുതെന്ന് സുപ്രീംകോടതിയില്‍ കേസ് വന്നപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ അരഭിപ്രായം രേഖപ്പെടുത്തി - "സവര്‍ണരിലും പാവപ്പെട്ടവരില്ലേ" എന്ന്.  നാല് വോട്ടിനു വേണ്ടി കേരളത്തിലെ മുന്‍-പിന്‍ സര്‍ക്കാരുകള്‍ നടത്തുന്ന തീക്കളി സമൂഹത്തിലുണ്ടാക്കാവുന്ന ഭവിഷ്യത്തുകള്‍ എത്രമാത്രം തീക്ഷ്ണമായിരിക്കുമെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചരിക്കുന്നു.

.ഈ സവര്‍ണര്‍ ഇന്ത്യക്കാരല്ലേ?  കേരളീയരല്ലേ?  അര്‍ഹിക്കുന്നവര്‍ക്ക് സംവരണം കൊടുക്കരുതെന്ന് പറയാനുള്ള അവകാശം ഈ ജനാധിപത്യ വ്യവസ്ഥയില്‍ ഇല്ലെന്ന കാര്യം മറക്കരുത്..  സംവരണത്തിന്‍റെ ക്രൂരത ഏറ്റവുമധികം അനുഭവിച്ചിട്ടുണ്ട്.  എന്‍ട്രന്സ് പരീക്ഷയ്ക്ക് 30,000 റാങ്കില്‍ വന്ന സംവരണക്കാരെ എടുത്തിട്ടേ 4000 - 5000 റാങ്കുകാര്‍ക്ക് കിട്ടൂ.  ഇന്ത്യയിലല്ലാതെ ലോകത്തിന്‍റെ മറ്റൊരു കോണിലും ഇങ്ങനെയുള്ള അനീതികള്‍ നടക്കുന്നില്ല.  പാശ്ചാത്യരാജ്യങ്ങളില്‍ മികവുതന്നെയാണ് പ്രധാനം.

"രാധ എപ്പോഴും ദുഃഖിതയാണ്" എന്ന് മാസ്റ്റര്‍ സൂചിപ്പിച്ചു.  സന്തോഷിക്കാന്‍ കഴിയുന്നില്ല.  30 വര്‍ഷം അദ്ധ്യാപികയായിരുന്നു.  സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയത്തില്‍ ലക്ചററും പ്രിന്സിപ്പലുമൊക്കെയാവാന്‍ സാദ്ധ്യതകളുണ്ടായിരുന്നു.  എന്‍റെ സീനിയോറിറ്റി മറികടന്ന് ഒരദ്ധ്യാപകന്‍ ലക്ചററായി, പ്രിന്സിപ്പലായി.  9 വര്‍ഷം!  ഐക്യജനാധിപത്യ മുന്നണിയോ ഇടതുപക്ഷ സര്‍ക്കാരോ സഹായിച്ചിട്ടില്ല.  സെക്രട്ടേറിയറ്റിലെ ഫയലുകളില്‍ (വിദ്യാഭ്യാസ വകുപ്പില്‍) എന്‍റെ നിരവധി പരാതികള്‍ സുഖനിദ്രയിലായിരിക്കും.  മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീറിനും ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിക്കും 'അനര്‍ഹമായതൊന്നും വേണ്ട, അര്‍ഹിക്കുന്ന പോസ്റ്റ് അനുവദിക്കണ' മെന്ന് അനേകം നിവേദനങ്ങള്‍.  ഒന്നും സംഭവിച്ചില്ല.  ഒടുവില്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു.  എല്ലാ ആനുകൂല്യങ്ങളും നല്‍കി ഹയര്‍ സെക്കണ്ടറിയിലേക്ക് ഉദ്യോഗക്കയറ്റം കൊടുക്കണമെന്ന് കോടതി.  2007 മെയ് 9-ന് തിരുവനന്തപുരത്തെത്തി.  ശിക്ഷക് സദനില്‍ താമസിച്ചു.  ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റില്‍ പലതവണ കയറിയിറങ്ങി.  അന്നത്തെ എച്ച്.എസ്.എസ്. ഡയറക്ടര്‍ കാര്‍ത്തികേയന്‍ നായരെ കണ്ടു.  ഉദ്യോഗസ്ഥരായ ഷാജി, ബാബു, രാധിക എല്ലാവരും ഒരേ മനസ്സായിരുന്നു.  2007 മെയ് 31ന് വിരമിക്കുന്ന എനിക്ക് എച്ച്.എസ്.എസ്സിലേക്ക് പ്രമോഷന്‍ അനുവദിക്കണം.  കാര്‍ത്തികേയന്‍ നായര്‍ നേരിട്ടുതന്നെ നിയമകാര്യവകുപ്പിലെത്തി അന്വേഷിച്ചു.  നടന്നില്ല.

വനം മന്ത്രി ബിനോയി വിശ്വത്തെ ഓഫീസില്‍ പോയി കണ്ടു.  കെ.എസ്.ടി.എ. ഓഫീസില്‍ പോയി എ.കെ.ചന്ദ്രനെ കണ്ടു.  രക്ഷയില്ല.  കോടതിവിധി നടപ്പാക്കിക്കിട്ടാനാണ് ഈ ജനാധിപത്യരാജ്യത്ത്,  സാക്ഷരകേരളത്തില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ വാതിലുകള്‍ കയറിയിറങ്ങിയത്.  മെയ് 12ന് വീണ്ടും ബിനോയ് വിശ്വത്തിന്‍റെ ചേംബറിലെത്തി.  മന്ത്രിക്കു മുന്നില്‍ നിരവധി ഉദ്യോഗസ്ഥരുണ്ടായിരുന്നു.  അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയെ കാണാന്‍ നിര്‍ദ്ദേശിച്ചു.  എം.എ.ബേബി സ്ഥലത്തില്ല.  അദ്ദേഹത്തിന്‍റെ പി.എ. മണിറാമിനെ കണ്ടു.  നിവേദനം സമര്‍പ്പിച്ചു.  ഒരാഴ്ചകൊണ്ട് കാര്യം ശരിയാകുമെന്ന് പറഞ്ഞു.  വര്‍ഷം 2010 ആയി.  ഒന്നും സംഭവിച്ചില്ല.

സമാന രീതിയിലുള്ള ഒരു പ്രശ്നത്തില്‍ നായനാര്‍ മന്ത്രിസഭ പാസ്സാക്കി സര്‍വ ആനുകൂല്യങ്ങളും നല്‍കിയ അദ്ധ്യാപക ദമ്പതികളെ അറിയാം.  അവര്‍ക്ക് രാഷ്ട്രീയ പിന്ബലമുണ്ട്;  എന്‍റെ സേവനകാലമാകെ അട്ടിമറിച്ച അദ്ധ്യാപകനും.  എനിക്കുവേണ്ടി കേസ് വാദിച്ചു ജയിച്ചത് പി.ആര്‍. രാമചന്ദ്രമേനോനായിരുന്നു.  അദ്ദേഹം ഇന്ന് ഹൈക്കോടതി ജഡ്ജിയാണെന്ന് പത്രം വഴി അറിഞ്ഞു.  രാഷ്ട്രീയ സ്വാധീനവും ധനവുമുണ്ടെങ്കില്‍ കേരളത്തില്‍ ഏതു ജയിച്ച കേസും ഇല്ലാതാക്കാം.


നാലു പ്രാവശ്യം തോറ്റ, ഒരു രാഷ്ട്രീയക്കാരന്‍റെ ഭാര്യയ്ക്ക് അഞ്ചാം തവണ രണ്ടാം റാങ്ക്!  രണ്ടാം റാങ്ക് ലഭിക്കാന്‍ അര്‍ഹതപ്പെട്ടവന്‍ കേസ് കൊടുത്തു.  രണ്ടാം റാങ്കുകാരിയുടെ സര്‍ട്ടിഫിക്കറ്റ് സറണ്ടര്‍ ചെയ്തുവെന്ന് കേട്ടു.  ദീര്‍ഘകാല അദ്ധ്യാപന പരിചയം കൊണ്ട് എഴുതുകയാണ് - നാലഞ്ചു പ്രാവശ്യം പരാജയപ്പെട്ട ഒരു വിദ്യാര്‍ത്ഥിക്ക് റാങ്ക് കിട്ടുക പ്രയാസമാണ്.  പാസ്സാകുമായിരിക്കും.  ഏതു മുന്നണി ഭരിച്ചാലും ഇങ്ങനെയുള്ള പക്ഷപാതം കാണാറുണ്ട്.


( ശ്രീമതി. കെ.എം. രാധ ജ്വാല മാസികയില്‍ എഴുതിയ ഹൃദയ സ്പര്‍ശിയായ ലേഖനത്തില്‍ നിന്ന്.  മുഴുവന്‍ വായനക്കും അവര്‍ എഴുതിയ ലേഖനത്തിന്‍റെ താളുകള്‍ ഇവിടെ സ്കാന്‍ ചെയ്ത് ചേര്‍ക്കുന്നു.  കാരണം അവരുടെ ഓര്‍മ്മകളിലുടെയുള്ള ഗുരുവന്ദനത്തിന്‍റെ തീര്‍ത്ഥാടനം ഹൃദയഹാരിതന്നെയാണ്)




Monday, July 19, 2010

പെരിയാറിനെ രക്ഷിക്കാന്‍

ഡോ.സി.എം.ജോയി

 ആദിശങ്കരാചാര്യരുടെ ധന്യജീവിതവുമായി ബന്ധമുള്ള കേരളത്തിലെ ഏക നദിയാണ്‌ പെരിയാര്‍. കേരളീയര്‍ പുണ്യനദിയായിട്ടാണ്‌ പെരിയാറിനെ കാണുന്നത്‌. കാലടി, മലയാറ്റൂര്‍, ആലുവ ശിവരാത്രി മണപ്പുറം ഉളിയന്നൂര്‍ പെരുന്തച്ചന്‍ അമ്പലം, ചേലാമറ്റം, തിരുഐരാണിക്കുളം തുടങ്ങി എണ്ണമറ്റ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ പെരിയാറിന്റെ തീരത്താണ്‌. ഇതുകൂടാതെ ജലവൈദ്യുതപദ്ധതികള്‍, ലിഫ്റ്റ്‌ ഇറിഗേഷനുകള്‍, കുടിവെള്ള പമ്പിംഗ്‌, വ്യാവസായിക പമ്പിംഗ്‌ എന്നിവയ്ക്കെല്ലാം പെരിയാര്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്‌. പെരിയാറ്റില്‍ 15 അണക്കെട്ടുകളുണ്ട്‌. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി പെരിയാറ്റിലാണ്‌. വ്യവസായം, കുടിവെള്ളം, കൃഷി എന്നീ ആവശ്യങ്ങള്‍ക്ക്‌ പെരിയാറിനെ ആശ്രയിക്കുന്നുണ്ടെങ്കിലും പെരിയാറിന്റെ സംരക്ഷണം ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്‌ തികഞ്ഞ അനാസ്ഥയാണ്‌. 

ഇന്ന്‌ പെരിയാര്‍ തീരം കയ്യേറുന്നത്‌ ഒരു പതിവുകാഴ്ചയാണ്‌. മണല്‍വാരല്‍മൂലവും വൃഷ്ടിപ്രദേശ വനനശീകരണംമൂലവും കുന്നിടിക്കലും പുഴവെള്ളം തിരിച്ചുവിടുന്നതും അണക്കെട്ടുകളും മൂലവും പുഴയുടെ ഒഴുക്കുതന്നെ ശോച്യാവസ്ഥയിലാണ്‌. ഒഴുക്ക്‌ കുറഞ്ഞപ്പോള്‍ നദീതീരത്ത്‌ തെളിഞ്ഞുവന്ന കരയാണ്‌ ആളുകള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്‌. മണല്‍വാരല്‍ നിരോധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലും വ്യാപകമായ മണല്‍ ഖാനനം നടക്കുകയാണ്‌. പുഴയുടെ അടിത്തട്ട്‌ പൊളിച്ച്‌ മണല്‍വാരുന്നതുമൂലം സമീപപ്രദേശ കിണറുകള്‍ മഴമാറിയാല്‍ വറ്റുന്ന അവസ്ഥയിലാണ്‌. മണല്‍വാരി പുഴ നശിപ്പിക്കുന്നതും പുഴ മലിനീകരിക്കുന്നതും പുഴ വെള്ളം ദുരുപയോഗം ചെയ്യുന്നതും തടയുവാന്‍ തക്കസംവിധാനങ്ങളുടെ അപര്യാപ്തത പെരിയാര്‍ നദിയെ കൂടുതല്‍ നാശോന്മുഖമാക്കുകയാണ്‌. കൊച്ചി നഗരത്തിലെ 10 ലക്ഷം ജനങ്ങള്‍ക്ക്‌ കുടിവെള്ളം നല്‍കുന്നതുള്‍പ്പെടെ 50 ലക്ഷം ആളുകള്‍ പെരിയാറിനെ ആശ്രയിക്കുന്നവരാണ്‌.ഒരുപക്ഷെ പെരിയാര്‍ പൂര്‍ണ്ണമായി മലിനീകരിക്കപ്പെട്ടാല്‍ നാമാവശേഷമാകുക കൊച്ചി നഗരമായിരിക്കും. നഗരത്തില്‍ കിണര്‍ കുഴിച്ചാല്‍ ഉപ്പുവെള്ളമായതിനാല്‍ ഈ നഗരം ജല ആവശ്യങ്ങള്‍ക്ക്‌ മുഴുവനായും പെരിയാറിനെയാണ്‌ ആശ്രയിക്കുന്നത്‌. പെരിയാറിന്റെ വൃഷ്ടിപ്രദേശത്തെ വനമേഖല നശിപ്പിക്കുന്നത്‌ തടയുന്നതിനോ, നദിയിലോട്ട്‌ അഴുക്കുചാലുകള്‍ തുറന്നുവച്ചിരിക്കുന്നത്‌ ഒഴിവാക്കുവാനോ, സംസ്കരിക്കാത്തതും പകുതി സംസ്കരിച്ചതുമായ ദ്രവ-ഖരമാലിന്യങ്ങള്‍ നദിയിലോട്ട്‌ തള്ളുന്നത്‌ തടയുന്നതിനോ, നദീതീരം ഇടിയുന്നത്‌ തടയുന്നതിനോ, നദീസംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമം നടപ്പാക്കുന്നതിനോ നദിയുടെ സഞ്ചാരപാത കയ്യേറി സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കുന്നത്‌ തടയുന്നതിനോ കൃഷിയിടങ്ങളില്‍നിന്ന്‌ വ്യാപകമായി ഒലിച്ചിറങ്ങുന്ന കീടനാശിനിയും കൂടിയതോതിലുള്ള രാസവളവും പുഴയിലോട്ട്‌ ഒലിച്ചിറങ്ങുന്നത്‌ തടയുന്നതിനോ ഉള്‍നാടന്‍ പുഴമത്സ്യവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനോ സര്‍ക്കാര്‍ ഒരു നടപടിയും ചെയ്യുന്നില്ല.

പെരിയാറിന്റെ സംരക്ഷണത്തിനായി ലക്ഷങ്ങള്‍ മുടക്കി ഉണ്ടാക്കിയ ഒരു ഡസനിലേറെ പദ്ധതികള്‍ കടലാസ്സുകളില്‍ ഉറങ്ങിക്കിടക്കുകയാണ്‌. പെരിയാര്‍ സംരക്ഷണത്തിനായി ഇതുവരെ നടത്തിയ സെമിനാറുകളും സമ്മേളനങ്ങളും ശില്‍പ്പശാലകളും പാഴ്‌വേലകളായി മാറിയിരിക്കുകയാണ്‌. ജനങ്ങള്‍ക്ക്‌ ശുദ്ധജലം നല്‍കുന്നതിലും ഒരു നാടിന്റെ ജീവനാഡിയായ നദിയെ സംരക്ഷിക്കുന്നതിലും ഈ സര്‍ക്കാരിന്‌ ഒരു താല്‍പ്പര്യമില്ല എന്നുതന്നെയായിട്ടുമാത്രമേ ഈ അവഗണനയെ കാണാനാകൂ. ഇരവികുളം ദേശീയ ഉദ്യാനം, ഇന്ദിരാഗാന്ധി ദേശീയ ഉദ്യാനം, പെരിയാര്‍ കടുവ സംരക്ഷണകേന്ദ്രം, ഇടുക്കി വന്യജീവി സംരക്ഷണകേന്ദ്രം, ചിന്നാര്‍ വന്യജീവിസംരക്ഷണകേന്ദ്രം, തട്ടേക്കാട്‌ പക്ഷി സങ്കേതം എന്നിവയ്ക്ക്‌ പെരിയാര്‍ നിലനിന്നാല്‍മാത്രമേ പ്രസക്തിയുണ്ടാകൂ.

കേരളത്തിലെ 300 ലധികം വ്യവസായശാലകള്‍ക്ക്‌ ജലം നല്‍കുന്ന പെരിയാര്‍ നശിച്ചാല്‍ കേരളത്തിന്റെ സാമ്പത്തിക, വ്യാവസായിക, വാണിജ്യ അടിത്തറയാണ്‌ ഇളകുക. വ്യവസായ മലിനജലം തടയുവാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതിനാല്‍ മത്സ്യക്കുരുതിയും ജൈവ വൈവിധ്യ ശോഷണവും പെരിയാറ്റില്‍ അരങ്ങേറുകയാണ്‌.

മഴക്കാലത്ത്‌ 850 കോടിയിലധികം ലിറ്റര്‍ ജലം പ്രതിദിനം ഒഴുകുന്ന പെരിയാറ്റിലെ ഒഴുക്ക്‌ വേനല്‍കാലങ്ങളില്‍ വെറും 50 കോടി ലിറ്ററാണ്‌. അശാസ്ത്രീയമായി പെരിയാര്‍ നദീതട മാനേജ്മെന്റാണ്‌ ഇത്തരത്തില്‍ ജലം പാഴായിപ്പോകുന്നതിന്‌ ഇടവരുത്തുന്നത്‌. നദിയിലെ ഒഴുക്ക്‌ ക്രമാതീതമായി കുറയുന്ന വേനല്‍ക്കാലത്തിനുമുമ്പുതന്നെ കിലോമീറ്ററുകളോളം നദിയ്ക്കകത്തോട്ട്‌ ഉപ്പുവെള്ളം ഇരച്ചുകയറുകയാണ്‌. ഇതു തടയുവാന്‍ പാതാളത്തും മഞ്ഞുമ്മലും പുറപ്പിള്ളിക്കാവിലും ബണ്ടുകള്‍ നിര്‍മിക്കുകയാണ്‌ പതിവ്‌. മഞ്ഞുമ്മലില്‍ ഇതിനോടകം റഗുലേറ്റര്‍ കം ബ്രിഡ്ജ്‌ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. എന്നിരിക്കിലും പെരിയാറ്റിലെ ഓരുവെള്ളക്കയറ്റം മൂലമുള്ള പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമായിട്ടില്ല. ആഗോളതാപനവും മഞ്ഞുരുകലും കാലാവസ്ഥാ വ്യതിയാനവും കടല്‍നിരപ്പ്‌ ഉയരലും മറ്റും കടലിലേയ്ക്കും കായലിലേയ്ക്കും ഒഴുകിയെത്തുന്ന പെരിയാര്‍പോലുള്ള നദികള്‍ക്കും നദിയെ ആശ്രയിച്ചു കഴിയുന്ന ലക്ഷോപലക്ഷം ആളുകള്‍ക്കും ഭീഷണിയാണ്‌.

കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി പെരിയാര്‍ സംരക്ഷണത്തിനായി മുറവിളികൂട്ടുന്ന നാട്ടുകാര്‍ക്ക്‌ നേരെ സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണ്‌. പെരിയാര്‍ അതോറിറ്റിയോ നദീതട അതോറിറ്റിയോ സ്ഥാപിക്കുമെന്ന്‌ പല തവണ പറഞ്ഞെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മറ്റു നടപടിയൊന്നും ഉണ്ടായിട്ടില്ല.

പെരിയാര്‍ വെള്ളം വില്‍പനയ്ക്ക്‌ വച്ചപ്പോള്‍ അധിനിവേശമാണെന്ന്‌ മുറവിളി കൂട്ടിയവരാണ്‌ പെരിയാറിനെ രക്ഷിക്കുവാന്‍ അവസരം ലഭിച്ചിട്ടും ഒന്നും ചെയ്യാതിരിക്കുന്നത്‌. പെരിയാറിന്റെ സംരക്ഷണത്തിന്‌ ഇച്ഛാശക്തിയോടെയുള്ള ഒരു ഇടപെടലാണാവശ്യം. നദിയൊഴുകുന്ന സ്ഥലങ്ങളില്‍ ജണ്ടയിട്ട്‌ തിരിക്കുന്ന ജോലി യുദ്ധകാലാടസ്ഥാനത്തില്‍ തുടങ്ങണം. അല്ലെങ്കില്‍ നദി വെറും തോടായി മാറുവാന്‍ കാലമേറെ വേണ്ടിവരില്ല. മലിനീകരണം തടയുവാന്‍ നദീ സംരക്ഷണ സ്ക്വാര്‍ഡ്‌ നിയമിക്കപ്പെടണം. കുടിവെള്ളക്ഷാമം വിളിച്ചുവരുത്തുന്ന മണല്‍വാരല്‍ നിയന്ത്രിച്ചേ മതിയാകൂ. അടിത്തട്ടുവരെ മണല്‍വാരി തീര്‍ത്ത നദിയമ.?ല്‍ ഏതാനും വര്‍ഷത്തേയ്ക്ക്‌ മണല്‍ വാരലിന്‌ മൊറട്ടോറിയം ഏര്‍പ്പെടുത്തണം. മലിനീകരിക്കുന്നവര്‍ നഷ്ടപരിഹാരം നല്‍കല്‍ എന്ന നിയമം പാസ്സാക്കണം. വൃഷ്ടിപ്രദേശം, കൃഷിഭൂമികള്‍, നദീതീരം, നദീപ്രദേശ തണ്ണീര്‍ത്തടങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി നദീതട ജല മാനേജ്മെന്റ്‌ പദ്ധതി നടപ്പാക്കിയാല്‍ മാത്രമേ നദിയിലെ വേനല്‍ക്കാല നീരൊഴുക്ക്‌ വീണ്ടെടുക്കുവാനാകൂ. നദീതീരം കരിങ്കല്‍ ഭിത്തികെട്ടി സംരക്ഷിക്കുക എന്ന പേരില്‍ സര്‍ക്കാര്‍ ചെലവില്‍ നദീതീരം കയ്യേറുവാന്‍ അവസരം നല്‍കുന്നത്‌ തടയണം. റിവര്‍ മാനേജ്മെന്റ്‌ ഫണ്ട്‌ ഭിത്തികെട്ടുവാന്‍ ഉപയോഗിക്കരുത്‌. ദ്രവ-ഖര മാലിന്യങ്ങള്‍ പുഴയിലോട്ട്‌ തള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെയും സ്വകാര്യ വ്യക്തികള്‍ക്കെതിരെയും മുഖം നോക്കാതെ നടപടി സ്വീകരിക്കണം. ഇടുക്കിയില്‍നിന്ന്‌ മൂലമറ്റത്തേയ്ക്ക്‌ വൈദ്യുതി ഉല്‍പ്പാദനത്തിനായി തിരിച്ചുവിട്ട പെരിയാര്‍ ജലം വൈദ്യുതി ഉല്‍പാദനത്തിനുശേഷം മൂവാറ്റുപുഴയിലേക്ക്‌ ഒഴുക്കുന്നതിനുപകരം പെരിയാറ്റിലേക്ക്‌ തിരിച്ചെത്തിക്കുവാനുള്ള നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ ലക്ഷക്കണക്കിന്‌ ആളുകളുടെ കുടിവെള്ള സ്രോതസ്സായ പെരിയാര്‍ സംരക്ഷിക്കപ്പെടണം. സ്മാര്‍ട്ട്‌ സിറ്റി പദ്ധതിപോലെയും മെട്രോ റെയില്‍ പദ്ധതിപോലെയും നാടുനീളെ കല്ലിട്ട്‌ വരും എന്നുപറയുന്ന ഐടി പാര്‍ക്കുകള്‍പോലെയും തറക്കല്ലിട്ട പാലങ്ങള്‍പോലെയും നടക്കാത്ത വികസന വാഗ്ദാനങ്ങള്‍പോലെയൊന്നും പെരിയാര്‍ അതോറിറ്റി സ്ഥാപിക്കുന്നത്‌ മുടങ്ങിപ്പോകരുത്‌. ഒരു നാടിന്റെ വികസനക്കുതിപ്പാണ്‌ പെരിയാറിന്റെ നാശംമൂലം നഷ്ടമാവുക. പെരിയാറിനെ മണല്‍ക്കൊള്ളക്കാര്‍ക്കും അതിന്റെ വൃഷ്ടിപ്രദേശം വനംകൊള്ളക്കാര്‍ക്കും തീരപ്രദേശം ഇഷ്ടിക കച്ചവടക്കാര്‍ക്കും കയ്യേറ്റക്കാര്‍ക്കും വിട്ടുകൊടുക്കാതെ സംരക്ഷിക്കുവാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്‌. പെരിയാര്‍ സംരക്ഷിക്കുമെന്ന്‌ വീമ്പിളക്കി അധികാരത്തിലേറിയ ആലുവ നഗരസഭയ്ക്കും കൊച്ചി നഗരസഭയ്ക്കും കേരളസര്‍ക്കാരിനും ഈ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറാനാകില്ല. 

പെരിയാര്‍ സംരക്ഷണം നടന്നില്ലെങ്കില്‍ ഭരണസംവിധാനത്തിന്റെ പിടിപ്പുകേടും അനാസ്ഥയും ഇക്കാര്യത്തിലുണ്ട്‌ എന്ന തരത്തിലാണ്‌ ജനം ഇതിനെ കണക്കാക്കുക. പ്രസ്താവനകളല്ല നമുക്കാവശ്യം, പ്രവര്‍ത്തിയാണ്‌. പെരിയാര്‍ സംരക്ഷണ കാര്യത്തില്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനുമുമ്പുതന്നെ നടപടികള്‍ ഉണ്ടാകണം. പെരിയാറിന്റെ ഉത്ഭവം മുതല്‍ പതനംവരെയുള്ള ഭാഗവും നീര്‍ത്തടവും ഒന്നായിക്കണ്ടുകൊണ്ട്‌ പെരിയാര്‍ അതോറിറ്റി രൂപീകൃതമാകണം. പുണ്യനദിയായ പമ്പയ്ക്ക്‌ ലഭിച്ച പരിഗണന പെരിയാറിനും ലഭിക്കണം. പെരിയാര്‍ സംരക്ഷണത്തിനായി ദേശീയ പുഴ സംരക്ഷണ അതോറിറ്റി വഴി പദ്ധതികള്‍ പാസ്സാക്കിയെടുക്കുവാന്‍ സര്‍ക്കാര്‍ പരിശ്രമിക്കണം. പെരിയാര്‍ തീരത്തുള്ള നാല്‍പ്പത്തിയേഴ്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പെരിയാര്‍ സംരക്ഷണ ഉദ്യമത്തില്‍ പങ്കാളികളാകണം. പെരിയാര്‍ വെറും ഒരു നദി മാത്രമല്ല, ഒരു സംസ്കാരമാണെന്ന തിരിച്ചറിവ്‌ സര്‍ക്കാരിനുണ്ടാകണം.