Monday, July 19, 2010

പെരിയാറിനെ രക്ഷിക്കാന്‍

ഡോ.സി.എം.ജോയി

 ആദിശങ്കരാചാര്യരുടെ ധന്യജീവിതവുമായി ബന്ധമുള്ള കേരളത്തിലെ ഏക നദിയാണ്‌ പെരിയാര്‍. കേരളീയര്‍ പുണ്യനദിയായിട്ടാണ്‌ പെരിയാറിനെ കാണുന്നത്‌. കാലടി, മലയാറ്റൂര്‍, ആലുവ ശിവരാത്രി മണപ്പുറം ഉളിയന്നൂര്‍ പെരുന്തച്ചന്‍ അമ്പലം, ചേലാമറ്റം, തിരുഐരാണിക്കുളം തുടങ്ങി എണ്ണമറ്റ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ പെരിയാറിന്റെ തീരത്താണ്‌. ഇതുകൂടാതെ ജലവൈദ്യുതപദ്ധതികള്‍, ലിഫ്റ്റ്‌ ഇറിഗേഷനുകള്‍, കുടിവെള്ള പമ്പിംഗ്‌, വ്യാവസായിക പമ്പിംഗ്‌ എന്നിവയ്ക്കെല്ലാം പെരിയാര്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്‌. പെരിയാറ്റില്‍ 15 അണക്കെട്ടുകളുണ്ട്‌. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി പെരിയാറ്റിലാണ്‌. വ്യവസായം, കുടിവെള്ളം, കൃഷി എന്നീ ആവശ്യങ്ങള്‍ക്ക്‌ പെരിയാറിനെ ആശ്രയിക്കുന്നുണ്ടെങ്കിലും പെരിയാറിന്റെ സംരക്ഷണം ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്‌ തികഞ്ഞ അനാസ്ഥയാണ്‌. 

ഇന്ന്‌ പെരിയാര്‍ തീരം കയ്യേറുന്നത്‌ ഒരു പതിവുകാഴ്ചയാണ്‌. മണല്‍വാരല്‍മൂലവും വൃഷ്ടിപ്രദേശ വനനശീകരണംമൂലവും കുന്നിടിക്കലും പുഴവെള്ളം തിരിച്ചുവിടുന്നതും അണക്കെട്ടുകളും മൂലവും പുഴയുടെ ഒഴുക്കുതന്നെ ശോച്യാവസ്ഥയിലാണ്‌. ഒഴുക്ക്‌ കുറഞ്ഞപ്പോള്‍ നദീതീരത്ത്‌ തെളിഞ്ഞുവന്ന കരയാണ്‌ ആളുകള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്‌. മണല്‍വാരല്‍ നിരോധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലും വ്യാപകമായ മണല്‍ ഖാനനം നടക്കുകയാണ്‌. പുഴയുടെ അടിത്തട്ട്‌ പൊളിച്ച്‌ മണല്‍വാരുന്നതുമൂലം സമീപപ്രദേശ കിണറുകള്‍ മഴമാറിയാല്‍ വറ്റുന്ന അവസ്ഥയിലാണ്‌. മണല്‍വാരി പുഴ നശിപ്പിക്കുന്നതും പുഴ മലിനീകരിക്കുന്നതും പുഴ വെള്ളം ദുരുപയോഗം ചെയ്യുന്നതും തടയുവാന്‍ തക്കസംവിധാനങ്ങളുടെ അപര്യാപ്തത പെരിയാര്‍ നദിയെ കൂടുതല്‍ നാശോന്മുഖമാക്കുകയാണ്‌. കൊച്ചി നഗരത്തിലെ 10 ലക്ഷം ജനങ്ങള്‍ക്ക്‌ കുടിവെള്ളം നല്‍കുന്നതുള്‍പ്പെടെ 50 ലക്ഷം ആളുകള്‍ പെരിയാറിനെ ആശ്രയിക്കുന്നവരാണ്‌.ഒരുപക്ഷെ പെരിയാര്‍ പൂര്‍ണ്ണമായി മലിനീകരിക്കപ്പെട്ടാല്‍ നാമാവശേഷമാകുക കൊച്ചി നഗരമായിരിക്കും. നഗരത്തില്‍ കിണര്‍ കുഴിച്ചാല്‍ ഉപ്പുവെള്ളമായതിനാല്‍ ഈ നഗരം ജല ആവശ്യങ്ങള്‍ക്ക്‌ മുഴുവനായും പെരിയാറിനെയാണ്‌ ആശ്രയിക്കുന്നത്‌. പെരിയാറിന്റെ വൃഷ്ടിപ്രദേശത്തെ വനമേഖല നശിപ്പിക്കുന്നത്‌ തടയുന്നതിനോ, നദിയിലോട്ട്‌ അഴുക്കുചാലുകള്‍ തുറന്നുവച്ചിരിക്കുന്നത്‌ ഒഴിവാക്കുവാനോ, സംസ്കരിക്കാത്തതും പകുതി സംസ്കരിച്ചതുമായ ദ്രവ-ഖരമാലിന്യങ്ങള്‍ നദിയിലോട്ട്‌ തള്ളുന്നത്‌ തടയുന്നതിനോ, നദീതീരം ഇടിയുന്നത്‌ തടയുന്നതിനോ, നദീസംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമം നടപ്പാക്കുന്നതിനോ നദിയുടെ സഞ്ചാരപാത കയ്യേറി സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കുന്നത്‌ തടയുന്നതിനോ കൃഷിയിടങ്ങളില്‍നിന്ന്‌ വ്യാപകമായി ഒലിച്ചിറങ്ങുന്ന കീടനാശിനിയും കൂടിയതോതിലുള്ള രാസവളവും പുഴയിലോട്ട്‌ ഒലിച്ചിറങ്ങുന്നത്‌ തടയുന്നതിനോ ഉള്‍നാടന്‍ പുഴമത്സ്യവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനോ സര്‍ക്കാര്‍ ഒരു നടപടിയും ചെയ്യുന്നില്ല.

