Saturday, July 31, 2010

ഒരു നിലാവിന്‍റെ ഓര്‍മ്മയ്ക്ക്

വട്ടമുഖം.  വിശാലമായ നെറ്റി.  നീണ്ട മൂക്ക്.  എണ്ണമയമില്ലാത്ത ചുരുണ്ട മുടി. ഇത് നീല അയ്യര്‍ .  അതെ അവള്‍ ഒരു ചന്തക്കുട്ടി തന്നെയാണ്. ടൈപ്റൈറ്ററിലൂടെ  അവളുടെ നീണ്ടുമെലിഞ്ഞ വെളുത്ത വിരലുകള്‍ താളാത്മകമായി ചലിക്കുന്നത് ആരും ഒരു നിമിഷം നോക്കി നില്‍ക്കും.

ലെഡ്ജറിന്‍റേയും കാഷ്ബുക്കിന്‍റേയും വിരസതയ്ക്കുള്ള അറുതിയെന്നോണം അയാള്‍ നീലയുടെ അടുത്തെത്തുന്നു അവളുടെ വിരലുകളുടെ താളരസങ്ങള്‍ക്ക്

സുധാകര്‍, നീയെത്തിയോ? കുറച്ചെന്നെ സഹായിക്ക്...കിഴവനെത്തിയാല്‍ പണി കഴിഞ്ഞില്ലെങ്കില്‍ തന്ത എന്നെ കൊന്നു തിന്നും............ അവള്‍ പൊട്ടിച്ചിരിച്ചു.

മലയാളം ഒരുവിധം ഒപ്പിക്കുന്ന നീല.  അവളുടെ അച്ഛന്‍ പാലക്കാടിനടുത്തുള്ള ഒരു ഗ്രാമത്തിലും അമ്മ കോയമ്പത്തൂര്‍കാരിയുമാണ്..  അച്ഛന്‍റെ ഗ്രാമത്തിനെക്കുറിച്ച് അവള്‍ ഒരുപാടു  ഓര്‍മ്മകള്‍ വളപ്പൊട്ടു പോലെ സൂക്ഷിക്കുന്നു.  അതവള്‍ക്ക് അമൂല്യ നിധിയാണ്.

അവളുടെ അച്ഛന്‍റെ വീട്ടില്‍ നിന്ന് കോഴിക്കോട്ടുള്ള ആന്‍റിയുടെ വീട്ടിലേക്ക് യാത്ര ചെയ്ത ഓര്‍മ്മകള്‍ അയവിറക്കി അവള്‍ വാചാലയാകുമായിരുന്നു.  അന്നേരം അവളുടെ വിടര്‍ന്ന കണ്ണുകളത്രയും ഏതോ മാസ്മരിക ഭാവത്തില്‍ സംസാരിക്കുന്നു


എന്തൊരു ഭംഗിയാണ്........സ്വര്‍ണ്ണമണികള്‍ വാരിവിതറിയ നെല്‍പ്പാടങ്ങള്‍.  അവയ്ക്ക് കുറുകെ പറന്നകലുന്ന കൊറ്റികള്‍.  ഇരുകരകളോടും സ്വകാര്യം പറഞ്ഞൊഴുകുന്ന പുഴ......അവളുടെ നുണക്കുഴികള്‍ പതിവിലധികം വിരിഞ്ഞു.

മതി......മതി........നിന്‍റെയൊരു പ്രകൃതി വര്‍ണ്ണന

നിനക്കെന്തു പറ്റി സുധാകര്‍......അവള്‍ ഒട്ടൊരു ആശ്ചര്യത്തോടെ അയാളെ നോക്കി.

അയാള്‍ ഒന്നും പറയാതെ പിന്‍ തിരിഞ്ഞു
അക്കങ്ങളുടെ ലോകത്തേക്ക് ഉള്വലിയാന്‍ ആയാള്‍ ശ്രമിച്ചു.  പക്ഷെ കഴിഞ്ഞില്ല.  താന്‍ എന്തിനാണ് നീലയോട് കയര്‍ത്തത്.  ഛേ, മോശമായി

ഇരിക്കപ്പൊറുതിയില്ലാതെ അയാള്‍ എഴുന്നേറ്റു.

ടൈപ് റൈറ്ററില്‍ തിരുകിക്കയറ്റിയ കമ്പനിയുടെ ചരിഞ്ഞ അക്ഷരങ്ങളുള്ള ലെറ്റര്‍ ഹെഡ്ഡില്‍ താളം പിടിച്ചു കൊണ്ടവള്‍ ഇരിക്കുകയായിരുന്നു.

സോറി, നീലാ

എന്തേ? ഓ...അതോ...സാരല്ല........ഇയ്യിടെയായിട്ട് നീ വല്ലാതെ ദേഷ്യപ്പെടുന്നു.  എന്തു പറ്റി നിനക്ക്

നതിങ്ങ് സീരിയസ്

എനിക്കറിയാം.  നിനക്ക് നാട്ടില്‍ പോണം......കിഴവന്‍ അവധി തരുന്നില്ല.  ശരിയല്ലേ

കിഴവനും അവന്‍റെയൊരു കമ്പനീം....ആര്‍ക്കു വേണം

വെരി ഗുഡ്. നിന്‍റെ ചുണ കാണിച്ച് കൊട് കിഴവന്

ആത്മര്‍ത്ഥതയില്ലാതെ പെരുമാറാന്‍ പറ്റുന്നില്ല നീലാ

ബുള്‍ഷിറ്റ്.......ആത്മാര്‍ത്ഥത വണ്‍വേട്രാഫിക്ക് ആവരുതല്ലോ......നോക്ക്, എനിക്കിവിടെ അധികനാള്‍ തുടരാന്‍ ഉദ്ദേശമില്ല......എനിക്ക് ഐ.എ.എസ്. എഴുതണം

അതു ശരി.  പാവങ്ങളെ പറ്റിച്ച് നിനക്ക് പണവം പാപ്പാസുമുണ്ടാക്കണം!

നിനക്ക് അങ്ങിനെ തോന്നുന്നുണ്ടോ, സുധാകര്‍?

നഗര ജീവിയായ നിനക്ക് മറ്റൊരു തരത്തില്‍ ചിന്തിക്കാന്‍ പറ്റുമോ?

തീര്‍ച്ചയായും

ഏതായാലും ഒരു പ്രവചനത്തിന്‍റെ ആവശ്യമില്ല - അയാള്‍ പറഞ്ഞു

വേണ്ട.......പക്ഷെ, സുധാകര്‍ നീയിവിടെ ഇനിയും നില്‍ക്കരുത്

നോക്കാം

പ്ലീസ്......നിന്‍റെ ഭാവിയെ ഓര്‍ത്തെങ്കിലും.  കിഴവന്‍ ഒരു മുശേട്ടയാണ്.  പണത്തിന് കാവലിരിക്കുന്ന ഭൂതത്താന്‍

മറ്റുള്ളവര്‍ക്ക് അപ്രിയമായവ അവള്‍ സ്വാഭാവികമായി പറയുന്നു.  ഉള്ളില്‍ അശേഷം കന്മഷമില്ലാതെ അവളുടെ വാക്കുകള്‍ പൊട്ടിച്ചിതറുമ്പോള്‍ അത് സത്യത്തിന്‍റെ നേര്‍ക്കുള്ള വഴികാട്ടിയാകുന്നു.

ചിലപ്പോള്‍ ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ പറ്റുന്ന സംഭാഷണ ശകലങ്ങളും..........

ഒരു വാരാന്ത്യം. സന്ധ്യ മയങ്ങുന്നു.  ഡബിള്‍ ഡക്കറിന്‍റെ മുകള്‍ തട്ടിലിരുന്ന് പുറം കാഴ്ചകള്‍ കാണുകയായിരുന്നു.  അവളിലെ ഗ്രാമീണ സൌന്ദര്യം സജീവ സാന്നിദ്ധ്യമാകുന്നത് അയാള്‍ അറിഞ്ഞു.

ലുക് ദേര്‍, സുധാകാര്‍ - അവള്‍ വിരല്‍ ചൂണ്ടിയ ദിക്കിലേക്ക് അയാള്‍ കണ്ണുകള്‍ പായിച്ചു.

ചത്തപോലെ ജീവിക്കുന്ന മനുഷ്യക്കോലങ്ങള്‍ ചീഞ്ഞളിഞ്ഞ് നാറ്റം വമിക്കുന്ന കുപ്പത്തൊട്ടിയിലെ അഴുകിയ പദാര്‍ത്ഥങ്ങള്‍ക്ക് നായ്ക്കൊള്‍ക്കൊപ്പം കടിപിടി കൂടുന്നു.

ഇതാണ് ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം - അവള്‍ പറഞ്ഞു.

എത്ര ശരി.  ഈ നഗരത്തില്‍ മനുഷ്യന് ഒരു വിലയുമില്ലെന്ന് അയാള്‍ അറിഞ്ഞു.

ബസ്സിനു പുറത്തിറങ്ങി ടെര്‍മിനസ് ലക്ഷ്യമാക്കി അയാള്‍ അവളോടൊപ്പം നടന്നു.

നീയെന്നാ എന്‍റെ വീട്ടിലേക്ക് വരണേ - അവള്‍ ചോദിച്ചു.

ആവാം എന്നെങ്കിലുമൊരു ദിവസം

ഇന്ന് വാ........നാളെ അവധിയല്ലേ

മറ്റൊരു ദിവസം.  ഗുഡ്നൈറ്റ്

അവളുടെ പ്രതികരണത്തിനു കാക്കാതെ ധൃതിയില്‍ അയാള്‍ സ്റ്റേഷന്‍റെ അകത്തെത്തി............

മൂടല്‍ മഞ്ഞ് പുകമറ സൃഷ്ടിച്ച അടുത്ത പ്രഭാതത്തില്‍ ഓഫീസ് വഴിപോവുന്ന ബസ് പിടിക്കാന്‍ അയാള്‍ സ്റ്റോപ്പിലേക്ക് തിരക്കിട്ട് നടക്കുകയായിരുന്നു.  ബസ്സ്റ്റോപ്പിന്‍റെ കുറച്ചപ്പുറത്ത് തണുത്ത പ്രഭാതത്തിലും ആള്‍ക്കാര്‍ തടിച്ചു കൂടിയത് അയാള്‍ ശ്രദ്ധിച്ചു.

ഓഫീസിലെത്താന്‍ വൈകിയ നേരത്തും നഗരവാസിയുടെ സഹജമായ  നേരമ്പോക്കെന്നവണ്ണം ജനക്കൂട്ടത്തിലെന്തെന്നറിയാന്‍ ആയാള്‍ക്ക് ആകാംഷയുണ്ടായി.

എത്തിനോക്കി പിന്മാറുന്ന ആള്‍തിരക്കിന്‍റെ വിടവിലൂടെ അയാള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നീലയെ കണ്ടു

ജനസഞ്ചയത്തെ വകഞ്ഞു മാറ്റി ചോര വാര്‍ന്നൊഴുകുന്ന നീലയെ അയാള്‍ വാരിയെടുത്തു.  ടാക്സി പിടിച്ച് നേരെ ആശുപത്രിയിലേക്ക്.

ആശുപത്രിയുടെ എന്‍ക്വയറി കൌണ്ടറിനടുത്ത് അയാളെ പ്രതീക്ഷിച്ചെന്നവണ്ണം അയാളുടെ സഹപാഠി ഡോക്റ്റര്‍ രാഹുല്‍ ഒരു ദേവദൂതനെപ്പോലെ..... സ്കൂളില്‍ അവര്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്.

രാഹുല്‍, നീ ഇവിടെ!

ജോയിന്‍ ചെയ്തിട്ട് ഒരാഴ്ചയായി..........എന്തു പറ്റി?

ഒരു ആക്സിഡന്‍റ്......ഇവളെന്‍റെ സഹപ്രവര്‍ത്തകയാണ്.

രാഹുല്‍ എല്ലാം പെട്ടെന്ന് ശരിയാക്കി.  അവളെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു

സുധാകര്‍, നീ പോയി വേണ്ടപ്പെട്ടവരെ വിവരം അറിയിക്ക്.  ഷീ ഈസ് ഓള്‍ റൈറ്റ്

അയാള്‍ മിഴിച്ചു നിന്നു.

അയാളുടെ ചുമലില്‍ തട്ടി രാഹുല്‍ സമാധാനിപ്പിച്ചു -ഞാന്‍ ഇവിടില്ലേ. ഒന്നും സംഭവിക്കില്ല.  നീ പോയി ആ കുട്ടിയുടെ പേരന്‍റ്സിനെ വിവരം അറിയിക്ക്  

ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് അവളുടെ അച്ഛന്‍റെ ഫോണ്‍ നമ്പര്‍ കുറിച്ചെടുത്തു.......കുറച്ചു സമയത്തിനുള്ളില്‍ നീലയുടെ അച്ഛനും അമ്മയും ആസ്പത്രിയിലെത്തി.......

ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ ആശുപത്രി സന്ദര്‍ശിക്കുക അയാള്‍ പതിവാക്കി.  ദിവസങ്ങള്‍ക്കു ശേഷം ഒരു വൈകുന്നേരം ആശുപത്രിയിലെ നിഴലുറങ്ങുന്ന ഇടനാഴിയിലൂടെ അയാള്‍ നടക്കുകയായിരുന്നു.  ഡോക്റ്റര്‍ രാഹുലിനെ അയാള്‍ കണ്ടു.

നീലയുടെ ഒരു കാല്‍ മുട്ടിനു താഴെ മുറിച്ചു - രാഹുല്‍ പറഞ്ഞു.

അയാള്‍ കൂടുതലൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ തിരിഞ്ഞു നടന്നു.

അവള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയതിനു ശേഷം അവള്‍ക്ക് അയാളെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ട് അവളുടെ അച്ഛന്‍ അയാള്‍ക്ക് ഫോണ്‍ ചെയ്തു.  അയാള്‍ ചെന്നില്ല.  അയാക്കൊരു കത്തയച്ചു അവള്‍.  കത്തു പൊട്ടിക്കാതെ അയാള്‍ മേശ വലിപ്പിലിട്ടു.

പിന്നെയും മുന്നോട്ടുരുണ്ട കാലത്തിനിടയില്‍ അയാളിലും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു.  അയാള്‍ ഔദ്യോഗിക തലത്തില്‍ ഉയര്‍ന്ന പദവികള്‍ ചവുട്ടിക്കയറി........

അവിചാരിതമായി അയാള്‍ക്കൊരു കത്ത് കിട്ടി.  അത് നീലയുടെ കത്ത് ആയിരുന്നു.  ചെറ്റിട ആ കത്ത് അയാള്‍ തിരിച്ചും മറിച്ചും പിടിച്ചു.  ഒരുവേള കത്ത് പൊട്ടിച്ചു വായിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. പിന്നെ വേണ്ടെന്നു വെച്ച് അയാള്‍ കത്ത് മേശവലിപ്പിലിട്ടു.

പിന്നെയും വര്‍ഷങ്ങള്‍ പലതു കൊഴിഞ്ഞു.  ഒരു ദിവസം ഇംഗ്ലീഷ് പത്രം വായിക്കുന്നതിടയില്‍ മുന്‍ താളിലെ വലതുവശത്ത് ചിത്രത്തോടെ കൊടുത്ത വാര്‍ത്ത - District collector killed in violence.

സമുദായ ലഹളയില്‍ മരണമടഞ്ഞ നീല അയ്യരെ കുറിച്ച് പത്രം സവിസ്തരം എഴുതിയിരിക്കുന്നു.  പൊയ്ക്കാലുമായി പോലീസ് വ്യൂഹത്തിനൊപ്പം ലഹള നിയന്ത്രിക്കാന്‍ ജില്ലാ കലക്ടരും ഉണ്ടായിരുന്നുവത്ര!

കനത്ത ഹൃദയത്തോടെ മേശവലിപ്പില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന രണ്ടു കത്തുകള്‍ അയാള്‍ പുറത്തെടുത്തു -

സുധാകര്‍, നിന്നെയൊന്നു കാണണം.  നന്ദി പറയാനല്ല.  നീയെന്നെ വെറുക്കരുതെന്നു പറയാന്‍ വേണ്ടി മാത്രം. പ്ലീസ്....

രണ്ടാമത്തെ നീലയുടെ കത്ത് - സുധാകര്‍, ഐ.എ.എസ്. കിട്ടി. പോസ്റ്റിങ്ങ് എന്‍റെ പ്രിയപ്പെട്ട നാട്ടില്‍....

ഒരിറ്റു കണ്ണീര്‍ അടര്‍ന്നു വീണൂ.  നീലയ്ക്ക് ബലിതര്‍പ്പണമായി............

No comments: