Thursday, May 13, 2010

ഹുവാവെ ബാംഗ്ലൂരില്‍ കാമ്പസ് തുടങ്ങുന്നു

ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ടെലികോം ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനിയായ ഹുവാവെ ബാംഗ്ലൂരില്‍ പുതിയ കാമ്പസ് തുടങ്ങുമെന്ന് അറിയിച്ചു. ഇതിനായി നൂറ് ദശലക്ഷം ഡോളര്‍ ചെലവഴിക്കുമെന്നും കമ്പനി ഡയറക്ടര്‍ എല്‍ പിയുസ് മരിയ അറിയിച്ചു.

പുതിയ കാമ്പസില്‍ 3,500 തൊഴിലാളികളെ ജോലിക്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ കാമ്പസിന്റെ നിര്‍മ്മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. അതേസമയം, രാജ്യത്ത് ടെലികോം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന നിരവധി ചൈനീസ് കമ്പനികള്‍ വിലക്ക് ഭീഷണി നേരിടുകയാണ്.

ഹുവാവെയ്ക്ക് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഹുവാവെയ്ക്കു പുറമെ കൂടുതല്‍ ചൈനീസ് ടെലികോം കമ്പനികള്‍ നിരീക്ഷണത്തിലാണ്‌‍. ജി എസ് എം, സ ഡി എം എ ബേസ് സ്റ്റേഷന്‍ നിര്‍മാണക്കമ്പനിയായ സോങ്‌സിങ് ടെലികമ്യൂണിക്കേഷന്‍ എക്യുപ്‌മെന്റ് കമ്പനി ആണ് നിരീക്ഷണത്തില്‍‍.

ഇതിനിടെ ഇന്ത്യയിലെ ചൈനീസ് തൊഴിലാളികളെ പിന്‍‌വലിക്കാനും ഹുവാവെ തീരുമാനിച്ചിട്ടുണ്ട്. ഹുവാവെയ്ക്ക് ഇന്ത്യയില്‍ 6000 ജീവനക്കാരുണ്ട്. ഇതില്‍ 15 ശതമാനം ചൈനക്കാരാണ്. പൂര്‍ണമായും ഇന്ത്യക്കാരെ നിയമിക്കുകയാണ് കമ്പനിയുടെ നയമെന്ന് ഹുവാവെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എ സേതുരാമന്‍ പറഞ്ഞു

Huawei to set up new campus in Bangalore | ഹുവാവെ ബാംഗ്ലൂരില്‍ കാമ്പസ് തുടങ്ങുന്നു

ഐ‌ഒ‌സി റിലയന്‍സില്‍ നിന്ന് പ്രകൃതിവാതകം വാങ്ങും


PRO
റിഫൈനറി ആവശ്യത്തിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് പ്രകൃതിവാതകം വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. 1.6 മില്യന്‍ ക്യുബിക് മീറ്റര്‍ പ്രകൃതിവാതകമാണ് പ്രതിദിനം ഐ‌ഒ‌സി റിലയന്‍സില്‍ നിന്ന് വാങ്ങുക.

റിഫൈനറികളില്‍ ഹൈഡ്രജന്‍ ഉല്‍‌പാദനത്തിനാവശ്യമായ ഇന്ധനമായിട്ടാണ് പ്രകൃതിവാതകം ഉപയോഗിക്കുക. നിലവില്‍ ക്രൂഡ് ഓയില്‍ ഉപയോഗിച്ചാണ് ഉല്‍‌പാദനം നടത്തുന്നത്. എന്നാല്‍ ഇതിന് ചെലവേറിയതിനാലാണ് ഐ‌ഒസിയുടെ തീരുമാനം.

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയെ ആണ് വാതകം റിലയന്‍സ് കേന്ദ്രത്തില്‍ നിന്ന് ഐഒ‌സി റിഫൈനറികളിലേക്ക് എത്തിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. റിലയന്‍സുമായി ഇത് സംബന്ധിച്ച കരാര്‍ ഒപ്പിടുന്നതിന്‍റെ അന്തിമഘട്ടത്തിലാണെന്ന് ഐ‌ഒസി വൃത്തങ്ങള്‍ വ്യക്തമാക്കി


IOC to buy natural gas from RIL | ഐ‌ഒ‌സി റിലയന്‍സില്‍ നിന്ന് പ്രകൃതിവാതകം വാങ്ങും

റഷ്യയില്‍ ‘സാര്‍’ കൊലക്കേസ് അവസാനിക്കുന്നില്ല

റഷ്യയിലെ അവസാന ‘സാര്‍’ വെടിയേറ്റ് മരിച്ചിട്ട് തൊണ്ണൂറ് വര്‍ഷം കഴിഞ്ഞിട്ടും അതു സംബന്ധിച്ച നിയമ നടപടികള്‍ അവസാനിക്കുന്നില്ല. മോസ്കോയിലെ ഒരു കോടതി സാര്‍ ചക്രവര്‍ത്തിയുടെയും കുടുംബാംഗങ്ങളുടെയും കൊലപാതകം സംബന്ധിച്ച് ക്രിമിനല്‍ കേസ് എടുക്കാന്‍ തീരുമാനിച്ചു.

1917 ഫെബ്രുവരിയില്‍ നടന്ന ബോള്‍ഷെവിക് വിപ്ലവത്തില്‍ റഷ്യയിലെ അവസാനത്തെ ചക്രവര്‍ത്തിയായ സാര്‍ നിക്കോളാസ് രണ്ടാമനെയും കുടുംബത്തെയും തടവിലാക്കിയിരുന്നു. പിന്നീട്, 1918 ജൂലൈ 17 സാര്‍ ചക്രവര്‍ത്തിയെയും ഭാര്യയെയും നാല് പുത്രിമാരെയും നിരവധി കൊട്ടാരം ജോലിക്കാരെയും തടവിലിട്ട സ്ഥലത്തുവച്ചു തന്നെ വെടിവച്ചു കൊന്നു.

2008 ല്‍ ഗ്രാന്‍ഡ് ഡച്ചസ് മരിയ റോമനോവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ റഷ്യന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ബസ്മന്നി ജില്ലാ കോടതി കൊലപാതകം ക്രിമിനല്‍ കുറ്റമായി പരിഗണിച്ചില്ല. സ്റ്റേറ്റിന് വേണ്ടിയുള്ള ചെയ്തികളായി കൊലപാതകത്തെ പരിഗണിച്ചതിനൊപ്പം കൊലപാതകം നടത്തിയവരാരും ജീവിച്ചിരിക്കുന്നില്ല എന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

കേസ് വീണ്ടും തുറക്കുമ്പോള്‍ ഗ്രാന്‍ഡ് ഡച്ചസും പ്രോസിക്യൂഷനും നടത്തിയ വാദമുഖങ്ങള്‍ വിശകലനം ചെയ്യുമെന്നാണ് കരുതുന്നത്

Tsar murder case reopens | റഷ്യയില്‍ ‘സാര്‍’ കൊലക്കേസ് അവസാനിക്കുന്നില്ല

സെമിപ്രവേശനം അര്‍ഹിക്കുന്നില്ല: ഗാംഗുലി

ട്വന്‍റി-20 ലോകകപ്പിലെ ദയനീയ തോല്‍‌വിയ്ക്കെതിരെ മുന്‍ നായകന്‍ സൌരവ് ഗാംഗുലിയും രംഗത്തെത്തി. ഇന്ത്യ സെമിപ്രവേശനം അര്‍ഹിച്ചിരുന്നില്ലെന്നാണ് ഗാംഗുലി പറഞ്ഞത്. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം കണ്ടപ്പോള്‍ ഏറെ സങ്കടം തോന്നിയെന്നും മുന്‍ നായകന്‍ പറഞ്ഞു.

ലങ്കയ്ക്കെതിരെ നടന്ന അവസാന മത്സരത്തില്‍ അവസാന നാലു ഓവറില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ നല്‍കിയത് 52 റണ്‍സ്. ദയനീയം തന്നെ, ഈ ടീം ഒരിക്കലും സെമിപ്രവേശം അര്‍ഹിക്കുന്നില്ല- ഗാംഗുലി പറഞ്ഞു. മിക്ക താരങ്ങളുടെയും പ്രകടനം ടീമിന് വേണ്ടിയായിരുന്നില്ല. ഈ നിലയ്ക്ക് പോയാല്‍ യുവരാജ് സിംഗിനെ നീല ജേഴ്സില്‍ കൂടുതല്‍ കാലം കാണാനാകില്ലെന്നും ഗാംഗുലി പറഞ്ഞു.

തോല്‍‌വിയില്‍ ഒഴികഴിവുകള്‍ നിരത്തി രക്ഷപ്പെടാന്‍ ധോണിയ്ക്കും സംഘത്തിനുമാവില്ലെന്ന് മുന്‍‌ ഇന്ത്യന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടു. നായകനെന്ന നിലയില്‍ ധോണിയുടെ മോശം തന്ത്രങ്ങളും ഐ പി എല്ലില്‍ കളിച്ചു തളര്‍ന്ന കളിക്കാരുമാണ് ഇന്ത്യയുടെ തോല്‍‌വിയ്ക്ക് മുഖ്യകാരണമെന്ന് മുന്‍‌കാല നായകന്‍‌മാര്‍ ഒരേസ്വരത്തില്‍ വ്യക്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ഏറ്റവും മോശം ടൂര്‍ണമെന്‍റായിരുന്നു ഇതെന്ന് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി പറഞ്ഞു.

തോല്‍വിയ്ക്ക് എന്തെങ്കിലും ഒരു കാരണം മാത്രാ‍മായി ചുണ്ടിക്കാട്ടാനാവില്ലെങ്കിലും ഇന്ത്യയുടെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നുവെന്നും രവി ശാസ്ത്രി വ്യക്തമാക്കി. നായകനെന്ന നിലയില്‍ ധോണി കുറച്ചുകൂടി വഴക്കമുള്ള സമീപനം കൈക്കൊള്ളാന്‍ തയ്യാറാവണം. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ അവസാന 10 ഓവറില്‍ വെറും 73 റണ്‍സേ ഇന്ത്യയ്ക്ക് നേടാനായുള്ളു എന്നതിന് യാതൊരു വിശദീകരണവും ഇല്ല.

ബാറ്റിംഗ് ഓര്‍ഡറില്‍ യുവരാജിനും മുന്‍പേ യൂസഫ് പത്താനെ ഇറക്കാന്‍ ധോണി ശ്രദ്ധിക്കണമായിരുന്നു. എല്ലാം സാഹചര്യങ്ങളിലും കളിക്കാന്‍ കഴിയുന്ന താരങ്ങളെ തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു. ഐ പി എല്‍ പാര്‍ട്ടികളും യാത്രകളും കളിക്കാരുടെ ഊര്‍ജ്ജം ചോര്‍ത്തിക്കളഞ്ഞുവെന്ന ധോണിയുടെ അഭിപ്രായത്തോട് യോജിക്കുന്നുവെങ്കിലും തോല്‍‌വിയ്ക്ക് അതൊരു വിശദീകരണമല്ലെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസഹ്‌റുദ്ദീന്‍ പറഞ്ഞു.

പാര്‍ട്ടികളേക്കാള്‍ വലുത് കളിയാണെന്ന് കളിക്കാര്‍ മനസ്സിലാക്കണം. കളിക്കാരനെന്ന നിലയില്‍ ആദ്യ പരിഗണന ക്രിക്കറ്റിനായിരിക്കണമെന്നും അസ‌ഹ്ര്‍ പറഞ്ഞു. എന്നാല്‍ ധോണി നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് തോല്‍‌വിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ നായകന്‍ മദന്‍ ലാല്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയില്‍ പങ്കെടുത്തതാണ് തോല്‍‌വിയ്ക്ക് കാരണമെന്ന് ഞാന്‍ കരുതുന്നില്ല. ആരെങ്കിലും അവരെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചോ. അങ്ങിനെ നിര്‍ബന്ധിച്ചെങ്കില്‍ പറ്റില്ലെന്ന് അവര്‍ക്ക് പറയാന്‍ പാടില്ലായിരുന്നോ.

അവരത് പറയില്ലെന്ന് എനിക്കറിയാം. കാരണം ഇതെല്ലാം നിസ്സാരമായ കാര്യങ്ങളാണ്. ഇന്ത്യന്‍ താരങ്ങള്‍ ഏകാഗ്രതയോടെ കളിക്കാനോ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനോ ശ്രമിക്കാത്തതാണ് തോല്‍‌വിയ്ക്ക് കാരണമെന്ന് മുന്‍ ഇന്ത്യന്‍ താരം സയ്യീദ് കിര്‍മാനി പറഞ്ഞു

India did not deserve to be in semis: Ganguly | സെമിപ്രവേശനം അര്‍ഹിക്കുന്നില്ല: ഗാംഗുലി

ഗഡ്കരിയുടെ ‘നായ’ പരാമര്‍ശം വിവാദമാവുന്നു

മുലായം സിംഗ് യാദവിനെയും ലാലുപ്രസാദ് യാദവിനെയും നന്ദിയുള്ള നായകളോട് ഉപമിച്ച ബിജെപി അധ്യക്ഷന്റെ പ്രസ്താവന വിവാദമാവുന്നു. ഖണ്ഡന പ്രമേയം കൊണ്ടുവന്നപ്പോള്‍ എസ്പി നേതാവും ആര്‍ജെഡി നേതാവും പ്രതിപക്ഷത്തിനൊപ്പം നില്‍ക്കാഞ്ഞതിനെ ചണ്ഡീഗഡില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി റാലിയിലാണ് ഗഡ്കരി കഠിനമായ ഭാഷയില്‍ വിമര്‍ശിച്ചത്.

മുലായവും ലാലുവും സിംഹങ്ങളെ പോലെയാണ് അലറിയത്. എന്നാല്‍, പിന്നീട് സോണിയയുടെയും കോണ്‍ഗ്രസിന്റെയും കാല് നക്കുന്ന നായകളെ പോലെ തലതാഴ്ത്തി. അവര്‍ സിബിഐയെ ഭയന്നാ‍ണ് എന്‍‌ഡി‌എയ്ക്ക് ഒപ്പം നില്‍ക്കാഞ്ഞത്. ആര്‍ജെഡിയും എസ്പിയും ബി‌എസ്പിയും പ്രതിപക്ഷത്താണെങ്കിലും അവര്‍ കോണ്‍ഗ്രസിന്റെ ഇഷ്ടമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഗഡ്കരി കുറ്റപ്പെടുത്തി.

ഗഡ്കരിയുടെ പരാമര്‍ശത്തെ എസ്പിയും ആര്‍ജെഡിയും രൂക്ഷമായി വിമര്‍ശിച്ചു. ഗഡ്കരി അസഭ്യ വാക്കുകള്‍ ഉപയോഗിച്ചത് പിന്‍‌വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം, തന്റെ പ്രസ്താവന നേതാക്കളെ മുറിപ്പെടുത്തിയെങ്കില്‍ പിന്‍‌വലിക്കാന്‍ തയ്യാറാണെന്നാണ് ഗ്ഡ്കരിയുടെ നിലപാട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നതിനായാണ് അത്തരം വാചകം ഉപയോഗിച്ചതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു

Gadkari's remarks sparks controversy | ഗഡ്കരിയുടെ ‘നായ’ പരാമര്‍ശം വിവാദമാവുന്നു

Wednesday, May 12, 2010

ശ്രീനിവാസന്‍ തിരക്കഥ മോഷ്ടിച്ചു?


PRO
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ എല്ലാവര്‍ക്കും ഇഷ്ടമാണ്, ബഹുമാനവുമാണ്. മലയാള സിനിമയിലെ ‘അപൂര്‍വ ജീനിയസ്’ ആയാണ് ശ്രീനിയെ ഏവരും കരുതുന്നത്. എന്നാല്‍ ഇടയ്ക്കിടെ ചില ‘അടിച്ചുമാറ്റല്‍‘ ആരോപണങ്ങളില്‍ ശ്രീനി കുടുങ്ങാറുണ്ട്. ഇപ്പോഴിതാ, ശ്രീനിവാസന്‍ തിരക്കഥ മോഷ്ടിച്ചതായി ആരോപിച്ച് ഒരാള്‍ രംഗത്തെത്തിയിരിക്കുന്നു.

‘ഒരുനാള്‍ വരും’ എന്ന പുതിയ ചിത്രത്തിന്‍റെ തിരക്കഥ മോഷണമാണെന്ന ആരോപണവുമായാണ് മുക്കം സ്വദേശിയായ കെ വി വിജയന്‍ എന്നയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത് പരിഗണിച്ച കോടതി മേയ് 31 വരെ ‘ഒരുനാള്‍ വരും’ റിലീസ് ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചു.

മേയ് 14ന് ഈ സിനിമ റിലീസ് ചെയ്യുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. അതിനാലാണ് 31 വരെ റിലീസ് തടഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം റിലീസ് ഡേറ്റ് ജൂണ്‍ 25 ആയി നിര്‍മ്മാതാവ് മണിയന്‍‌പിള്ള രാജു പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോടതി വിലക്ക് നീട്ടുമെന്നാണ് സൂചന.

ടി കെ രാജീവ്‌കുമാര്‍ സംവിധാനം ചെയ്യുന്ന ഒരുനാള്‍ വരും സാമൂഹ്യവിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു ഫാമിലി സ്റ്റോറിയാണ്. മോഹന്‍ലാലും ശ്രീനിവാസനും സമീര റെഡ്ഡിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീനി മുമ്പ് തിരക്കഥയെഴുതിയ ‘കഥ പറയുമ്പോള്‍’ മോഷണമാണെന്ന് ആരോപണമുണ്ടായിരുന്നു. ശ്രീനിയുടെ ഉദയനാണ് താരം, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ സിനിമകള്‍ ഹോളിവുഡ് സിനിമകളുടെ അനുകരണമാണെന്നും ആരോപണങ്ങള്‍ വന്നിരുന്നു

Sreeni stole script for Orunaal Varum | ശ്രീനിവാസന്‍ തിരക്കഥ മോഷ്ടിച്ചു?

ചൈനീസ് സ്കൂളില്‍ വീണ്ടും അക്രമം: എട്ട് മരണം

ചൈനയിലെ ഒരു നഴ്സറി സ്കൂളിലുണ്ടായ അക്രമത്തില്‍ ഏഴു കുട്ടികളും ഒരു അദ്ധ്യാപികയും കൊല്ലപ്പെട്ടു. നാല്‍‌പത്തിയെട്ടുകാരനായ ഒരാള്‍ കറിക്കത്തി ഉപയോഗിച്ച് കുട്ടികളെയും അദ്ധ്യാപികയെയും കുത്തിക്കൊല്ലുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പതിനൊന്ന് കുട്ടികള്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്.

രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഷാന്‍‌ക്സി മേഖലയിലെ ലിഞ്ചാംഗ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ വൂ ഹുവാന്‍‌മിന്‍ ആണ് അക്രമം നടത്തിയത്. അക്രമത്തിന് ശേഷം ഇയാള്‍ ജീവനൊടുക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

സ്കൂളില്‍ അക്രമം നടത്തിയതിന് ശേഷം തിരികെ സ്വന്തം വീട്ടിലെത്തിയ വൂ ഹുവാന്‍‌മിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സ്കൂളുകളില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത് ചൈനയില്‍ സ്ഥിരമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലെ അഞ്ചാമത്തെ സമാന സംഭവമാണിത്.

അക്രമത്തിന് പിന്നിലെ ലക്‍ഷ്യമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. അക്രമങ്ങളെ തുടര്‍ന്ന് വിദ്യാലയങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ചൈന സ്വീകരിച്ചുവരികയാണ്

Eight killed in China kindergarten attack | ചൈനീസ് സ്കൂളില്‍ വീണ്ടും അക്രമം: എട്ട് മരണം