Tuesday, January 26, 2010

തണല്‍ ബാലാശ്രമം







തണലില്‍ നിന്നൊരു കത്ത്. കുറച്ചൊരു അത്ഭുതമുണ്ടായി. അടുത്തകാലത്തൊന്നും ഒരു കത്ത് കിട്ടിയതായി ഓര്‍മ്മയില്ല. കല്യാണക്കത്തൊഴികെ.



മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ പങ്കു ചേരുന്ന അനാഥ ബാല്യങ്ങളുടെ മുഖങ്ങള്‍ ഞാന്‍ കത്തില്‍ കണ്ടു ഒട്ടൊരു വേദനയോടെ.



തണലില്‍ പോകണമെന്നുറച്ചു. കത്തു കിട്ടി മൂന്നു ദിവസം കഴിഞ്ഞേ അവിടെ പോകാന്‍ തരപ്പെട്ടുള്ളൂ. പുറപ്പെടുന്നതിനു മുമ്പ് മേമ പറഞ്ഞു - രമ്യ (യഥാര്‍ത്ഥ പേര്‍ മാറ്റിയിരിക്കുന്നു) അവിടെയാണ്. നീയ്യൊന്ന് അന്വേഷിക്ക്.


ഏത് രമ്യ - ഞാന്‍ ചോദിച്ചു.



മേമ ആളെക്കുറിച്ചുള്ള വിവരണം തന്നു. രമ്യയുടെ അമ്മയേയും അവരുടെ കുടുംബത്തേയും ഞാന്‍ നല്ലവണ്ണം അറിയും. അന്വേഷിക്കാമെന്ന് മേമയോടു പറഞ്ഞു.



ഒറ്റപ്പാലത്തേക്ക് ബസ്സ് കയറി.സുമാര്‍ ഉച്ചക്ക് 12.30 ക്ക് ഒറ്റപ്പാലം ടൌണില്‍ ബസ്സിറങ്ങി.



ഒറ്റപ്പാലം റെയില്‍വെ സ്റ്റേഷന്‍ കുറച്ചപ്പുറത്ത്. ട്രാക്ക് മറികടന്ന് ഭാരതപ്പുഴ മുറിച്ചു കടന്നാല്‍ മായനൂരിലെത്താം. അവിടെയാണ് തണല്‍ ബാലാശ്രമം.



മായനൂര്‍ തൃശ്ശൂര്‍ ജില്ലയിലാണെങ്കിലും അതിനു കൂടുതല്‍ ഇഴയടുപ്പം പാലക്കാടു ജില്ലയിലെ ഒറ്റപ്പാലത്തിനോടാണ്.



നിള ഇവിടെ ശോഷിച്ചിരിക്കുന്നു. വേനല്‍ക്കാലം തുടങ്ങിയിട്ടില്ല. അതിനു മുമ്പേ നിളയുടെ ദൈന്യം തുടങ്ങിക്കഴിഞ്ഞു. ഇന്നിവിടെ നോക്കെത്താ ദൂരത്തോളം നീളുന്ന മണല്‍പരപ്പില്ല. പകരം ചരല്‍പരപ്പും പുല്‍ക്കെട്ടുകളും. മനുഷ്യന്‍ പ്രകൃതിയോടു കാട്ടുന്ന ക്രൂരതയ്ക്ക് എന്ത് പേരിട്ടു വിളിക്കണം

പണ്ട് ആര്‍ത്തിരമ്പുന്ന നിളയുടെ മാറിലൂടെ മായനൂരിലേക്കുള്ള തോണിയാത്ര. ഇരുകരകളും മുട്ടി കൂലംകുത്തിയൊഴുകുന്ന ഭാരതപ്പുഴ ബാല്യകാലത്തിന്‍റെ ഓര്‍മ്മച്ചെപ്പില്‍ നിന്നും പുറത്തെടുത്ത് മുട്ടിനുമീതെയുള്ള വെള്ളത്തിലൂടെ നടന്നു.

കുറച്ചകലെ പണിതീരാത്ത ഒറ്റപ്പാലം - മായനൂര്‍ പാലം. മായനൂര്‍കാരുടെ യാത്രാ ദുരിതങ്ങള്‍ക്കുള്ള അറുതി ഇനിയും അകലെയാണെന്ന മട്ടില്‍ പഞ്ചവത്സര പദ്ധതികള്‍ക്കുമപ്പുറം കടന്ന മായനൂര്‍ പാലം ഇനിയും കുറച്ചു ബാക്കിവച്ച നിളയുടെ ഭംഗിക്ക് കോട്ടം തട്ടാതിരിക്കാനുള്ള ഒരു നോക്കുകുത്തിയായി നില്‍ക്കുന്നു.

മായനൂര്‍ കടവിലെത്തി. തണല്‍ ബാലാശ്രമത്തെക്കുറിച്ച് അന്വേഷിച്ചു. ഓട്ടോ റിക്ഷയില്‍ കയറി തണലിലെത്തി. ഉച്ച നേരം. ഒരു മണി കഴിഞ്ഞിരുന്നു. മേല്‍നോട്ടക്കാരി ശോഭയെ കണ്ടു. വിവരം പറഞ്ഞു. ചെയ്യാനുള്ള കാര്യങ്ങള്‍ അവരെ പറഞ്ഞേല്‍പ്പിച്ചു.

ഏകദേശം 200 കുട്ടികള്‍ തണല്‍ ബാലാശ്രമത്തിലും ശ്രീ വില്വാദ്രിനാഥ സേവാശ്രമത്തിലുമായുണ്ട്. തണല്‍ ബാലാശ്രമത്തില്‍ ചെറിയ കുട്ടികളും ശ്രീവില്വാദ്രിനാഥ സേവാശ്രമത്തില്‍ വലിയ കുട്ടികളുമാണ് പാര്‍ക്കുന്നത്. ഇതിനോടൊപ്പം ഒരു ഹൈസ്കൂളും നടത്തുന്നു.

ഊണ്‍ തളത്തിലേക്ക് ശോഭ എന്നെ കൂട്ടിക്കൊണ്ടു പോയി. കിണ്ണം പിടിച്ചു അച്ചടക്കത്തോടെ നില്‍ക്കുന്ന കുരുന്നുകള്‍. ഒരുനേരത്തെ അന്നത്തിനു വേണ്ടി ക്യൂ പാലിക്കേണ്ടി വരുന്ന നിവൃത്തികേട് ഒരു വ്യക്തിയുടേയും ബാല്യത്തിന് ഉണ്ടാവരുതേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
ആതിഥ്യ മര്യാദയോടെ ശോഭ പറഞ്ഞു - ഉണ്ടിട്ടു പോകാം.
വേണ്ട ഇനിയൊരിക്കലാകാം. ഈ കൊച്ചു കൂട്ടുകാരുടെ ഒരു നേരത്തെ ആഹാരം ഞാന്‍ അപഹരിക്കുന്നത് തികച്ചും അന്യായമാണെന്ന് എന്‍റെ മനസ്സു പറഞ്ഞു.

പിന്നെ പോയത് കൈക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ബ്ലോക്കിലേക്കാണ്. അനാഥരായി ഇത്രയും പിഞ്ചു കുഞ്ഞുങ്ങളോ ഈ ഗ്രാമത്തില്‍ അതിനു നടുവില്‍ അവരെ കളിപ്പിച്ചു കൊണ്ട് ചുരിദാറണിഞ്ഞ ഒരു സുന്ദരിക്കുട്ടി.
എല്ലാം കണ്ട് തിരികെ നടക്കാനിറങ്ങമ്പോള്‍ തെല്ലൊരു സങ്കചത്തോടെ ഞാന്‍ ശോഭയോട് ചോദിച്ചു - ഇവിടെ രമ്യയെന്നു പേരുള്ള ഒരു പെണ്കുട്ടിയുണ്ടോ?
ഞങ്ങളുടെ നാട്ടുകാരിയായ ആ കുട്ടിയുടെ അമ്മയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും പറഞ്ഞപ്പോള്‍ ചുരിദാറണിഞ്ഞു നില്‍ക്കുന്ന പെണ്കുട്ടിയെ ചൂണ്ടി ശോഭ പറഞ്ഞു - ഇതാണ് രമ്യ
രമ്യക്ക് എന്നെ പരിചയപ്പെടുത്തി. അറിയ്വോ എന്ന എന്‍റെ ചോദ്യത്തിന് കേട്ടിട്ടുണ്ട് എന്ന് രമ്യയുടെ മറുപടി. പിന്നെയും കുറച്ച് കുശലങ്ങള്‍ രമ്യയോടു പറഞ്ഞ് വീണ്ടും കാണാം എന്ന് വിട ചൊല്ലി തണലിനു പുറത്തേക്കു കടന്നു.
---വിധിയുടെ ക്രൂരതകള്‍ക്ക് വിധേയരായവര്‍ക്കൊരു സ്നേഹ സ്വാന്തനം......
---നിര്‍ദ്ധനരും പീഡിതരുമായവര്‍ക്കൊരു കനിവിന്‍റെ മൃദുസ്പര്‍ശം.....
---ജീവിതത്തില്‍ നിന്ന് വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്കൊരു വിദ്യാ മന്ദിരം.......
ഇതൊക്കെയാണ് തണല്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.thannal.org/


വീണ്ടുമൊരു പഴയ ഓര്‍മ്മയിലേക്ക്. ശ്രീകൃഷ്ണപുരം ഹൈസ്കൂളിലെ 9)o ക്ലാസിലെ 'എ' ഡിവിഷന്‍. സഹപാഠിയായി പുലാമന്തോള്‍ കട്ടുപ്പാറക്കാരന്‍ മുഹമ്മദ് കുട്ടി. കറുത്തു മെലിഞ്ഞ ശരീരവും ഉറക്കം തൂങ്ങുന്ന കണ്ണൂകളുമുള്ള മുഹമ്മദ് കുട്ടി. അയാള്‍ താമസിച്ചിരുന്നത് സ്കൂളിനടുത്തുള്ള നിര്‍ദ്ധനരായ കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ ഹോസ്റ്റലിലായിരുന്നു.

ഞാന്‍ ക്ലാസില്‍ ഇരുന്നിരുന്നത് ഒന്നാം നിരയില്‍. രണ്ടാം നിരയില്‍ ആയിരുന്നു മുഹമ്മദ് കുട്ടിയുടെ ഇരിപ്പിടം. പഠിത്തത്തില്‍ സാമാന്യം ഭേദപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് കുട്ടി. പക്ഷെ അയാള്‍ക്കെന്നും അദ്ധ്യാപകരില്‍നിന്ന് ചീത്ത കേള്‍ക്കേണ്ടി വന്നു. ക്ലാസില്‍ ഉറങ്ങുന്ന മുഹമ്മദ് കുട്ടി

അങ്ങനെയാണ് ഞാന്‍ മുഹമ്മദ് കുട്ടിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ആരോടും അധികം അടുക്കാത്ത മുഹമ്മദ് കുട്ടിയുമായി ഒടുവില്‍ ഞാന്‍ ചങ്ങാത്തത്തിലായി. അങ്ങനെയൊരിക്കല്‍ ക്ലാസിലെ ഉറക്കത്തെക്കുറിച്ച് ഞാന്‍ അയാളോട് ആരാഞ്ഞു.


ഹോസ്റ്റലില്‍ പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കണം. പഠിത്തവും പിന്നെ അത്യാവശ്യം മറ്റു പണികളൊക്കെ കഴിഞ്ഞാണ് അയാള്‍ സ്കൂളിലെത്തുന്നത്. മണിശബ്ദത്തിനനുസരിച്ച് നീങ്ങേണ്ട ജീവിതചര്യകള്‍ മുഹമ്മദ് കുട്ടിക്ക് മതിയായ ഉറക്കം കൊടുത്തില്ല.

ഞാന്‍ ക്ലാസിലെ ഇരുത്തം രണ്ടാമത്തെ ബഞ്ചില്‍ മുഹമ്മദ് കുട്ടിക്ക് അരികിലാക്കി. അയാള്‍ ഉറക്കം തുടങ്ങമ്പോള്‍ തുടയില്‍ ചെറിയൊരു നുള്ള്. അയാള്‍ വീണ്ടും പഴയ പടിയാവുന്നു. മുഹമ്മദ് കുട്ടി ഒരിക്കലും ക്ഷോഭിച്ചില്ല. എല്ലാവരുടെയും മുന്നില്‍ വച്ചുള്ള ചീത്തയേക്കാള്‍ ഭേദമാണ് ഈ നുള്ള് എന്ന് മുഹമ്മദ് കുട്ടിയും കരുതിയിരിക്കും

2 comments:

Cartoonist said...

‘തണ’ലിനെ പരിചയപ്പെടുത്തിയതിനു നന്ദി :)

muralidharan p p said...

ഇവിടെ വന്നതില്‍ സന്തോഷം