Wednesday, June 2, 2010

സ്റ്റാമിന കുറവാണെന്നോ....ബീറ്റ്റൂട്ട് സഹായിക്കും

മുപ്പത്തഞ്ചിനു മേലെ പ്രായവും അല്‍പ്പം കുടവയറുമായാല്‍ പിന്നെ മിക്കവര്‍ക്കും സ്റ്റാമിനയുടെ കാര്യം തഥൈവ ! രാവിലെ അല്‍പ്പം വ്യായാമമൊക്കെ ആവാമെന്ന് വച്ചാലോ മനസ്സറിഞ്ഞ് വ്യായാമം ചെയ്ത് തുടങ്ങുമ്പോഴേ കിതപ്പ് തുടങ്ങും. ഇനി ഇത്തരത്തില്‍ സ്റ്റാമിന കുറയുന്നവര്‍ വിഷമിക്കേണ്ട എന്നാണ് ഒരു പഠനത്തില്‍ പറയുന്നത്.

എക്സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ചുവപ്പന്‍ ബീറ്റ്‌റൂട്ടും സ്റ്റാമിനയുമായുള്ള ബന്ധം വെളിപ്പെട്ടത്. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ചാല്‍ 16 ശതമാനം അധികം വ്യായാമം ചെയ്യാന്‍ സാധിക്കുമെന്നാണ് പഠനം നടത്തിയവര്‍ അവകാശപ്പെടുന്നത്.

അകത്തേക്ക് എടുക്കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കാന്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് സഹായിക്കുന്നു. ഇത് ക്ഷീണമില്ലാതെ വ്യായാമം ചെയ്യാനും സ്റ്റാമിന കൂടാനും സഹായകമാവുന്നു. ഇത്തരത്തില്‍ അകത്തേക്ക് എടുക്കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് പോലെ മറ്റൊന്നിനും ആവില്ല എന്നും ഗവേഷകര്‍ പറഞ്ഞുവയ്ക്കുന്നു.

പത്തൊമ്പതിനും മുപ്പത്തിയെട്ടിനും ഇടയിലുള്ള എട്ട് ആളുകളിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് കൊടുത്തും അല്ലാതെയും സൈക്കിള്‍ സവാരി അടക്കമുള്ള വിവിധ കായിക വ്യായാമങ്ങളില്‍ പങ്കാളികളാക്കിയുമാണ് നിരീക്ഷണം നടത്തിയത്. ആറ് ദിവസം അടുപ്പിച്ച് വ്യായാ‍മത്തിനു മുമ്പ് 500 മില്ലി ബീറ്റ്‌റൂട്ട് ജ്യൂസ് വീതം കൊടുത്ത ശേഷം നടത്തിയ പരീക്ഷണങ്ങളിലാണ് സ്റ്റാമിന വര്‍ദ്ധിച്ചതായി കണ്ടത്.

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ച ശേഷം സംഘത്തിന് 11.25 മിനിറ്റ് കിതപ്പില്ലാതെ സൈക്കിള്‍ സവാരി നടത്താനായി. ഇത് മറ്റ് സാഹചര്യത്തില്‍ സൈക്കിള്‍ സവാരി നടത്തിയതിനെക്കാള്‍ 92 സെക്കന്‍ഡ് അധികമായിരുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ച ശേഷം നിശ്ചിത ദൂരം താണ്ടാന്‍ മറ്റ് സാഹചര്യത്തെക്കാള്‍ രണ്ട് ശതമാനം കുറവ് സമയം മാത്രമേ എടുത്തുള്ളൂ എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചവര്‍ക്ക് രക്തസമ്മര്‍ദ്ദ തോത് താഴ്ന്ന നിലയിലായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു.

ബീറ്റ്‌‌റൂട്ടിലെ നൈട്രേറ്റ് എപ്രകാരമാണ് ഓക്സിജന്‍ ആവശ്യകത കുറയ്ക്കുന്നത് എന്ന് ഗവേഷകര്‍ക്ക് വ്യക്തമായിട്ടില്ല. എന്നാല്‍, നൈട്രേറ്റ് നൈട്രിക് ഓക്സൈഡായി മാറുന്നതാണ് ഇതിനു സഹായകമാവുന്നത് എന്നാണ് കരുതുന്നത്
http://malayalam.webdunia.com/miscellaneous/health/articles/0908/07/1090807077_1.htm

സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു

മലയാള സാഹിത്യ നഭോമണ്ഡലത്തിലെ ഒരു താരം കൂടി പൊലിഞ്ഞു. സാഹിത്യ സാംസ്കാരിക മണ്ഡലത്തിലെ ശക്തമായ സാന്നിധ്യമായിരുന്ന കോവിലന്‍ എന്ന കണ്ടാണിശേരി വട്ടോപ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ (87) അന്തരിച്ചു.

ബുധനാഴ്ച വെളുപ്പിന് 2:40 ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി വാര്‍ദ്ധജ്യ സഹജമായ അസുഖം കാരണം രോഗശയ്യയിലായിരുന്നു അദ്ദേഹം.

അന്തരിച്ച ശാരദയാണ് ഭാര്യ. രണ്ട് പെണ്മക്കളും ഒരു മകനുമടക്കം മൂന്ന് മക്കളാണ് കോവിലനുള്ളത്.

ഭാഷയുടെ ചതുരവടിവിനപ്പുറം മനുഷ്യ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ത്തുന്ന രചനാശൈലിയായിരുന്നു കോവിലന്റേത്. തോറ്റങ്ങള്‍ എന്ന നോവലിനും (1972) ശകുനം എന്ന കഥാസമാഹാരത്തിനും (1977) കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2006 ല്‍ എഴുത്തച്ഛന്‍ പുരസ്കാരവും ലഭിച്ചു,

തോറ്റങ്ങള്‍, ശകുനം, എ മൈനസ് ബി, ഏഴാമെടങ്ങള്‍, താഴ്വരകള്‍, ഹിമാലയം, സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

തൃശൂരിലെ കണ്ടാണിശേരിയില്‍ 1923 ജൂലൈ ഒമ്പതിനാണ് കോവിലന്‍ ജനിച്ചത്. പഠനം പൂര്‍ത്തിയാക്കിയശേഷം 1943 മുതല്‍ 1946 വരെയുള്ള കാലയളവില്‍ റോയല്‍ ഇന്ത്യന്‍ നേവിയിലും 1948-1968 വരെ സൈന്യത്തിലെ സിഗ്നല്‍ വിഭാഗത്തിലും പ്രവര്‍ത്തിച്ചു

Kovilan passes away | സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു

Tuesday, June 1, 2010

നിലീനമിന് ഒരു മറുകുറി

എന്‍റെ ഒരു കുഞ്ഞു പോസ്റ്റിന് - ബുദ്ധിമുട്ട് -  നിലീനം comment എഴുതി - "ഇതു നല്ല തമാശ".  ആ ഒരു വരി വല്ലാത്തൊരു സ്പാര്‍ക്കായിരുന്നു.  ഞാന്‍ കൂടുതല്‍ ചിന്തിച്ചു ആ തമാശയെക്കുറിച്ച്.  വേണമെങ്കില്‍ ആ comment ന് ചുവട്ടില്‍ത്തന്നെ മറുകുറി ചേര്‍ക്കാം.  പിന്നെ തോന്നി ഈ comment അതില്‍കൂടുതല്‍ പരിഗണന അര്‍ഹിക്കേണ്ട ഒന്നാണ്. ആ തമാശയെക്കുറിച്ചുള്ള ഒരു വീണ്ടുംവിചാരം മാത്രമാണ് ഈ ഒരു കുഞ്ഞു പോസ്റ്റ്.

ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം - നന്ദന്‍ നിലെകനിയുടെ  'Imagining India'.  നന്ദന്‍ നിലെകനിക്ക് ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.  ഇന്ഫോസിസ് ടെക്നോളജീസിന്‍റെ സ്ഥപകരില്‍ ഒരാള്‍.  ഇന്ഫോസിസില്‍ പല തസ്തികകളിലും ജോലിനോക്കി.  ഇപ്പോള്‍ UIDAI യുടെ ചെയര്‍മാന്‍.

ഈ പുസ്തകത്തില്‍ ഒരിടത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായുള്ള സംഭാഷണം വിവരിക്കുന്നു.  രാഷ്ട്രീയ നേതാവ് നന്ദന്‍ നിലെകനിയോടു പറയുന്നു - 'I don't see much upside in talking to you - you're neither good for notes [money] nor votes'


എന്നിട്ടും നന്ദന്‍ നിലെകനി കേന്ദ്ര സര്‍ക്കാരിന്‍റെ dream project ആയ Unique Identification Authority of India യുടെ ചുക്കാന്‍ പിടിക്കാന്‍ നിയുക്തനായി.  കാബിനറ്റ് മിനിസ്റ്ററുടെ റാങ്കുള്ള പദവി.

ഇത് വലിയൊരു തമാശയല്ലേ?


നന്ദന്‍ നിലെകനി വേറൊരിടത്ത് പറയുന്നു ഈ പുസ്തകത്തില്‍ - ' i have never considered myself a writer, and there was no long-hibernating desire within me to pendown something in the hope that a book would eventually emerge'

എന്നിട്ടും അദ്ദേഹം ഈ പുസ്തകമെഴുതി.  തമാശയുടെ മറ്റൊരു രൂപം ഇങ്ങനെയും ആവാം!

ഒരു കാര്യം ഓര്‍ക്കുന്നു - നന്ദന്‍ നിലെകനി നല്ലൊരു വായനക്കാരനാണെന്ന് കേട്ടത്.

ഞാന്‍ തമാശയായി വെറുതെ ചിന്തിച്ചു - ഈ പുസ്തകത്തിന് എന്തുകൊണ്ട് ഇതുവരെയായും ഒരു മലയാള പരിഭാഷ വന്നില്ല എന്ന് ( അതോ ഞാന്‍ കാണാതെ പോയതാണോ? ഉറപ്പില്ല)


ഈ പുസ്തകത്തിനൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു പുസ്തകം - ശ്രീ. വര്‍ഗീസ് കുര്യന്‍റെ ആത്മകഥ - 'എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു - 'I too had a dream'(മലയാള പരിഭാഷ D C Books) . ധവള വിപ്ലവത്തിന്‍റെ പിതാവ് ശ്രീ. കുര്യന്‍ 'അമുല്‍' സാമ്രാജ്യം കെട്ടിപ്പടുത്തത് ലൈസന്സ് രാജിലായിരുന്നു. ശ്രീ.നന്ദന്‍ നിലെകനിയുടെ സാമ്രാജ്യം വരുന്നത് 'ലൈസന്സ് രാജ്' ഒന്നൊന്നായി എടുത്തു മാറ്റപ്പെടുമ്പോഴും.  കാലത്തിന്‍റെ മാറ്റം.

രണ്ടും വായന അര്‍ഹിക്കുന്ന പുസ്തകങ്ങള്‍.

ഇനി ഏറ്റവും വലിയ തമാശ - ശ്രീ ഐന്സ്റ്റീന്‍റെ പണത്തോടുള്ള നിസംഗത നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്നെങ്കില്‍, ഇവിടെ പെണ്‍ വാണിഭങ്ങള്‍ ഉണ്ടാവുമായിരുന്നില്ല.  അശ്ലീല ചിത്രങ്ങള്‍ കാട്ടി ബ്ലാക്മെയില്‍ ചെയ്യുമായിരുന്നില്ല.  കറപ്റ്റഡ് ആയ ഉദ്യോഗസ്ഥ വൃന്ദവും മന്ത്രിപുംഗവന്മാരും ഉണ്ടാവുമായിരുന്നില്ല.  അങ്ങനെയങ്ങനെ ഒരുപാടു തോന്ന്യാസങ്ങള്‍ ഒഴിവാകുമായിരുന്നു

അറിയാം ഇതു വറും ഉട്ടോപ്യന്‍ വിചാരങ്ങള്‍.

നന്ദി, നമസ്കാരം!!

കേരളത്തിലെ ക്ഷേത്രങ്ങള്‍ അനാഥാലയങ്ങള്‍: ഹൈക്കോടതി


PRO
കേരളത്തിലെ ക്ഷേത്രങ്ങളുടെ അവസ്ഥ അനാഥാലയങ്ങള്‍ക്കു തുല്യമാണെന്ന് ഹൈക്കോടതി നിരീക്ഷണം. ദേവസ്വം ബോര്‍ഡ്‌ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ്‌ ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്‌. കൂട്ടസ്ഥല മാ‍റ്റത്തിനെതിരെ 37 പേര്‍ ഒരുമിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായരും ഗോപിനാഥനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്‌

സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ അവസ്ഥ അനാഥാലയങ്ങള്‍ക്കു തുല്യമാണ്. ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യം മുതല്‍ ഉത്സവനടത്തിപ്പു വരെ കോടതിക്കു നടത്തേണ്ടി വരുന്നു. അഴിമതി പങ്കുവെയ്ക്കുന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളൂ. പ്രസിഡന്‍റിനെയും അംഗങ്ങളെയും നിയമിച്ച്‌ ബോര്‍ഡ്‌ രൂപീകരിക്കാന്‍ കഴിയാത്തത്‌ സര്‍ക്കാരിന്‍റെ ഭരണപരമായ കഴിവുകേടാണെന്നും കോടതി നിരീക്ഷിച്ചു.

കോടതി ഉത്തരവുണ്ടെങ്കിലും ബോര്‍ഡില്‍ നിന്ന്‌ രാഷ്ട്രീയക്കാരെ ഒഴിവാക്കാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുന്ന അംഗങ്ങള്‍ക്ക്‌ രാഷ്ട്രീയം ഉണ്ടാവും. എല്ലാ രാഷ്ട്രീയക്കാരും മോശമാണെന്ന അഭിപ്രായം കോടതിക്കില്ലെന്നും സത്യസന്ധതയും കഴിവും ഉള്ളവര്‍ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു‌. എന്നാല്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉള്ളവര്‍ക്ക്‌ അവരുടെ പ്രസ്ഥാനങ്ങളില്‍പോലും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പല ഉദ്യോഗസ്ഥരും സ്വന്തം നിലയ്ക്കാണ്‌ തീരുമാനങ്ങള്‍ എടുക്കുന്നത്‌. ബോര്‍ഡില്‍ കേന്ദ്രീകൃത സംവിധാനം ഇല്ലാത്തത്‌ ഗുരുതരമായ അഴിമതിക്ക് ഇടയാക്കുന്നുവെന്ന്‌ കോടതി വിലയിരുത്തി. ദേവസ്വം ബോര്‍ഡിലെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ദേവസ്വം ബോര്‍ഡ് ചീഫ് കമ്മീഷണര്‍ക്ക് എതിരെ ഇന്നലെ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു

HC against devaswam board | കേരളത്തിലെ ക്ഷേത്രങ്ങള്‍ അനാഥാലയങ്ങള്‍: ഹൈക്കോടതി

Monday, May 31, 2010

പാക്കമെന്ന ഗ്രാമവും സായിപ്പന്‍‌മാരും




Children
PRO
PRO
ചെന്നൈയില്‍ നിന്ന് ഏകദേശം ഒരു മണിക്കൂറോളം സഞ്ചരിച്ചാല്‍ പാക്കം എന്ന ഗ്രാമത്തിലെത്താം. തെങ്ങും വാഴത്തോപ്പുകളും പശുക്കളും ഒക്കെയുള്ളൊരു തനി കുഗ്രാമം. അവിടെയാണ് ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേവാലയ എന്ന ഓര്‍ഫനേജ് സ്ഥിതിചെയ്യുന്നത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ‘ചില്‍‌ഡ്രന്‍‌സ് ആര്‍ട്ട്‌സ് വില്ലേജി’ന്റെ സന്നദ്ധപ്രവര്‍ത്തകരും ‘ആദി ആര്‍ട്ട്‌സ് അക്കാദമി’ എന്ന സംഘടനയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആര്‍ട്ട് ക്യാമ്പില്‍ സംബന്ധിക്കാനും പരിപാടി കവര്‍ ചെയ്യാനും ക്ഷണം ലഭിച്ചതിനാല്‍ രണ്ട് ജേണലിസ്റ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ഞാനും കൂടി.

പൊരിവെയിലില്‍ വിയര്‍ത്ത് കുളിച്ചായിരുന്നു ഞങ്ങളുടെ യാത്ര. ചൂട് സഹിക്കവയ്യാതായപ്പോള്‍ ആവഡിയില്‍ വണ്ടിനിര്‍ത്തി ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് ഉഷാറായി. അല്‍‌പം വിശ്രമിച്ചതിന് ശേഷം യാത്ര തുടര്‍ന്നു. ആവഡിയില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന പാതയില്‍ നിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് പിന്നെയും സഞ്ചരിക്കണം പാക്കമെത്താന്‍. ആവഡി - തിരുവള്ളൂര്‍ മെയിന്‍ റോഡില്‍ നിന്ന് ഉള്ളില്‍ കടന്നതോടെ ചൂട് സ്വല്‍‌പമൊന്ന് കുറഞ്ഞു. കുറച്ചുകൂടി ഉള്ളിലേക്ക് പോയപ്പോള്‍ ശരിക്കുമൊരു തമിഴ് ഗ്രാമത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

ചൂട് തണുപ്പിക്കാന്‍ തടാകത്തിലിറങ്ങി നില്‍ക്കുന്ന പോത്തിന്‍‌കൂട്ടം, ചെറിയ കോയിലുകള്‍, മണ്ണുകൊണ്ട് തട്ടിപ്പൊത്തി ഉണ്ടാക്കിയ കൂരകള്‍, വേനല്‍‌ക്കാല അവധിയായതിനാല്‍, കുടുസുവഴികളില്‍ കളിച്ച് തിമിര്‍ക്കുന്ന കരുമാടിക്കുട്ടന്മാര്‍, ആടുമേച്ചുനടക്കുന്ന ദുരിതവാര്‍ദ്ധക്യങ്ങള്‍...

കാലിഫോര്‍ണിയയില്‍ നിന്ന് വന്നിട്ടുള്ള അമേരിക്കന്‍ സായിപ്പന്‍‌മാര്‍ക്ക് ഈ കുഗ്രാമത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്നായിരുന്നു ഞങ്ങളുടെ ചിന്ത. സഞ്ചരിച്ചുകൊണ്ടിരിക്കേ, വഴിയുടെ അതിരുകള്‍ ചുരുങ്ങി വന്നു. ഒരു വലിയ കാറിന് കഷ്ടിച്ച് കടന്നുപോകാന്‍ മാത്രം പാകത്തിലുള്ള വഴിയിലൂടെയാണ് ഞങ്ങള്‍ സേവാലയ ലക്ഷ്യമാക്കി സഞ്ചരിച്ചുകൊണ്ടിരുന്നത്.

അവസാനം സേവാലയ എന്നെഴുതിയ ഒരു ബോര്‍ഡിന് മുന്നില്‍ ഞങ്ങളെത്തി. മതില്‍‌ക്കെട്ടിനുള്ളില്‍ കടന്നതോടെ ഹരിതസ‌മൃദ്ധി ഞങ്ങളുടെ വിയര്‍പ്പാറ്റി. നാല് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പിന്റെ അവസാന ദിവസത്തിലാണ് ഞങ്ങള്‍ എത്തിയത്. സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു. ക്യാമ്പ് നടക്കുന്ന ഹാളിലേക്ക് ഞങ്ങള്‍ നടന്നു.

ഹാളിനുള്ളില്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ അതിനുള്ളില്‍ കണ്ട അത്ഭുതക്കാഴ്ചകള്‍ ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു. ടെറക്കോട്ടയും മണ്ണും മരവും കടലാസും പള്‍‌പ്പും ഉപയോഗിച്ച് രൂപങ്ങളുടെയും വര്‍ണങ്ങളുടെയും ഒരു മായികപ്രപഞ്ചം ഹാളിനുള്ളില്‍ ഒരുങ്ങിയിരിക്കുന്നു! ഞങ്ങള്‍ വന്നതറിഞ്ഞ് ആദി ആര്‍ട്ട്‌സ് അക്കാദമിയിലെ സാലൈ മാണിക്കം ഞങ്ങളെ സ്വീകരിക്കാനെത്തി. കൃത്യം സമയത്തുതന്നെ ക്യാമ്പിന്റെ സമാപനച്ചടങ്ങുകള്‍ കഴിഞ്ഞെന്നും എല്ലാവരും ആഹാരം കഴിച്ചുകൊണ്ടിരിക്കുകയാണെന്നും സാലൈ മാണിക്കം ഞങ്ങളെ അറിയിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത കൊച്ചുകുട്ടികള്‍ തീര്‍ത്ത കരവിരുതിന്റെ നിര്‍മിതികള്‍ ഓരോന്നായി ഞങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി. ഇടയ്ക്കിടക്ക് ഗ്രാമത്തില്‍ നിന്നുള്ള കലാസ്വാദകര്‍ ഹാളില്‍ സന്ദര്‍ശിക്കാന്‍ എത്തിക്കൊണ്ടിരുന്നു. പാക്കം ഗ്രാമത്തിലെ കുട്ടികള്‍ തന്നെയാണോ ഹാളിലെ മായികക്കാഴ്ചയ്ക്ക് പിന്നിലെന്ന് ചിലരുടെ കണ്ണുകളെങ്കിലും അത്ഭുതപ്പെടുന്നത് ഞങ്ങള്‍ കണ്ടു.

അടുത്ത പേജില്‍ വായിക്കുക, ‘സായിപ്പ് ഇന്ത്യയില്‍ വരുന്നതെന്തിന്?

Pakkam village in Chennai and Children's Arts Village | പാക്കമെന്ന ഗ്രാമവും സായിപ്പന്‍‌മാരും

ബുദ്ധിമുട്ട്

യശശഃരീരനായ ആല്‍ബര്‍ട്ട് ഐന്സ്റ്റീന്‍ പണമിടപാടുകളുടെ കാര്യത്തെപ്പറ്റി അല്‍പ്പംപോലും ശ്രദ്ധിക്കാത്ത പ്രകൃതക്കാരനായിരുന്നു.  യൂറോപ്പില്‍നിന്ന് അദ്ദേഹം അമേരിക്കയിലെത്തിയ കാലത്ത് മുന്പിന്‍ നോക്കാത്ത ഒരു സ്നേഹിതന്‍ ഐന്സ്റ്റീനെക്കൊണ്ട് 'അതിലും ഇതിലും' ഒക്കെ നിക്ഷേപിപ്പിച്ചു.  എന്നാല്‍ ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ മറ്റൊരു സുഹൃത്ത് ഉടന്‍ തന്നെ അവ പിന്‍വലിപ്പിച്ച്, സുരക്ഷിത നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുത്തി


.അടുത്ത ഇരുപതുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരിക്കല്‍പോലും ഐന്സ്റ്റീന്‍ തന്‍റെ സുഹൃത്തിനോട് ഈ നിക്ഷേപങ്ങളില്‍പ്പെട്ട തന്‍റെ പണത്തെപ്പറ്റി ചോദിക്കുകയുണ്ടായില്ല.  എങ്കിലും ആ സ്നേഹിതന്‍ ഐന്‍സ്റ്റീനെ സന്ദര്‍ശിച്ച് നിക്ഷേപങ്ങളുടെ ഇപ്പോഴത്തെ മാര്‍ക്കറ്റുവില ഏതാണ്ട് രണ്ടുലക്ഷത്തോളം ഡോളര്‍ ആയിട്ടുണ്ടെന്ന് ധരിപ്പിക്കുകയുണ്ടായി.  സ്നേഹിതന്‍റെ സംഭാഷണത്തെ അറുത്തുമുറിച്ചുകൊണ്ട് ഐന്സ്റ്റീന്‍ പറഞ്ഞിതിങ്ങനെയായിരുന്നു :-

'ആപേക്ഷിക സിദ്ധാന്തം കൊണ്ട് ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാറില്ല.  പിന്നെ സ്റ്റോക്കുകളും ബോണ്ടുകളും കൊണ്ട് നിങ്ങള്‍ എന്നെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്?"

( കുങ്കുമം മാസിക, മെയ് 2010)

‘നീലാംബരി’ നഷ്ടമായിട്ട് ഇന്ന് ഒരു വര്‍ഷം


PRO
മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി കാലയവനികക്കുള്ളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പക്ഷെ, മലയാളിയുടെ മനസ്സില്‍ നിന്ന് ഈ കഥാകാരി ഇതുവരെ ഇറങ്ങിപ്പോയിട്ടില്ല. അതെ, മലയാളിയുടെ പ്രിയസാഹിത്യകാരി മാധവിക്കുട്ടി അല്ലെങ്കില്‍ കമല ദാസ് അതുമല്ലെങ്കില്‍ കമല സുരയ്യ ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷമാകുകയാണ്.

സ്വയം കണ്ടെത്തിയ വഴിയേ ആയിരുന്നു മാധവിക്കുട്ടിയുടെ ജീവിതയാത്ര. പിന്നിട്ട വഴികളില്‍ അനശ്വരതയുടെ അലുക്കുകളുമായി നില്‍ക്കുന്ന അക്ഷരക്കൂട്ടങ്ങളെയും സൃഷ്‌ടിച്ചു. വഴിമാറി നടന്ന അവരുടെ സാഹിത്യ ജീവിതത്തെ അപവാദങ്ങള്‍ കല്ലു പോലെ പൊതിഞ്ഞപ്പോള്‍, അതിനെയെല്ലാം മൂടല്‍മഞ്ഞു പോലെ നീക്കി കളയാന്‍ അവര്‍ക്ക് കഴിഞ്ഞു.

കവയിത്രി ബാലാമണിയമ്മയുടേയും മാതൃഭൂമി മുന്‍ മാനേജിങ്‌ എഡിറ്റര്‍ വി എം നായരുടേയും മകളായി 1932 മാര്‍ച്ച്‌ 31ന്‌ പാലക്കാട്ട്‌ പുന്നയൂര്‍ക്കുളത്ത്‌ നാലപ്പാട്ടു തറവാട്ടിലായിരുന്നു കമലാസുരയ്യയുടെ ജനനം. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ്‌ എന്ന പേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതി.

വിവാഹ ശേഷമാണ് സാഹിത്യലോകത്തില്‍ കമല സജീവമായത്. 1999ല്‍ തന്‍റെ 65 ാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായി. മതം മാറാനുള്ള അവരുടെ തീരുമാനത്തിന് എതിരെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ നാലുദിക്കില്‍ നിന്നും ഒരുമിച്ച് വന്നപ്പോഴും തന്‍റെ തീരുമാനം അവര്‍ കൈവിട്ടില്ല. 2007ലായിരുന്നു കമല സുരയ്യ പൂണെയിലേക്ക് താമസം മാറിയത്. അവസാ‍നനാളുകള്‍ ഇളയ മകന്‍ ജയസൂര്യയ്‌ക്കൊപ്പമായിരുന്നു അവസാന നാളുകള്‍.

പറയാനുള്ളത് ആരെയും ഭയക്കാതെ, പുരുഷനേക്കാള്‍ ധൈര്യത്തോടെ കമല പറഞ്ഞു. പലരും പറയാന്‍ കൊതിച്ചതും, എന്നാല്‍ പറയാന്‍ ഭയന്നതുമായ കാര്യങ്ങള്‍ തന്‍റെ രചനകളില്‍ സുന്ദരമായ ചിത്രം പോലെ കോറിയിട്ടപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ ചെറുതല്ലായിരുന്നു. മലയാളി ‘എന്‍റെ കഥ’ ആവര്‍ത്തിച്ചു വായിച്ചതും, ഇപ്പോഴും വിമര്‍ശനങ്ങളുയര്‍ത്തുന്നതും പറയാനുള്ളത് പച്ചയായി പറഞ്ഞ അവരുടെ ധൈര്യത്തോടുള്ള അസൂയ മൂലമാണ്.

ലോകസാഹിത്യ തറവാട്ടില്‍ തന്‍റേതായ പങ്ക് നല്‍കിയിട്ടാണ് അവര്‍ ജീവിതത്തില്‍ നിന്ന് നടന്നകന്നത്. മലയാളത്തില്‍, ആദ്യ കഥാസമാഹാരം, മതിലുകള്‍ (1955), തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, നഷ്‌ടപ്പെട്ട നീലാംബരി, തണുപ്പ്‌, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്‍റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാലസ്‌മരണകള്‍, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍ എന്നിവയും ഇംഗ്ലീഷില്‍, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്‌ ഓഫ്‌ ലസ്റ്റ്‌, ദ്‌ ഡിസന്റന്‍സ്‌, ഓള്‍ഡ്‌ പ്ലേ ഹൗസ്‌, കളക്‌റ്റഡ്‌ പോയംസ്‌ എന്നീ കവിതാസമാഹാരങ്ങളും അവരുടെ പ്രശസ്തങ്ങളായ കൃതികളാണ്.

1984 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ അവരുടെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പൊയട്രി പ്രൈസ്‌, കെന്‍റ് അവാര്‍ഡ്‌, എഴുത്തച്‌ഛന്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കമലയെ തേടിയെത്തി.

ഇലസ്‌ട്രേറ്റഡ്‌ വീക്കിലി ഒഫ്‌ ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്‍റ്‌, കേരള ഫോറസ്‌റ്ററി ബോര്‍ഡ്‌ ചെയര്‍മാന്‍, ''പോയറ്റ്‌'' മാസികയുടെ ഓറിയന്‍റ് എഡിറ്റര്‍ എന്നീ പ്രമുഖ സ്‌ഥാനങ്ങള്‍ വഹിച്ചിരുന്നു

Rememberance of Madavikkutty | ‘നീലാംബരി’ നഷ്ടമായിട്ട് ഇന്ന് ഒരു വര്‍ഷം