Friday, July 9, 2010

കൈരളി മുതല്‍ ഖത്തര്‍ വരെ


നരേന്ദ്രന്‍

ടോമിന്‍ ജെ തച്ചങ്കരി കൈരളി ചാനലിന്റെ മാതൃകമ്പനിയായ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ ഏജന്റായി പ്രവര്‍ത്തിച്ചു എന്ന ആക്ഷേപം സംബന്ധിച്ച്‌ വിജിലന്‍സ്‌ ട്രൈബ്യൂണലിന്റെ അന്വേഷണത്തിന്‌ ശുപാര്‍ശ ചെയ്‌തുകൊണ്ട്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്ക്‌ 2007 ജൂലൈ 11 ന്‌ അയച്ച കത്ത്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‌ കീഴിലുള്ള സംസ്ഥാന വിജിലന്‍സ്‌ വകുപ്പ്‌ കോടതിയില്‍ സത്യവാങ്‌ മൂലമായി സമര്‍പ്പിച്ചു.
രാഷ്‌ട്രീയ നേതാക്കളുടെ സ്വാര്‍ത്ഥ താല്‌പര്യം സംരക്ഷിക്കുന്നതിന്‌ ഏതറ്റം വരെ പോകാനും ടോമിന്‍ തച്ചങ്കരി എന്ന ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്‌ യാതൊരു പ്രയാസവുമില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ്‌ സി പി എം ആരംഭിച്ച കൈരളി ചാനലിന്‌ വേണ്ടി ഈ ഐ പി എസ്‌ ഓഫീസര്‍ നടത്തിയ നിസ്വാര്‍ത്ഥ സേവനം. കൈരളി ചാനലിന്റെ രൂപീകരണ കാലത്ത്‌ ചാനലിന്റെ സാങ്കേതിക രംഗത്തെ മുന്നൊരുക്കങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിച്ചിരുന്നത്‌ ഈ രംഗത്തെ വിദഗ്‌ദ്ധനായ കൃഷ്‌ണകുമാറായിരുന്നു. വാര്‍ത്തയുടെ രംഗത്തെ തയ്യാറെടുപ്പുകള്‍ക്ക്‌ നേതൃത്വം നല്‌കിയിരുന്നതാകട്ടെ മാധ്യമ വിദഗ്‌ദ്ധനായ ശശികുമാറും. കൈരളിക്ക്‌ ആവശ്യമായ ഇലക്‌ട്രോണിക്‌ യന്ത്രസാമഗ്രികള്‍ വിദേശത്ത്‌ നിന്ന്‌ ഇറക്കുമതി ചെയ്യുന്നതിനുള്ള എല്ലാ ഏര്‍പ്പാടുകളും നടത്തിയത്‌ ഇവര്‍ രണ്ടുപേരുമായിരുന്നു. എന്നാല്‍ ടോമിന്‍ തച്ചങ്കരിയുടെ വരവോടെ ഈ കരാറുകളെല്ലാം അട്ടിമറിക്കപ്പെട്ടു എന്ന കാര്യം അക്കാലത്ത്‌ കൈരളിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഓര്‍മ്മിക്കുന്നു.
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആശീര്‍വാദത്തോടെയായിരുന്നു തച്ചങ്കരിയുടെ വരവ്‌. ഒരു സുപ്രഭാതത്തില്‍, കൈരളിക്ക്‌ ആവശ്യമായ ഇലക്‌ട്രോണിക്‌ യന്ത്രസാമഗ്രികള്‍ വിദേശത്തുനിന്ന്‌ ഇറക്കുമതിചെയ്യാന്‍ കൃഷ്‌ണകുമാറും ശശികുമാറും ഉണ്ടാക്കിയ കരാറുകള്‍ മുഴുവന്‍ റദ്ദാക്കപ്പെടുകയും ഇറക്കുമതിക്കായുള്ള ചുമതല ഈ ഐ പി എസ്‌ ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കുകയും ചെയ്‌തു എന്ന്‌ കൈരളിയിലെ ജീവനക്കാര്‍ പറയുന്നു. തച്ചങ്കരി നടത്തിയ (1998-2000 കാലത്ത്‌) സിങ്കപ്പൂര്‍ യാത്രകളെല്ലാം കൈരളിക്ക്‌ ഇലക്‌ട്രോണിക്‌ യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിന്‌ വേണ്ടിയായിരുന്നുവത്രെ. അക്കാലത്ത്‌ ഈ ഉദ്യോഗസ്ഥന്‍ ഔദ്യോഗിക യൂണിഫോമിലായിരുന്നു കൈരളി ചാനലിന്റെ ഓഫീസില്‍ ദൈനംദിനം വന്ന്‌ പോയിരുന്നത്‌ എന്ന കാര്യം കൈരളിയിലുള്ള ഏവര്‍ക്കും അറിയാം. കൈരളി ചാനലിനെ വളര്‍ത്താനുള്ള തച്ചങ്കരിയുടെ ആവേശം ഇതുകൊണ്ടൊന്നും അവസാനിച്ചില്ല. ചാനലിന്‌ ആവശ്യമായ ട്രാന്‍സ്‌പോണ്ടര്‍ ഇന്‍ടെല്‍ സാറ്റ്‌ എന്ന സ്വകാര്യ കമ്പനിയില്‍ നിന്നും വാങ്ങുന്ന കരാറില്‍ 2000 മാര്‍ച്ച്‌ 23 ന്‌ ഒപ്പുവെക്കാന്‍പോലും ഈ ഐ പി എസ്‌ ഓഫീസര്‍ യാതൊരു മടിയും കാട്ടിയില്ല. ഇത്രയും ``നിസ്വാര്‍ത്ഥ സേവനം'' ഒരു രാഷ്‌ട്രീയപാര്‍ട്ടിക്ക്‌ അതും സി പി എമ്മിന്‌ വേണ്ടി നടത്താന്‍ മറ്റേതെങ്കിലും പോലീസ്‌ ഉദ്യോഗസ്ഥന്‌ ധൈര്യമുണ്ടാകുമോ?
തച്ചങ്കരി കൈരളി ചാനലിന്‌ വേണ്ടി നടത്തിയ ഈ നിസ്വാര്‍ത്ഥസേവനത്തിന്‌ തക്ക സഹായം തിരികെ നല്‍കാന്‍ പെട്ടെന്ന്‌ പിണറായി കോടിയേരി പ്രഭൃതികള്‍ക്ക്‌ കഴിഞ്ഞില്ല. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തച്ചങ്കരിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം നടത്തേണ്ടതായിവന്നു. തുടര്‍ന്ന്‌ 14 മാസം തച്ചങ്കരിക്ക്‌ സസ്‌പെന്‍ഷനില്‍ കഴിയേണ്ടിവന്നു. എന്നാല്‍ വിപ്ലവപാര്‍ട്ടിക്ക്‌ വേണ്ടി ഈ ഐ പി എസ്‌ ഓഫീസര്‍ നല്‍കിയ അമൂല്യമായ സംഭാവനകള്‍ കണക്കിലെടുത്തുകൊണ്ട്‌ സംസ്ഥാന ആഭ്യന്തരവകുപ്പ്‌ ഈ ഉദ്യോഗസ്ഥനെ 2008 ഓഗസ്റ്റില്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോയുടെ ചുമതലയുള്ള ഐ ജി യായി നിയമിച്ചു. അതുകൊണ്ടും മതിവരാഞ്ഞ്‌ ആഭ്യന്തരവകുപ്പ്‌ തച്ചങ്കരിയെ 2009 ജൂണില്‍ ക്രമസമാധാന പാലന ചുമതലയുള്ള വടക്കന്‍ മേഖലാ ഐ ജിയായി നിയമിച്ചു. സംസ്ഥാന പോലീസിലെ ഏറ്റവും ആകര്‍ഷകമായ ഈ പോസ്റ്റ്‌ കൊടിയ അഴിമതിക്കാരനായ പോലീസ്‌ ഉദ്യോഗസ്ഥന്‌ ആഭ്യന്തരവകുപ്പ്‌ കനിഞ്ഞ്‌ നല്‍കി. ഇതോടൊപ്പം തന്നെ സംസ്ഥാന സൈബര്‍ ക്രൈം സെല്ലിന്റെ (സംസ്ഥാനത്ത്‌ നടക്കുന്ന സൈബര്‍ കുറ്റങ്ങള്‍ കണ്ടുപിടിക്കാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം ഈ സെല്ലിനാണ്‌) തലപ്പത്തും തച്ചങ്കരിയെ ആഭ്യന്തരവകുപ്പ്‌ നിയമിച്ചു.
