Friday, August 13, 2010

കത്തുകളിലെ അക്ഷര സുഗന്ധം

കത്തുകള്‍ക്കു വേണ്ടി പോസ്റ്റുമാനേയും കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.  കാലം മാറി.  കഥ മാറി.  പതുക്കെ പതുക്കെ ആയിരുന്നു അതിന്‍റെ വഴി മാറല്‍.  ആദ്യം ഒരുവിധം എല്ലാ വീടുകളിലും ലാന്‍ ഫോണുകള്‍ എത്തി.  പിന്നെ മൊബൈല്‍ ഫോണുകളുടെ സാന്നിദ്ധ്യം വിളിച്ചറിയച്ചു കൊണ്ടുള്ള കാലമെത്തി.  അവിടെ നിന്നും ഒരുപാടു കാതം നമ്മള്‍ മുന്നോട്ടു പോയി. ഇമെയില്‍, എസ്.എം.എസ് അടക്കി വാഴുന്ന ഈ കാലത്ത് കത്തുകള്‍ക്ക് എന്ത് പ്രസക്തി എന്ന ചോദ്യം സ്വാഭാവികം.

എങ്കിലും കത്തുകളോടുള്ള മാനസികമായ ഒരടുപ്പം ഇവയ്ക്കൊന്നുമില്ലെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു.  കത്തുകളിലൂടെ ഈ ദുനിയാവിലുള്ള എന്തിനേക്കുറിച്ചും പറയാനും ചര്‍ച്ച ചെയ്യാനും കഴിയുന്നു എന്നു തന്നെയാണ് അതിന്‍റെ പ്രസക്തി.  ഓരോ കത്തും ഒരോ വ്യക്തിയുടേയും കൈയ്യൊപ്പു പതിഞ്ഞതാണ്. അത്തരത്തിലുള്ള ഒരു കത്ത് ഇവിടെ ചേര്‍ക്കുന്നു - വീണ്ടും വീണ്ടും വായിച്ചു ചിന്തിച്ചിട്ടുള്ള ഒരു കത്ത്. പിന്നെ ഒരു പാടു ചിരിച്ചിട്ടുള്ള കത്ത്.   എന്ത് കച്ചറയും ഇമെയിലാക്കി forward ചെയ്ത് inbox നിറയ്ക്കുന്ന ഈ നെറ്റ് യുഗത്തില്‍ കത്തുകളുടെ പ്രസക്തി അത് തരുന്ന അക്ഷര സുഗന്ധം തന്നെയാണെന്ന് തോന്നുന്നു.

***************
പ്രിയപ്പെട്ട മുരളിയേട്ടാ,

താനയച്ച എഴുത്തു കിട്ടി.  റേഷനില്‍ improvement കണ്ടതില്‍ സമാധാനം തോന്നി.  എങ്കിലും പഴയ മോഡലില്‍ എത്തീട്ട് ല്യ ട്ട്വോ.  പിന്നെ,  താനെഴുതീല്യേ - 'എഴുതാന്‍ പലതുമുണ്ട്..പക്ഷെ...' ന്ന്.  ഈ 'പക്ഷെ' ക്ക് എന്‍റെ അടുത്ത് പ്രസക്തില്യാലോ.....തനിക്കെഴുതാന്‍ തോന്നണതെന്തും എനിക്ക് തുറന്നെഴുതാം.

അവിടുത്തെ വിശേഷങ്ങള്‍ - (കേട്ടു ബോറടിച്ച ഒരു ചോദ്യമായിരിക്കുമല്ലേ?) എല്ലാം എഴുതൂ.  ഞാന്‍ ദിവസങ്ങളിങ്ങനെ കഴിക്കുന്നു.  ഉണ്ടും, ഉറങ്ങിയും - ഡയാമീറ്റര്‍ കൂടിക്കൂടി വര്ണ്ണ്ട്.  എല്ലാവരടേം എഴുത്തുകളുണ്ട്.  മോഹനേട്ടന്‍ ഒരു ഫോട്ടോ അയച്ചു തന്നിട്ടുണ്ട് - ( with താടി ).  ഞാന്‍ കരിമ്പുഴ പോയിരുന്നു.  രാധാകൃഷ്ണനെ കാണാന്‍ പറ്റീല്യ.  എന്‍റെ കൂട്ടുകാരികള്‍ക്കെല്ലാം സുഖം തന്നെ.  Ex.Sethu ഇവിടെ വന്നിരുന്നു.  വിമല മലേഷ്യയില്‍ ചെന്ന് എഴുത്തു വന്നു.  മൂപ്പത്തി അവിടെ 'all kinds of' സുഖം അനുഭവിക്കുന്നു.  എന്‍റെ ഒരു ക്ലാസ്മേറ്റ് (പത്മജ) ബോംബെയിലെത്തിയിട്ടുണ്ട് (with കെട്ട്യോന്‍).  അയാള്‍ക്ക് naval dockyard ലാണ് ജോലി.  പേര് ദേവപ്രസാദ്.  പത്മ ആള് സുന്ദരിക്കുട്ട്യാ ട്ട്വോ.


എനി നമ്മുടെ വിമര്‍ശന വിഷയമാകേണ്ട സംഗതി - WIFE എന്നാല്‍ Wonderful...................എന്ന് എഴുതീലോ.  ഭാര്യ എന്ന സ്ത്രീ (whether it may be an instrument, an ornament, a beautiful thing for the attraction of the showcase) യെപ്പറ്റി പലര്‍ക്കും പല outlook ആയിരിക്കൂലോ - മറിച്ചും.  നമ്മുടെ Golden bell നെപ്പോലുള്ള പാര്‍ട്ടിക്ക് ഭര്‍ത്താവ് ച്ചാല്‍ .............(ഞാന്‍ മുഴുമിപ്പിക്കണോ മുരളിയേട്ടാ?) പുരുഷന്മാരില്‍ മിക്കവരും (exception ഉണ്ടേ) പെണ്ണിനെ instrument ആയി കാണുന്നവരാകുമെന്നത് നിഷേധിക്കാന്‍ കഴിയ്വോ.  നിഷേധിക്കാന്‍ മുതിരുന്നെങ്കില്‍ അതിനു മുമ്പ് മലയാളനാടില്‍ പ്രസിദ്ധീകരിച്ചു വരുന്ന 'വീണ്ടും ഭാര്യമാര്‍ കഥ പറയുന്നു' എന്ന ലേഖനം വായിക്കാനപേക്ഷ.  (ഇത് ഇവിടത്തെ ഭാര്യമാര്‍ K.G.Sethunath ന് എഴുതുന്ന എഴുത്തുകളാണ്)

ഭാര്യമാരെ തനിക്കു തുല്യരായി കാണുന്ന ഭര്‍ത്താക്കന്മാരുണ്ടെന്ന സത്യവും നിഷേധിക്കുന്നില്യ.  പക്ഷെ, അധികപേരും കൂടെ കൊണ്ടുനടക്കാന്‍ മാത്രമുള്ള (സൌന്ദര്യമുള്ളതാണെങ്കില്‍ കൂടുതല്‍ അഭികാമ്യം) ഒരുപകരണം മാത്രായിട്ടാണ് പെണ്ണിനെ കാണുന്നത്.  സ്ത്രീകളും ഒട്ടും വ്യത്യസ്തരല്ല ട്ട്വോ.  ഭര്‍ത്താവിന്‍റെ ഒരു പ്രദര്‍ശന വസ്തുവാകാന്‍ മാത്രെ മിക്ക പെണ്ണുങ്ങളും ആഗ്രഹിക്കുന്നുള്ളൂ ല്ലേ.  സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ്, (കാണാവുന്ന സ്ഥലത്തെല്ലാം) പട്ടു ചേലയുടുത്ത്, നഖം നീട്ടി പെയിന്‍റടിച്ച്, ഷാമ്പൂവിട്ട് മുടി പറപ്പിച്ച്, പാദസരം കിലുക്കി നടക്കുന്ന ഭാര്യ (സ്ത്രീ) ഇത് പുരുഷന്, ഷോകേസില്‍ വെയ്ക്കുന്ന മനോഹരമായ ഒരു പ്രതിമ എന്നല്ലാതെ മറ്റെന്താണ്?  ഇവിടെ 'സ്ത്രീ പുരുഷ സമത്വം' വേണമത്രെ - ഈ സമത്വത്തെക്കുറിച്ച് പ്രസംഗിക്കുന്നവരോ - മേല്‍പ്പറഞ്ഞവരല്ലേ.  സൌന്ദര്യം മാത്രം കണ്ട്, enjoyment നുള്ള instrument ആയി പെണ്ണിനെ ഉപയോഗിക്കുന്ന പുരുഷന്മാരുടെ സ്ഥിതിയും ദയനീയം തന്നെ.  ഈ സൌന്ദര്യം ച്ചാ എന്താണാവോല്ലേ.  'കവിതയെഴുതുന്ന കണ്ണുകളും,.......ചാമ്പക്കാ ചുണ്ടുകളും..........' ഇങ്ങനെ പോകുന്നില്ലേ സ്ത്രീ സൌന്ദര്യം?  പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതെല്ലാം അര്‍ത്ഥശൂന്യമാവില്ലേ (Iam ignorant of it.........) പരസ്പരമുള്ള സ്നേഹത്തിനു മുന്നില്‍ ഈ ദേഹത്തിനു വല്ല പ്രസക്തിയുമുണ്ടോ?  ഇല്ലെന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്ന ഒരാള്‍ക്കേ സ്നേഹിക്കാന്‍ കഴിയൂ എന്ന വിശ്വാസക്കാരിയാണ് ഞാന്‍.  ഒരുപക്ഷെ, എന്‍റെ ഈ അഭിപ്രായത്തോടു യോജിക്കാത്ത ഒരാളെയായിരിക്കാം എനിക്കു കിട്ടുക.  ഞങ്ങള്‍ക്കെന്നും വെറും സമാന്തര രേഖകളായേ പോവാന്‍ കഴിയൂ എന്നെനിക്കു തോന്ന്ണു.  വിമര്‍ശനം നീട്ടുന്നില്യ [ഇതിനുള്ള പ്രതികരണവും പ്രതീക്ഷിക്കട്ടെ...........?]

ഇവിടെ പ്രത്യേകിച്ച് വിശേഷമൊന്നൂല്യ.  ഒരു proposal നടക്കുന്നു.  വിദ്വാന്‍ jamshedpur ലാണ്.  ജാതകമൊക്കെ യോജിച്ചുപോലും.  എനി ചെലപ്പോ August-Sept ആയി വരുമത്രെ.  അപ്പോ interview ഉണ്ടാവാന്‍ chance ഉണ്ട്.  പക്ഷെ ഉയരത്തിന്‍റെ കാര്യം അല്‍പം പരുങ്ങലിലാണെന്നു കേട്ടു (പ്രശ്നം ആശാന്‍റെ മാതാപിതാക്കള്‍ക്ക്) എന്നെ സംബന്ധിച്ചേടത്തോളം അടുത്തൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല.  പിന്നെ, പേര് എനിക്കറീല്യ.  എന്തോ അതൊന്നും അന്വേഷിക്കാന്‍ താല്‍പര്യം തോന്നീല്യ.  സ്വഭാവ ഗുണത്തെപ്പറ്റിയൊക്കെ തന്തയുടെ (അയാളുടെ) ഗംഭീര വിശദീകരണമുണ്ടായി.  എന്തായാലും വിവരങ്ങള്‍ ഞാനെഴുതാം.  എനിക്കും ഇതൊരു രസം തന്നെ - time pass - കാര്യം വരുമ്പോളല്ലേ നമ്മള്‍ പറയേണ്ടൂ.

പിന്നെ, 'തുളസി' എന്ന ശാലീനത തുളുമ്പുന്ന ആ നാമം, അതിനുടമയായ ഇവിടുത്തെ തുളസിയെ ഞാന്‍ ധാരളമായിട്ടറിയും.  തുളസിയുടെ businessഉം ഞങ്ങള്‍ക്കപരിചിതമല്ല.  മൂപ്പത്തിയെ ഇടക്കിടക്കു കാണലുണ്ട്.  തനിക്കെങ്ങനെ ഈ up-to-date news കിട്ട്ണു?  തുളസി കണ്ടാല്‍ കൊള്ളാവുന്നതു തന്നെയാണ്.  അന്യേട്ടന്‍റെ ഒരു friend ഉണ്ണിയുണ്ടായിരുന്നു.  അയാളുടെ instrument ആയിരുന്നു കുറച്ചുകാലം.  ആശാന്‍ വേറെ പെണ്ണു കെട്ടി.  ഇപ്പോള്‍ instrument ന് ചെറിയ weakness ഉണ്ടെന്നു കേട്ടു.  hard work ന്‍റെ ഫലമായിരിക്കാം. Parts ഓരോന്നായി weak ആയി വരുന്നതല്ലേ.  റിപ്പയര്‍ ചെയ്യാലോ

WIFE ന് വേറെയും ഒരു full form ണ്ട് (Worries Invited For Ever)

തല്‍ക്കാലം നിര്‍ത്തട്ടെ -

എന്ന് സ്നേഹപൂര്‍വ്വം
ഗീത   

No comments: