Sunday, March 1, 2009

പാര്‍ലമെന്റിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍‍-പി.ഡി.ടി.ആചാരി

(ലോകസഭാ സെക്രട്ടറി ജനറലാണ് ലേഖകന്‍. ഈ പദവിയിലെത്തിയ ആദ്യത്തെ മലയാളി)

പാര്‍ലമെന്റിലെ ഉദ്യോഗത്തില്‍ ഞാന്‍ ചേരുന്നത് 1970-ലാണ്. മുപ്പത്തൊമ്പത് വര്‍ഷം. ഇന്ദിരാഗാന്ധി മുതല്‍ ഡോ.മന്മോഹന്‍ സിങ് വരെയുളള പ്രധാനമന്ത്രിമാര്‍. എത്രയോ ചരിത്രമുഹൂര്‍ത്തങ്ങള്‍. വ്യക്തിജീവിതത്തിലേക്കാള്‍ ഔദ്യോഗിക ജീവിതത്തിലാണ് എനിക്ക്‌ മറക്കാന്‍ കഴിയാത്ത സംഭവങ്ങളിലേറെയും. അതിലേറ്റവും പ്രധാനപ്പെട്ടത് 1971-ലെ ഇന്ത്യാ-പാക്ക് യുദ്ധമാണ്.

ചങ്ങനാശേരി എന്‍.എസ്.എസ്. കോളേജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി മധ്യപ്രദേശില്‍നിന്നു ബിരുദാനന്തര ബിരുദവും ഡല്‍ഹിയില്‍ നിന്നു നിയമബിരുദവുമെടുത്ത് പാര്‍ലമെന്റില്‍ ചേര്‍ന്നതിന്റെ അടുത്ത വര്‍ഷം ഞാന്‍ ഇന്റര്‍പ്രട്ടര്‍ തസ്തികയിലാണ്.

രാജ്യത്താകെ യുദ്ധത്തിന്റെ അലകള്‍ നിറഞ്ഞിരുന്നു. ആ സമയത്ത് പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്. ഓരോ മണിക്കൂറിലും പ്രതിരോധമന്ത്രി ജഗജീവന്‍ റാം സഭയിലെത്തി നമ്മുടെ സൈന്യത്തിന്റെ മുന്നേറ്റത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുന്നു.

പ്രതിരോധമന്ത്രിയുടെ വരവ് സഭ വളരെ ആകാംക്ഷയോടെയാണു കാത്തിരുന്നത്. അദ്ദേഹം സംസാരിക്കുമ്പോള്‍ സഭയില്‍ പരിപൂര്‍ണ നിശ്ശബ്ദത നിറയും. പുതിയ വിവരങ്ങളുമായി പ്രതിരോധമന്ത്രിയുടെ വരവുതന്നെ ഒരു കാഴ്ചയായിരുന്നു. അദ്ദേഹം കടന്നു വരുമ്പോള്‍ എല്ലാ കണ്ണുകളും കാതുകളും അദ്ദേഹത്തിനു നേര്‍ക്ക് തിരിയും. സമ്മേളനത്തിനിടയില്‍ പ്രതിരോധമന്ത്രി കടന്നു വന്നു.

ഇന്ത്യന്‍ സൈന്യം ധാക്കയിലേക്കു മുന്നേറുകയാണ് എന്നാണ് അദ്ദേഹം സഭയെ അറിയിച്ചത്. വീണ്ടും സമ്മേളനം തുടര്‍ന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞു. വീണ്ടും പ്രതിരോധമന്ത്രി കടന്നുവന്നു. അദ്ദേഹം ഇത്തവണ നേരെ പോയത് പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ അടുത്തേക്കാണ്. അവര്‍ തമ്മില്‍ എന്തോ സംസാരിക്കുന്നതു കണ്ടു. പിന്നീട് ഇന്ദിരാഗാന്ധി എഴുന്നേറ്റു നിന്നു പ്രഖ്യാപിച്ചു: ഇന്ത്യന്‍ സൈന്യം ധാക്കയില്‍ പാക്കിസ്ഥാന്‍ സൈന്യത്തെ കീഴടക്കി. പാക് സേനാമേധാവി കീഴടങ്ങി!