പെരിയാറിന്റെ സംരക്ഷണത്തിനായി ലക്ഷങ്ങള്‍ മുടക്കി ഉണ്ടാക്കിയ ഒരു ഡസനിലേറെ പദ്ധതികള്‍ കടലാസ്സുകളില്‍ ഉറങ്ങിക്കിടക്കുകയാണ്‌. പെരിയാര്‍ സംരക്ഷണത്തിനായി ഇതുവരെ നടത്തിയ സെമിനാറുകളും സമ്മേളനങ്ങളും ശില്‍പ്പശാലകളും പാഴ്‌വേലകളായി മാറിയിരിക്കുകയാണ്‌. ജനങ്ങള്‍ക്ക്‌ ശുദ്ധജലം നല്‍കുന്നതിലും ഒരു നാടിന്റെ ജീവനാഡിയായ നദിയെ സംരക്ഷിക്കുന്നതിലും ഈ സര്‍ക്കാരിന്‌ ഒരു താല്‍പ്പര്യമില്ല എന്നുതന്നെയായിട്ടുമാത്രമേ ഈ അവഗണനയെ കാണാനാകൂ. ഇരവികുളം ദേശീയ ഉദ്യാനം, ഇന്ദിരാഗാന്ധി ദേശീയ ഉദ്യാനം, പെരിയാര്‍ കടുവ സംരക്ഷണകേന്ദ്രം, ഇടുക്കി വന്യജീവി സംരക്ഷണകേന്ദ്രം, ചിന്നാര്‍ വന്യജീവിസംരക്ഷണകേന്ദ്രം, തട്ടേക്കാട്‌ പക്ഷി സങ്കേതം എന്നിവയ്ക്ക്‌ പെരിയാര്‍ നിലനിന്നാല്‍മാത്രമേ പ്രസക്തിയുണ്ടാകൂ.

കേരളത്തിലെ 300 ലധികം വ്യവസായശാലകള്‍ക്ക്‌ ജലം നല്‍കുന്ന പെരിയാര്‍ നശിച്ചാല്‍ കേരളത്തിന്റെ സാമ്പത്തിക, വ്യാവസായിക, വാണിജ്യ അടിത്തറയാണ്‌ ഇളകുക. വ്യവസായ മലിനജലം തടയുവാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതിനാല്‍ മത്സ്യക്കുരുതിയും ജൈവ വൈവിധ്യ ശോഷണവും പെരിയാറ്റില്‍ അരങ്ങേറുകയാണ്‌.

മഴക്കാലത്ത്‌ 850 കോടിയിലധികം ലിറ്റര്‍ ജലം പ്രതിദിനം ഒഴുകുന്ന പെരിയാറ്റിലെ ഒഴുക്ക്‌ വേനല്‍കാലങ്ങളില്‍ വെറും 50 കോടി ലിറ്ററാണ്‌. അശാസ്ത്രീയമായി പെരിയാര്‍ നദീതട മാനേജ്മെന്റാണ്‌ ഇത്തരത്തില്‍ ജലം പാഴായിപ്പോകുന്നതിന്‌ ഇടവരുത്തുന്നത്‌. നദിയിലെ ഒഴുക്ക്‌ ക്രമാതീതമായി കുറയുന്ന വേനല്‍ക്കാലത്തിനുമുമ്പുതന്നെ കിലോമീറ്ററുകളോളം നദിയ്ക്കകത്തോട്ട്‌ ഉപ്പുവെള്ളം ഇരച്ചുകയറുകയാണ്‌. ഇതു തടയുവാന്‍ പാതാളത്തും മഞ്ഞുമ്മലും പുറപ്പിള്ളിക്കാവിലും ബണ്ടുകള്‍ നിര്‍മിക്കുകയാണ്‌ പതിവ്‌. മഞ്ഞുമ്മലില്‍ ഇതിനോടകം റഗുലേറ്റര്‍ കം ബ്രിഡ്ജ്‌ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. എന്നിരിക്കിലും പെരിയാറ്റിലെ ഓരുവെള്ളക്കയറ്റം മൂലമുള്ള പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമായിട്ടില്ല. ആഗോളതാപനവും മഞ്ഞുരുകലും കാലാവസ്ഥാ വ്യതിയാനവും കടല്‍നിരപ്പ്‌ ഉയരലും മറ്റും കടലിലേയ്ക്കും കായലിലേയ്ക്കും ഒഴുകിയെത്തുന്ന പെരിയാര്‍പോലുള്ള നദികള്‍ക്കും നദിയെ ആശ്രയിച്ചു കഴിയുന്ന ലക്ഷോപലക്ഷം ആളുകള്‍ക്കും ഭീഷണിയാണ്‌.

കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി പെരിയാര്‍ സംരക്ഷണത്തിനായി മുറവിളികൂട്ടുന്ന നാട്ടുകാര്‍ക്ക്‌ നേരെ സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണ്‌. പെരിയാര്‍ അതോറിറ്റിയോ നദീതട അതോറിറ്റിയോ സ്ഥാപിക്കുമെന്ന്‌ പല തവണ പറഞ്ഞെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മറ്റു നടപടിയൊന്നും ഉണ്ടായിട്ടില്ല.

പെരിയാര്‍ വെള്ളം വില്‍പനയ്ക്ക്‌ വച്ചപ്പോള്‍ അധിനിവേശമാണെന്ന്‌ മുറവിളി കൂട്ടിയവരാണ്‌ പെരിയാറിനെ രക്ഷിക്കുവാന്‍ അവസരം ലഭിച്ചിട്ടും ഒന്നും ചെയ്യാതിരിക്കുന്നത്‌. പെരിയാറിന്റെ സംരക്ഷണത്തിന്‌ ഇച്ഛാശക്തിയോടെയുള്ള ഒരു ഇടപെടലാണാവശ്യം. നദിയൊഴുകുന്ന സ്ഥലങ്ങളില്‍ ജണ്ടയിട്ട്‌ തിരിക്കുന്ന ജോലി യുദ്ധകാലാടസ്ഥാനത്തില്‍ തുടങ്ങണം. അല്ലെങ്കില്‍ നദി വെറും തോടായി മാറുവാന്‍ കാലമേറെ വേണ്ടിവരില്ല. മലിനീകരണം തടയുവാന്‍ നദീ സംരക്ഷണ സ്ക്വാര്‍ഡ്‌ നിയമിക്കപ്പെടണം. കുടിവെള്ളക്ഷാമം വിളിച്ചുവരുത്തുന്ന മണല്‍വാരല്‍ നിയന്ത്രിച്ചേ മതിയാകൂ. അടിത്തട്ടുവരെ മണല്‍വാരി തീര്‍ത്ത നദിയമ.?ല്‍ ഏതാനും വര്‍ഷത്തേയ്ക്ക്‌ മണല്‍ വാരലിന്‌ മൊറട്ടോറിയം ഏര്‍പ്പെടുത്തണം. മലിനീകരിക്കുന്നവര്‍ നഷ്ടപരിഹാരം നല്‍കല്‍ എന്ന നിയമം പാസ്സാക്കണം. വൃഷ്ടിപ്രദേശം, കൃഷിഭൂമികള്‍, നദീതീരം, നദീപ്രദേശ തണ്ണീര്‍ത്തടങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി നദീതട ജല മാനേജ്മെന്റ്‌ പദ്ധതി നടപ്പാക്കിയാല്‍ മാത്രമേ നദിയിലെ വേനല്‍ക്കാല നീരൊഴുക്ക്‌ വീണ്ടെടുക്കുവാനാകൂ. നദീതീരം കരിങ്കല്‍ ഭിത്തികെട്ടി സംരക്ഷിക്കുക എന്ന പേരില്‍ സര്‍ക്കാര്‍ ചെലവില്‍ നദീതീരം കയ്യേറുവാന്‍ അവസരം നല്‍കുന്നത്‌ തടയണം. റിവര്‍ മാനേജ്മെന്റ്‌ ഫണ്ട്‌ ഭിത്തികെട്ടുവാന്‍ ഉപയോഗിക്കരുത്‌. ദ്രവ-ഖര മാലിന്യങ്ങള്‍ പുഴയിലോട്ട്‌ തള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെയും സ്വകാര്യ വ്യക്തികള്‍ക്കെതിരെയും മുഖം നോക്കാതെ നടപടി സ്വീകരിക്കണം. ഇടുക്കിയില്‍നിന്ന്‌ മൂലമറ്റത്തേയ്ക്ക്‌ വൈദ്യുതി ഉല്‍പ്പാദനത്തിനായി തിരിച്ചുവിട്ട പെരിയാര്‍ ജലം വൈദ്യുതി ഉല്‍പാദനത്തിനുശേഷം മൂവാറ്റുപുഴയിലേക്ക്‌ ഒഴുക്കുന്നതിനുപകരം പെരിയാറ്റിലേക്ക്‌ തിരിച്ചെത്തിക്കുവാനുള്ള നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ ലക്ഷക്കണക്കിന്‌ ആളുകളുടെ കുടിവെള്ള സ്രോതസ്സായ പെരിയാര്‍ സംരക്ഷിക്കപ്പെടണം. സ്മാര്‍ട്ട്‌ സിറ്റി പദ്ധതിപോലെയും മെട്രോ റെയില്‍ പദ്ധതിപോലെയും നാടുനീളെ കല്ലിട്ട്‌ വരും എന്നുപറയുന്ന ഐടി പാര്‍ക്കുകള്‍പോലെയും തറക്കല്ലിട്ട പാലങ്ങള്‍പോലെയും നടക്കാത്ത വികസന വാഗ്ദാനങ്ങള്‍പോലെയൊന്നും പെരിയാര്‍ അതോറിറ്റി സ്ഥാപിക്കുന്നത്‌ മുടങ്ങിപ്പോകരുത്‌. ഒരു നാടിന്റെ വികസനക്കുതിപ്പാണ്‌ പെരിയാറിന്റെ നാശംമൂലം നഷ്ടമാവുക. പെരിയാറിനെ മണല്‍ക്കൊള്ളക്കാര്‍ക്കും അതിന്റെ വൃഷ്ടിപ്രദേശം വനംകൊള്ളക്കാര്‍ക്കും തീരപ്രദേശം ഇഷ്ടിക കച്ചവടക്കാര്‍ക്കും കയ്യേറ്റക്കാര്‍ക്കും വിട്ടുകൊടുക്കാതെ സംരക്ഷിക്കുവാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്‌. പെരിയാര്‍ സംരക്ഷിക്കുമെന്ന്‌ വീമ്പിളക്കി അധികാരത്തിലേറിയ ആലുവ നഗരസഭയ്ക്കും കൊച്ചി നഗരസഭയ്ക്കും കേരളസര്‍ക്കാരിനും ഈ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറാനാകില്ല. 

പെരിയാര്‍ സംരക്ഷണം നടന്നില്ലെങ്കില്‍ ഭരണസംവിധാനത്തിന്റെ പിടിപ്പുകേടും അനാസ്ഥയും ഇക്കാര്യത്തിലുണ്ട്‌ എന്ന തരത്തിലാണ്‌ ജനം ഇതിനെ കണക്കാക്കുക. പ്രസ്താവനകളല്ല നമുക്കാവശ്യം, പ്രവര്‍ത്തിയാണ്‌. പെരിയാര്‍ സംരക്ഷണ കാര്യത്തില്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനുമുമ്പുതന്നെ നടപടികള്‍ ഉണ്ടാകണം. പെരിയാറിന്റെ ഉത്ഭവം മുതല്‍ പതനംവരെയുള്ള ഭാഗവും നീര്‍ത്തടവും ഒന്നായിക്കണ്ടുകൊണ്ട്‌ പെരിയാര്‍ അതോറിറ്റി രൂപീകൃതമാകണം. പുണ്യനദിയായ പമ്പയ്ക്ക്‌ ലഭിച്ച പരിഗണന പെരിയാറിനും ലഭിക്കണം. പെരിയാര്‍ സംരക്ഷണത്തിനായി ദേശീയ പുഴ സംരക്ഷണ അതോറിറ്റി വഴി പദ്ധതികള്‍ പാസ്സാക്കിയെടുക്കുവാന്‍ സര്‍ക്കാര്‍ പരിശ്രമിക്കണം. പെരിയാര്‍ തീരത്തുള്ള നാല്‍പ്പത്തിയേഴ്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പെരിയാര്‍ സംരക്ഷണ ഉദ്യമത്തില്‍ പങ്കാളികളാകണം. പെരിയാര്‍ വെറും ഒരു നദി മാത്രമല്ല, ഒരു സംസ്കാരമാണെന്ന തിരിച്ചറിവ്‌ സര്‍ക്കാരിനുണ്ടാകണം.

No comments: