.
'നെനക്ക് ന്താപ്പോ ജോലി' 'ബിസ്സിനസ്സ് ചെയ്യൃ മാഷേ' ' എന്ത് ബിസിനസ്സാഡോ' 'അല്ലറ ചില്ലറ മൊത്ത വ്യാപാരം.' 'അതെന്താ ങ്നൊരു കച്ചവടം കൃഷ്ണാ. ആട്ടെ ലാഭം എങ്ങ്ന്യാ' ' പഴേതും പുതീതും തമ്മിലുള്ള വ്യത്യാസം ബിസിനസ്സിനേം ബാധിക്കില്ലേ മാഷേ. ലാഭം ഇല്യാന്നല്ല. ജീവിക്കള്ളത് കിട്ടും, അത്രേള്ളു.' ഗോവിന്ദന്‍ മാഷ് ഊറി ചിരിച്ചു. ' ന്നാല്‍ ശരി, നീയ്യ് അങ്ട് നടക്ക്. കൊറേ കാലായില്യേ വീട്ടിലുള്ളോരെ കണ്ട്ട്ട്. അവരുടെ മനസ്സ് കുളിര്‍ക്കട്ടെ' കൃഷ്ണന്‍ മൂത്താര്‍ക്ക് പഴയൊരു ചരിത്രമുണ്ട്. ആരേയും കൂസാത്ത പ്രകൃതം. എല്ലാറ്റിലും തലയിടുന്ന സ്വഭാവം. നാടുവിടുമ്പോള്‍ അയാള്‍ക്ക് ഇരുപതോ ഇരുപത്തൊന്നോ വയസ്സ് പ്രായമുണ്ടാകും. അയാള്‍ക്ക് പ്രത്യേകിച്ച് ഒരു തൊഴിലുമുണ്ടായിരുന്നില്ല. തെണ്ടിത്തിരിഞ്ഞു നടക്കുന്ന കാലമായിരുന്നെങ്കിലും കൃഷ്ണന്‍ മൂത്താര്‍ക്ക് ചില ചിട്ടകളും രീതികളുമുണ്ടായിരുന്നു. രാവിലത്തെ ഭക്ഷണം അകത്താക്കി അമ്മയെ തെറി പറഞ്ഞും ഭീഷണിപ്പെടുത്തിയും രണ്ട് രൂപ മടിയില്‍ത്തിരുകും. മൂത്താര് ജംഗ്ഷനിലേക്കിറങ്ങും. കണാരന്‍റെ ചായപ്പീടികയില്‍ ചെന്നിരുന്ന് രാഷ്ട്രീയം, അതിര്‍ത്തിത്തര്‍ക്കം എന്നിവ ചര്‍ച്ച ചെയ്യും. വേണ്ടിവന്നാല്‍ കൈകാര്യം ചെയ്യാനും മൂത്താര്‍ക്ക് മടിയില്ല. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരില്‍ 'ഉന്നത' വിദ്യാഭ്യാസം നേടിയിട്ടുള്ളത് കൃഷ്ണന്‍ മൂത്താര് മാത്രമായിരുന്നു. ഏഴില്‍ തോറ്റ് തുന്നാരം പാടിമടുത്ത് പഠിപ്പ് നിര്‍ത്തിയ മൂത്താര് ചായ പീടിക സംഘത്തിന്‍റെ മേലാളനും പ്രധാന പ്രാസംഗികനുമായിരുന്നു. പത്രവായനയും പരദൂഷണവും മൂത്താരുടെ ഇഷ്ടപ്പെട്ട വിനോദമായിരുന്നതിനാല്‍ കണാരന്‍റെ പ്രീതിയും കൂട്ടത്തില്‍ ഓസി ചായയും തരമാക്കാന്‍ അയാള്‍ക്ക് വിഷമമുണ്ടായില്ല. അങ്ങിനെയൊരുനാള്‍ പൊടുന്നനെ ചര്‍ച്ച വഴക്കായി വാക്കേറ്റമായി അടിപിടിയായി, മൂത്താര് ചെറുമന്‍ ചാമിയെ തല്ലി, പൊതിരെ തല്ലി ദേഷ്യം തീര്‍ത്തു. ചാമിയും വിട്ട പുള്ളിയായിരുന്നില്ല. ചാമി രാഷ്ടീയക്കാരെക്കണ്ട് പരാതി ബോധിപ്പിച്ചു. സാക്ഷിയായി മൊഴികൊടുക്കാന്‍ കുഞ്ഞനന്തനാരും ചെന്നിരുന്നു. ഹരിജനമര്‍ദ്ദനത്തിന്‍റെ പേരില്‍ രാഷ്ട്രീയക്കോടി ആഞ്ഞു ചുഴറ്റിയപ്പോള്‍ കൃഷ്ണന്‍ മൂത്താര് അന്തം വിട്ട് നില്‍ക്കക്കള്ളിയില്ലാതെ നാടുവിട്ടു.
ആ കഴിഞ്ഞ കഥ നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആര് ഓര്‍ക്കാന്‍? മെയിന്‍ കഥാപാത്രം ചാമി മരിച്ചിട്ട് വര്‍ഷം രണ്ടായി. സൈഡ്റോളുള്ള കുഞ്ഞനന്തനാര് വാതം പിടിപിട്ട് കലശലായി കട്ടിലില്‍ ചുരുണ്ട് കൂടിയിട്ട് കൊല്ലം നാല് കഴിഞ്ഞു. പുതിയ വാര്‍ത്തകളൊന്നും അറിയാതെ കൃഷ്ണന്‍ മൂത്താര് വീട്ടിലെത്തി. അത്ഭുതപരതന്ത്രരായ വീട്ടുകാര്‍ മൂത്താരെ അടിമുടി നോക്കി. അമ്മയുടെ കണ്ണീര്‍ സന്തോഷത്തിന്‍റെ അടയാളമായി മൂത്താര് കണക്കാക്കി. മര്വോന്‍ ചെക്കന്‍ മൂത്താരുടെ ട്രങ്ക് പെട്ടിയില്‍ കയറി പിടിച്ചു. കൃഷ്ണന്‍ മൂത്താര് ചെക്കനെ കുനിഞ്ഞ് ഉമ്മവെച്ചു. നെനക്കുള്ളത് പിന്നെത്തരാം എന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു. മൂത്താരുടെ വീട്ടില്‍ ആകെ ബഹള മയം. അരക്കുന്നു, പിടിക്കുന്നു, ആട്ടുന്നു, കുത്തുന്നു, എല്ലാം പൊടി പൊടിക്കുന്നുണ്ട്. മൂത്താര്‍ക്ക് വേണ്ടി സ്പെഷ്യല്‍ സാധനങ്ങള്‍ പെങ്ങന്മാരും മര്വോക്കളും ചേര്‍ന്ന് പരസ്പരം മത്സരിച്ചും ഉത്സാഹിച്ചും ഒരുക്കുകയാണ്. കൃഷ്ണന്‍ മൂത്താര് എല്ലാറ്റില്‍ നിന്നും അകന്ന് നേരിയ മന്ദഹാസത്തോടെ ഏകാഗ്രചിത്തനായി ഉച്ചകോലായില്‍ ചടഞ്ഞിരുന്ന് ചുരുട്ടുകള്‍ വലിച്ചു തള്ളി. ദിനങ്ങള്‍ പലത് കൊഴിഞ്ഞു. മൂത്താര് രാവിലെയായാല്‍ പുതിയ സൂട്ടും കോട്ടും തൊപ്പിയും അണിഞ്ഞ് പഴയ ഓര്‍മ്മകള്‍ പുതുക്കാനെന്നോണം പുറത്തേക്കിറങ്ങും. കൃഷ്ണന്‍ മൂത്താര് വെളിയിലേക്കിറങ്ങിയ തക്കം നോക്കി മര്വോന്‍ ചെക്കന്‍ മൂത്താരുടെ അമ്മയോട് പറഞ്ഞു 'നിക്ക് കൃഷ്ണമ്മാന്‍ തരാംന്ന് പറഞ്ഞ സാധനം ഇനീം തന്നില്യ. മുത്തശ്ശി ആ പെട്ട്യൊന്ന് നോക്കൂ' ചെക്കന്‍ പറഞ്ഞതില്‍ സ്വല്പം കാര്യമുണ്ടെന്ന് മൂത്താരുടെ അമ്മക്ക് തോന്നി. ഇതുവരെയായി മൂത്താര് ആര്‍ക്കും ഒരു സാധനവും കൊടുത്തിട്ടില്ല. ഇത്രേം വല്യേ ട്രങ്ക് പെട്ടീല് ഒന്നും ഇല്യാതെ വര്വോ - തള്ള ചിന്തിച്ചു. അവര്‍ മൂത്താരുടെ പെട്ടി തുറന്ന് നോക്കാന്‍ തീരുമാനിച്ചു. പെട്ടി പൂട്ടിയിരിക്കുന്നത് കണ്ട് തള്ള നിരാശയായി നിലത്ത് കുനിഞ്ഞിരുന്ന് താടിക്ക് കൈയ്യും കൊടുത്ത് മൂത്താരെ അരിശത്തോടെ പുലഭ്യം പറ്ഞ്ഞു. ' അവനും അവന്‍റെയൊരു ട്രങ്ക് പെട്ടീം. ഇനീല്യ ങ്നൊരു ഗോസായിക്കാരന്‍. ഫ് ഫാ....... അവസാനം ഒരു ആട്ടു കൊടുക്കാന്‍ തള്ള മറന്നില്ല. മരുമകന്‍ ചെക്കന്‍ അതിസൂത്രശാലിയായിരുന്നു. അവന്‍ ഓടിപ്പോയി ഒരു കുടക്കമ്പി കൊണ്ടുവന്ന് താക്കോല്‍ ദ്വാരത്തിലൂടെ കടത്തി തിരിക്കും മറിക്കും ചെയ്തപ്പോള്‍ ട്രങ്ക് പെട്ടി തുറന്നു. അവന്‍ സന്തോഷാധിക്യത്താല്‍ വായില്‍ വിരലിട്ട് രണ്ട് വിസില്‍ അടിച്ചു. ട്രങ്ക് പെട്ടി മലര്‍ക്കെ തുറന്നു. മുകളില്‍ അടുക്കിവെച്ചിരുന്ന കോട്ടുകളും സൂട്ടുകളും എടുത്ത് നീക്കിയപ്പോള്‍ കുറെ ചില്ലിട്ട ഫോട്ടോകളും ഒരു വലിയ ആല്‍ബവും ഇരിക്കുന്നു. കൃഷ്ണന്‍ മൂത്താരുടേയും വേറെ പലരുടേയും വിവിധ പോസുകളിലുള്ള ഫോട്ടോകളായിരുന്നു അത്. തള്ളക്കും ചെക്കനും അതിലൊന്നും അത്ര കമ്പം തോന്നിയില്ല. ചില്ലിട്ട ഫോട്ടകളും ആല്‍ബവും മാറ്റിയപ്പോള്‍ ട്രങ്ക് പെട്ടി ശൂന്യം. അതെ, അങ്ങിനെത്തന്നെയാണ് പറയേണ്ടത് - അവശേഷിച്ചിരുന്നത് നാലഞ്ച് കാലിടിന്നുകളും മൂന്നോ നാലോ അടപ്പില്ലാത്ത പഴകിയ ഹോര്‍ലിക്സ് കുപ്പികളും പിന്നെ വലിയൊരു താക്കോല്‍ ശേഖരവും മാത്രമായിരുന്നു..............
2 comments:
Wonderful.. Best wishes...!!!
Thanks for ur comments
Post a Comment