Saturday, July 10, 2010

ഭീകരവാദവും വിദ്യാഭ്യാസവും

ജോസഫ്‌ പുലിക്കുന്നേല്‍ 


എന്റെ തലമുറയ്‌ക്ക്‌ വിദ്യാഭ്യാസ കാലത്ത്‌ ഒരു ഭാഗ്യം ഉണ്ടായിരുന്നു. വിവിധ ജാതിമതവിഭാഗത്തില്‍പെട്ടവര്‍ ഒരേ ബഞ്ചിലിരുന്ന്‌ പഠിച്ചിരുന്നു. ജാതിമത വ്യത്യാസങ്ങള്‍ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക്‌ പരസ്‌പരം ബന്ധപ്പെടുതിനും ഒരു തടസ്സമായിരുന്നില്ല. അധ്യാപകരും വിവിധ മതങ്ങളില്‍പെട്ടവരായിരുന്നു. മതമേതായാലും വിദ്യാര്‍ത്ഥികള്‍ സുഹൃത്തുക്കളായിരുന്നു. രാമായണവും മഹാഭാരതവും യേശുചരിതവും മുഹമ്മദ്‌ നബിയുടെ മതചിന്തകളും ഞങ്ങള്‍ ക്ലാസുകളില്‍ പഠിച്ചിരുന്നു. മത വിശ്വാസത്തിന്റെ പ്രത്യേകതകള്‍ ഞങ്ങളെ ഒരിക്കലും പരസ്‌പരം അകറ്റിയിരുന്നില്ല. ഇന്നു വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളില്‍ എടുക്കുന്ന ഭാരതം എന്റെ രാഷ്‌ട്രമാണ്‌ മുതലായ സത്യപ്രതിജ്ഞകളൊന്നും ഞങ്ങള്‍ എടുത്തിരുന്നില്ല. ഞങ്ങളുടെ സത്യ പ്രതിജ്ഞകള്‍ കളിക്കളങ്ങളിലായിരുന്നു. എല്ലാവരും ഒരുമിച്ചു കളിക്കുന്നു. അക്ഷരശ്ലോകം ചൊല്ലുന്നു. കൂട്ടുകൂടുന്നു. ഈ വ്യവസ്ഥ ഞങ്ങളുടെ മനസ്സില്‍ ജൈവമായി ഉണര്‍ന്ന സാഹോദര്യമായി മാറി. ഈ സാഹോദര്യം പുറത്തുനിന്ന്‌ അടിച്ചേല്‌പിക്കപ്പെട്ടതല്ല. മറിച്ച,്‌ വിദ്യാലയ അന്തരീക്ഷത്തില്‍ നിന്നും ജീവിച്ചിരുന്ന സാമൂഹ്യ അന്തരീക്ഷത്തില്‍നിന്നും ആഗീരണം ചെയ്‌തതായിരുന്നു.
``വഞ്ചീശമംഗളം'' എന്നും സ്‌കൂളുകളില്‍ പാടുക പതിവായിരുന്നു. തിരുവിതാംകൂറുകാരനായ ഞാന്‍ മൈസൂര്‍ സെന്റ്‌ ഫിലോമിനാസില്‍ പഠിക്കാന്‍ പോയപ്പോള്‍ അവിടെ മൈസൂര്‍ മഹാരാജാവിനെ പ്രകീര്‍ത്തിക്കുന്ന ഒരു ഗാനം ഉണ്ടായിരുന്നു. അതും തിരുവിതാംകൂറുകാര്‍ ചൊല്ലി. രാജ്യങ്ങളുടെ വ്യത്യാസം ഞങ്ങളെ ഒട്ടുംതന്നെ ഉള്‍വലിയിച്ചില്ല. കന്നഡികളും കൂര്‍ഗികളും റെഡ്ഡിമാരും റാവുമാരും ഒരേ ക്ലാസിലിരുന്ന്‌ പഠിക്കുകയും ഒരേ ഹോസ്റ്റലില്‍ താമസിക്കുകയും ചെയ്‌തു. പരസ്‌പരം മനസ്സിലാക്കി. പിന്നീട്‌ പ്രസിഡന്‍സി കോളേജില്‍ പഠിക്കാന്‍ എത്തിയപ്പോള്‍ കൂടുതല്‍ വിശാലമായ ഒരു സുഹൃത്‌വലയം ക്ലാസില്‍ കണ്ടെത്തി. ഇന്ന്‌ നമ്മുടെ വിദ്യാഭ്യാസരംഗം വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്‌.
ഈ അടുത്തയിടെ ചങ്ങനാശ്ശേരി മെത്രാന്‍ ബഹു. മാര്‍ ജോസഫ്‌ പവ്വത്തില്‍ പറഞ്ഞു. ``കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ കത്തോലിക്കാ സ്‌കൂളില്‍ പഠിക്കണം''. ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ ഇന്ന്‌ പല വിദ്യാലയങ്ങളിലും ഒരേ മതസ്ഥരെയാണ്‌ പഠിപ്പിക്കുന്നത്‌. ഒരേ മതസ്ഥര്‍ ആയ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന്‌ നടത്തപ്പെടുന്ന വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സാമൂഹികബോധ ചക്രവാളം ഇടുങ്ങിയതായിരിക്കും.
മതം പള്ളികളിലും മോസ്‌കുകളിലും ക്ഷേത്രങ്ങളിലും ഒതുങ്ങണം. സമൂഹ ജീവിതവും വിദ്യാഭ്യാസരംഗവും രാഷ്‌ട്രീയവും ദേശീയതയില്‍ ഊന്നിയവയായിരിക്കണം എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ഇത്തരം സങ്കുചിത വൃത്തങ്ങളില്‍ വിദ്യാഭ്യാസവും മതപഠനവും നടത്തുന്നവര്‍ തന്റേതല്ലാത്ത മതങ്ങളെല്ലാം വ്യാജമതങ്ങളും തന്റെതുമാത്രം യഥാര്‍ത്ഥമതവും എന്ന മിഥ്യാ ചിന്തയില്‍ മനസ്സിനെ കടുകു വറക്കുന്നു. താന്‍ മാത്രമാണ്‌ ശരി എന്നു ചിന്തിക്കാന്‍ ആരംഭിക്കുമ്പോള്‍ മറ്റവന്‍ തെറ്റുകാരന്‍ എന്ന ചിന്ത അവിടെ കൂടപിറപ്പായി ജനിക്കുന്നു. പത്തമ്പതു കൊല്ലങ്ങള്‍ക്കു മുമ്പ്‌ ഞാന്‍ ദേവഗിരി കോളേജില്‍ അധ്യാപകനായി ചേര്‍പ്പോള്‍ എല്ലാ മതത്തില്‍പെടുന്ന അധ്യാപകരും കേളേജില്‍ ഉണ്ടായിരുന്നു. മതമോ ജാതിയോ പ്രദേശങ്ങളോ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രശ്‌നമായിരുന്നില്ല. എല്ലാവരും വിദ്യ അര്‍ത്ഥിക്കുന്നവര്‍. വിദ്യ കൊടുക്കുന്നവര്‍. അക്കാലത്ത്‌ ഞാന്‍ ഒരു കാര്യം മനസ്സിലാക്കി. ഇന്നത്തെ മലപ്പുറം ജില്ല ഉള്‍പ്പെടുന്ന മുസ്ലീമുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോഴിക്കോട്‌ ജില്ലയില്‍ വളരെ കുറച്ച്‌ വിദ്യാലയങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇതിനു കാരണം ഏകദേശം പതിനഞ്ചു വയസ്സുവരെ നിര്‍ബന്ധമായി മതപഠനം നടത്തണമെന്നത്‌ മുസ്ലീമുകളുടെ സാമൂഹ്യ നിര്‍ബന്ധമായിരുന്നു. തന്മൂലം ``ഓത്തു പള്ളി''കളില്‍നിന്നും മതനിരപേക്ഷ പഠനത്തിലേക്ക്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ വഴിമാറാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ പൗരന്മാരില്‍ ഹൃദയവിശാലത സൃഷ്‌ടിക്കേണ്ടത്‌ വിദ്യാലയങ്ങളാണ്‌; വിദ്യാഭ്യാസമാണ്‌. ഈ രംഗത്ത്‌ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്‌തത്‌ സി.എച്ച്‌. മുഹമ്മദ്‌ കോയയാണ്‌. അദ്ദേഹം വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത്‌ കോഴിക്കോട്‌ ഒരു തമാശച്ചൊല്ലുണ്ടായിരുന്നു. സമ്പന്നനായ ഒരു ഹാജി സി.എച്ചിനെ കണ്ടാല്‍ ഒരു സ്‌കൂള്‍ അദ്ദേഹത്തിന്റെമേല്‍ കെട്ടിവയ്‌ക്കുമായിരുന്നു എന്ന്‌. പിന്നീടാണ്‌ എം.ഇ.എസുകാര്‍ സ്‌കൂളുകളും കോളേജുകളും ആരംഭിച്ചത്‌. നല്ല ഉദ്ദേശത്തോടുകൂടി ആരംഭിച്ച ഈ വിദ്യാലയങ്ങളെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ഒരിക്കലും അനുവദിച്ചുകൂടാ.
സംസ്‌കാരവും വര്‍ഗ്ഗീയതയും രണ്ടാണ്‌. മുസ്ലീമിന്‌ മുസ്ലീമിന്റേതായ പാരമ്പര്യ സംസ്‌കാരമുണ്ട്‌. അത്‌ കരുണാമയനും കരുണാവാരിധിയുമായ അള്ളാഹുവിന്റെ കല്‌പനകളാണ്‌. പിന്നീടാണ്‌ കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ച്‌ ഖുറാന്‍ വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നത്‌. ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം ദൈവം സ്‌നേഹമാണ്‌. ആ സ്‌നേഹത്തിന്റെ ഉള്‍വലയത്തില്‍ ശത്രുക്കള്‍ വരെ ഉള്‍പ്പെടും. ഭാരതീയ ചിന്തയും മറ്റൊന്നല്ല. ``അവനവനാല്‍മസുഖത്തിനാചരിക്കുവ അപരന്‌ ഉപകാരമായി വരേണം'' എന്ന തത്വവും ``അഹിംസോ പരമോ ധര്‍മ്മ'', ``ലോകാ സമസ്‌ത സുഖിനോ ഭവന്തു'' എന്നിങ്ങനെയുള്ള ആശയങ്ങള്‍ മനുഷ്യരെ സഹോദരരാക്കുന്നു. അങ്ങനെ മഹത്തായ സാംസ്‌കാരിക പൈതൃകം എല്ലാ മതങ്ങള്‍ക്കും ഉണ്ടായിരുന്നു. ഈ സാംസ്‌കാരിക പൈതൃകം സംരക്ഷിച്ചുകൊണ്ട്‌ മതസമൂഹങ്ങളുടെ പരസ്‌പരാലിംഗനത്തില്‍ സൃഷ്‌ടിക്കപ്പെടുന്ന സമൂഹത്തിലാണ്‌ നാം ജീവിക്കേണ്ടതെന്ന ഓര്‍മ്മ കുറേപേരില്‍നിന്നങ്കെിലും അകറ്റാന്‍ വര്‍ഗ്ഗീയ വിദ്യാലയങ്ങള്‍ക്കു കഴിയും.
എന്റെ മതം എന്റെ ജാതി, ശരി എന്ന സങ്കുചിത ചിന്ത മനുഷ്യമനസ്സില്‍നിന്നും അകറ്റാന്‍ വിദ്യാലയ അന്തരീക്ഷത്തെ മതനിരപേക്ഷമായി നിര്‍ത്തിയേ മതിയാകൂ. എന്റെ മതം ഉല്‍കൃഷ്‌ടവും എന്റെ ദൈവത്തെ അന്യരുടെ ആക്രമണത്തില്‍നിന്നും രക്ഷിക്കേണ്ടത്‌ എന്റെ കടമയുമാണെന്ന ചിന്ത യുവാക്കളില്‍ കടുകൂടാന്‍ അനുവദിക്കുന്ന ഒരു വിദ്യാലയാന്തരീക്ഷം ഇന്ന്‌ പതുക്കെ പതുക്കെ സൃഷ്‌ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശത്തുനിന്നും പ്രത്യയശാസ്‌ത്രങ്ങള്‍ ഇന്ത്യയിലേക്ക്‌ പ്രവഹിക്കുന്നു. അവയെ പ്രചരിപ്പിക്കുന്നതിന്‌ ധാരാളം പണവും അവിടെനിന്ന്‌ ലഭ്യമാണ്‌. ഈ അവസ്ഥ മാറണമെങ്കില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക്‌ മത സംസ്‌കാരങ്ങളുടെ സമന്വയത്തെക്കുറിച്ച്‌ പുത്തന്‍ പാഠങ്ങള്‍ നല്‌കേണ്ടിയിരിക്കുന്നു. അളളാഹു കരുണാമയനാണെങ്കില്‍ ആ കരുണ അള്ളാഹുവിന്റെ സൃഷ്‌ടിയായ എല്ലാ മനുഷ്യര്‍ക്കും ലഭ്യമാക്കാന്‍ മുസ്ലീം സഹോദരന്മാര്‍ പരിശ്രമിക്കണം. അവിടെ ജാതി മതവ്യതാസമില്ല. ക്രിസ്‌തു സ്‌നേഹമാണെങ്കില്‍ ആ സ്‌നേഹത്തിന്റെ വലയത്തിലായിരിക്കണം എല്ലാ മനുഷ്യരും. ഇത്തരം ഉദാത്ത ചിന്തകള്‍ സമൂഹത്തില്‍നിന്നും മാറ്റി മതത്തിന്റെ അസ്ഥികൂടം മാത്രം പ്രദര്‍ശിപ്പിക്കുന്ന വേദിയായി മതം മാറിയിട്ടില്ലേ? ഇത്‌ ഭാവി തലമുറയ്‌ക്ക്‌ വളരെയധികം അപകടം ചെയ്യും.

1 comment:

രഘു said...

അവസരോചിതമായ ലേഘനം. വിദ്യാലയങ്ങളുടെ മേല്‍നോട്ടം മതസ്ഥാ‍പനങ്ങള്‍ നടത്തുന്നിടത്തുനിന്നു തന്നെ പ്രശ്നങ്ങള്‍ തുടങ്ങുകയായി. കതിരില്‍ വളം വച്ചിട്ട് കാര്യമില്ല എന്നു പറയുന്നതെത്ര ശരിയാണ്! കുട്ടികള്‍ പഠിക്കുന്ന സമയത്തേ മതപരമായ വേര്‍തിരിവ് അവരുടെ മനസ്സില്‍ രൂപം കൊണ്ടുകഴിഞ്ഞാല്‍ പിന്നെ വിശാലമായ മതസൌഹാര്‍ദ്ദം പോലുള്ള ആശയങ്ങള്‍ എങ്ങനെ അവരുടെ മനസ്സില്‍ ഇടം പിടിയ്ക്കും! മതേതര ഭൂതകാലത്തിന്റെ പെരുമയും പറഞ്ഞ് നാടിന്റെ അപകടകരമായ അവസ്ഥയ്ക്കു നേരേ കണ്ണടയ്ക്കുന്നത് നാം എത്രയും വേഗം നിറുത്തി സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും നവോത്ഥാനത്തിന് തുടക്കമിട്ടില്ലെങ്കില്‍ വരും തലമുറകളോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കും അത്!