Wednesday, September 30, 2009
Tuesday, September 29, 2009
Saturday, September 26, 2009
Thursday, September 24, 2009
Wednesday, September 23, 2009
Tuesday, September 22, 2009
Monday, September 21, 2009
Saturday, September 19, 2009
Friday, September 18, 2009
Thursday, September 17, 2009
Thursday, September 10, 2009
ഒരാളുടെ വില എത്ര?
സമ്പന്നരുടെ സ്നാനഗൃഹത്തില്‍ നസ്റുദ്ദീന്‍ മുള്ള കടന്നു ചെന്നു. അവിടെ ധനികരെ അടിമകള്‍ എണ്ണ തേച്ചുപിടിപ്പിച്ച് തടവുകയാണ്. കൂട്ടത്തില്‍ എണ്ണയില്‍ കുതിര്‍ത്തിരിക്കുന്ന ഒരു ധനികന്‍ മുള്ളയോടു ചോദിച്ചു: "മുള്ള, ഞാനൊരു അടിമയാണെങ്കില്‍ എനിക്കെത്ര വിലവരും?"
"50 ദിനാര്‍" മുള്ളയുടെ മറുപടി പെട്ടന്നായിരുന്നു.ധനികനു കലിയിളകി. "ഞാനുടുത്ത ബാത്ത് ടവ്വലിനു തന്നെ 50 ദിനാര്‍ വിലയുണ്ട്."അതുതന്നെയല്ലെ ഞാന്‍ കിറുകൃത്യമായി പറഞ്ഞതും. ആ വിലയേ താങ്കള്‍ക്ക് കിട്ടു."മനുഷ്യന്‍റെ വിലയളക്കുന്നത് അവന്‍റെ സ്വഭാവശുദ്ധികൊണ്ടും അവന്‍ ഉരുവിടുന്ന വാക്കുകള്‍ കൊണ്ടുമാണ്. അതില്ലാത്തവന് അവന്‍ ഉടുക്കുന്ന വസ്ത്രത്തിന്‍റെ വില മാത്രമേയുള്ളുവെന്നാണ് ഈ മുള്ളക്കഥ നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ വാക്കും പ്രവൃത്തിയും എപ്പോഴും നന്നായിരിക്കണം. എന്നാലേ നമുക്ക് മറ്റുള്ളവരുടെ മുന്നില്‍ വിലയുണ്ടാകു.(മനോരമ ആഴ്ചപ്പതിപ്പ് 2009,സെപ്റ്റംബര്‍,19)
<Wednesday, September 9, 2009
Tuesday, September 8, 2009
ഒരു തിരിമാത്രമിട്ട് കത്തിച്ച ഒരു നിലവിളക്ക്
സ്വയം തെറ്റെന്ന് ഒരാള്‍ വിലയിരുത്തിയ മാര്‍ഗങ്ങള്‍ ധാര്‍മികബോധത്തെ വകവെയ്ക്കാതെ അവലംബിച്ചാല്‍ പിന്നീട് വര്‍ഷങ്ങള്‍ ഒത്തിരി കഴിഞ്ഞാലും കുറ്റബോധം മായാതെ അയാളുടെ മനസില്‍ തങ്ങിനില്‍ക്കാന്‍ ഇടയുണ്ട്. ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ വികാരം എന്‍റെ സ്വത്വത്തെ കീഴ്പ്പെടുത്തി ആസക്തിയുടെ(Lust) ഗര്‍ത്തത്തില്‍ ലയിപ്പിച്ച ചില നിമിഷങ്ങളും അതില്‍നിന്ന് ഞാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടതും ഓര്‍ത്തുപോകുകയാണ്. ആ സംഭവം വായനക്കാരുമായി പങ്കുവെയ്ക്കാം.
എറണാകുളത്ത് കോളെജില്‍ പഠിക്കുന്ന കാലത്തെ ഒരു അനുഭവം. ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ജീവിച്ച ഞാന്‍ പെട്ടെന്ന് നഗരവിസ്മയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. വീട്ടില്‍നിന്നും സ്വതന്ത്രനായതിന്‍റെ ആഹ്ലാദം ഏറെ. എന്‍റെ വീട് അസ്വസ്ഥത മാത്രമുള്ള ഒരു ഇടമായിരുന്നു. എപ്പോഴും വഴക്കും ബഹളവും. എല്ലാവരും ചേര്‍ന്ന് ചിരിച്ച് സന്തോഷങ്ങള്‍ പങ്കുവെച്ച ഒരു നിമിഷംപോലും ഓര്‍മയിലില്ല. മാനസിക സുരക്ഷ തീരയില്ല. ഒറ്റ മകനോടുള്ള വാത്സല്യം കര്‍ക്കശമായ ചിട്ടകളിലൂടെ മാത്രം പ്രകടിപ്പിച്ച അമ്മയെ എനിക്കു പേടിയായിരുന്നു. അമ്മയുടെ സഹോദരന്മാരോ മുത്തശ്ശിയോ എത്തുന്ന ദിവസം രാത്രിയില്‍ ഉച്ചത്തിലുള്ള വഴക്കു കേട്ടു പേടിച്ച് ഉറങ്ങാതെ കിടക്കുമായിരുന്നു ഞാന്‍. ഇതില്‍ നിന്നെല്ലാം രക്ഷപ്പെട്ട ഞാന്‍ നഗരക്കാഴ്ചകളില്‍ മുങ്ങി അലസനായി നടന്നു. ജന്മിത്തമൊക്കെ നശിച്ചുവെങ്കിലും പണത്തിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമ്പന്നസന്തതികളുമായി കൂട്ടുകൂടി രാത്രി ഹോസ്റ്റല്‍ മതില്‍ ചാടിക്കടന്ന് ഷണ്മുഖം റോഡിലെ പാരപ്പറ്റില്‍ കായല്‍ക്കാറ്റേറ്റ് സൊറപറഞ്ഞ് രസിച്ചു. സെവന്‍റി ഫീറ്റ് റോഡി(ഇന്നത്തെ എം.ജി. റോഡ്)ലൂടെ രാത്രിയില്‍ തേവര വരെ നടന്നു. ഹിന്ദി-ഇംഗ്ലീഷ് സിനിമകളോടായിരുന്നു കമ്പം. ഇടയ്ക്ക് ചെറിയ തോതില്‍ മദ്യപാനവും ഉണ്ടായി. നേവിയില്‍ ചിലരുമായി പരിചയപ്പെട്ടതാണ് ഇതിനു തുടക്കം കുറിച്ചത്. ഇക്കാലത്ത് പരിചയപ്പെട്ട ഒരു സുഹൃത്ത് ലൈംഗിതയുടെ ലോകത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചു. ലഹരിപിടിപ്പിക്കുന്ന കഥകള്‍. അക്കാലത്തെ ഹിന്ദി സിനിമകളില്‍ ഏറ്റവും മാദകത്വമുള്ള നടി മാലാ സിന്‍ഹയായിരുന്നു. മാലാ സിന്‍ഹയെപ്പോലുള്ള രഹസ്യകാമുകിയുമായി അവന്‍ നടത്തിയ രഹസ്യസംഗമങ്ങളും സംഭോഗവര്‍ണ്ണനകളും കേട്ട് കേട്ട് എന്‍റെ ശരീരത്തില്‍ തീ പടര്‍ന്നു. ഞാനും എന്‍റെ സങ്കല്‍പങ്ങളില്‍ ഒരു സുന്ദരിയുടെ ശരീരവടിവില്‍ കയ്യോടിച്ചു രസിച്ചു. എനിക്കും ഇതൊക്കെ ഒന്ന് അറിയണം. ആസ്വദിക്കണം. ഒരു ദിവസം എനിക്കായി ഒരവസരം ഒരുക്കിത്തരാമെന്ന് സുഹൃത്ത് വാഗ്ദാനം ചെയ്തു. ഒരു സന്ധ്യക്ക് അവന്‍ എന്നെ എറണാകുളം നോര്‍ത്തിലേക്ക് കൂട്ടികൊണ്ടുപോയി. റെയില്‍വെ പ്ലാറ്റ്ഫോം കടന്ന് പാളത്തിനരികിലൂടെ ഞങ്ങള്‍ നടന്നു. കുറച്ച് ചെന്നപ്പോള്‍ കുടിലുകളുടെ ഒരു നിര. ഒരു പെണ്ണിന്‍റെ അടുത്തേയ്ക്ക് തന്നെയാണ് എന്നെ കൂട്ടികൊണ്ടുപോകുന്നത് എന്ന് ഞാന്‍ അറിഞ്ഞു. ശിരസ്സിലേക്ക് രക്തം ഇരച്ചുകയറുന്നുവോ? ശരീരമാകെ പൊള്ളുന്ന ചൂട്. അജ്ഞാതയായ ആ പെണ്ണിന്‍റെ പൂര്‍ണനഗ്നതയില്‍ ഞാന്‍ മദിച്ചു തുടങ്ങി. ഒരു കുടിലിനടുത്തെത്തിയപ്പോള്‍ എന്നെയും പിടിച്ചു വലിച്ച് അവന്‍ ആ കുടിലിന്‍റെ വരാന്തയിലേക്കു കയറി. ഒന്നാംന്തരം ഒരു സാധനത്തെ നിനക്ക് പരിചയപ്പെടുത്തിത്തരാം എന്നോ മറ്റോ അവന്‍ പറഞ്ഞു എന്ന് തോന്നുന്നു.വരാന്തയില്‍ ഒരു ബെഞ്ച് മാത്രം. ഞാന്‍ അതിന്മേല്‍ ഇരുന്നു. കുടിലിന്‍റെ അകത്തേക്കുള്ള വാതിലില്‍ ഒരു ചാക്കു മറ. താഴെ അല്‍പം പിഞ്ഞിക്കീറിയിട്ടുണ്ട്. നോര്‍ത്ത് സ്റ്റേഷന്‍ വിടുന്ന തീവണ്ടിയുടെ ചൂളം വിളി. ഞാന്‍ വല്ലാതെ വിയര്‍ത്തു. ശരീരമാസകലം ഒരു ചെറിയ വിറയല്‍. എന്‍റെ പരിഭ്രമം മനസിലാക്കിയിട്ടെന്നപോലെ സുഹൃത്ത് എന്‍റെ തോളില്‍ കൈവച്ചു. ഞാന്‍ ചാക്കുമറയ്ക്കപ്പുറത്തുള്ള പെണ്ണിനെക്കുറിച്ച് ചിന്തിച്ചു. കാല്‍പനിക പ്രണയം പൂക്കുന്ന കാലമായിരുന്നല്ലോ അത്. ഈ പെണ്ണ് ആരെയെങ്കിലും പ്രണയിക്കുമോ? ഇവള്‍ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്? സ്വയം തിരഞ്ഞെടുത്തതല്ലായിരിക്കാം. നിര്‍ബന്ധിതയായതാവാം. എന്‍റെ സുഹൃത്ത് ഇവളെ പ്രണയിക്കുമോ? അല്ലെങ്കില്‍ ഇവള്‍ക്ക് അതൊന്നും വേണ്ടായിരിക്കും. കൂട്ടുകാരന്‍റെ അടക്കിയ ശബ്ദം."ഉം. പോയ്ക്കോ."ഉള്ളിലേക്കു പോകാനാണ് നിര്‍ദേശം. ഞാന്‍ പരുങ്ങി. എനിക്ക് ഉള്ളിലെത്താന്‍ അതിയായ ആഗ്രഹം ഉണ്ട്. പക്ഷെ...........പക്ഷെ........കുറച്ചു നേരം കൂടി......."എന്നാ ഞാനാദ്യം കേറാം...... "ഈ സമയത്ത് ഒരു ചെറിയ പെണ്കുട്ടി ചാക്കുമറ നീക്കി വരാന്തയിലേക്ക് വന്നു. ഒരു തിരിമാത്രമിട്ട് കത്തിച്ച ഒരു നിലവിളക്ക് അവള്‍ പിടിച്ചിരിക്കുന്നു. എന്‍റെ മുന്നില്‍ കുറച്ചകലെയായി അവള്‍ നിലവിളക്ക് വെച്ചു. ചാണകം മെഴുകിയ നിലം. ഒരരികില്‍ ചാരിവെച്ചിരുന്ന പലക എടുത്തിട്ട് കുട്ടി അതിന്മേല്‍ ഇരുന്നു. അവള്‍ എന്നെയും സുഹൃത്തിനേയും മാറിമാറി നോക്കി. സുഹൃത്ത് ഇതിനിടയില്‍ ചാക്കുമറ നീക്കി ഉള്ളിലേക്കു പോയിഞാന്‍ ഉള്ളിലുള്ള യുവതിയെ സ്ങ്കല്‍പിച്ചു. ഇരു നിറത്തില്‍ മെലിഞ്ഞ സുന്ദരി. മുന്നില്‍ ഇരിക്കുന്ന ബാലികയാവാം ഈ രൂപകല്‍പനയ്ക്ക് എന്നെ സഹായിച്ചത്. ഓമനത്തം തുളുമ്പുന്ന ആ കുഞ്ഞു മുഖത്തേയ്ക്ക് നോക്കി ഇരുന്നു. അകത്തുനിന്നും എന്തോ അടക്കം പറച്ചില്‍. വിളക്കിന്‍റെ തിരിനാളം കാറ്റിലാടുന്നു. ബാലിക നല്ല ഈണത്തില്‍ സ്ന്ധ്യാനാമം ചൊല്ലാനാരംഭിച്ചു. ഇമ്പമുള്ള കുഞ്ഞുശബ്ദം. ദൈവത്തെ വാഴ്ത്തി പാടുന്നു. സന്ധ്യകനക്കുകയാണ്. ദൈവത്തിന്‍റെ കാരുണ്യം യാചിക്കുന്ന ഈരടികള്‍. ഉലയുന്ന തിരിനാളം. കാറ്റില്‍ മെല്ലെ ഇളകുന്ന ചാക്കുമറ. എന്‍റെ ഉള്ളില്‍ സങ്കടം പെരുകി.വിയര്‍പ്പില്‍ കുളിച്ച് എന്‍റെ സുഹൃത്ത് പുറത്തേയ്ക്ക് വന്നു. വൃത്തികെട്ട ഒരു ചിരി."ങും. ചെല്ല്." അവന്‍ എന്നെ എഴുന്നേല്‍പ്പിച്ചു. ഉള്ളിലേയ്ക്ക് പോകാനായി മെല്ലെ തള്ളി. പോയില്ലെങ്കില്‍ എന്താണ് കുഴപ്പം എന്ന് ഞാന്‍ മനസില്‍ ചോദിച്ചു. അവന്‍ ഇത് പാട്ടാക്കും. എന്നെ ഭീരുവായും ഷണ്ഡനായും വര്‍ണിക്കും. കൂടുതല്‍ ആലോചിക്കാതെ ഞാന്‍ ഉള്ളില്‍ കടന്നു. മുറിയുടെ മൂലയില്‍ ഒരു പാട്ടവിളക്ക്. മങ്ങിയ വെളിച്ചം. നിലത്ത് വിരിച്ച പായയില്‍ മലര്‍ന്ന് കിടക്കുന്ന സ്ത്രീ ശരീരം. നിശ്ചലമായി കിടന്നിരുന്ന ആ ശരീരം ഒരു ശവമാണ് എന്ന് എനിക്ക് തോന്നി. ശവം പറഞ്ഞു : "ആ മറയെടുത്ത് ചാരിവയ്ക്ക്."കിടന്നുകൊണ്ടുതന്നെ അവള്‍ കൈചൂണ്ടി. ഞാന്‍ അവിടെകണ്ട ഓലമറയെടുത്ത് വാതില്‍ക്കല്‍ ചാരി.ഞാനാകെ വിയര്‍ത്തു. ഷര്‍ട്ട് നനഞ്ഞു കുതിര്‍ന്നു. തളര്‍ച്ച. ഞാന്‍ അവളുടെ കാല്‍ക്കലായി പായയില്‍ ഇരുന്നു. അവളുടെ മുഖത്തേക്ക് ഒന്നു പാളി നോക്കി. അരണ്ടവെളിച്ചത്തില്‍ തിളക്കമറ്റ രണ്ടു കണ്ണുകള്‍. വെളിയില്‍നിന്നും പെണ്കുട്ടി പാടുന്ന കീര്‍ത്തനം കുടിലിനുള്ളില്‍ നിറഞ്ഞു."കെടക്കണില്ലേ?:"ഇല്ല"അവള്‍ക്ക് എന്തു തോന്നിയോ എന്തോ?കുറച്ചുനേരം ഞാന്‍ അങ്ങനെത്തന്നെ ഇരുന്നു."നിങ്ങക്കൊള്ള കാശും അയാള് തന്നിട്ടൊണ്ട്.""എനിക്ക് നല്ല സുഖമില്ല"എന്നാണ് ഞാന്‍ പറഞ്ഞതെന്ന് തോന്നുന്നു. എഴുന്നേറ്റ് ഓലമറ മാറ്റിവെച്ച് ഞാന്‍ പുറത്തു കടന്നു. സുഹൃത്ത് റെയില്‍പാളത്തിനരികില്‍ കാത്തുനിന്നിരുന്നു. പിന്നീട് രാത്രികളില്‍ ഹോസ്റ്റലിലെ മുറിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴൊക്കെ ആ കുടിലും തിരിനാളവും രണ്ട് മുഖങ്ങളും ഓര്‍മ്മയില്‍ തെളിയും. ധനവാനായ ഒരു കോണ്ട്രാക്റ്ററുടെ മകനായിരുന്നു ആ സുഹൃത്ത്. അവന്‍റെ ആര്‍ഭാടം നിറഞ്ഞ ജീവിതത്തോട് കൂടുതല്‍ അടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ചൂഷകരെക്കുറിച്ചും ചൂഷിതരെക്കുറിച്ചുമൊക്കെ മുമ്പ് എന്‍റെ മറ്റൊരു സുഹൃത്ത് കുര്യാക്കോസ് പറയാറുള്ളത് ഓര്‍ത്തു. കോണ്ട്രാക്ടറുടെ മകനും പാവപ്പെട്ട ആ പെണ്ണും എനിക്ക് വിശദീകരണങ്ങളായി.വ്യക്തിബന്ധങ്ങളും അനുഭവങ്ങളും അതിന്‍റെ സുപ്രധാന ഘടകങ്ങളായതുകൊണ്ട് യൌവനാരംഭത്തിലെ ഒരു അനുഭവം ഒരു സൂചകം പോലെ ഓര്‍മ്മയില്‍നിന്നും പുനരാവിഷ്കരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ചൂഷിതരോടുള്ള എന്‍റെ സമീപനത്തെ മാത്രമല്ല സ്ത്രീ പുരുഷബന്ധത്തെക്കുറിച്ചുള്ള എന്‍റെ ചിന്തകളേയും സ്വാധീനിച്ച ഒരനുഭവമായിരുന്നു അത്.ഇരുപതിലേറെ വര്‍ഷം കഴിഞ്ഞ് എഴുതിയ ഒരു കഥയില്‍ ഈ അനുഭവം സ്ഥാനം പിടിച്ചിട്ടുണ്ട്. അത്രകാലം കഴിഞ്ഞ് എഴുതിയ ഒരു കഥയില്‍ പായമേല്‍ ശവം പോലെ കിടന്ന ആ യുവതി കടന്നുവന്നത് എന്തുകോണ്ടാണ്? എന്നെ എനിക്ക് സാന്ത്വനിപ്പിക്കണമായിരുന്നു. ഞാന്‍ എഴുത്തിലൂടെ സ്വാന്ത്വനം തേടുന്നുണ്ട്.(പ്രണയം - വിവാഹം - വിവാഹമോചനം എന്ന ലേഖനത്തില്‍ നിന്ന് - വൈശാഖന്‍ ജീവിതചിന്തകളും കഥകളും എന്ന പുസ്തകത്തില്‍ നിന്ന് - Edited & Compiled by - Prasad Amore - H&C Publishing House - February 2005)