Thursday, May 27, 2010

ആനന്ദ് സഹായം തേടരുതായിരുന്നു: ടോപലോവ്


PRO
ലോക ചെസ് ചാമ്പ്യന്‍ഷിപ്പിനിടെ വിശ്വനാഥന്‍ ആനന്ദ് മുന്‍ ലോക ചാമ്പ്യന്‍മാരുടെ സഹായം തേടിയത് ശരിയായില്ലെന്ന് ഫൈനലില്‍ ആനന്ദിനോട് അടിയറവ് പറഞ്ഞ ലോക രണ്ടാം നമ്പര്‍ താരം വാസ്‌ലിന്‍ ടോപലോവ്. ടോപലോവുമായുള്ള കിരീടപ്പോരാട്ടത്തിനിടെ മുന്‍ ലോക ചാമ്പ്യന്‍‌മാരായ ഗാരി കാസ്പറോവ്, വ്ലാഡിമര്‍ ക്രാംനിക്, കാള്‍സണ്‍ എന്നിവരുടെ സഹായം തേടിയിരുന്നുവെന്ന ആനന്ദിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ടോപലോവ്.

ആനന്ദുമായുള്ള മത്സരം അത്ര കടുത്തതല്ലായിരുന്നുവെന്നും ടോപലോവ് വ്യക്തമാക്കി. ‘മുന്‍ താരങ്ങളുടെ സഹായം തേടിയതില്‍ ആനന്ദ് സ്വയം അഭിമാനിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പ്രത്യേകിച്ചും കാസ്പ‌റോവില്‍ നിന്നും ക്രാംനിക്കില്‍ നിന്നും സഹായം തേടിയതില്‍. കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ ലോക ചെസ്സില്‍ സജീവമാണ്. ഈ കാലഘട്ടത്തില്‍ കാസ്പറോവ് ആ‍നന്ദിനെ എങ്ങനെയാണ് കണ്ടിരുന്നതെന്ന് എനിക്കറിയാം.

2008ലെ ബേണ്‍ ലോക ചാമ്പ്യന്‍ഷിപ്പിനു മുന്‍പ് ആനന്ദിനെതിരെ കാസ്പറോവ് നടത്തിയ അഹങ്കാരം സ്ഫുരിക്കുന്ന പ്രസ്താവനകള്‍ അദ്ദേഹം മറന്നിട്ടുണ്ടാവില്ല. വര്‍ഷങ്ങളായി അപമാനിച്ച ഒരു വ്യക്തിയില്‍ നിന്ന് സഹായം സ്വികരിക്കാന്‍ ഞാനായിരുന്നെങ്കില്‍ തയ്യാറാവില്ലായിരുന്നു. എന്നാ‍ല്‍ ഇക്കാര്യത്തില്‍ ആനന്ദ് വ്യത്യസ്തനാണ്. ഇതൊക്കെയാണെങ്കിലും ആനന്ദ് സമ്പൂര്‍ണ കളിക്കാരനാണെന്നും ടോപലോവ് പറഞ്ഞു.

ലോക ചാമ്പ്യനെന്ന നിലയില്‍ ആനന്ദിന് ഒട്ടേറെ ഉത്തരവാദിത്തങ്ങളുണ്ട്. ഫിഡെയുമായി കൈകോര്‍ത്ത് കൂടുതല്‍ സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ അദ്ദേഹം ശ്രമിക്കണം. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും അദ്ദേഹത്തെ സഹായിക്കാന്‍ ഒരു പ്രഫഷണല്‍ ടീം അദ്ദേഹത്തിന്‍റെ പിന്നിലില്ല. അതുകൊണ്ടാണ് സ്പോണ്‍സര്‍മാരെ കണ്ടത്താനാവാത്തതും. ഇന്ത്യ ചെസ്സിന്‍റെ വിളനിലമാണ്. അതിനാല്‍ ചെസ്സിന്‍റെ വളര്‍ച്ചയ്ക്കായി ആനന്ദിന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാവും. നിര്‍ഭാഗ്യവശാല്‍ 2002നു ശേഷം അദ്ദേഹം ഇന്ത്യയില്‍ ഒറ്റ ടൂര്‍ണമെന്‍റില്‍ പോലും പങ്കെടുത്തിട്ടില്ലെന്നും ടൊപലോവ് പറഞ്ഞു

Anand shouldn't be proud of his K links: Veselin Topalov | ആനന്ദ് സഹായം തേടരുതായിരുന്നു: ടോപലോവ്

No comments: