Sunday, April 12, 2009

Santhi Geetham Paadan - Lalitha Gaanam

Music : Devarajan / Lyrics : Yusafali Kecheri

Thursday, April 9, 2009

തണല്‍വിരിക്കുന്ന സ്വപ്നങ്ങള്‍

പുതുപ്പിരിയാരത്തുനിന്ന് മേലേമുരളിയിലേക്കുള്ള ഗ്രാമവീഥിക്കിരുപുറവും തണല്‍ വിരിച്ചു നില്‍ക്കുന്ന മരങ്ങളാണ് നിറയെ. ചിലതെല്ലാം വളര്‍ന്ന് പന്തലിച്ചു നില്‍ക്കുമ്പോള്‍ ചിലത് കൂടുകെട്ടി നാല്‍ക്കാലികളില്‍ നിന്നുള്ള സംരക്ഷണ വലയത്തിനുള്ളിലായി പടര്‍ന്ന് പന്തലിക്കാനായി വളരുന്നു. ദേവദാരുവും, ഉങ്ങും, ആര്യവേപ്പും, ആലും, പൂവരശും തുടങ്ങി വൈവിധ്യമാര്‍ന്ന വൃക്ഷസമ്പത്ത്. ഇതിന്റെയെല്ലാം ഉടമസ്ഥനായി ഒരു സാധുമനുഷ്യനുണ്ട് മേലേമുരളിയില്‍. നാക്കോലക്കല്‍ കബീര്‍.

കബീര്‍ വൃക്ഷങ്ങളുടെ തോഴനായിട്ട് വര്‍ഷങ്ങള്‍ പലതായി. പുതുപ്പരിയാരത്തും, മേലേമുരളിയിലും, പൂച്ചിറ, റെയില്‍വേകോളനി, ഉമ്മിനനി, പേഴങ്കര, കല്‍പ്പാത്തി തുടങ്ങി പാലക്കാടിന്‍റെ പലഭാഗത്തുമായി ആയിരത്തിലധികം വൃക്ഷത്തൈകള്‍ കബീര്‍ തന്‍റെ സ്വന്തം കൈകള്‍കൊണ്ട് കുഴിച്ചുവെച്ചു. വേനല്‍ക്കാലങ്ങളിലത്രയും വെള്ളം ചുമന്നു കൊണ്ടുവന്ന് അവയ്ക്ക് നനച്ചുകൊടുത്തു. തളിരിട്ടപ്പോള്‍ നാല്‍കാലികളില്‍നിന്നും രക്ഷയൊരുക്കാന്‍ കൂടുകള്‍ തീര്‍ത്തു. 15-വര്‍ഷം മുമ്പ്‌ ഒരു നിയോഗം പോലെ തുടങ്ങിവെച്ച വൃക്ഷപരിപാലനം ഇന്ന് തുടങ്ങിവെച്ചതിനേക്കാളേറെ സന്തോഷകരമായി കബീര്‍ ചെയ്തുപോരുമ്പോള്‍ കൂട്ടിന് ഭാര്യയും മക്കളായ ബില്‍ ബസീലും, സിബില ഗസാലിയും ഒപ്പമുണ്ട്.

നാക്കോലക്കല്‍ മൊയ്തു-പാത്തുമ്മ ദമ്പതികളുടെ നാലുമക്കളില്‍ ഏക മകനായ കബീര്‍ 15 വര്‍ഷങ്ങള്‍ക്കുമുമ്പാണ് മരങ്ങള്‍ നട്ടുവളര്‍ത്തുക എന്നത് ഒരു ജീവിതചര്യയായി ഏറ്റെടുക്കുന്നത്. മരങ്ങളെ സ്നേഹിക്കുമ്പോഴും ശുശ്രൂഷിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ തന്‍റെ സഹജീവികളെത്തന്നെയാണ് സ്നേഹിക്കുന്നതെന്ന തിരിച്ചറിവായിരുന്നു ഇങ്ങനെയൊന്ന് തുടങ്ങിവെയ്ക്കാന്‍ കബീറിന് പ്രേരണയാകുന്നത്.

'നന്നേ കഷ്ടപ്പെട്ടൊരു ബാല്യകൌമാരങ്ങളായിരുന്നു എന്‍റേത്. നന്നെ ചെറുപ്പത്തില്‍തന്നെ ബാപ്പ മരിച്ചു. മൂന്നു പെണ്‍മക്കളും ഞാനുമടങ്ങുന്ന കുടുംബത്തെ ഒരു കരയ്ക്കെത്തിക്കാന്‍ ഉമ്മ ഒരുപാട് കഷ്ടപ്പെട്ടു. എസ്.എസ്.എല്‍.സി. വരെയാണ് പഠിക്കാനായത്. സ്പോര്‍ട്സിലും നല്ല താല്‍പര്യമുണ്ടായിരുന്നു.

സ്റ്റേറ്റ് തലത്തില്‍വരെയൊക്കെ പങ്കെടുത്തിട്ടുണ്ട്. ജീവിതം ഒരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുമ്പോള്‍ കളിക്കാനും പഠിക്കാനുമൊക്കെ എവിടെ നേരം. പഠിത്തം പാതിവഴിയില്‍ നിര്‍ത്തി ജീവിക്കാനായി പല തൊഴിലുകള്‍ ചെയ്തു. കിണറുകുത്ത്, മീന്‍ കച്ചവടം അങ്ങനെ പലതും. ഇന്നിതാ പാത്രക്കച്ചവടത്തില്‍ എത്തിനില്‍ക്കുന്നു.'

വ്യത്യസ്തമത വിഭാഗത്തില്‍പ്പെട്ടവര്‍ ഒത്തൊരുമയോടെ കഴിയുന്ന, തനി നാട്ടിന്പുറമാണ് മേലേമുരളി. ഞങ്ങളുടെ കഷ്ടപ്പാടില്‍ താങ്ങും തണലുമായി എന്നും ഇവിടുത്തെ അയല്‍ക്കാരും ഗ്രാമക്കാരുമുണ്ടായിരുന്നു. അവര്‍ തന്ന സഹായങ്ങള്‍ക്ക് പകരമായി അവര്‍ക്ക്‌ നല്‍കാന്‍ എന്റെ കയ്യില്‍ എന്താണുള്ളത്? ഒന്നുമില്ല. എന്നെ സ്നേഹിച്ച, സഹായിച്ച, സ്വാന്ത്വനിപ്പിച്ച എന്റെ ഗ്രാമത്തിന് ഞാനെന്താണ് തിരികെ നല്‍കേണ്ടത് എന്ന ചിന്തയില്‍ നിന്നാണ് മരങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം എന്നൊരാശയം ഉരുത്തിരിയുന്നത്. മരങ്ങളെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും വഴി ഞാനെന്റെ ഗ്രാമത്തെ, അവിടത്തെ ജനങ്ങളെ ആകെത്തന്നെയല്ലേ സ്നേഹിക്കുന്നത്. ഖുറാനും,ബൈബിളും, ഗീതയും തുടങ്ങി എല്ല മത ഗ്രന്ഥങ്ങളും പറയുന്നതും പ്രകൃതി സ്നേഹം തന്നെ.

15 കൊല്ലം മുമ്പ്‌ വീടിന് മുന്നിലുള്ള റോഡിനരികില്‍ ഒരു അത്തിമരം നട്ടുകൊണ്ടാണ് കബീര്‍ തന്‍റെ നിയോഗത്തിന് തുടക്കം കുറിക്കുന്നത്. മീന്‍ കച്ചവടത്തിന് പോയപ്പോള്‍ വഴിയരികില്‍നിന്ന് കിട്ടിയതായിരുന്നു ആ അത്തിമരം. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അത്തി പടര്‍ന്നുപന്തലിച്ചു. നാട്ടുകാര്‍ക്ക് വൈകുന്നേരങ്ങളില്‍ ഒത്തുകൂടിയിരിക്കാന്‍ അതൊരിടമായി. എട്ടുവര്‍ഷം പ്രായമാകുമ്പോഴേക്കും അത്തിനിറയെ കായ്ച്ചു. അത്തിപ്പഴം തിന്നാന്‍ പലതരം കിളികള്‍ വന്നു. കുറെയൊക്കെ പഴങ്ങള്‍ കുട്ടികള്‍ വന്ന് പറിച്ചുകൊണ്ടുപോയി. അത്തി തണല്‍വിരിച്ച് വളര്‍ന്നപ്പോഴും അതിന്‍റെ തണലില്‍ ഗ്രാമവാസികള്‍ ഒത്തുകൂടിയപ്പോഴും അത്തിക്കായ്കള്‍ തേടി പക്ഷികളും കുട്ടികളും വന്നപ്പോഴും കബീറിന്‍റെ മനസ്സ് സന്തോഷംകൊണ്ട് തുളുമ്പുകയായിരുന്നു.

എന്നും പുലര്‍ച്ചെ അഞ്ചുമണിക്ക് ഉണരുന്ന കബീര്‍ പ്രാര്‍ത്ഥനയും കഴിഞ്ഞ് ആറുമണിയോടെ കൈക്കോട്ടും വൃക്ഷത്തൈകളുമായി സൈക്കിളില്‍ ഇറങ്ങും. ഒമ്പത് മണിവരെ തൈനടീലാണ്. അതുകഴിഞ്ഞ് വീട്ടില്‍ വന്ന് പാത്രവില്‍പ്പനക്കായി തനറെ കൈവണ്ടിയുമായി ഇറങ്ങും. പിറ്റേന്ന് രാവിലെ മുതല്‍ കുടത്തില്‍ വെള്ളവുമായി നനയ്ക്കാനിറങ്ങും. അത്തി, വേപ്പ്, പൊങ്ങ്, വേങ്ങ, ആല്‍, പൂവരശ്, ഉങ്ങ് തുടങ്ങിയ വലിയ വൃക്ഷങ്ങളാകുന്ന മരങ്ങളാണ് കൂടുതലായും നടുന്നത്. കുറച്ചൊന്ന് പരിചരിച്ചാല്‍ എളുപ്പം വളരുന്നവയാണിത്. കൂടുതല്‍ കാലം ആയുസ്സുമുണ്ടിവയ്ക്ക്.

ചെടി നടുകയല്ല, പ്രയാസകര‍മായ ജോലി അവയുടെ സംരക്ഷണമാണെന്നാണ് കബീര്‍ പറയുന്നത്. ചെടികള്‍ നട്ട് പിറ്റേന്ന് മുതല്‍ കന്നുകാലി കടിച്ചും വാഹങ്ങള്‍ കയറിയും നശിച്ചുതുടങ്ങും. അവിടെ വീണ്ടും തൈകള്‍ വച്ച് കൊടുക്കണം. മഴകിട്ടുന്ന സമയങ്ങളിലാണ് കൂടുതലായും തൈകള്‍ നടുക. സീസണില്‍ 300, 400 ചെടികളെങ്കിലും നടും.

വൃക്ഷസ്നേഹിയായ കബീറിന്റെ പ്രവര്‍ത്തനങ്ങളെ ആദ്യമൊക്കെ കളിയാക്കുമായിരുന്നുവെങ്കിലും ഇപ്പോള്‍ ഏവരും പ്രോത്സാഹിപ്പിക്കുന്നുവെന്ന് കബീര്‍ പറയുന്നു. കബീറിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് 2008-ലെ മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നല്‍കി പാലക്കാട് ലയണ്‍സ് ക്ലബ് കബീറിനെ ആദരിച്ചു.

കോടികള്‍ മുടക്കിയിട്ടും വഴിയരികില്‍ ശരിയാംവണ്ണം വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്താനാകാതെ കഷ്ടപ്പെടുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്തുകൊണ്ട് കബീറിനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളെ കാണാതെ പോകുന്നു എന്നത് ഒരു ചോദ്യചിഹ്നമായിത്തന്നെ അവശേഷിക്കുന്നു. ഒരു കൊച്ചുവീട്ടിനുള്ളില്‍ അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഒരു കുടുംബം പോറ്റാന്‍ നെട്ടോട്ടമോടുമ്പോഴും മരങ്ങളെ കൂടാതെ മനുഷ്യന് ഒരു ജീവിതമില്ലെന്ന് ഈ മനുഷ്യന്‍ തിരിച്ചറിയുന്നു. അതിനായി സമയം കണ്ടെത്തുന്നു. ജീവിക്കാനടിസ്ഥാനമായ ഒരു ചെറിയ സൌകര്യം ഈ മനുഷ്യനും കുടുംബത്തിനും നല്‍കാന്‍ സര്‍ക്കാരുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ആര്‍ക്കെങ്കിലുമായാല്‍ ഈ മനുഷ്യന്‍ നാടിനെ ഒരു പൂങ്കാവനമാക്കും - തീര്‍ച്ച.

വൃക്ഷായുര്‍വ്വേദത്തില്‍ ഇങ്ങനെ പറയുന്നു -

ദശ കൂപ സമാവാപി

ദശ വാപി സമോ ഹ്രദഃ

ദശ ഹൃതസമഃ പുത്രേ

ദശ പുത്ര സമോദ്രുമഃ

(പത്ത് കിണറുകള്‍ക്ക് തുല്യമാണ് ഒരു കുളം

പത്ത് കുളത്തിന് തുല്യമാണ് ഒരു ജലാശയം

പത്ത് ജലാശയങ്ങള്‍ക്ക് തുല്യമാണ് ഒരു പുത്രന്‍

പത്ത് പുത്രന്‍മാര്‍ക്ക് തുല്യമാണ് ഒരു വൃക്ഷം.)

വരാനിരിക്കുന്ന എത്രയോ തലമുറകള്‍ക്ക് വേണ്ടി മരങ്ങള്‍നട്ട് തണല്‍ വിരിക്കുന്ന കബീറിന്റെ ഉദ്യമത്തെ വരുംതലമുറ ശ്ലാഘിക്കുക തന്നെ ചെയ്യും.

(അശോക് കോതമഗലം, കുങ്കുമം മാസിക, മാര്‍ച്ച് 2009)

Saturday, April 4, 2009

Vilakku vekkum vinnil thooviya

movie Megham

Wednesday, April 1, 2009

സാഫല്യം

തുള്ളിയായ്,

തുലാവര്‍ഷധാരയായ്,

തുടര്‍ച്ചതന്നിഴയായ്,

തൂവുമെന്നന്തരാത്മാവിലെ

മുഗ്ദ്ധസങ്കല്‍പ്പമേ.......

സ്വപ്നമായ്, സ്വര്‍ണ്ണവര്‍ണ്ണമായ്,

കിളിക്കൊഞ്ചലായ് നീ.......

കലമ്പും പുലമ്പും

കനല്‍ക്കാറ്റിന്റെ ചീറ്റലായ്

അകക്കാമ്പിലെ നീറ്റലായ്,

തേങ്ങലായ്, നീ ഉണര്‍ത്തും,

പിന്നെ എന്റെ ഈ ജന്മം, നിന്റെ

വാസരസ്വപ്ന താലത്തില്‍

ഞാന്‍ നിറയ്ക്കും - ഞാനെന്നിലെ

എന്നെ എന്നേ മറക്കും

( മംഗളം വാരിക, ഏപ്രില്‍ 06, 2009 - വിനോദ് മാധവന്‍, C.No. 228, സെന്‍ടൃല്‍ ജയില്‍, പൂജപ്പുര, തിരുവനന്തപുരം

)