ഇത്രയേറെ തന്ത്രപ്രധാനമായ ഉന്നതസ്ഥാനങ്ങളില്‍ പോലീസ്‌ സേനയില്‍ ഏറ്റവും മോശം ട്രാക്ക്‌ റെക്കോര്‍ഡുള്ള തച്ചങ്കരി എന്ന ഉദ്യോഗസ്ഥനെ പിണറായി - കോടിയേരി പ്രഭൃതികള്‍ യാതൊരു ലജ്ജയും ഇല്ലാതെ നിയമിച്ചത്‌ കേവലം ഈ ഉദ്യോഗസ്ഥനോടുള്ള ഉപകാരസ്‌മരണ മാത്രമായി കണക്കാക്കിയാല്‍ മതിയോ? അതോ സി പി എം നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ തീവ്രവാദ - ഹവാല ബന്ധങ്ങള്‍ സംരക്ഷിച്ച്‌ ഉറപ്പിച്ച്‌ നിര്‍ത്താനുള്ള ഒരു ചാവേറായി പിണറായി കോടിയേരി സംഘം ടോമിന്‍ തച്ചങ്കരിയെ അതിവിദഗ്‌ദ്ധമായി ഉപയോഗിക്കുകയായിരുന്നുവോ?
ഈ അനുമാനത്തില്‍ നമ്മെ എത്തിക്കുന്ന ഒട്ടേറെ സംഭവവികാസങ്ങളാണ്‌ ഈ ഉദ്യോഗസ്ഥന്റെ നിയമനത്തിന്‌ ശേഷം ഇയാളുടെ നേതൃത്വത്തിലും ഇയാളുമായി ബന്ധപ്പെട്ടും നടന്നിട്ടുള്ളത്‌. അവ ഓരോന്നായി കണ്ണിചേര്‍ത്ത്‌ നമുക്ക്‌ ഒന്നു പരിശോധിക്കാം. ടോമിന്‍ തച്ചങ്കരിയുടെ പുതിയ രണ്ട്‌ പുനര്‍നിയമനങ്ങള്‍ തന്നെ ദുരൂഹത ഉയര്‍ത്തുന്നതാണ്‌. മലപ്പുറം മുതല്‍ കാസര്‍കോഡ്‌ വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങള്‍ ക്രമസമാധാന പാലനത്തിന്റെ കാര്യത്തിലും തീവ്രവാദ പ്രവര്‍ത്തനസാധ്യതയുടെ കാര്യത്തിലും അതീവനിര്‍ണ്ണായകമായ ഒരു മേഖലയാണ്‌. അതോടൊപ്പം തന്നെ, രാഷ്‌ട്രീയസംഘട്ടനങ്ങള്‍ കൊണ്ട്‌ കുപ്രസിദ്ധി നേടിയ കണ്ണൂരും ഈ മേഖലയില്‍ത്തന്നെ. സംസ്ഥാന പോലീസില്‍ ഏറ്റവുമധികം ഇച്ഛാശക്തിയും പ്രതിബദ്ധതയും ഉള്ള അഴിമതി വിരുദ്ധനായ ഒരു ഐ ജിയെ ആയിരുന്നു ഈ ചുമതല ഏല്‌പിക്കേണ്ടിയിരുന്നത്‌. ആ നിര്‍ണ്ണായക ചുമതല ടോമിന്‍ തച്ചങ്കരിയെ ഏല്‌പിച്ചത്‌ ഉപകാര സ്‌മരണ എന്ന നിലക്ക്‌ മാത്രമായിരുന്നില്ല മറിച്ച്‌ സി പി എം നേതൃത്വത്തിന്റെ മറ്റു പല നിഗൂഢ ലക്ഷ്യങ്ങളും സാധൂകരിക്കുന്നതിന്‌ വേണ്ടിയായിരുന്നു എന്നതിന്റെ സൂചനകള്‍ വെളിച്ചത്ത്‌ വന്നുകൊണ്ടിരിക്കുന്നു.
രാജ്യത്തെ ആകെ ഞെട്ടിച്ച ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും കൊടുംഭീകരനുമായ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാന്‍ ഈ അഴിമതിക്കാരനെ തന്നെ തിരഞ്ഞുപിടിച്ച്‌ അയച്ച ആഭ്യന്തരവകുപ്പിന്റെ നടപടി മതേതര വിശ്വാസികളായ മുഴുവന്‍ കേരളീയരേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംഭവമായിരുന്നു. കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സെല്ലിന്റെ തലവനും ഇച്ഛാശക്തിയുള്ള പോലീസ്‌ ഉദ്യോഗസ്ഥനുമായ ടി കെ വിനോദ്‌ കുമാറിനെ പോലും മറി കടന്ന്‌ തച്ചങ്കരിയെ ഈ നിര്‍ണ്ണായകദൗത്യത്തിന്‌ തെരഞ്ഞെടുത്തത്‌ തീവ്രവാദികളെ രക്ഷിക്കാനുള്ള സി പി എം നേതൃത്വത്തിന്റെ ആവേശമാണ്‌ സൂചിപ്പിക്കുന്നതെന്ന വ്യാപകമായ ആക്ഷേപത്തിനിടയാക്കി. തച്ചങ്കരിയെ ഈ ചുമതല ഏല്‌പിച്ചതിന്‌ എതിരെ വ്യാപകമായ പ്രതിഷേധം പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടും ഈ തീരുമാനം പിന്‍വലിക്കാന്‍ ആഭ്യന്തരവകുപ്പ്‌ തയ്യാറായില്ല എന്നതും പ്രസക്തമാണ്‌.
ടോമിന്‍ തച്ചങ്കരിയെ സംസ്ഥാന സൈബര്‍ ക്രൈം സെല്ലിന്റെ തലവനാക്കിയതിന്‌ പിന്നിലും ദുരൂഹതയുണ്ട്‌ എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. സൈബര്‍ മേഖലയിലെ അഭൂതപൂര്‍വ്വമായ സാങ്കേതിക വിദ്യ മുതലാക്കി തീവ്രവാദികള്‍ ഈ മേഖല വ്യാപകമായി ഉപയോഗിച്ച്‌ വരുന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്ന കാലമാണിത്‌. കേരളമാകട്ടെ സൈബര്‍ കുറ്റവാളികളുടെ പറുദീസയായി മാറാനുള്ള എല്ലാ സാധ്യതകളും ഉണ്ട്‌ എന്ന്‌ വിദഗ്‌ദ്ധര്‍ വിലയിരുത്തിക്കഴിഞ്ഞു. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ഉപയോഗം അഭൂതപൂര്‍വ്വമായി കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്‌. ഇതിന്‌ സമാന്തരമായി സൈബര്‍ കുറ്റങ്ങളുടെ എണ്ണവും കേരളത്തില്‍ കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട്‌ മെച്ചപ്പെട്ട സാങ്കേതിക പരിജ്ഞാനമുള്ള ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‌ സംസ്ഥാന സൈബര്‍ സെല്ലിന്റെ ചുമതല നല്‍കുന്നതിന്‌ പകരം സി പി എം നേതാക്കളുടെ മൂടുതാങ്ങിയായ, അഴിമതിയും സ്വത്തുസമ്പാദനവും മാത്രം തൊഴിലാക്കിയ തച്ചങ്കരി എന്ന ``വിശ്വസ്‌തവിനീത വിധേയന്‌'' ഈ തന്ത്രപ്രധാനസ്ഥാനം നല്‍കിയതിന്‌ പിന്നിലും ഗൂഢ അജണ്ടകളുണ്ടോ എന്ന്‌ ന്യായമായും സംശയിക്കാവുന്നതാണ്‌.
സി പി എം നേതൃത്വത്തിന്റെ ഹവാല ഇടപാടുകള്‍ സുരക്ഷിതമായി നടത്തുന്നതിനുള്ള ഒരു ചാവേറായി ഈ ഐ ജിയെ ഉപയോഗിച്ച്‌ വരികയാണോ എന്ന സംശയം ബലപ്പെടുത്തുന്ന സൂചനകളാണ്‌ അദ്ദേഹത്തിന്റെ സമീപകാല വിദേശയാത്രകളുടെ ഭാഗമായി വെളിച്ചത്ത്‌ വന്നുകൊണ്ടിരിക്കുന്നത്‌. പിണറായി വിജയനും സംഘവും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ആഘോഷപൂര്‍വ്വം കോടികളുടെ പണപ്പിരിവ്‌ നടത്തിവന്ന സമയത്താണ്‌ ടോമിന്‍ തച്ചങ്കരി അനധികൃതമായി ഗള്‍ഫ്‌ യാത്ര നടത്തിയത്‌ എന്നത്‌ പിണറായി നിസ്സാരമായി തള്ളിയെങ്കിലും അതത്ര നിസ്സാരമല്ല എന്നതാണ്‌ വസ്‌തുത. കോടികളുടെ ഹവാല ഇടപാട്‌ ആകസ്‌മികം എന്ന്‌ തോന്നിക്കുന്ന സമാന്തര ഗള്‍ഫ്‌ യാത്രകള്‍ വഴി നടന്നിട്ടുണ്ട്‌ എന്ന്‌ ആക്ഷേപിക്കുന്നവര്‍ ഏറെയാണ്‌. തച്ചങ്കരിയുടെ വിവാദ ഖത്തര്‍ യാത്രക്ക്‌ പിന്നിലും ഹവാല താല്‌പര്യങ്ങള്‍ കാണുന്നവരുണ്ട്‌.
സി പി എം നേതൃത്വത്തില്‍ ചിലരുടെ താല്‌പര്യ സംരക്ഷണത്തിനായി ടോമിന്‍ തച്ചങ്കരി ഹവാല ഇടപാടുകള്‍ നടത്തുന്നുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്ന ചില വെളിപ്പെടുത്തലുകള്‍ പി സി ജോര്‍ജ്‌ എം എല്‍ എ നടത്തിയിട്ടുണ്ട്‌. അദ്ദേഹം 2010 ഏപ്രില്‍ 28 ന്‌ സംസ്ഥാന മുഖ്യമന്ത്രിക്ക്‌ രേഖാമൂലം നല്‍കിയ പരാതിയില്‍ നടുക്കുന്ന ചില വിവരങ്ങളാണ്‌ അടങ്ങിയിട്ടുള്ളത്‌. ടോമിന്‍ തച്ചങ്കരിക്ക്‌ ദുബായ്‌ എമിറേറ്റ്‌സ്‌ നാഷണല്‍ ബാങ്കിന്റെ അല്‍ മക്‌തോം (Al Maktoum) ശാഖയില്‍ അക്കൗണ്ട്‌ ഉള്ളതായി അറിയുന്നു എന്നാണ്‌ പി സി ജോര്‍ജ്‌ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. കള്ളപ്പേരില്‍, പ്രൊഫഷണല്‍ മാനേജര്‍ എന്ന്‌ അവകാശപ്പെട്ടാണ്‌ ടോമിന്‍ ജോസഫ്‌ തച്ചങ്കരി, 2010 ജനുവരിയില്‍ ഈ ബാങ്ക്‌ അക്കൗണ്ട്‌ ആരംഭിച്ചത്‌ എന്നും പി സി ജോര്‍ജ്‌ മുഖ്യമന്ത്രിക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ ശാഖയില്‍ നിന്ന്‌ തച്ചങ്കരി അഞ്ചുലക്ഷം ദിനാര്‍ പിന്‍വലിച്ചതായും പി സി ജോര്‍ജ്‌ പരാതിയില്‍ പറയുന്നു.
സി പി എം നേതൃത്വത്തിന്റെ ഹവാല താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ചാവേറായാണോ തച്ചങ്കരി പ്രവര്‍ത്തിക്കുന്നത്‌ എന്നറിയണമെങ്കില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പോലുള്ള അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം
.http://www.janashakthionline.com/coverstorydetails.php?id=4


 Janashakthi  

No comments: