Saturday, July 10, 2010

ക്ഷേത്ര ഗോപുരവാതില്‍ കത്തിക്കല്‍: അന്വേഷണം നിലച്ചതില്‍ ദുരൂഹത

കോളിളക്കം സൃഷ്‌ടിച്ച മലപ്പുറം അങ്ങാടിപ്പുറം തളി ക്ഷേത്ര ഗോപുരവാതില്‍ കത്തിക്കല്‍ സംഭവത്തെക്കുറിച്ചുള്ള പോലീസ്‌ അന്വേഷണം നിലച്ചതില്‍ ദുരൂഹത. പോപ്പുലര്‍ഫ്രണ്ടുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ആ കേസ്‌ വീണ്ടും അന്വേഷിക്കണമെന്ന്‌ പോലീസില്‍ തന്നെ അഭിപ്രായമുയര്‍ന്നു. മൂന്നു വര്‍ഷം മുമ്പ്‌ നടന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണം രാഷ്‌ട്രീയ ഇടപെടലിനെത്തുടര്‍ന്ന്‌ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മലബാറിലെ സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍, പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെക്കുന്നതാണു നല്ലതെന്ന പൊതു നിലപാടിലേക്ക്‌ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ എത്തിച്ചേര്‍ന്ന സാഹചര്യത്തിലാണ്‌ അന്വേഷണം നിലച്ചത്‌. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ ട്രെയിന്റെ ബ്രേക്ക്‌ പൈപ്പ്‌ മുറിച്ചുമാറ്റിയ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘത്തിന്റെ തലവന്‍ ഡിവൈഎസ്‌പി എം.ആര്‍.മണിയനാണ്‌ തളി സംഭവവും അന്വേഷിച്ചിരുന്നത്‌. അന്ന്‌ പെരിന്തല്‍മണ്ണ ഡിവൈഎസ്‌പിയായിരുന്നു അദ്ദേഹം.
2007 ആഗസ്റ്റ്‌ 30ന്‌ പുലര്‍ച്ചെയാണ്‌ പ്രശസ്‌തമായ അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രത്തിന്റെ ഗോപുരവാതില്‍ കത്തിച്ച നിലയില്‍ കണ്ടത്‌. കൂറ്റന്‍ ഗോപുരവാതിന്റെ ഒരു പാളി ഭാഗികമായി കത്തിയ നിലയിലായിരുന്നു. വന്‍ സാമുദായിക പ്രത്യാഘാതമുണ്ടാക്കാമായിരുന്ന സംഭവത്തെ തുടര്‍ന്ന്‌ അന്നത്തെ മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ ശിഹാബ്‌ തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട്‌ രംഗത്തിറങ്ങിയാണ്‌ സ്ഥിതി ശാന്തമാക്കിയത്‌. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടിയും ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്‌തു.
ആദ്യഘട്ടത്തില്‍ വളരെ കാര്യക്ഷമമായാണ്‌ അന്വേഷണം നടന്നത്‌. നിരവധിയാളുകളെ ചോദ്യം ചെയ്‌തു. വ്യാപക റെയ്‌ഡുകളും നടന്നു. സമീപത്തെ മുസ്‌ലിം പള്ളിയുടെ മുറ്റത്ത്‌ മീന്‍ വാരിയെറഞ്ഞതായും അന്നുതന്നെ ശ്രദ്ധയില്‍പെട്ടിരുന്നു. സാമൂഹിക വിരുദ്ധരുടെ ചെയ്‌തിയാകമെന്ന്‌ കരുതാന്‍ ഇത്‌ ഇടയാക്കി. എന്നാല്‍ മലബാറില്‍, പ്രത്യേകിച്ച്‌ മലപ്പുറം ജില്ലയില്‍ നിന്ന്‌ ഹവാല പണം ഇടപാടുകള്‍ കൂട്ടിത്തോടെ പിടിച്ചതിനു പുറകെയായിരുന്നു ഗോപുരവാതില്‍ കത്തിക്കല്‍. അതുകൊണ്ടുതന്നെ ഹവാല കേസുകില്‍ നിന്നു പോലീസിന്റെ ശ്രദ്ധ തിരിക്കാന്‍ അതുമായി ബന്ധപ്പെട്ടവര്‍ ചെയ്‌തതാകാം എന്ന നിഗമനത്തിലായിരുന്നു ആദ്യഘട്ട അന്വേഷണം. പിന്നീട്‌ വര്‍ഗീയ, തീവ്രവാദ സംഘടനകളിലേക്ക്‌ അന്വേഷണം നീണ്ടെങ്കിലും ഒരിടത്തുമെത്തിയില്ല. ഒരു പ്രത്യേക വിഭാത്തെ സംശയിച്ച്‌ വ്യാപക പോലീസ്‌ വേട്ടയുണ്ടാകുമെന്നും അതിനെതിരേ രംഗത്തുവന്ന്‌ മുതലെടുപ്പു നടത്താമെന്നും കണക്കുകൂട്ടി ഒരു തീവ്രവാദ സംഘടന ചെയ്‌തതാണ്‌ ഗോപുരവാതില്‍ കത്തിക്കല്‍ എന്ന നിരീക്ഷണം ചില ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ അന്ന്‌ മലപ്പുറത്തെ ചില മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ അതിനു തുടര്‍ച്ചയായി അന്വേഷണം നിലയ്‌ക്കുന്നതാണു കണ്ടത്‌.
ക്ഷേത്ര സംരക്ഷണ സമിതിയും ആര്‍എസ്‌എസും മലപ്പുറത്ത്‌ പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ ഉള്‍പ്പെടെ നടത്തിയിരുന്നു. സമയബന്ധിതമായി അന്വേഷമം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വന്‍ പ്രക്ഷോഭമുണ്ടാകുമെന്ന്‌ പ്രഖ്യാപിച്ച ആര്‍എസ്‌എസും പിന്നീട്‌ നിശ്ശബ്‌ദമാകുന്നതാണു കണ്ടത്‌. സാമുദായിക സൗഹാര്‍ദത്തെക്കുറിച്ചു ലീഗ്‌ നേതാക്കള്‍ അടക്കം ഇടപെട്ട്‌ സസംസാരിച്ചെന്നും പ്രശ്‌നം വളര്‍ത്തി വലുതാക്കേണ്ടെന്ന നിലപാടിലേക്ക്‌ സംഘപരിവാറും എത്തിയെന്നും മറ്റുമായിരുന്നു അവരുടെ തന്നെ കേന്ദ്രങ്ങള്‍ പിന്നീട്‌ അനൗപചാരികമായി വിശദീകരിച്ചത്‌.
അതിനിടെ, മുന്‍ പിഡിപി നേതാവ്‌ രാംദാസ്‌ കതിരൂരിനെ കേന്ദ്രീകരിച്ച്‌ ചില അന്വേഷണങ്ങള്‍ നടന്നു. രാംദാസിന്റെ വീട്‌ റെയ്‌ഡ്‌ ചെയ്യുകയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍ രാംദാസ്‌ നിരപരാധിയാണെന്നു കണ്ട്‌ ആ അന്വേഷണ അവസാനിപ്പിച്ചു. മറ്റു ചിലര്‍ക്ക്‌ വേണ്ടി പോലീസ്‌ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്ന്‌ രാംദാസ്‌ പറഞ്ഞിരുന്നു.

http://www.scoopeye.com/showNews.php?news_id=6428

1 comment:

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com