Thursday, January 29, 2009

ചെ ഗുവേര ഫിഡല്‍ കാസ്ട്രോക്കെഴുതിയത്

അര്‍ജന്‍റീനയില്‍ 1928 ജൂണ്‍ 14ന് ജനിച്ച ചെഗുവേര (ഫിഡല്‍ കാസ്ട്രോയെക്കാള്‍ പത്ത് മാസം ഇളപ്പം) ഫിഡല്‍ കാസ്ട്രോയുടെ വിപ്ലവ പങ്കാളിയായിരുന്നു.അര്‍ജന്‍റീനയില്‍ 'നിങ്ങള്‍' എന്നതിന്‍റെ ചുരുക്ക രൂപമെന്ന നിലയിലാണ് 'ചെ' എന്ന വാക്ക് ഏവര്‍ക്കും പരിചിതം. സ്നേഹപൂര്‍വ്വമുള്ള ആ വാക്ക് അദ്ദേഹത്തിന്‍റെ ഔദ്യോഗിക പേരാകുകയും വാക്കിന്‍റെ ആദ്യക്ഷരമായ 'സി' എപ്പോഴും ഇംഗ്ലീഷ് ചെറിയ അക്ഷരത്തിലുപയോഗിക്കുകയും ചെയ്തു. പിടിക്കപ്പെട്ട് വധിക്കപ്പെട്ട ബൊളീവിയയിലെ വിപ്ലവത്തിനു പോകുന്നതിനു മുമ്പ് ഗുവേര എഴുതിയതാണിത്.

കാര്‍ഷിക വര്‍ഷം, ഹവാന, ഏപ്രില്‍ 1, 1965

ഫിഡല്‍,

ഈ നിമിഷം നിരവധി കാര്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. താങ്കളുടെ നിര്‍ദ്ദേശപ്രകാരം, തയ്യാറെടുപ്പുകളുടെ എല്ലാവിധ ആകുലതകളുമായി മാരിയ ആന്‍റോണിയയുടെ ഭവനത്തില്‍ താങ്കളെ കണ്ടത്. ഒരു ദിവസം അവര്‍ വന്ന്, ഞങ്ങളുടെ മരണത്തെ അറിയിച്ചു, യാഥാര്‍ത്ഥ്യമായേക്കാവുന്ന സാധ്യതകള്‍ ഞങ്ങളെയെല്ലാം സ്തബ്ധരാക്കി. അത് സത്യമായിരുന്നുവെന്ന് പിന്നീട് ഞങ്ങളറിഞ്ഞു. വിപ്ലവത്തില്‍ ഒരാള്‍ വിജയിക്കുകയോ മരിക്കുകയോ ചെയ്യും. ഒട്ടുമിക്ക സഖാക്കളും വിജയത്തിലേക്കുളള വഴിയില്‍ വീണു.

ഇന്ന് എല്ലാത്തിനും നാടകീയമായ സ്വരങ്ങളില്ല. കാരണം ഞങ്ങളെല്ലാം പക്വത പ്രാപിച്ചിരിക്കുന്നു. പക്ഷെ സംഭവങ്ങള്‍ സ്വയം ആവര്‍ത്തിക്കപ്പെടുന്നു. ക്യൂബന്‍ വിപ്ലവത്തിന്‍റെ ഉത്തരവാദിത്തങ്ങളിലെ എന്‍റെ പങ്ക് ഞാന്‍ പൂര്‍ത്തിയാക്കി, ഞാന്‍ യാത്ര പറയുന്നു - താങ്കളോടും, സഖാക്കളോടും, ഇപ്പോള്‍ എന്‍റേതു കൂടിയായിരിക്കുന്ന നിങ്ങളുടെ ജനങ്ങളോടും. ഞാന്‍ പാര്‍ട്ടിയിലെ എന്‍റെ സ്ഥാനങ്ങള്‍, പാര്‍ട്ടി നേതൃത്വം, എന്‍റെ മന്ത്രി സ്ഥാനം, കമാന്‍ഡര്‍ സ്ഥാനം, ക്യൂബന്‍ പൌരത്വം എന്നിവ ഔദ്യോഗികമായി രാജി വയ്ക്കുന്നു. ക്യൂബയില്‍ എന്നെ ബന്ധിക്കുന്ന നിയമ ബന്ധങ്ങളില്ല. നിലനില്‍ക്കുന്ന ബന്ധത്തിന്‍റെ ഭാവങ്ങള്‍ വേറെയാണ്, സ്ഥാനമാനങ്ങള്‍ക്കവ തകര്‍ക്കാനാവില്ല.

മറ്റു ലോക രാജ്യങ്ങള്‍ സഹായത്തിനുള്ള എന്‍റെ സ്വന്തം പ്രയത്നങ്ങള്‍ക്കായി മുറവിളി കൂട്ടിയിരുന്നു. ക്യൂബയുടെ തലവനെന്ന നിലയിലെ ഉത്തരവാദിത്തങ്ങളാല്‍ നിങ്ങള്‍ നിരസിച്ച അവ ചെയ്യാന്‍ എനിക്ക് കഴിയുമായിരുന്നു. ഞാന്‍ സന്തോഷവും സങ്കടവും നിറഞ്ഞ മനസോടെയാണ് അവ നിര്‍വ്വഹിച്ചതെന്ന് നിങ്ങള്‍ അറിയണം. എന്നെ മകനായി സ്വീകരിച്ച ജനതയെ ഞാന്‍ വിട്ടകലുന്നു. എന്നിലത് മുറിവുകളേകി. നിങ്ങള്‍ പഠിപ്പിച്ച വിശ്വാസത്തിലും ശക്തിയിലും ഞാന്‍ പുതിയ പോര്‍നിലങ്ങളിലേക്ക് പോയി. എന്‍റെ ഉത്തവാദിത്തം പൂര്‍ത്തിയാക്കുന്നതിനായി. എല്ലാ ബാധ്യതകളില്‍നിന്നും ഞാന്‍ ക്യൂബയെ സ്വതത്രമാക്കുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു. എന്‍റെ അവസാന മണിക്കൂറുകള്‍ മറ്റ്‌ ആകാശങ്ങള്‍ക്ക് കീഴിലാണെങ്കില്‍ എന്‍റെ അവസാന ചിന്ത ഈ ജനതയെക്കുറിച്ചാകും, പ്രത്യേകിച്ച് താങ്കളെക്കുറിച്ചും. താങ്കള്‍ തന്ന പാഠങ്ങള്‍ക്കും മാതൃകകള്‍ക്കും ഞാന്‍ നന്ദിയുള്ളവനാണ്. എന്‍റെ അവസാന ദൌത്യങ്ങളുടെ പ്രത്യാഘാതങ്ങളിലും ഞാനതിനോട് വിശ്വസ്തത പുലര്‍ത്തും.

എന്‍റെ ഭാര്യക്കും കുട്ടികള്‍ക്കും യതൊരു ഭൌതിക സമ്പത്തും കൊടുക്കാത്തതില്‍ എനിക്ക് ഒട്ടും ദു:ഖമില്ല; സന്തോഷമേയുള്ളു. അവര്‍ക്കുവേണ്ടി ഞാനൊന്നും ചോദിക്കുന്നില്ല, കാരണം അവരുടെ ജീവിതത്തിനും വിദ്യാഭ്യാസത്തിനും വേണ്ടത് രാഷ്ട്രം കൊടുത്തുകൊള്ളും.

താങ്കളോടും നമ്മുടെ ജനങ്ങളോടും എനിക്കൊരുപാട് പറയാനുണ്ടായിരിക്കും. പക്ഷെ അത് അനാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അവ വാക്കുകള്‍ക്കതീതമാണ്, അതുകൊണ്ട് എഴുതിക്കൂട്ടുന്നതില്‍ കാര്യമില്ല. എന്നന്നേക്കും വിജയം!

എന്‍റെ എല്ലാ വിപ്ലവ വീര്യത്തോടുംകൂടെ ഞാന്‍ താങ്കളെ ആലിംഗനം ചെയ്യുന്നു!

ചെ

(കടപ്പാട് ദ സണ്‍ഡേ ഇന്ത്യന്‍ 25/01/2009)

Tuesday, January 20, 2009

സാംസ്കാരിക രൂപങ്ങള്‍ -- എഴുത്ത്

മടിക്കൈയിലെ എഴുത്ത്

സാഹിത്യരംഗത്ത് മലബാറിന്റെ പങ്കാളിത്തത്തില്‍ നിരൂപണത്തിന്റെ അളവുകോല്‍ വെയ്ക്കുമ്പോള്‍ മടിക്കൈയിലെ എഴുത്ത് ഒട്ടും പിറകിലല്ല എന്ന് കാണാന്‍ കഴിയും. മലാബാറുകാര്‍ക്ക് ഏതു മേഖലയിലും അനുഭവപ്പെടുന്ന അവഗണന എഴുത്തിന്റെ കാര്യത്തിലും സംഭവിച്ചു. അനുഭവവും ആഖ്യാനപാടവവും നിരീക്ഷണവുമുള്ള പി.കുഞ്ഞിരാമന്‍ നായരെപ്പോലുള്ളവര്‍ പിന്‍ബെഞ്ചിലേക്ക് തള്ളപ്പെട്ടത് ഇതിന്റെ സാക്ഷ്യമാണ്. ടി.എസ്. തിരുമുമ്പൊക്കെ കൃത്യമായി വിലയിരുത്തപ്പെടാത്തതിന്റെ കാരണവും ഒരു പക്ഷെ ഇത് തന്നെയായിരിക്കും. കുട്ടമത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിനെ മഹാകവിയാണെന്ന് വിളിക്കാനും പരിഗണിക്കാനും തയ്യാറാവാത്ത സാഹിത്യ സമ്രാട്ടുകളുടെ നിലപാടില്ലായ്മകളെക്കുറിച്ച് ഏ.സി.കണ്ണന്‍ നായര്‍ 1947 - ല്‍ എഴുതിയിരുന്നു.
മടിക്കൈയിലെ എഴുത്തിനെ സ്വാതന്ത്യ്രത്തിന് മുമ്പെന്നും പിമ്പെന്നും രണ്ടായി തിരിക്കാം. സ്വാതന്ത്യ്രത്തിന് മുമ്പുള്ള എഴുത്ത് പ്രധാനമായും രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കിടക്കുന്നു. മലബാറിലെയും, മടിക്കൈയിലേയും ആദ്യകാല എഴുത്ത് രാഷ്ട്രീയ പ്രവര്‍ത്തനവുമായി, പ്രത്യേകിച്ച് ഇടതുപക്ഷരാഷ്ട്രീയവുമായി കൂടിച്ചേര്‍ന്നിരിക്കുന്നു. അക്കാലത്തെ എഴുത്തിന്റെ പ്രമേയം വൈദേശികതയോടുള്ള സമരം മാത്രമായിരുന്നില്ല. മലബാറില്‍ അക്കാലത്ത് കൊടികുത്തി വാണിരുന്ന ജന്മിത്വ-ജാതീയ സാമൂഹിക അനാചാരങ്ങളാണ് മുഖ്യമായും ആഖ്യാനത്തില്‍ വന്നത്. മടിക്കൈയിലെ ആദ്യകാല എഴുത്തുകാര്‍ “സാഹിത്യകാരന്‍” എന്നതിനേക്കാള്‍ “രാഷ്ട്രീയക്കാരന്‍” എന്നായിരിക്കും അറിയപ്പെടാന്‍ ആഗ്രഹിച്ചിട്ടുണ്ടാവുക. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു എഴുത്ത്.
ടി.എസ്. തിരുമുമ്പ്

“പാടുന്ന പടവാള്‍” എന്ന് ഇ.എം.എസ്. വിശേഷിപ്പിച്ച ടി.എസ്.തിരുമുമ്പ് മലബാറില്‍ മാത്രമല്ല കേരളമാകെ പ്രശസ്തനായ എഴുത്തുകാരനും സ്വാതന്ത്യ്രസമര സേനാനിയുമായിരുന്നു. താന്‍ ജീവിച്ച കാലത്തിന്റെ ചലനങ്ങള്‍, പ്രാദേശികഭേദങ്ങള്‍, ഒക്കെ കൃത്യമായി മനസിലാക്കിയ താഴക്കാട്ട് മനയില്‍ സുബ്രഹ്മണ്യം തിരുമുമ്പ് എന്ന ടി.എസ്.തിരുമുമ്പ്. അതൊക്കെ തന്റെ കവിതയില്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
1928 മുതല്‍ എഴുപതുകള്‍ വരെയുള്ള ടി.എസ്. തിരുമുമ്പിന്റെ രചനാകാലം പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കവിതയെ “വിപ്ളവകവിത”, “ഭക്തികവിത”, എന്നിങ്ങനെ രണ്ടായി പകുക്കാം. 1948-ല്‍ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തില്‍ നിന്ന് പിന്‍വലിയുന്നത് വരെ വിപ്ളവാത്മകമായ കവിതകളാണ് തിരുമുമ്പ് രചിച്ചതെങ്കില്‍ അതിന് ശേഷം ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിയുകയും ഭക്തിപ്രധാനമായ കാവ്യങ്ങള്‍ രചിക്കുകയും ചെയ്തു.
ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിയും മുമ്പ് തിരുമുമ്പിന്റെ എഴുത്ത് വൈദേശിക- ജന്മി നാടുവാഴിത്ത കൊള്ളരുതായ്മകള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായിരുന്നു. അക്കാലത്തെ തിരുമുമ്പിന്റെ എല്ലാ കവിതകളും സാധാരണക്കാര്‍ ആവേശത്തോടെ പാടി നടന്നിട്ടുണ്ട്. ബ്രിട്ടീഷധിനിവേശത്തിനെതിരെ ദേശീയ പ്രസ്ഥാനങ്ങളുടെ വടക്കെമലബാറിലെ നാവായിരുന്നു ടി.എസ്.തിരുമുമ്പ്. 1929-ല്‍ സുബ്രഹ്മണ്യ ഭാരതിയുടെ വന്ദേമാതരം കവിതാസമാഹാരം വിവര്‍ത്തനം ചെയ്ത് ടി.എസ്.തിരുമുമ്പ് പ്രസിദ്ധപ്പെടുത്തിയത് സാധാരണക്കാരെ ദേശീയബോധത്തിലേക്ക് ഉയര്‍ത്തി വിടുന്നതിനായിരുന്നു. “വികാസം” എന്ന ഒരേയൊരു കവിതാസമാഹാരമേ (1947-ല്‍) പ്രസിദ്ധികരിച്ചുള്ളുവെങ്കിലും “ദീനബന്ധുവിലും” “മാതൃഭൂമി”യിലും മറ്റും ധാരാളം കവിതകളെഴുതി പ്രസിദ്ധീകരിച്ചിരുന്നു. “വൃന്ദാവനത്തിലെ കണ്ണനുണ്ണി” “ശവക്കുഴിക്കരികില്‍” തുടങ്ങിയ തിരുമുമ്പിന്റെ ധാരാളം ശ്രദ്ധേയമായ കവിതകള്‍ മാതൃഭൂമിയിലും മറ്റും വന്നിട്ടുണ്ട്.

“മര്‍ദ്ദിത ലക്ഷങ്ങളേ ! ചൂഷിത വര്‍ഗ്ഗങ്ങളേനിര്‍ദ്ദയത്വത്തിന്‍ ഹസ്തം ഞെരിക്കും പാപങ്ങളെ ഇരുണ്ട ഭൂതം കൂരിരുട്ടാണ്ട വര്‍ത്തമാന -മൊരു കൈത്തിരിപോലും മിന്നാത്ത രാത്രി ഭാവിഈ വിധമത്രെ വിധി നമുക്കെന്നോര്‍ത്ത് നിങ്ങള്‍കേവല നിരാശതന്നഗാധമൂഴികളില്‍പ്രാണങ്ങള്‍ ത്യജിക്കാനൊരുങ്ങീടേണ്ട, നിങ്ങ-ളാണുങ്ങളല്ലേ ? മൂരിനിവര്‍ന്നൊന്നെഴുന്നേല്‍പിന്‍ !”

എന്ന് കവനമഞ്ജരിയിലെ മാര്‍ക്സിസം വിജയിക്കട്ടെ എന്ന കവിതയില്‍ ടി.എസ്.ഉദ്ഘോഷിക്കുന്നു.

തന്റെ ദേശത്തിന്റെ സാസ്കാരിക രൂപങ്ങളെയും ചിഹ്നങ്ങളെയും വളരെ വിദഗ്ദ്ധമായി ടി.എസ്.തിരുമുമ്പ് തന്റെ കവിതകളില്‍ കോര്‍ത്തിണക്കുന്നു. പൂരക്കളിപ്പാട്ടിന്റെ ശൈലിയില്‍ ദേശോദ്ഗ്രഥനാത്മക രീതിയില്‍ കവിതകളുണ്ടായത് അങ്ങനെയാവണം. മിത്തുകള്‍ മാത്രമല്ല സമരങ്ങളും ടി.എസി ന്റെ കവിതകളിലെ മുഖ്യപ്രമേയമായി വരുന്നു. കയ്യൂര്‍ സമരത്തെക്കുറിച്ചുള്ള “വീരകയ്യൂര്‍” എന്ന കവിതയും മടിക്കൈ നെല്ലെടുപ്പ് സമരത്തെക്കുറിച്ചുമുള്ള “മടിക്കൈ കേസ്” എന്ന കവിതയും ഇത് സാക്ഷ്യപ്പെടുത്തുന്നു.

“കേട്ടിതോ നിങ്ങള്‍ മടിക്കൈയിലെകര്‍ഷക സമര വീരകഥ” എന്ന് തുടങ്ങുന്ന “മടിക്കൈ കേസ്” എന്ന കവിത നെല്ലെടുപ്പ് സമരത്തിന്റെ ദീര്‍ഘമായ വിവരണമാകുന്നു. “കുറത്തിപ്പാട്ട്”, “ഞാന്‍ തെറ്റുകാരനോ” തുടങ്ങിയ കവിതകള്‍ അക്കാലത്ത് പ്രസക്തവും പ്രസിദ്ധവുമായിരുന്നു. കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ആത്മീയതയിലേക്ക് തിരിഞ്ഞതോടെ തിരുമുമ്പിന്റെ കവിതകളും ഈശ്വരവത്കരിക്കപ്പെട്ടു. തുടര്‍ന്ന് രചിച്ച എല്ലാ കവിതകളുടേയും മുഖ്യപ്രമേയം ഭക്തിയായിരുന്നു. ടി.എസ്.തിരുമുമ്പിന്റെ “സ്മരണകള്‍” എന്ന ആത്മകഥ ഉള്‍പ്പെടെ എല്ലാ കവിതകളും ചേര്‍ത്ത് “സ്മരണകള്‍ കവിതകള്‍” എന്ന പേരില്‍ ഡോ: കെ.കെ.എന്‍.കുറുപ്പാണ് എഡിറ്റ് ചെയ്ത പുസ്തകം കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏ.സി. കണ്ണന്‍ നായര്‍

ഏ.സി.കണ്ണന്‍ നായരെ ഭൂരിപക്ഷവും വിലയിരുത്തുന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലായിരിക്കും. എന്നാല്‍ കേരളത്തില്‍ ആദ്യമായി ടോള്‍സ്റോയ് കഥകളുടെ സ്വതന്ത്രവിവര്‍ത്തനം (1932-ല്‍) നിര്‍വ്വഹിച്ചത് ഏ.സി.കണ്ണന്‍ നായരാണെന്നറിയുമ്പോഴാണ് കണ്ണന്‍ നായര്‍ ഒരു എഴുത്തുകാരനാണെന്ന് മനസിലാവുക. മടിക്കൈയിലെ ഏച്ചിക്കാനത്ത് ജനിച്ച കണ്ണന്‍ നായരുടെ ടോള്‍സ്റോയ് കഥാവിവര്‍ത്തന ലക്ഷ്യം ജനങ്ങളില്‍ ഒരു വലിയ വിചാരവിപ്ളവം ഉണ്ടാക്കുക എന്നതായിരുന്നു. ഗാന്ധിയന്‍ ആദര്‍ശവുമായി പൊരുത്തമുള്ള “പിശാചിന്റെ കഥ”, “വളര്‍ത്തു പുത്രന്‍” തുടങ്ങിയ കഥകള്‍ വിവര്‍ത്തനം ചെയ്തതിന്റെ ഉദ്ദേശ്യം അതായിരിക്കണം. പ്രമുഖ സ്വാതന്ത്യ്രസമര സേനാനി കെ.കേളപ്പന് സമര്‍പ്പിച്ച ഈ പുസ്തകം വഴി കിട്ടുന്ന എല്ലാവരുമാനവും കേളപ്പജിയുടെ പയ്യോളി ശ്രദ്ധാനന്ദവിദ്യാലയത്തിലേക്ക് കൊടുക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. വായനക്കാര്‍ക്ക് കഥാവായന സുഗമമാക്കാന്‍ റഷ്യന്‍ പേരുകള്‍ മലയാളീകരിച്ചിരുന്നു.
എം.ആര്‍.നായരുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ “സഞ്ജയന്‍” മാസികയില്‍ “ശേഷം കമ്മത്തി” എന്ന പേരില്‍ ഏ.സി. നര്‍മ്മം നിറഞ്ഞ രാഷ്ട്രീയക്കുറിപ്പുകള്‍ എഴുതിയിരുന്നു. അറുപതുകളില്‍ ഈ തൂലികാനാമത്തില്‍ തന്നെ ദേശമിത്രം എന്ന ആഴ്ചപതിപ്പില്‍ “വടക്കന്‍കത്ത് ” എന്ന പംക്തിയില്‍ അന്നത്തെ അധികാരിവര്‍ഗ്ഗത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ കണ്ണന്‍ നായര്‍ ശക്തമായി പ്രതികരിച്ചിരുന്നു. പാവപ്പെട്ടവനെ ചൂഷണം ചെയ്യുന്നവനായി രാഷ്ട്രീയക്കാരന്‍ മാറുന്നതില്‍ അദ്ദേഹം ആശങ്കപ്പെട്ടിരുന്നു.
1940-ല്‍ കാസര്‍ഗോഡ് താലൂക്കിലെ പണിയര്‍, മലക്കുടിയാന്‍, കോപ്പാളന്‍, മായിക്കന്മാര്‍, എന്നീ ആദിവാസി വിഭാഗങ്ങളുടെ ആചാരവിശ്വാസങ്ങളെപ്പറ്റി അദ്ദേഹം മാതൃഭമിയില്‍ എഴുതിയിരുന്നു. “കലിയുഗം”, “കല്‍ക്കി” തുടങ്ങിയ തമിഴ് മാസികകളില്‍ “ജറപ്പ” എന്ന പേരില്‍ അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിരുന്നു. കമ്പരാമായണത്തില്‍ നിന്ന് ശൂര്‍പ്പണഖയെ വിവരിക്കുന്ന ഭാഗങ്ങള്‍ മലയാളത്തിലേക്കും, കര്‍ണ്ണാടകത്തിലേക്കും വിവര്‍ത്തനം ചെയ്തിരുന്നു. “മെത്തയുടെ ആത്മകഥ”, “റോഷണാര്‍ ബീഗം”, “ഗര്‍വ്വഭംഗം”, “ദല്ലാള്‍”, “അക്ബറുടെ ഭാഗ്യം”, “കുതിരപവട്ടത്തേക്ക്” എന്നീ പ്രഹസനങ്ങളും അദ്ദേഹം രചിച്ചതായി ഡയറിക്കുറിപ്പുകളില്‍ കാണാം. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ “പ്രതിഫലം” എന്ന നീണ്ടകഥ “ശക്തി”മാസികയില്‍ 1930-ല്‍ അദ്ദേഹം എഴുതിയിരുന്നു.
കെ.മാധവന്‍

മടിക്കൈ ഏച്ചിക്കാനത്ത് ജനിച്ച്, കണ്ണന്‍ നായരുടെ ശിഷ്യനായി രാഷ്ട്രീയ രംഗത്ത വന്ന കെ.മാധവന്‍ എഴുത്തുകാരനെന്ന നിലയില്‍ അറിയപ്പെടുന്നത് “പയസ്വിനിയുടെ തീരത്ത്” എന്ന ആത്മകഥയോട് കൂടിയായിരുന്നു. 1987-ല്‍ പ്രഭാത് ബുക്ക് ഹൌസ് പുറത്തിറക്കിയ ഈ പുസ്തകം ഒരു ചരിത്രരേഖ തന്നെയാണ്.

വളരെ ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ ആത്മകഥ മലബാറിലെ സ്വാതന്ത്യ്ര സമരകാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ആഖ്യാനത്തോടൊപ്പം ജാതിമത- ജന്മിത്വ സമ്പ്രദായങ്ങളാല്‍ അടിച്ചമര്‍ത്തലിന് വിധേയമാക്കപ്പെട്ട അടിസ്ഥാനവര്‍ഗ്ഗത്തിന്റെ സ്പന്ദനങ്ങള്‍ കൂടി ഉള്‍ക്കൊണ്ടിരുന്നു.

ഈ പുസ്തകം ചരിത്രത്തിനും അത്മകഥാ സാഹിത്യത്തിനും ഒരുമുതല്‍ കൂട്ടായിരിക്കും. മടിക്കൈയുടെ പോയ കാലചരിത്രാഖ്യാനമായ “ഒരു ഗ്രാമത്തിന്റെ ഹൃദയത്തിലൂടെ” ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട പുസ്തകമാണ്.

മടിക്കൈയിലെ സാമൂഹിക അനാചാരങ്ങളുടെയും അതിനെതിരെ രൂപപ്പെട്ട സംഘടിത ചെറുത്ത് നില്‍പ്പിന്റെയും ചരിത്രാഖ്യനമായ ഈ പുസ്തകം ജനങ്ങളുടെ മനോഭാവം കണക്കിലെടുത്ത് പരിപാടികളാവിഷ്കരിച്ചാണ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കേണ്ടതെന്ന് പറയുന്നു.

മടിക്കൈയിലെ ആദ്യകാല കര്‍ഷക പ്രസ്ഥാന നേതാക്കളായ കനിംകുണ്ടില്‍ അപ്പുക്കാരണവര്‍, ചാര്‍ത്തങ്കാല്‍ രാമന്‍, ആലമ്പാടി ശംഭുജോത്സ്യന്‍, വടക്കന്‍ തോട്ടത്തില്‍ അമ്പാടി എന്നിവര്‍ക്ക് സമര്‍പ്പിച്ച ഈ പുസ്തകം മലബാറിലെ കമ്മ്യൂണിസ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ നേര്‍രേഖയാവുന്നു.

“പയസ്വിനിയുടെ തീരത്ത് ”എന്ന ആത്മകഥയുടെ രണ്ടാം ഭാഗമായി 1987-ല്‍ പ്രസിദ്ധീകരിച്ച “ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍” മാധവന്റെ മറ്റൊരു പ്രധാന കൃതിയാണ്. മാധവന്റെ ആത്മകഥ രാഷ്ട്രീയമായ ഒരു പ്രസ്താവനയാണെന്ന് ഈ കൃതിയുടെ ആമുഖത്തില്‍ പ്രശസ്ത ചരിത്രകാരന്‍ കെ.എന്‍.പണിക്കര്‍ രേഖപ്പെടുത്തുന്നു. മുഖവുരയില്‍ കെ.മാധവന്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നു.

“സര്‍വ്വോദയ വ്യവസ്ഥിതിയും വര്‍ഗ്ഗരഹിത സാമൂഹ്യക്രമവും പരസ്പരം യോജിക്കാത്ത സമാന്തര രേഖകളോ ഗാന്ധിസവും മാര്‍ക്സിസവും അയവില്ലാത്ത ആശയസംഹിതകളോ അല്ല. രണ്ടും മഹത്തായ മനുഷ്യ സ്നേഹത്തില്‍ അധിഷ്ഠിതം. ഒരു പ്രത്യയ ശാസ്ത്രമെന്ന നിലയില്‍ മാര്‍ക്സിസത്തില്‍ ഉറച്ചു വിശ്വസിക്കുമ്പോഴും മാര്‍ഗ്ഗത്തിലും പ്രയോഗത്തിലും ഗാന്ധിയന്‍ ധാര്‍മ്മിക സമീപനം അനുപേക്ഷണിയമാണെന്ന് ഞാന്‍ കരുതുന്നു”
കെ.ആര്‍. കുഞ്ഞിക്കണ്ണന്‍

കെ.ആര്‍.കഞ്ഞിക്കണ്ണന്റെ എഴുത്തും ജീവിതവും വിപ്ളവമായിരുന്നു. മടിക്കൈ മേക്കാട്ട് സ്വദേശിയായ കെ.ആറിന്റെ എഴുത്തിന്റെ മുഖ്യപ്രമേയം വിപ്ളവം തന്നെയായിരുന്നു പൂരക്കളിപ്പാട്ടിന്റെയും മറ്റും താളത്തില്‍ കെ.ആര്‍.കവിതകള്‍ രചിച്ചിരുന്നു. മടിക്കൈയിലെ സാധാരണക്കാരുടെ വിപ്ളവവീര്യത്തിന് ഉണര്‍വ്വായിരുന്നു കെ.ആറിന്റെ പാട്ടുകള്‍.
കുടുക്കുവളപ്പില്‍ ഗോപാലന്‍

പുരോഗമന സാഹിത്യരംഗത്ത് മടിക്കൈയില്‍ പ്രഥമസ്ഥാനത്ത് പരിഗണിക്കേണ്ട എഴുത്തുകാരനാണ് രാഷ്ട്രീയ പ്രവര്‍ത്തകനായ കുടുക്കുവളപ്പില്‍ ഗോപാലന്‍ എന്ന കെ.വി.ജി. മടിക്കൈ. വടക്കേമലബാറിന്റെ തനത് കലയായ പൂരക്കളിപ്പാട്ടിന്റെ രീതിയില്‍ ഇദ്ദേഹം രാഷ്ട്രീയ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ “രാഷ്ട്രീയ പൂരക്കളിപ്പാട്ട്” പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാന്ത്രികാനുഷ്ഠാനകര്‍മ്മമായ കളംപാട്ടിന്റെ താളത്തില്‍ ഇദ്ദേഹം “കൈരളി” എന്ന രചന നിര്‍വ്വഹിച്ചിട്ടുണ്ട്. കേരളത്തെ ഒരു പെണ്ണായി സങ്കല്പിച്ച് എഴുതിയ രാഷ്ട്രീയ കളംപാട്ടാണ് കൈരളി. ഇതോടൊപ്പം അനേകം രാഷ്ട്രീയ ഗാനങ്ങളും കവിതകളും രചിച്ചിട്ടുള്ള ഇദ്ദേഹം പൂത്തക്കാല്‍ സ്വദേശിയാണ്.
കോതോര്‍മ്മന്‍

ജീവിതത്തിലും എഴുത്തിലും വിപ്ളവം തീര്‍ത്ത വ്യക്തിയായിരുന്നു കക്കാട്ടെ കോതോര്‍മ്മന്‍. യൌവ്വനകാലത്ത് കര്‍ക്കിടകത്തില്‍ ഒരിക്കല്‍ ഭക്ഷണത്തിന് ഗതിയില്ലാതെ അദ്ദേഹം ജന്മിയെ സമീപിച്ചെങ്കിലും ജന്മി ഒന്നും നല്‍കിയില്ല. ഒന്നും പറയാതെ തിരിച്ച് വന്ന കോതോര്‍മ്മന്‍ മാസങ്ങള്‍ക്ക് ശേഷം ജന്മിയെ കണ്ടുമുട്ടുന്നു. അക്കാലത്ത് ജന്മി വരുമ്പോള്‍ വാ പൊത്തി വന്ദിക്കണമെന്നാണ് നിയമം. എന്നാല്‍ ജന്മിയെ വന്ദിക്കാതെ അടുത്തുള്ള തമരച്ചെടിയെ വന്ദിച്ച് കോതോര്‍മ്മന്‍ ജന്മിയോട് പറയുന്നു. “വറുതിക്കാലത്ത് എനിക്ക് ഈ തമരയേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് എനിക്ക് തമ്പ്രാന്‍ ഈ തമരയാണ”് ഇങ്ങനെ വ്യക്തിപരമായ തലത്തില്‍ വിപ്ളവങ്ങള്‍ തീര്‍ത്ത കോതോര്‍മ്മന്‍ അനേകം ഗാനങ്ങളും ഹാസ്യത്മകമായ കഥകളും കവിതകളും രചിച്ചിട്ടുണ്ട്.
സ്വാതന്ത്യ്രാനന്തര മലയാള സാഹിത്യം എഴുത്തിന്റെ രചനാ ശൈലി വെച്ച് കാല്പനികത, റിയലിസം, ആധുനികത തുടങ്ങിയ പ്രസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടു. ഇത്തരം പ്രസ്ഥാനങ്ങളുടെ ഭാഗമായി വിലയിരുത്താന്‍ പ്രാപ്യമായ എഴുത്തുകാര്‍ മടിക്കൈയിലുണ്ടിയിരുന്നില്ല. ഒരു പക്ഷേ നന്നായി എഴുതുന്നവര്‍ക്ക് എഴുതിത്തെളിയാനുള്ള അവസരങ്ങള്‍ ലഭിക്കാത്തത് കൊണ്ടാവാം ഇങ്ങനെ സംഭവിച്ചത്.
കെ.പി.കൃഷ്ണന്‍

ഇരുപത്തിയഞ്ച് വര്‍ഷമായി കോല്‍ക്കളിരംഗത്ത് പ്രവര്‍ത്തിക്കുന്ന മടിക്കൈ മലപ്പച്ചേരി കെ.പി.കൃഷ്ണന്‍ രാഷ്ട്രീയ ആക്ഷേപ ഗാനങ്ങളും ആക്ഷേപ ഹാസ്യങ്ങളും എഴുതിയിട്ടുണ്ട്. അക്ഷരാ ബുക്ക്സ് കെ.പി.കൃഷ്ണന്‍ ‘രാഷ്ട്രീയ ആക്ഷേപ ഹാസ്യ ഗാനങ്ങള്‍’ എന്ന പുസ്തകം അച്ചടിച്ചിറക്കിയിട്ടുണ്ട്.

“തമ്മിലകറ്റുവാനല്ല ഭാഷതമ്മിലറിയുവാന്‍ മാത്രമാണ്തമ്മിലടിക്കുവാനല്ല ജാതിതമ്മിലടുക്കുവാന്‍ മാത്രമാണ്നമ്മളീ മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ നാളെയീ മണ്ണിലലിഞ്ഞ് ചേരുംഞങ്ങളും നിങ്ങളും ചൊല്ലീടുക.നമ്മളെല്ലാവരും ഒന്നാണ്.” -

എന്ന കെ.പി.കൃഷ്ണന്റെ കവിത എക്കാലത്തും പ്രസക്തമാണ്
കൃഷ്ണശര്‍മ്മ കോട്ടപ്പാറ

കോട്ടപ്പാറയിലെ സാഹിത്യ ഭൂഷണം വി.പി. കൃഷ്ണശര്‍മ്മ നിരവധി സംസ്കൃത കവിതകളും മലയാള കവിതകളും എഴുതിയിട്ടുണ്ട്. എട്ടോളം ഭക്തിഗാനങ്ങളും അനേകം ലളിതഗാനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആകാശവാണിയില്‍ സുപ്രഭാതം പരിപാടി അവതരിപ്പിക്കാറുണ്ട്.
നാടകഗാനങ്ങള്‍ എഴുതിയ മുണ്ടോട്ടെ കരുണാകരന്‍ മാസ്റര്‍, മേക്കാട്ടെ കേശവ പ്പട്ടേരി, വാസുദേവപ്പട്ടേരി, രാഷ്ട്രീയ ഗാനങ്ങള്‍ രചിച്ച കക്കാട്ടെ ഐക്യമുന്നണി കേളു, നാരാ കണ്ണന്‍ മാസ്റര്‍ തുടങ്ങിയവര്‍ മടിക്കൈയില്‍ സജീവരായ എഴുത്തുകാരായിരുന്നു.
രണ്ടാം തലമുറയ്ക്ക് ശേഷം തീവ്രഇടതുപക്ഷത്തിന്റെ തിളച്ചുമറിയലില്‍ കേരളത്തിലാകമാനം രൂപപ്പെട്ട തീവ്ര എഴുത്തിന്റെ അടയാളങ്ങള്‍ മടിക്കൈയിലുമുണ്ടായിട്ടുണ്ട്. ഒരു പുതിയ സാംസ്കാരിക മാനം മടിക്കൈയില്‍ അടയാളപ്പെടുത്താന്‍ ഇതിന്റെ വക്താക്കള്‍ ശ്രമിച്ചിരുന്നു. മണക്കടവില്‍ നിന്ന് പ്രസിദ്ധീകരിച്ച ഉദയം മാസിക, അതിന്റെ ഉദാഹരണമായി. സാംസ്കാരിക നവോത്ഥാന സമിതി പ്രസിദ്ധീകരിച്ച കനല്‍ മാസിക. പൂത്തക്കാലില്‍ നിന്നും പുറത്തിറക്കിയ മനീഷി തുടങ്ങിയവ മടിക്കൈയുടെ സാംസ്കാരിക രംഗത്ത് ഇടപെട്ട പ്രസിദ്ധീകരണങ്ങളാണ്.
നടപ്പുകാലത്ത് ഉയര്‍ന്നു വന്ന ദളിത് വാദം എന്ന പുത്തന്‍ ആശയ സംഹിതയുടെ സാധ്യതാശ്രമങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മടിക്കൈയില്‍ രൂപപ്പെട്ടിരുന്നു. ബങ്കളം സ്വദേശിയായ മാവുവളപ്പില്‍ മാധവന്‍, വെളിച്ചം പകരൂ എന്ന പുസ്തകം രചിച്ച് തന്റെ സമുദായത്തിന്റെ അസ്തിത്വം നേടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. മാവില സമുദായത്തിലെ ആചാരങ്ങള്‍, അവസ്ഥകള്‍ എല്ലാം രേഖപ്പെടുത്തിയ മാധവന്‍ മടിക്കൈയിലെ എഴുത്തിന് ഒരു പുതിയ രൂപം നല്‍കുന്നുണ്ട്. ദളിതര്‍ക്ക് നേരെയുള്ള ഉപരിപ്ളവമായ സഹാനുഭൂതിക്കാഴ്ചകള്‍ക്ക് ഒരു പ്രഹരമായി ഈ പുസ്തകത്തെ വ്യാഖ്യാനിക്കാം.
ആഗോളീകരണ വ്യപാനത്തിന്റെ ഫലമായി നടപ്പുകാല ജീവിതം പൂര്‍ണ്ണമായും കമ്പോളവത്കരണത്തിന് വിധേയമായിട്ടുണ്ട്. ജീവിത പ്രശ്നങ്ങളേക്കാള്‍ ഇത് കണ്ണുകള്‍ക്ക് പ്രാധാന്യം കൈവരുന്ന സങ്കീര്‍ണ്ണാവസ്ഥയുടെ അടയാളമായി ഇന്നിന്റെ എഴുത്ത് മാറുന്നു. പുതിയ കാല മലയാള സാഹിത്യത്തില്‍ ശ്രദ്ധേയമായ പലരും മടിക്കൈക്കാരാണെന്നത് സന്തോഷകരമായ വസ്തുതയാണ്.
സന്തോഷ് ഏച്ചിക്കാനം

നടപ്പുകാല മലയാള സാഹിത്യത്തില്‍ ഏറെ ശ്രദ്ധേയനാണ് സന്തോഷ് ഏച്ചിക്കാനം. ഉപഭോഗീകരിക്കപ്പെട്ട വര്‍ത്തമാന കാല ജീവിതത്തെ പുതിയ ഭാഷകൊണ്ടും മനോഹരങ്ങളായ ബിംബങ്ങള്‍ കൊണ്ടും സന്തോഷ് തന്റെ കഥകളില്‍ അവതരിപ്പിക്കുന്നു. പ്രാദേശികമായ മൂല്യങ്ങള്‍ നഷ്ടമാകുന്നതിന്റെ ആശങ്ക സന്തോഷിന്റെ കഥകളില്‍ കണ്ടെത്താം. വംശാവലി, പഴയമരങ്ങള്‍, കലശം തുടങ്ങിയ കഥകള്‍ അതിനുദാഹരണമാവുന്നു. ഒറ്റവാതില്‍, കഥാപാത്രങ്ങളും പങ്കെടുത്തവരും എന്നീ രണ്ട് കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥയ്ക്ക് ചെറുകാട് അവാര്‍ഡ്, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ്, ടി.എസ്.തിരുമുമ്പ് അവാര്‍ഡ്, പ്രവാസി ബഷീര്‍ പുരസ്കാരം, കാരൂര്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
പി.വി.ഷാജി കുമാര്‍

മലയാള കഥാ സാഹിത്യത്തില്‍ സന്തോഷ് ഏച്ചിക്കാനം തുടങ്ങിയ യുവകഥാകൃത്തുക്കള്‍ക്കു പിന്നാലെ വന്ന പുത്തന്‍ തലമുറ കേരളത്തിലെ കലാലയങ്ങളില്‍ നിന്നു തന്നെ എഴുതി തെളിഞ്ഞ് പ്രശസ്തായവരാണ്. ഇങ്ങനെ ശ്രദ്ധേയരായ കഥാകൃത്തുക്കളുടെ കൂടെ പി.വി.ഷാജി കുമാറും ഉള്‍പ്പെടുന്നു. ഉത്തരാധുനികമായ ഭാവുകത്വവും സ്വകീയമായ അനുഭവാഖ്യാനവും ഷാജി കുമാറിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു. മുട്ടത്തുവര്‍ക്കി കലാലയ കഥാ അവാര്‍ഡ്, രാജലക്ഷ്മി പുരസ്കാരം, പൂന്താനം സ്മാരക കഥാ അവാര്‍ഡ്, പി.കെ. ബാലകൃഷ്ണന്‍ സ്മാരക കഥാപുരസ്കാരം, മലായളം കലാലയ കഥാ അവാര്‍ഡ് എന്നിവക്കു പുറമെ കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തില്‍ കഥാ രചന, പ്രബന്ധ രചന. തിരക്കഥാ രചന, എന്നിവയില്‍ ഷാജി കുമാര്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
പ്രകാശന്‍ മടിക്കൈ

കവിതാ രംഗത്ത് പ്രശസ്തനാണ് പ്രകാശന്‍ മടിക്കൈ. ലാളിത്യമാര്‍ന്നതും പുതിയ ശൈലികൊണ്ടും ശ്രദ്ധേയമാകുന്നു പ്രാകശന്റെ കവിതകള്‍. നൂഞ്ഞി സ്വദേശിയായ പ്രകാശന്റെ കവിതകള്‍ മാധ്യമം ആഴ്ചപ്പതിപ്പ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പാഠം, ദേശാഭിമാനി, കുങ്കുമം, പച്ചമലയാളം തുടങ്ങിയ നിരവധി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സംസ്ഥാന ടി.ടി.ഐ.കലോത്സവത്തില്‍ കഥാരചനയില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്
നൌഷാദലി

സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തില്‍ കവിതാ രചനയില്‍ ഒന്നാം സ്ഥാനം നേടിയ നൌഷാദലി യുവകവികളില്‍ ശ്രദ്ധേയനാണ്. മടിക്കൈ മുണ്ടോട്ട് സ്വദേശിയായ നൌഷാദലിയുടെ കവിതകള്‍ രൂപശില്പം കൊണ്ടും നവബിംബങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ്. ഭാഷാപോഷിണി, കലാകൌമുദി, മാധ്യമം, മലയാളം തുടങ്ങിയ നിരവധി ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നൌഷാദലിക്ക് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന്റെ കവിതാ സമ്മാനം കണ്ണൂര്‍ യൂണിവേഴ്സിറ്റി കവിതാ സമ്മാനം, പൂന്താനം സമ്മാനം എന്നിവ ലഭിച്ചിട്ടുണ്ട്. “ഇന്റീരിയര്‍ ഡെക്കറേഷന്‍”, “ജാരന്‍”, “ആണ്‍പ്പന്നി” തുടങ്ങിയ നൌഷാദിന്റെ കവിതകള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
രാമചന്ദ്രന്‍ മടിക്കൈ

നോവല്‍ രംഗത്ത് തന്റേതായ രചനാശൈലിക്ക് ഉടമയാണ് രാമചന്ദ്രന്‍ മടിക്കൈ ഉള്ളടക്കത്തിന്റെ ലാളിത്യം കൊണ്ടും തനിമ കൊണ്ടും വായനക്കാരെ ആകര്‍ഷിക്കുന്നവയാണ് രാമചന്ദ്രന്റെ നോവലുകള്‍. “രാവിന്റെ മാറില്‍” എന്ന നോവല്‍ കേരളകൌമുദിയില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നോവല്‍ പിന്നീട് എന്‍.ബി.എസ്. പുസ്തകമാക്കിയുട്ടുണ്ട്. “കുങ്കുമപാടം” എന്ന അദ്ദേഹത്തിന്റെ മറ്റൊരു നോവല്‍ പൂര്‍ണ്ണ പബ്ളിക്കേഷന്‍സ് പുറത്തിറക്കിയിട്ടുണ്ട്.
യുവധാര, ദേശാഭിമാനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കവിതകളെഴുതിയിട്ടുള്ള ത്യാഗരാജന്‍ ചാളക്കടവ്, കുട്ടുമന്‍ മടിക്കൈ, മുരളീധരന്‍ മടിക്കൈ, രോഷ്ണി, സുരേഷ് മടിക്കൈ, യു.വി.ജി.മടിക്കൈ, പി.കെ.ഗോപി മടിക്കൈ തുടങ്ങിയവര്‍ മടിക്കൈയിലെ പുതുതലമുറയിലെ എഴുത്തുകാരാണ്. പൂത്തക്കാല്‍ ഗവ.യുപി.സ്കൂളിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിനിയും സി.പ്രഭാകരന്‍-വത്സല ദമ്പതികളുടെ പുത്രിയുമായ സ്മൃതി പി.വി. വളര്‍ന്നുവരുന്ന കവയിത്രിയാണ്. വിവിധ പ്രസിദ്ധീകരണങ്ങളിലെ കുട്ടികള്‍ക്കുള്ള പംക്തികളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മടിക്കൈയിലെ എഴുത്തിനെ പുറമെ നിന്ന് വീക്ഷിക്കുമ്പോള്‍ മനസിലാക്കാനാവുന്ന വസ്തുത ഭൂരിപക്ഷ എഴുത്തിലും “ചരിത്രം” ഒരു വലിയ പ്രമേയമായി വരുന്നു എന്നതാണ്. നാം ജിവിച്ച കാലത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചെടുക്കാന്‍ ഇവരുടെ എഴുത്ത് സഹായകമാകുന്നു. ഈ നിലയ്ക്ക് തന്നെയാണ് മടിക്കൈയിലെ എഴുത്ത് മലബാറില്‍ മുന്‍പന്തിയില്‍ വരുന്നത്.
(കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ സൈറ്റില്‍ നിന്ന് എടുത്തുചേര്‍ത്ത ലേഖനം. കൂടുതല്‍ വായനക്ക് സന്ദര്‍ശിക്കുക) http://www.madikaipanchayat.in/

Monday, January 19, 2009

നാല് നുറുങ്ങു കഥകള്‍

മൂന്ന് ചൈനീസ് നാടോടി കഥകള്‍

കഴുതയുടെ കഴിവ്

- ജിന്‍ ജ്യാക്ക്

ഒരു മണ്ടന്‍ കഴുത നാഴികക്കല്ലിനു ചുറ്റും കുറെ തവണ ചുറ്റി. എന്നിട്ട് സ്വയം പുകഴ്ത്തി പറഞ്ഞു - " ഹായ്, എത്ര നാഴികയാണ് ഞാന്‍ പിന്നിടുന്നത്!"

ഇതു കണ്ട ഒരു കാള കഴുതയോടു പറഞ്ഞു - " ചങ്ങാതി, വിഡ്ഡിത്തം പറയാതെ. താന്‍ നാഴികക്കല്ല് ചുറ്റുകയാണ്. "

കഴുതയ്ക്ക് ദേഷ്യം വന്നു - " പിന്നെ, ഞാന്‍ ഈ നാഴികയൊക്കെ പിന്നിടുന്നില്ലെ? വെറുതെ അസൂയ പറയരുത്.


മറവി - ഹ്വാങ്ങ് യോക്ക്യു


ഒരു മറവിക്കാരന്‍ വീടു പൂട്ടി പോകുമ്പോള്‍ താക്കോല്‍ വീട്ടിന്നരികെ വെച്ചു മറന്നു. പിന്നീടൊരു നാള്‍ താക്കോല്‍ വഴിയോരത്ത് വെച്ചു മറന്നു. അയാള്‍ അവസാനം ഒരു സൂത്രം കണ്ടുപിടിച്ചു. താക്കോല്‍ പൂട്ടില്‍ത്തന്നെ വെയ്ക്കുക, എന്നാല്‍ ഇനി മറക്കില്ലല്ലോ!

മുടി- യാങ്ങ് സ്വായി

ഒരു പെണ്‍കുട്ടിക്ക് സുന്ദരമായ മുടിയുണ്ടായിരുന്നു. എല്ലാവരും പെണ്‍കുട്ടിയെ നോക്കി അഭിനന്ദിച്ചു. കുട്ടിയുടെ അച്ഛനും അമ്മക്കും ഇതു കണ്ടപ്പോള്‍ പേടിയായി. അവര്‍ കുട്ടിയുടെ മുടി സ്വര്‍ണ്ണത്തുണികോണ്ട് പൊതിഞ്ഞു. കാറ്റും വെയിലും മഴയും കൊള്ളാതായി. അടുത്ത വര്‍ഷം കുട്ടിയുടെ മുടി പാടെ കൊഴിഞ്ഞും പോയി.
(കടപ്പാട് - മിനിമാഗസിന്‍, മാര്‍ച്ച്, 1986 - സമ്പാദകന്‍ - ശിവന്‍ ഒറ്റപ്പാലം)

മാലുവിന്‍റെ തേങ്ങല്‍‍

എന്തെഴുതേണ്ടു എങിനെയെഴുതേണ്ടു എന്നറിയാതെ മാലുവിന്‍റെ കത്ത് പോക്കറ്റില്‍ കിടക്കുന്നു. മനുഷ്യന്‍ മനുഷ്യനോട് കാട്ടുന്ന ക്രൂരതക്ക് കര്‍മ്മഫലമെന്ന് പേരിടാമോ? പ്രത്യേകിച്ചും മാലുവിനെ സംബന്ധിച്ച്. വള്ളുവനാടന്‍ ഗ്രാമഭംഗിയും കുന്തിപ്പുഴയുടെ പവിത്രതയും ഒരു പോലെ ആവാഹിച്ചെടുത്ത കിളുന്ത് പെണ്ണ്. തന്‍റെ വ്യക്തിത്വം വാക്കിലും പ്രവൃത്തിയിലും പ്രകടിപ്പിക്കുന്ന നല്ലോരു സുഹൃത്ത്.

മാലു ഒരിക്കല്‍ എഴുതിയ കത്തിലെ വരികള്‍ ഞാനിപ്പോഴും ഓര്‍ക്കുന്നു - " ശ്രീരാമനെ പിരിഞ്ഞിരിക്കുന്ന സീതയുടെ ദു:ഖം ഇപ്പോള്‍ ഞങ്ങള്‍ക്കില്ല. സത്യം തന്നെ. പക്ഷെ സീതയെപ്പോലുള്ള ചുരുക്കം ചില പെണ്ണുങ്ങള്‍ ഇന്നുമുണ്ടാകും. സൌദി അറേബ്യയിലോ മറ്റോ ഉള്ള ശ്രീരാമന്‍മാരെ കാത്ത്, നാട്ടില്‍ കത്തുവരുന്ന ദിവസവും നോക്കി ഇരിക്കുന്ന സീതമാരില്ലേ! അങ്ങിനെയൊരു സീതയാവാനുള്ള ഗതികേട് ഉണ്ടാവരുതേ എന്നേ പ്രാര്‍ത്ഥനയുള്ളു "

മാലുവിന് അറം പറ്റിയതാണോ? എന്തോ! (മുരളീധരന്‍ പി.പി. ശ്രീരാഗം മാസികയില്‍ പണ്ടെഴുതിയത്)

Sunday, January 18, 2009

കുട്ടികളേക്കാള്‍ മെച്ചമോ പട്ടികള്‍

മാതൃഭൂമി ദിനപത്രം (അരുമ - മേനക ഗാന്ധി -18/1/2009)

അടുത്തിടെ യൂറോപ്പിലും അമേരിക്കയിലും വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥര്‍ക്കിടയില്‍ ഒരു സര്‍വ്വേ നടന്നു. "പട്ടികള്‍, മനുഷ്യക്കുട്ടികളേക്കാള്‍ മെച്ചമാണോ?" എന്നതായിരുന്നു വിഷയം. 45 ശതമാനം പേര് പട്ടികളാണ് മെച്ചം എന്ന് വിധിയെഴുതി. ഒരുപക്ഷെ ഇതാവണം ജെന്നിഫര്‍ ബെര്‍മന് "എന്തുകൊണ്ട് പട്ടികള്‍ മനുഷ്യക്കുട്ടികളേക്കാള്‍ മെച്ചം " ( Why dogs are better than kids) എന്ന പുസ്തകമെഴുതാന്‍ പ്രചോദനമായത്. ഈ വിഷയത്തില്‍ എനിക്ക് തോന്നുന്ന ചില നിരീക്ഷണങ്ങള്‍ എഴുതാം. പട്ടികളുടെ മെച്ചം ( പൂച്ചകളും പെടും.)

1. കൂടിച്ച മൂലപ്പാലിനെത്തന്നെ തള്ളിപ്പറഞ്ഞ് ആയുധമേന്തിയ കവര്‍ച്ചക്കാരോ ഭീകരവാദികളോ ആയിത്തീരില്ല.

2. റിയല്‍ എസ്റ്റേറ്റ് ദല്ലാള്‍മാരോ ഡിസ്ക് ജോക്കികളോ ആകാന്‍ ഉദ്ദേശിക്കുന്നില്ല.

3. നന്നായി പെരുമാറുകയും നല്ല സുഹൃത്തായിരിക്കുകയും ചെയ്യുന്നു.

4. കുറച്ചുമാത്രം ഭക്ഷണം കഴിക്കുന്നു.

5. എല്ലായെപ്പോഴും പണം ചോദിക്കുന്നില്ല.

6. എളുപ്പം പരിശീലിപ്പിക്കാം.

7. വിളിച്ചാല്‍ ഉടന്‍ വരുന്നു.

8. ഓടിക്കാന്‍ കാര്‍ ആവശ്യപ്പെടുന്നില്ല.

9. പുകവലിക്കില്ല, മദ്യപിക്കുന്നില്ല, മയക്കുമരുന്നടിച്ച് തൂങ്ങിനടക്കില്ല.

10. ഏറ്റവും പുതീയ ഫാഷനുപുറകെ പോകുന്നില്ല്ല.

11. പോക്കറ്റ് മണി ചോദിക്കില്ല.

12. നിങ്ങളുടെ വസ്ത്രമെടുത്ത് ധരിക്കില്ല.

13. ഒരിക്കലും വളരാതെ കുട്ടികളെപ്പോലെ ഇരിക്കും.

14. കുളിമുറി മണിക്കൂറുകളോളം ഉപയോഗിക്കുന്നില്ല.

15. സ്വതന്ത്രരായിപ്പോയി രക്ഷിതാക്കളെ ഉപേക്ഷിക്കില്ല.

16. നമ്മളെ വിധിയെഴുതില്ല. എന്ത് ധരിച്ചാലും വാങ്ങിയാലും കഴിച്ചാലും അവര്‍ക്ക് പ്രശ്നമില്ല; നമ്മുടെ ആകാരം പോലും.

17. മനുഷ്യരുടെ സൌഹൃദത്തിന്റെത് പോലുള്ള ബാധ്യതകള്‍ അവരുമായിട്ടുള്ള കൂട്ടുകെട്ടിനില്ല. ചതിവോ ബന്ധങ്ങളോ ദുരുപയോഗം ചെയ്യലോ ഇല്ല. കര്‍ത്തവ്യവിമുഖത കാണിക്കില്ല.

18. കുട്ടികളേക്കാള്‍ ചെലവ് കുറവാണ് അവര്‍ക്ക്.

19. കാതടപ്പിക്കുന്ന സ്വരത്തില്‍ പാട്ടുവെക്കില്ല. ഫോണിന്റെ മൌത്ത് പീസില്‍ തൂങ്ങിക്കിടക്കില്ല.

20. ജീവിതത്തിന്റെ സ്വകാര്യതകള്‍ അവരുമായി പങ്കുവെക്കേണ്ടതില്ല.

21. കൂട്ടുകാരുടെ മാതാപിതാക്കളെപ്പോലെ പണമുണ്ടാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തില്ല. വാര്‍ധക്യത്തില്‍ വൃദ്ധസദനത്തില്‍ കൊണ്ടുപോയാക്കില്ല.

22. അച്ചടക്കം പാലിക്കും. തെറ്റുകളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളും.

23. നിങ്ങളുടെ കൂടെ നിശ്ശബ്ദരായിരുന്ന് ക്ലാസിക് സിനിമകള്‍ കാണും. സ്പെഷല്‍ ഇഫെക്റ്റ് കാണുമ്പോള്‍ പൊട്ടിച്ചിരിക്കില്ല.

24. എന്തുകൊണ്ട് എന്ന് ചൊദിക്കില്ല.

25. നിങ്ങള്‍ ബാല്യകാലത്തെപ്പറ്റി പറയുമ്പോള്‍ കണ്ണുരുട്ടില്ല.

26.പാചകത്തെ കുറ്റം പറയില്ല.

27. കളവു പറയില്ല.

28. ഒരേ പാട്ടുതന്നെ പാടി ബോറടിപ്പിക്കില്ല.

29. സ്വയം വൃത്തിയാക്കിക്കൊള്ളും.

30. ടി.വി.നോക്കി കാണുന്നതെല്ലാം വേണമെന്ന് പറയില്ല.

31. നിങ്ങളോട് വഴക്കുകൂടില്ല.

32. പറയുന്നതെല്ലാം മിണ്ടാതെ കേള്‍ക്കും.

33. നിങ്ങള്‍ക്കിഷ്ടപ്പെട്ട മാതിരി അവയുടെ രോമം വെട്ടിയൊതുക്കാം.

34. നിങ്ങള്‍ക്കിഷ്ടപ്പെടാത്ത വസ്ത്രം ധരിച്ച് പുറത്തേക്ക് പോകില്ല.

35. 'തലമുറകളുടെ വിടവ്'' എന്ന് ഇടക്കിടെ പറയില്ല.

(പട്ടിക അപൂര്‍ണ്ണം)

നമുക്ക് വേണ്ടത് നമ്മളെ ആവശ്യമുള്ളവരെയാണ്. നമ്മളെ സംരക്ഷിക്കുന്നവരെ, ശ്രദ്ധിക്കുന്നവരെ, നമുക്കുവേണ്ടി നിലകൊള്ളുന്നവരെ. കുട്ടികള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നു.നായ്ക്കള്‍ രക്തസമ്മര്‍ദ്ദവും മനോസംഘര്‍ഷവും കുറയ്ക്കുന്നു.ഒരു കുട്ടിയായിരിക്കുന്നതില്‍നിന്ന് ഉത്തരവാദിത്വത്തോടെ അത് വളര്‍ന്നുവലുതാകും. അതിനെ വീട്ടില്‍ കൊണ്ടുവരുമ്പോള്‍ നിങ്ങള്‍ക്കുണ്ടായ സ്നേഹം മരിച്ചുപോകുന്നതുവരെ അവ നിലനിര്‍ത്തും. കുട്ടികളില്‍നിന്ന് ഇത് പ്രതീക്ഷിക്കരുത്.

കുട്ടികളില്‍ നിങ്ങള്‍ക്ക് ഇനങ്ങളുടെ തിരഞ്ഞെടുപ്പില്ല. അവര്‍ നിങ്ങളുടെ ജനിതകത്തിന്റെ പകര്‍പ്പാണ്. നാലുവയസ്സായ കുട്ടികളും എട്ടാഴ്ചയുള്ള പട്ടിക്കുഞ്ഞും സ്വയം പര്യാപ്തതയുടെ കാര്യത്തില്‍ ഒരുപോലെയാണ്. സ്കൂള്‍ പ്രവേശനം, ജോലി, വിവാഹം, ടീനേജ് പ്രശ്നങ്ങള്‍ ഇവയൊന്നും നിങ്ങളെ വിഷമിപ്പിക്കില്ല. പട്ടികള്‍ കുട്ടികള്‍ക്ക് പകരമല്ല. പക്ഷെ, മറിച്ചാകാം. ഈ വീക്ഷണത്തെ രാഷ്ട്രിയമായി ഒന്നു മെച്ചപ്പെടുത്താം. കുട്ടികള്‍ക്കും പട്ടികള്‍ക്കും ജീവിതത്തില്‍ അവരുടേതായ സ്ഥാനങ്ങളുണ്ട്. അതുകൊണ്ടുതന്നെ രണ്ടും അനിവാര്യമായ ജന്മങ്ങള്‍തന്നെ.

വാല്‍ക്കഷ്ണം

സുഹൃത്തുക്കളെ,

ഇതിലെ നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങള്‍ക്ക് നേരിട്ട്‌ മേനകാ ഗാന്ധിക്ക് എഴുതാം. തെരുവ് പട്ടികളെ എന്ത് ചെയ്യണമെന്ന് ഇവിടെ ആര്‍ക്കും വലിയ പിടിയൊന്നുമില്ല. ശ്രീമതി.മേനക ഗാന്ധിയുടെ ഈ മെയില്‍ വിലാസം - gandhi in@nic.in. ചുരുങ്ങിയ പക്ഷം നമ്മുടെ മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകലൂം അപ്രകാരം ചെയ്യുമെന്ന് കരുതട്ടെ.

Saturday, January 17, 2009

ആ ചുകന്ന സഞ്ചി

മുപ്പത്തഞ്ചോളം വര്‍ഷത്തെ അടുപ്പവും സ്നേഹവും നിസ്സാരമല്ല, ഈ ചെറിയ മുനുഷ്യ ജീവിതത്തില്‍. എന്നിട്ടും ചെറുകാട് മരിച്ചു എന്ന് അപ്രതീക്ഷിതമായി കേട്ടപ്പോള്‍ എനിക്ക് ഞെട്ടലുണ്ടായില്ല.

മുറുക്കാന്‍ ചെല്ലവും പാര്‍ട്ടിസര്‍ക്കുലറുകളും സാഹിത്യകൃതികളും ക്ളാസ് നോട്ടുകളും വീട്ടിലേക്കുള്ള പഞ്ചസാരപ്പൊതിയും എല്ലാം കുത്തിനിറച്ച ആ വലിയ ചുവന്ന തുണിസഞ്ചി അദ്ദേഹം താഴത്തിറക്കി എന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ആ സഞ്ചി അദ്ദേഹത്തിന്‍റെ പ്രതീകമായിരുന്നു.

ചെറുകാടിനെ സംബന്ധിച്ചിടത്തോളം, കാലത്തിന്‍റെ ഗതിയെ കണ്ടറിയുവാന്‍ കഴിഞ്ഞുവെന്നതായിരുന്നു ഏറ്റവും വലിയ വിദ്യാഭ്യാസം. അദ്ദേഹം സമ്പാദിച്ച മറ്റെല്ലാ അറിവുകളും ഈയൊരു അറിവിനെ പോഷിപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹവുമായി വാദപ്രതിവാദം നടത്തുമ്പോള്‍ മറ്റെല്ലാ ഭാഗത്തും അദ്ദേഹം കുറെയൊക്കെ വിട്ടുവീഴ്ചക്ക് തയ്യാറാകും. എന്നാല്‍, കലാബോധത്തെ സംബന്ധിച്ചുള്ള സ്വന്തം നിലപാടിന് അല്പംപോലും മാറ്റമുണ്ടാകുകയില്ല. ഒരിക്കല്‍ 'കാലത്തിനായിക്കൊണ്ട് നമസ്കരിക്കുക" എന്നര്‍ത്ഥംവരുന്ന ഋഷിസൂക്തം ഞാന്‍ അദ്ദേഹത്തിനു ചൊല്ലിക്കൊടുത്തു.

' അതു പറഞ്ഞ മഹര്‍ഷി സ്വല്പം വകതിരിവുള്ളവനാണ് എന്നു തോന്നുന്നു ' അദ്ദേഹം പറഞ്ഞു. ' ഇതൊക്കെ തനിക്കറിയാം. എന്നിട്ടും എന്നോടിങ്ങനെ ഓരോ ദുസ്സാമര്‍ത്ഥ്യം പറയണോ? '

ചെറുകാടിനെപ്പറ്റി ഓര്‍ക്കാന്‍ വളരെയേറെയുണ്ട്. നമുക്ക് പ്രിയപ്പെട്ട ഒരാള്‍ മരിച്ചുകഴിയുമ്പോള്‍, ചിരകാലാനുഭവങ്ങള്‍ ചങ്ങലക്കണ്ണികള്‍ പോലെ മനസ്സിലൂടെ ഓടിപ്പോകുന്നു. ഈ കണ്ണികളാണ് ആ പൊയ്പ്പോയ മനുഷ്യനെ നമ്മുടെ മനസ്സില്‍ പിന്നെ ബന്ധിച്ചു നിര്‍.ത്തുന്നത്.

വളരെയേറെ അത്തരം കണ്ണികള്‍ എന്‍റെ മനസ്സില്‍ ഉള്ളതുകൊണ്ടാണ് എന്നു തോന്നുന്നു, ചെറുകാട് മരിച്ചിട്ടും മരിച്ചുവെന്ന് എനിക്ക് ബോദ്ധ്യപ്പെടാത്തത്. അദ്ദേഹം ഗദ്യത്തിലും പദ്യത്തിലുമായി വളരെ എഴുതി. ' മണ്ണിന്‍റെ മാറില്‍ ' എന്നാണ് അദ്ദേഹത്തിന്‍റെ ഒരു പുസ്തകത്തിന്‍റെ പേര്. പക്ഷെ, എല്ലാ പുസ്തകങ്ങള്‍ക്കും ആ പേരിട്ടാലും ശരിയായിരിക്കും. അത്രയ്ക്കധികം വള്ളുവനാടന്‍ മണ്ണിനോട് ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്‍റെ കൃതികള്‍.

വാദപ്രതിവാദത്തിലൂടെയാണ് ഞങ്ങള്‍ കൂടിക്കാഴ്ചകള്‍ ഏറിയകൂറും ആഘോഷിച്ചിട്ടുള്ളത്. ചെറുകാടിന് ഒരിക്കലും ശുണ്ഠിവരില്ല; എനിക്ക് ഇടക്കിടക്ക് ശുണ്ഠി വരാതെയുമിരിക്കുകയില്ല. ' നിങ്ങള്‍ വരട്ടു തത്ത്വശാസ്ത്രജ്ഞനാവരുത്. ' ഒരിക്കല്‍ ഞാന്‍ പറഞ്ഞു. ചിരിച്ചുകോണ്ട് അദ്ദേഹം പറഞ്ഞു " താന്‍ എന്നെ കേമനാക്കരുത്. എന്‍റെ ഈ സഞ്ചിയില്‍ മനുഷ്യര്‍ക്കാവശ്യമുള്ള പലതുമുണ്ട്. എന്നാല്‍ അതില്‍ തത്ത്വശാസ്ത്രം ഞാന്‍ വാങ്ങിവച്ചിട്ടില്ല, ഒട്ടും. ഈ സഞ്ചിയിലുള്ള പഞ്ചസാര മധുരിക്കും എന്നറിയാന്‍ എനിക്ക് തത്ത്വശാസ്ത്രം ആവശ്യമില്ല. മനുഷ്യന് സുഖവും സന്തോഷവുമുണ്ടാക്കുന്ന എല്ലാകാര്യവും ഇഷ്ടം; അല്ലാത്തതിനോടൊക്കെ ദേഷ്യമുണ്ടുതാനും.

"

( കടപ്പാട് - ഉറൂബിന്‍റെ ശനിയാഴ്ചകള്‍ എന്ന പുസ്തകത്തില്‍ നിന്ന്. പൂര്‍ണ്ണ പബ്ളിക്കേഷന്‍സ്- ഫസ്റ്റ് എഡിഷന്‍ 1999. ശ്രീ. ഉറുബ് ( പി.സി. കുട്ടിക്കൃഷ്ണന്‍ ) എഴുതിയ ലേഖനത്തില്‍ നിന്ന് )

Wednesday, January 14, 2009

രവി മേനോന്‍ എന്ന നഷ്ടം

വെബ് ലോകത്തില്‍(ഇപ്പോള്‍ വെബ്ദുനിയ) ഏകദേശം രണ്ടുവര്‍ഷം മുന്‍പ് വന്ന ഈ ലേഖനം ഇവിടെ ചേര്‍ക്കുന്നു.

മലയാളത്തില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന കഥാപാത്രങ്ങളെ സമ്മാനിച്ചാന് സിനിമാ നടന്‍ രവി മേനോന്‍ യാത്രയായത്. വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സമാന്തര ഹിന്ദി സിനിമയില്‍ മികച്ച വേഷം അവതരിപ്പിക്കാന്‍ കഴിഞ്ഞ നടനായിരുന്നു രവി മേനോന്‍. മലയാളത്തിലും മികച്ച വേഷങ്ങള്‍ ആദ്യകാലത്ത് രവി മേനോന് ലഭിച്ചിരുന്നു.
എന്നാല്‍ പിന്നീടങ്ങോട്ട് മലയാള സിനിമാ ചരിത്രത്തില്‍ അര്‍ഹിച്ച സ്ഥാനം നേടിയെടുക്കാനാവാതെ പോയി. പാലക്കാട്ടുകാരനായ രവീന്ദ്രനാഥ മേനോന്‍ എന്ന രവി മേനോന്‍. ചെറുപ്രായത്തില്‍ അവിസ്മരണീയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയെങ്കിലും പിന്നീട് അത്രയും പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനായില്ല.
പാലക്കാട് ജില്ലയിലെ കരിമ്പുഴ സ്വദേശിയായ രവി മേനോന്‍ ജോലി നേടുക എന്ന മോഹവുമായാണ് ബോംബേയിലേക്ക് യാത്രയായത്. എന്നാല്‍ സിനിമാ മോഹം കലശലായ രവി മേനോന്‍ പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി. അവിടെ നിന്നും അഭിനയത്തില്‍ ബിരുദം സ്വന്തമാക്കി ഇറങ്ങിയ രവി മേനോനെ കാത്ത് പ്രശസ്ത സനിമാ സംവിധായകന്‍ മണി കൌളുണ്ടായിരുന്നു.
മണി കൌളിന്‍റെ ‘ദുവിധ്’ എന്ന ചിത്രത്തില്‍ ഇരട്ട വേഷങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് രവി മേനോന്‍ ഹിന്ദി സിനിമാ ലോകത്ത് ശ്രദ്ധേയനായി. ഈ ചിത്രത്തിലെ അഭിനയം അദ്ദേഹത്തിന് രാഷ്ട്രപതിയുടെ പ്രത്യേക അഭിനന്ദനവും നേടിക്കൊടുത്തു.
തുടര്‍ന്ന് എം ടിയുടെ നിര്‍മ്മാല്യത്തിലെ ഉണ്ണി നമ്പൂതിരിയായി രവി മേനോന്‍ മലയാളി മനസ്സില്‍ ഇടം നേടി.
. അടുത്തിടെ അദ്ദേഹം വീണ്ടും സിനിമാ രംഗത്ത് സജീവമായി എത്തിയിരുന്നെങ്കിലും രവി മേനോനില്‍ നിന്ന് കൂടുതല്‍ മികച്ച കഥാപാത്രങ്ങളെ കാണാനുള്ള ഭാഗ്യം മലയാളികള്‍ക്കുണ്ടായില്ല എന്നത് ഒരു വലിയ നഷ്ടമായി അവശേഷിക്കുന്നു.
മലയാള സിനിമയില്‍ വ്യത്യസ്തവും ശ്രദ്ധേയവുമായ കഥാപാത്രങ്ങള്‍ക്കു വേഷം പകര്‍ന്ന രവി മേനോന്‍ നൂറ്റന്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടു. ശാലിനി എന്‍റെ കൂട്ടുകാരി, ആ രാത്രി, ശ്യാമ, ഉയരങ്ങളില്‍ തുടങ്ങിയ ചിത്രങ്ങളിലും രവി മേനോന്‍ ശ്രദ്ധേയ വിഷയങ്ങള്‍ ചെയ്തു.
മലയാളത്തില്‍ എം.ടിയുടെ 'നിര്‍മ്മാല്യ"ത്തിലാണ് ആദ്യമായി അഭിനയിച്ചത്. നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടി പ്രചുര പ്രചാരം നേടിയ നിര്‍മാല്യത്തിലെ ഉണ്ണിനന്പൂതിരി എന്ന കഥാപാത്രം രവി മേനോനു മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടിക്കൊടുത്തു.
വള്ളുവനാടന്‍ സംഭാഷണ ശൈലി രവി മെനോന്‍ നിര്‍മ്മാല്യത്തില്‍ ഗുണം ചെയ്തു എങ്കിലും മറ്റു പല വേഷം കിട്ടുന്നതിലും തടസ്സമായി എന്നത് ഒരു സത്യമാണ്

രാജീവ്നാഥിന്‍റെ ഏകാകിനിയിലും രവിമേനോന്‍ മികച്ച വേഷം കൈകാര്യം ചെയ്തു.
നടന്‍ സോമന്‍ രവിമേനോന്‍റെ വലിയ ചങ്ങാതി ആയിരുന്നു. ണിര്‍മാല്യവും ഗായത്രിയും എല്ലാം ഏതാണ്ട് അടുത്തടുത്തായിരുന്നു പുറത്തിറങ്ങിയത്.
സോമന്‍ 1997 ല്‍ വൃശ്ചികത്തിലെ കാര്‍ത്തിക നാളില്‍ തൃക്കാര്‍ത്തിക ദിവസമാണ് മരിച്ചത്. ഇപ്പോള്‍ രവി മേനോന്‍ പത്തു കൊല്ലം കഴിഞ്ഞ് 2007 ല്‍ വൃശ്ചികത്തിലെ കാര്‍ത്തിക നാളില്‍ തന്നെ മരിക്കുന്നു. കൌതുകകരമായ യാദൃശ്ചികതയാണിത്.
നിരാശാ കാമുകന്‍റെ വേഷമായിതരുന്നു മുന്പത്തെ മലയാളസിനിമയില്‍ രവിമേനോന് അധികവും ലഭിച്ചത് 'ശാലിനി എന്‍റെ കൂട്ടുകാരി"യിലെ 'സുന്ദരീ... നിന്‍ തുന്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍" എന്ന ഹിറ്റ് ഗാനം പാടിയതും നിരാശാകാമുകനായായിരുന്നു. വ്യത്യസ്ഥങ്ങളായ ഒട്ടേരെ വേഷങ്ങള്‍ അദ്ദേഹന്‍ കൈകാര്യം ചെയ്തു.
ഉത്രാടരാത്രി, ഉയരങ്ങളില്‍, ആ രാത്രി, രാധ എന്ന പെണ്‍കുട്ടി, ശാലിനി എന്‍റെ കൂട്ടുകാരി, നാടോടി, വിട പറയും മുന്പേ, ക്രൈംഫയല്‍, പരിണാമം, ഒന്നാമന്‍, ഇന്ദ്രജാലം, മാന്ത്രികം,പതാക , വാടകവീട്,നാടുവാഴികള്‍, നേരറിയാന്‍ സിബിഐ, എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനമാണ്.
'സ്വപ്നോം കി റാണി", 'വ്യാപാര്‍", 'ജംഗിള്‍ മംഗല്‍", 'രാഖി രാഖി", 'ദോ കിനാരെ" ജംഗല്‍ മേ മംഗള്‍, ദുവിത, ജയ്ജവാന്‍ ജയ്മക്കാന്‍ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
അദ്ദേഹം കരിന്പുഴ യു.പി. സ്കൂളില്‍ പതിക്കുന്പോള്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി അച്ഛന്‍റെ നാടായ എലപ്പുള്ളിയിലേക്കു പോയ രവി മേനോന്‍ ഇന്‍റര്‍മീഡിയറ്റ് നേടിയതു വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലായിതരുന്നു.
ഇതിനിടെ എം ടിയുമായി പരിചയപ്പെടാന്‍ അവസരം കിട്ടി. അഭിനയമോഹം മനസില്‍ സൂക്ഷിച്ച അദ്ദേഹം പിന്നീടു ബോംബെയിലേക്കു പോയി. അവിടെനിന്നു പിന്നീടു പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തി. ജയ ബച്ചന്‍ സഹപാഠിയായിതരുന്നു. എം.ടി. വാസുദേവന്‍ നായത്ധടെ പ്രചോദനമാണു രവിമേനോനെ പുനെയിലെത്തിച്ചത്.
അഭിനയം പഠിച്ചുകൊണ്ടിരിക്കെ 'മാ നിഷാദ" എന്ന ലഘു ഹിന്ദി സിനിമയില്‍ അഭിനയിച്ചു. പിന്നീടു മണി കൗളിന്‍റെ 'ദുവിധി"ല്‍ ഇരട്ട റോളില്‍ അഭിനയിച്ചു. മണികൗളാണു രവി മേനോന്‍ എനന്ന്‌ പേരു മാറ്റിയത്.ദുവിതയിലെ അഭിനയത്തിനു പുരസ്കാരം ലഭിച്ചിട്ടുണ്ട്.
കളഭ മായിതരു ന്നു അവസാനത്തെ സിനിമ.തപസ്യ, സഹധര്‍മ്മിണി, കടമറ്റത്ത് കത്തനാര്‍, തച്ചോളി ഓതേനന്‍ തുടങ്ങി പത്തോളം സീരിയലുകളിലും അഭിനയിച്ചു.

Friday, January 9, 2009

കസേരകളി

മാജം വര്‍ഷാവര്‍ഷം നടത്തിപ്പോരുന്ന കായിക മത്സരങ്ങളിലെ അവസാന ഇനം അരങ്ങേറാന്‍ പോവുകയായിരുന്നു. വനീതാ വിഭാഗത്തിന്‍റെ മ്യൂസിക്കല്‍ ചെയര്‍ അഥവാ കസേരകളിയുടെ പ്രാരംഭ നടപടികള്‍ മൈതാനിയില്‍ സംഘാടകര്‍ ആരംഭിച്ചു കഴിഞ്ഞു.

വട്ടത്തില്‍ നിരത്തിയിട്ട പത്തു കസേരകള്‍ക്കുചുറ്റും സര്‍ക്കിളിനു പുറത്ത് തരുണികള്‍ അണിഞ്ഞൊരുങ്ങി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നു. സ്ലിം ബ്യൂട്ടികളും ഫാറ്റ് ബ്യൂട്ടികളും കുമ്മായം കൊണ്ടുവരച്ച വട്ടത്തിന് ചുറ്റോടുചുറ്റും, മൈക്കിലൂടെ ഒഴുകിയെത്തിയ ഇന്‍സ്ട്രുമെന്‍റെല്‍ മ്യൂസിക്കിന്‍റെ താളക്രമവിടവനുസരിച്ച് ഓടിയും ഇരുന്നും ഓരോ റൌണ്ടുകളും തികച്ചുകൊണ്ടിരുന്നു.

കസേര കിട്ടാത്തവര്‍ ഇളിഭ്യരായി ചിരിച്ച് പുറത്തുപൊയ്ക്കൊണ്ടിരുന്നു. ഒടുവില്‍ മത്സര വിധി പ്രഖ്യാപനത്തിന്‍റെ ശേഷക്രിയയ്ക്കുവേണ്ടി രണ്ടുപേര്‍ അവശേഷിച്ചു. അത് ജയാ മേനോനും സുനിതാ നായരും ആയിരുന്നു. രണ്ടുപേരും ഇത്തിരി തടിച്ച സുന്ദരിക്കോതകളായിരുന്നു.

ഒന്നാം സ്ഥാനത്തെത്തി കസേര കൈക്കലാക്കാനുള്ള വാശിയില്‍ ഇരുവരും സാരി അല്പം കയറ്റി ഇടുപ്പില്‍ കുത്തി.

വിസില്‍ ശബ്ദമുയര്‍ന്നു.

വാദ്യോപകരണസംഗീതത്തിന്‍റെ ചടുലതയില്‍, കാണികളുടെ ആവേശം പകരുന്ന തപ്പടിയുടെ മൂര്‍ച്ഛയില്‍ ഇരുവരും കിതപ്പ് അശേഷം വകവെയ്ക്കാതെ സര്‍ക്കിളിനു പുറത്ത് കസേരയ്ക്കുചുറ്റും അന്ത്യമ വിധിക്കായി ഓടിത്തുടങ്ങി. കസേര സ്വന്തമാക്കിയേ അടങ്ങൂ എന്ന മുഴുത്ത വാശിയില്‍ അവരുടെ ആവേശം പതിന്മടങ്ങ് വര്‍ധിച്ചിരുന്നു.

സംഗീതം നിലച്ചു.

അവശേഷിച്ചിരുന്ന ഒരു കസേരയില്‍ ജയാ മേനോനും സുനിതാ നായരും അര്‍ദ്ധാസനത്തില്‍ ഇരിപ്പുറപ്പിച്ചു.

അന്നേരം റഫറി, ജയാ മേനോന്‍റെ കളിക്ക് ഫൌള്‍ വിധിച്ചു. സംഗീതം നിലയ്ക്കുന്നതിനുമുമ്പ് ജയാ മേനോന്‍ സര്‍ക്കിളിനുള്ളില്‍ പ്രവേശിച്ചിരുന്നു.!

സുനിതാ നായര്‍ ഒന്നാം സ്ഥാനക്കാരിയായി മൈക്കിലൂടെ അനൌണ്സ് ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു സംഘാടകര്‍.

" ഇത് പക്ഷപാതമാണ്. ഈ വിധിയെ ഞാന്‍ മാനിക്കുന്നില്ല. " - ജയാ മേനോന്‍റെ ഭര്‍ത്താവ് ഇടപെട്ടു.

കോലാഹലം ആരംഭിക്കുകയായിരുന്നു. കാണികള്‍ രണ്ടുചേരിയായി. തര്‍ക്കമായി, ബഹളമായി, തമ്മില്‍ തമ്മില്‍ വാടാ പോടാ വിളിയായി.

" ഏട്ടാ, സാരല്യാന്നേയ്. ഈ കസേരയില്ലെങ്കില്‍ വേറൊരു കസേര നമുക്ക് കിട്ടൂന്നേയ് " - ബഹളത്തിനിടയിലും ജയാ മേനോന്‍ പറഞ്ഞു.

" നീയ്യ് മിണ്ടാതിരിക്കെടി. ഞാനാ നിന്‍റെ അംഗത്വ ഫീസ് അടയിക്കണ് " - ജയാ മേനോന്‍റെ ഭര്‍ത്താവ് കുരച്ചു.

സ്പോര്‍ട്സ് കമ്മറ്റി ചെയര്‍മാനും കണ്‍വീനറും ഗ്രൌണ്ടിന്‍റെ ഒരറ്റത്ത് മാറിനിന്ന് പരസ്പരം കുശുകുശുത്തു.

മൈക്കിലൂടെ വിധിപ്രഖ്യാപനം പുറത്തെത്താന്‍ അധിക സമയമെടുത്തില്ല. മ്യൂസിക്കല്‍ ചെയറിന്‍റെ ഒന്നാം സ്ഥാനത്തേക്കുള്ള വിജയം തുല്യമായി പങ്കിട്ടിരിക്കുന്നു.

കാണികള്‍ ചേരിതിരിവ് മറന്ന് കൈയ്യടിച്ചു.

അന്നേരം ജയാ മേനോനേയും സുനിതാ നായരേയും വിക്റ്ററി സ്റ്റാന്‍ഡിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് മൈതാനിയില്‍ മുഴങ്ങി കേട്ടു.

ജയാ മേനോനും സുനിതാ നായരും വിക്റ്ററി സ്റ്റാന്‍റിന്‍റെ അരികിലെത്തി. അവര്‍ പരസ്പരം നോക്കി. എങ്ങനെ രണ്ടുപേരും വിക്റ്ററി സ്റ്റാന്‍റിന്‍റെ ഒന്നാം നിലയില്‍ ഒരുമിച്ച് കയറിനില്ക്കും എന്നായിരുന്നു അപ്പോള്‍ അവരെ അലട്ടിയിരുന്ന പ്രശ്നം.

അപ്പോള്‍ മാത്രമേ സംഘാടകര്‍ ആ യാഥാര്‍ത്ഥ്യത്തിന്‍റെ വിഷമവൃത്തം മനസ്സിലാക്കിയുള്ളു. ആദ്യം ആരെ കയറ്റിയാലും മറു ചേരിക്കാര്‍ ബഹളമുണ്ടാക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.

എങ്കില്‍ എല്ലാവരേയും വിസ്മയിപ്പിച്ചുകൊണ്ട് സ്പോര്‍ട്സ് കമ്മറ്റി പൊടുന്നനെ പരിഹാരം കണ്ടെത്തി.

ജയാ മേനോനും സുനിതാ നായരും മുഖാമുഖം നിന്ന് ഹസ്ത്ദാനം ചെയ്യുമ്പോള്‍ സഹൃദയരായ കാണികള്‍ നീണ്ട ഹര്‍ഷാരവത്തോടെ കസേരകളിക്കാരെ അഭിനന്ദിച്ചു.