Wednesday, May 19, 2010

നായനാരുടെ ഓര്‍മ്മകള്‍ക്ക് ആറു വയസ്സ്


PRO
മലയളക്കരയില്‍ നര്‍മം വിതറിയ മുഖ്യമന്ത്രി ആയിരുന്നു ഇ കെ നായനാര്‍. ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിശേഷണങ്ങള്‍ക്ക് അതീതനായാണ് അദ്ദേഹം കടന്നു പോയത്. നായനാര്‍ മലയാളിയുടെ ഓര്‍മ്മകളില്‍ മാത്രമായിട്ട് ഇന്ന് ആറുവര്‍ഷം പൂര്‍ത്തിയാകുകയാണ്. രാഷ്ട്രീയ ശത്രുക്കളെപ്പോലും കുടുംബ സുഹൃത്തുക്കളാക്കി മുന്നേറിയ നായനാര്‍ കേരളീയര്‍ക്ക് വെറുമൊരു രാഷ്ട്രീയക്കാരന്‍ മാത്രമായിരുന്നില്ല, നല്ലൊരു കൂട്ടുകാരന്‍ കൂടിയായിരുന്നു.

മൂന്നു തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ചപ്പോഴും അതിന്‍റെ ഭാവഭേദങ്ങള്‍ നായനാരില്‍ പ്രകടമായിരുന്നില്ല. 2004ലെ മേയ് 19 ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ നായനാരുടെ മരണ വാര്‍ത്തയെത്തി. കമ്മ്യൂണിസ്റ്റുകള്‍ക്കിടയിലെ മനുഷ്യസ്നേഹിക്ക് മലയാള മണ്ണ് നല്‍കിയ വിടവാങ്ങല്‍ ദൃശ്യങ്ങള്‍ ഇന്നും ജനമനസുകളില്‍ തങ്ങി നില്‍ക്കുന്നു. കണ്ണൂരിന്‍റെ വിപ്ളവ വീര്യവുമായെത്തി ജനപ്രിയനായി മാറിയ നായനാരുടെ വിയോഗം തീര്‍ത്ത വിടവ് ഇപ്പോഴും നികത്തപ്പെടാതെ തന്നെ കിടക്കുകയാണ്. മേയ് 21ന് കണ്ണൂരിലെ പയ്യാമ്പലം കടല്‍ത്തീരത്ത് നായനാരുടെ ഭൗതിക ശരീരം മണ്ണിനോട് ചേര്‍ന്നപ്പോള്‍ വീരസഖാവിന് അഭിവാദനമര്‍പ്പിച്ച് മുഴങ്ങിയ മുദ്രാവാക്യം (ഇല്ല ഇല്ല മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ... വീര സഖാവിന് ലാല്‍ സലാം...) എന്നും പ്രസക്തമായി നിലകൊള്ളും.

സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനില്‍ നിന്നും സി പി എമ്മിന്‍റെ പോളിറ്റ് ബ്യൂറോയിലേക്ക് ഉയര്‍ന്ന നായനാര്‍ക്ക് രാഷ്ട്രീയ ഉയര്‍ച്ചയിലൊരിടത്തും തിരിച്ചടികളെ നേരിടേണ്ടിവന്നില്ല എന്നതും ശ്രദ്ധേയമാണ്. ജനപിന്തുണയോടെ മുന്നേറിയ കയ്യൂര്‍ സമരനായകന്‍ കേരളീയനായ ഏതൊരു കമ്മ്യൂണിസ്റ്റ് നേതാവിനുമൊപ്പം തലയെടുപ്പ് അവകാശപ്പെടാവുന്ന വ്യക്തിയാണ്. എ കെ ജിക്കും ഇ എം എസിനും ശേഷം മലയാളിയുടെ മനമറിഞ്ഞ വിപ്ലവ നേതാവും നായനാരായിരുന്നു.


Rememberance of EK Nainar | നായനാരുടെ ഓര്‍മ്മകള്‍ക്ക് ആറു വയസ്സ്

No comments: