ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ(ഐ.എം.എ) കേരളക ഘടകം ആഹ്വാനം ചെയ്തതനുസരിച്ച് ഡോക്ടര്‍മാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടുക്കുകയാണ്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ഔട്ട് പേഷ്യന്‍റ് വിഭാഗത്തില്‍ ഹാജരാകാതെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സാ കേന്ദ്രങ്ങളെ ആക്രമണ വിമുക്തമാക്കണമെന്നാവശ്യപ്പെട്ടാണ് ഈ സമരം.
ഡോക്ടര്‍മാര്‍ അവരുടെ തൊഴിലിന്‍റെ പവിത്രതയും മഹത്വവും തിരിച്ചറിയണം. ജീവന്‍ രക്ഷിക്കുക എന്ന ഉദാത്തമായ ദൌത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റേണ്ട ഡോക്ടര്‍മാര്‍ രോഗികളെ ബന്ദികളാക്കി സമരം ചെയ്യുന്നത് ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ല. ഡോക്ടര്‍മാര്‍ക്ക് എതിരായ ആക്രമണങ്ങള്‍ കര്‍ശനമായി തടയുകതന്നെ വേണം. ആക്രമണം ആര്‍ക്കെതിരെ ആയാലും അത് ന്യായീകരിക്കാനാവില്ല. അഹിംസ ജീവിതവ്രതമാക്കിയ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിച്ചിട്ടുള്ള നാട്ടില്‍ ഒന്നു പറഞ്ഞ രണ്ടാമത്തെ വാക്കിന് അടിയും വെട്ടും അക്രമവുമെന്നത് ഒട്ടും ഭൂഷണമല്ല.കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിലായി 2711 ആശുപത്രികളും 50,743 കിടക്കകളുമുണ്ട്. 81 സഹകരണ ആശുപത്രികളിലായി 6129 കിടക്കകളും 12 ഇ.എസ്.ഐ. ആശുപത്രികളിലും 137 ഡിസ്പെന്സറികളിലുമായി 1123 കിടക്കകളുമുള്ളത് ഇതിനു പുറമെയാണ്. സ്വകാര്യ മേഖലയില്‍ 2004 വരെയുള്ള കണക്കുകള്‍ പ്രകാരം 12,383 ആശുപത്രികളിലായി 63,386 കിടക്കകളുമുണ്ട്. 2006-07 വര്‍ഷത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്‍റെ കീഴിലുള്ള 1303 ആശുപത്രികളിലായി 457.10 ലക്ഷം പേരെയാണ് ചികിത്സിച്ചത്. ഇതില്‍ 16.60 ലക്ഷം പേരെ ആശുപത്രികളില്‍ കിടത്തി ചികിത്സിക്കുകയായിരുന്നു.ഈ കണക്കുകള്‍ ഇത്ര വിശദമായി രേഖപ്പെടുത്തിയത് എത്രമാത്രം രോഗികളാണ് ആശുപത്രികളെ അഭയം പ്രാപിക്കുന്നത് എന്ന കാര്യം സൂചിപ്പിക്കാനാണ്. തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിലാണ് പലപ്പോഴും ആശുപത്രികളിലെത്തുന്നത്. ഗതികെട്ടെത്തുന്ന അത്തരം രോഗികളോട് ഞങ്ങള്‍ സമരത്തിലാണെന്ന് ഡോക്ടര്‍മാര്‍ക്ക് പറയേണ്ടി വരുന്നത് ആ തൊഴിലിന്‍റെ മാന്യതയ്ക്ക് നിരക്കുന്നതല്ല. ഒരു ദിവസം രണ്ട് ലക്ഷത്തിലേറെ രോഗികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഐ.എം.എ ചൂണ്ടിക്കാണിച്ചതനുസരിച്ചാണെങ്കില്‍ ജനുവരിയില്‍ രണ്ടിടത്താണ് ഡോക്ടര്‍മാര്‍ക്കുനേരെ ആക്രമണമുണ്ടായിട്ടുള്ളത്. അതായത് 62 ലക്ഷത്തിലേറെപ്പേരെ ചികിത്സിച്ചതില്‍ രണ്ട് സംഭവങ്ങള്‍ മാത്രമാണ് ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെയുള്ള ആക്രമണമായിത്തീര്‍ന്നത്. മൊത്തം രോഗികളുടെ കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് എത്ര ശതമാനം വരുമെന്ന് ചിന്തിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണം. ഒരു വര്‍ഷം പത്തില്‍ കൂടുതല്‍ ആശുപത്രി ആക്രമണക്കേസുകള്‍ ഉണ്ടാകാറില്ല. ചികിത്സിക്കുന്ന രോഗികളുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് അവഗണിക്കവുന്നതിനേക്കാള്‍ തീരെ ചെറിയ സംഖ്യയാണ്. കൈക്കൂലി വാങ്ങുമ്പോള്‍ കൈയോടെ പിടിയിലായ എത്രയോ ഡോക്ടര്‍മാരുണ്ട്. രോഗിയെ കാണാതെ കൈക്കൂലി വാങ്ങി ചികിത്സാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡോക്ടര്‍മാരേയും കാണാന്‍ കഴിയും. അപൂര്‍വ്വമായിട്ടാണെങ്കിലും മരുന്ന് മാറിപ്പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തീരെ ചെറിയ ന്യൂനപക്ഷമാണ് ഇക്കൂട്ടര്‍. അതിന്‍റെ പേരില്‍ എല്ലാ ഡോക്ടര്‍മാരേയും കുറ്റപ്പെടുത്തുന്നത് മനുഷ്യത്വരഹിതമായിരിക്കും.ബന്ധുക്കളേക്കാള്‍ ആകാംക്ഷയോടും ഉത്തരവാദിത്വത്തോടും ആത്മാര്‍ത്ഥതയോടും രോഗിയെ ചികിത്സിക്കുന്ന ആയിരക്കണക്കിന് ഡോക്ടര്‍മാരുള്ള ഈ നാട്ടില്‍ നിസ്സാര ന്യൂനപക്ഷം കാട്ടുന്ന വിക്രിയകളുടെ പേരില്‍ ഡോക്ടര്‍മാര്‍ അപഹസിക്കപ്പെട്ടാല്‍ അതിനെ ചെറുക്കാനെത്തുന്നത് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളായിരിക്കും.ഡോക്ടര്‍മാരെ ദൈവത്തിനു തുല്യമായി കാണുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അനാവശ്യ സമരങ്ങള്‍ നടത്തുന്നവരുടെ കൂട്ടത്തിലേക്ക് ഡോക്ടര്‍മാരും മാറിയാല്‍ ആരാച്ചാര്‍മാരുടെ നിലയിലേക്ക് അവര്‍ മാറ്റപ്പെടുമെന്ന് ഞങ്ങള്‍ ഭയക്കുന്നു. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുണ്ടാകുന്ന ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ശക്തമായി ചെറുക്കണം. പെട്ടെന്നുണ്ടാകുന്ന വികാര വിക്ഷോഭങ്ങളുടെ പേരിലാണെങ്കില്‍ പോലും അവ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൂടിയേതീരൂ. പക്ഷെ, അതിനായി ഡോക്ടര്‍മാര്‍ ജനങ്ങള്‍ക്കുനേരെ യുദ്ധം പ്രഖ്യാപിക്കുന്നത് ഒട്ടും ഭൂഷണമല്ല.( കലാകൌമുദി ദിനപത്രം - പത്രാധിപക്കുറുപ്പ് - 04/02/2009 )
No comments:
Post a Comment