ആ രംഗത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും രോമാഞ്ചമുണ്ടാകും. സഭയിലുണ്ടായിരുന്ന മുഴുവന്‍ അംഗങ്ങളും എഴുന്നേറ്റു നിന്നു കയ്യടിക്കുന്നുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന കടലാസുകളും മറ്റും അംഗങ്ങള്‍ മുകളിലേക്കെറിഞ്ഞു. എല്ലാ അംഗങ്ങളും സ്വയം മറന്നു കരഭേരി മുഴക്കി. കര‍ഘോഷത്തിനിടയില്‍ ഭാരതമാതാ കീ ജയ് എന്ന വിളികള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ഇന്ത്യന്‍ ലോക്സഭയുടെ ചരിത്രത്തില്‍ ഇതുപോലെ ഒരു ആഹ്ലാദപ്രകടനം അതിനു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ല. ആ ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷിയാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.

മറക്കാന്‍ കഴിയാത്ത മറ്റൊരു സംഭവം ഇന്ദിരാഗാന്ധിയെ സഭയില്‍നിന്നു പുറത്താക്കിയതാണ് . ഇന്ദിരാഗാന്ധിയെ പ്രിവിലിജ് കമ്മറ്റിയുടെ മുന്‍പാകെ വരുത്തി. അവകാശലംഘനം നടത്തിയെന്ന് ആരോപിച്ച് 1978 ഡിസംബര്‍ 19-ന് ഇന്ദിരാഗാന്ധിയെ സഭയില്‍ നിന്നു പുറത്താക്കി. അന്നു സി.എം.സ്റ്റീഫന്‍ ആയിരുന്നു സഭയിലെ പ്രതിപക്ഷ നേതാവ്.

ഇന്ദിരയെ പു‍റത്താക്കിയെന്നു പ്രഖ്യാപിച്ചപ്പോള്‍ സി.എം.സ്റ്റീഫന്‍ ഒരു പ്രസംഗം നടത്തി. ഇംഗ്ലീഷ് ഭാഷ മനോഹരമായി പ്രയോഗിക്കാന്‍ അറിയുന്ന നേതാവായിരുന്നു സ്റ്റീഫന്‍. അദ്ദേഹത്തിന്റെ വാക്കുകളും ശബ്ദവും എനിക്കിന്നും ഓര്‍മ്മയുണ്ട്.

ടുഡേ യു ആര്‍ ‌ക്രൂസിഫയിങ് ഹെര്‍. ബട്ട് റിമംബര്‍, ക്രൂസിഫിക്ഷന്‍ ഈസ് നോട്ട് ദ് എന്‍ഡ് ഓഫ് ദ് സ്റ്റോറി. ആഫ്റ്റര്‍ ക്രൂസിഫിക്ഷന്‍ ദെയര്‍ വില്‍ബി റിസര്‍ക്ഷന്‍. ഷി വില്‍ കംബാക്ക് ലൈക്ക് ലൈറ്റ്നിങ്. ഷി വില്‍ കംബാക്ക്‌ ലൈക്ക് റോര്‍ ഓഫ് തണ്ടര്‍ ( ഇന്നു നിങ്ങള്‍ ഇന്ദിരയെ കുരിശില്‍ത്തറയ്ക്കുന്നു. പക്ഷെ, ഓര്‍ക്കുക, കുരിശുമരണം കൊണ്ടു കഥ അവസാനിക്കുന്നില്ല. കുരിശുമരണത്തിനുശേഷം ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടാകും. അവര്‍ മിന്നല്‍പോലെ മടങ്ങി വരും. അവര്‍ ഇടിമുഴക്കം പോലെ മടങ്ങി വരും...)

അത്‌ അങ്ങനെ സംഭവിക്കുകയും ചെയ്തുവല്ലോ!

(മലയാള മനോരമ ആഴ്ചപ്പതിപ്പ് 2009 ഫെബ്രുവരി 21)

No comments: