Tuesday, July 6, 2010

ഒരേയൊരു പൊന്‍കുന്നം വര്‍ക്കി

ആര്‍.പ്രദീപ്‌ കഥയെ പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള മാധ്യമമായി ഉപയോഗിച്ച എഴുത്തുകാരനാണ്‌ പൊന്‍കുന്നംവര്‍ക്കി. തെറ്റിനെ നിശിതമായി വിമര്‍ശിക്കുകയും തെറ്റ്‌ ആരു ചെയ്താലും അതു തെറ്റാണെന്ന്‌ വിളിച്ചു പറയാനും അദ്ദേഹം ഒരു മടിയും കാട്ടിയില്ല. പുരസ്കാരങ്ങള്‍ക്കായി അര്‍ഹതയില്ലാത്തവരെ പുകഴ്ത്തിപ്പറയുന്ന സ്വഭാവവും ഇല്ലായിരുന്നു. രാഷ്ട്രീയക്കാരുടെയും പൗരോഹിത്യത്തിന്റെയും മുഖത്തു നോക്കി മറയില്ലാതെ അദ്ദേഹം പറഞ്ഞു, രാജാവ്‌ നഗ്നനാണെന്ന്‌. എഴുത്തുകാരുടെ ഇടയില്‍ പൊന്‍കുന്നംവര്‍ക്കി വ്യത്യസ്തനാകുന്നതും അങ്ങനെയാണ്‌.

എഴുത്തുമാത്രമായിരുന്നില്ല വര്‍ക്കി ചെയ്തത്‌. ജീവിതമാകെ സമരം ചെയ്തുകൊണ്ടിരുന്നു. സമുദായത്തിലും രാഷ്ട്രീയത്തിലും പുരോഗതിക്കും സത്യത്തിനും തടസ്സം നില്‍ക്കുന്ന സ്ഥാപിത താല്‍പര്യക്കാരോട്‌ സദാ ഏറ്റുമുട്ടിക്കൊണ്ടിരുന്നു. അതിന്റെ പേരിലുണ്ടായ നഷ്ടങ്ങളെ അവഗണിച്ചു. അനുഭവങ്ങളിലൂടെ അറിഞ്ഞതിനെ കഥകളിലൂടെ, നോവലിലൂടെ ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ആ കൂസലില്ലായ്മ പൊന്‍കുന്നം വര്‍ക്കിയെ ജയിലില്‍ വരെ കയറ്റി. യുവജനങ്ങളെ സോഷ്യലിസത്തിലേക്കു നയിച്ചെന്നും കഥകളും നാടകങ്ങളും വഴി ക്ലാസ്സ്‌ വാറിന്‌ ജനങ്ങളെ പ്രേരിപ്പിച്ചെന്നുമായിരുന്നു അദ്ദേഹത്തിനെതിരെ ചാര്‍ത്തിയ കുറ്റങ്ങള്‍. കുറ്റാരോപണങ്ങള്‍ എഴുതി നല്‍കി സര്‍ സി.പിയുടെ പോലീസ്‌ വര്‍ക്കിയെ ജയിലിലടച്ചു. ജനങ്ങളുടേതല്ലാത്ത സര്‍ക്കാരും മുതലാളിത്തവും പൗരോഹിത്യവും കൂട്ടുചേര്‍ന്ന്‌ നാടിന്റെ നല്ല നടപ്പില്ലാതാക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ കഥകളിലൂടെ താന്‍ പ്രതികരിച്ചതെന്ന്‌ പൊന്‍കുന്നം വര്‍ക്കി തന്നെ പറഞ്ഞിട്ടുണ്ട്‌. താനെഴുതിയ കഥകളെ എതിര്‍ക്കാന്‍ ആളുണ്ടെന്നു തിരിച്ചറിയുകയും കഥയെഴുതിയതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വന്നപ്പോഴുമാണ്‌ താനെഴുതുന്ന കഥകള്‍ കൊള്ളാമെന്ന്‌ തനിക്കു തന്നെ ബോധ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. പൊന്‍കുന്നം വര്‍ക്കി കഥാകാരനാകുകയായിരുന്നില്ല. അദ്ദേഹത്തെ സാമൂഹ്യ വ്യവസ്ഥിതി കഥാകാരനാക്കുകയായിരുന്നു.

അനാചാരങ്ങള്‍ക്കും അഴിമതിക്കുമെതിരെ പ്രതിരോധത്തിന്റെ അക്ഷര മതിലുകള്‍ തീര്‍ത്ത പൊന്‍കുന്നം വര്‍ക്കിയുടെ ജന്മശതാബ്ദി വര്‍ഷമാണിത്‌. എടത്വാ കട്ടപ്പുറത്ത്‌ വര്‍ക്കിയുടെയും അന്നാമ്മയുടെയും മകനായി 1910ജൂണ്‍30നാണ്‌ പൊന്‍കുന്നംവര്‍ക്കി ജനിച്ചത്‌. മലയാളം ഹയറും വിദ്വാനും പാസ്സായി. മാനേജ്മെന്റ്‌ സ്കൂളുകളിലും കോട്ടയം ട്രെയിനിംഗ്‌ സ്കൂളിലും അധ്യാപകനായിരുന്നു. ആദ്യകാലത്ത്‌ ഗദ്യകവിതകളാണ്‌ പൊന്‍കുന്നംവര്‍ക്കി എഴുതിയിരുന്നത്‌.

കൈനിക്കര കുമാരപിള്ള പ്രസിദ്ധീകരിച്ചിരുന്ന മാസിക നടത്തിയ ചെറുകഥാ മത്സരത്തില്‍ സമ്മാനിതമായി ഭാമിനിയാണ്‌ വര്‍ക്കിയുടെ ആദ്യകഥ. കേരളം മാസികയിലാണ്‌ ആദ്യലേഖനം പ്രസിദ്ധീകരിച്ചത്‌. കാവ്യമുഖം അന്നും ഇന്നും എന്നതായിരുന്നു ലേഖനത്തിന്റെ പേര്‌. തിരുമുല്‍ക്കാഴ്ച എന്ന ഗദ്യകവിതാ സമാഹാരമാണ്‌ ആദ്യപുസ്തകം.

ഇരുപത്തി മൂന്ന്‌ ചെറുകഥാ സമാഹാരങ്ങള്‍, പത്തൊന്‍പതു നാടകങ്ങള്‍, രണ്ടു ഗദ്യകവിതാ സമാഹാരങ്ങള്‍, ഒരു നോവല്‍, ഒരു ബാലസാഹിത്യം, ഒരു തൂല?കാചിത്ര സമാഹാരം. ഒരു ആത്മകഥ, സമാഹരിക്കാത്ത നിരവധി കഥകള്‍, ലേഖനങ്ങള്‍, അഭിമുഖങ്ങള്‍......പൊന്‍കുന്നം വര്‍ക്കിയുടെ സംഭാവനകള്‍ ഇത്തരത്തില്‍ വിപുലമാണ്‌. സന്മാര്‍ഗ്ഗവിലാസം നടനസഭ എന്ന നാടക സംഘമാണ്‌ വര്‍ക്കിയുടെ നാടകങ്ങള്‍ ആദ്യമവതരിപ്പിച്ചത്‌. എല്ലാം സാമൂഹ്യവിമര്‍ശനത്തിന്റെ കൂരമ്പുകള്‍. കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി എന്നിവരും വര്‍ക്കിയുടെ നാടകങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ച്‌ കയ്യടിനേടിയിട്ടുണ്ട്‌. 

എന്‍.ബി.എസിന്റെ സ്ഥാപകരില്‍ ഒരാള്‍ പൊന്‍കുന്നം വര്‍ക്കിയാണ്‌. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം രൂപീകരിക്കുന്നതിലും അദ്ദേഹം മുഖ്യപങ്കുവഹിച്ചു. നാലു വര്‍ഷം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്രസിഡന്റുമായിരുന്നു. 1971 മുതല്‍ 1974 വരെ കേരളാ സാഹിത്യഅക്കാദമിയുടെ പ്രസിഡന്റായിരുന്നു. വള്ളത്തോള്‍ പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം, ലളിതാംബികാ അന്തര്‍ജ്ജനം പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ പൊന്‍കുന്നം വര്‍ക്കിക്ക്‌ ലഭിച്ചിട്ടുണ്ട്‌.

മലയാള സാഹിത്യത്തില്‍ ധിക്കാരത്തിന്റെയും അപൂര്‍വ്വതയുടെയും പ്രതീകമായിരുന്നു അദ്ദേഹം. ഒരത്ഭുതപ്രതിഭാസം. എഴുത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട ആദ്യത്തെ മലയാള സാഹിത്യകാരനാണ്‌ പൊന്‍കുന്നംവര്‍ക്കി. ജനതയെ ആകെ ഉത്തേജിപ്പിക്കുകയും ഭരണകൂടത്തിന്റെ ദുഷ്ചെയ്തികള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്ത രാഷ്ട്രീയ കഥകള്‍ ആദ്യമായി എഴുതിയത്‌ പൊന്‍കുന്നംവര്‍ക്കിയാണ്‌. സ്വന്തം അനുഭവങ്ങളാണ്‌ പൗരോഹിത്യവും ഭരണകൂടവും ജനങ്ങള്‍ക്കു മേല്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ വര്‍ക്കിയെ പ്രേരിപ്പിച്ചത്‌. തെറ്റിനെ എതിര്‍ക്കാന്‍ അദ്ദേഹം കണ്ടെത്തിയ മാധ്യമമായിരുന്നു കഥ. രാഷ്ട്രീയം പറയാന്‍വേണ്ടി രാഷ്ട്രീയകഥകളെഴുതുകയായിരുന്നില്ല അദ്ദേഹം. കഥയിലൂടെ സമൂഹത്തിന്റെ രാഷ്ട്രീയാവസ്ഥകള്‍ അറിയിക്കുകയായിരുന്നു.

ചൂഷണവും അധാര്‍മ്മികതയും കൈമുതലാക്കിയ ക്രിസ്ത്യന്‍ പൗരോഹിത്യത്തിനെതിരെ വിരല്‍ചൂണ്ടുന്നവയായിരുന്നു പൊന്‍കുന്നം വര്‍ക്കിയുടെ കഥകളധികവും. പാളേങ്കോടന്‍, അന്തോണീ നീയും അച്ചനായോടാ എന്നീകഥകള്‍ ക്രിസ്തീയ പൗരോഹിത്യത്തെയും പ്രമാണിമാരെയും ഒട്ടൊന്നുമല്ല ചൊടിപ്പിച്ചത്‌. സഭയും പുരോഹിതരും ദരിദ്രരോടും അധസ്ഥിതരോടും പുലര്‍ത്തുന്ന വിവേചനവും മനുഷ്യപ്പറ്റില്ലായ്മയും കപടസദാചാരവും കഥകളിലൂടെ വര്‍ക്കി നിശിതമായി വിമര്‍ശിച്ചു. വലിയ ചര്‍ച്ചയും വിവാദവുമാണ്‌ അത്തരം കഥകളുണ്ടാക്കിയത്‌. വര്‍ക്കിയെ വിമര്‍ശനങ്ങളില്‍ നിന്നു പിന്‍മാറ്റാന്‍ പലരും ഭീഷണിയും പ്രലോഭനവും ഉയര്‍ത്തി. അതിനൊന്നും അദ്ദേഹം വഴങ്ങിയില്ലെന്നു മാത്രമല്ല, കൂടുതല്‍ ധീരതയോടെ മുന്നോട്ടു പോകുകയും ചെയ്തു. താന്‍ ജീവിക്കുന്ന നാടിന്റെ അസ്വതന്ത്രാവസ്ഥയോടുള്ള വിമര്‍ശനം അദ്ദേഹത്തിന്റെ കഥകളില്‍ കൂടി വന്നു. സര്‍ സി.പി.രാമസ്വാമിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ കഥകളെഴുതി.

മോഡല്‍, മന്ത്രിക്കെട്ട്‌ തുടങ്ങിയ കഥകള്‍ സിപിയുടെ നയങ്ങളോടുള്ള ശക്തമായ വിമര്‍ശനങ്ങളായിരുന്നു. തുടര്‍ന്ന്‌ രാജ്യദ്രോഹക്കുറ്റമാരോപിച്ച്‌ 1945ല്‍ ജയിലിലടച്ചു. അക്കാലത്തു തന്നെയാണ്‌ ക്രൈസ്തവ സഭയോടെതിര്‍ത്ത്‌ മാനേജുമെന്റ്‌ സ്കൂളിലെ ജോലി രാജിവച്ചതും പിന്നീട്‌ ദിവാന്‍ ഭരണത്തോടുള്ള എതിര്‍പ്പിന്റെ പേരില്‍ സര്‍ക്കാര്‍ സ്കൂളിലെ ജോലി ഉപേക്ഷിച്ചതും. വര്‍ക്കിയെ വശത്താക്കാന്‍ സിപിയുടെ കിങ്കരന്മാര്‍ ഏറെ ശ്രമിച്ചെങ്കിലും വിമര്‍ശനത്തിന്റെ മൂര്‍ച്ച കൂട്ടി വര്‍ക്കി തന്റെ നിലപാടുറപ്പിക്കുകയാണു ചെയ്തത്‌. 

സിപിയും ബ്രിട്ടീഷുകാരും പോയിട്ടും സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അവശതയനുഭവിക്കുന്നവന്റെ ഒപ്പം നില്‍ക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവ്‌ വര്‍ക്കിയെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്‌. ഈ രാഷ്ട്രീയാവസ്ഥകളോടുള്ള വിമര്‍ശനം വര്‍ക്കി തുടരുകയും ചെയ്തു. നിരന്തരം കലഹിച്ചുകൊണ്ടിരിക്കുന്ന നിഷേധിയായാണ്‌ പൊന്‍കുന്നം വര്‍ക്കിയെ പലരും വിശേഷിപ്പിച്ചത്‌. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ കഥകളും വലിയ മാനുഷിക മൂല്യങ്ങളുടെ അടിത്തറയില്‍ പണിതുയര്‍ത്തിയതായിരുന്നു. സ്നേഹമെന്ന മൂല്യത്തിന്‌ ഊന്നല്‍ നല്‍കിയ നിരവധി കഥകളദ്ദേഹത്തിന്റെതായുണ്ട്‌. ശബ്ദിക്കുന്ന കലപ്പ, കടയുടെ താക്കോല്‍, ചാത്തന്റെ മകന്‍ തുടങ്ങി പ്രശസ്തമായ നിരവധി കഥകള്‍. ഒരു കാലഘട്ടത്തിന്റെ മനസ്സിലേക്ക്‌ പൊന്‍കുന്നം വര്‍ക്കിയുടെ കഥാപാത്രങ്ങള്‍ കുടിയേറ്റം നടത്തുകയായിരുന്നു. കഥയിലെയും നാടകത്തിലെയും കഥാപാത്രങ്ങളെ ജനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. ഞാനൊരധികപ്പറ്റാണ്‌, വിശറിക്കു കാറ്റുവേണ്ട, സ്വര്‍ഗ്ഗം നാണിക്കുന്നു, കതിരുകാണാക്കിളി, അള്‍ത്താര, ഗംഗാസംഗമം തുടങ്ങി നിരവധി നാടകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്‌.

കത്തോലിക്കാ സഭയ്ക്കെതിരെ അരദശാബ്ദത്തിനുമുമ്പാണ്‌ പൊന്‍കുന്നം വര്‍ക്കി ആരോപണങ്ങളുന്നയിച്ചത്‌. എന്നാല്‍ സഭയെ സംബന്ധിച്ചിടത്തോളം അവയെല്ലാം ഇന്നും പ്രസക്തമായി നില്‍ക്കുന്നു. രാഷ്ട്രീയാതിക്രമത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുന്നതായിരുന്നു വര്‍ക്കിയുടെ മറ്റൊരു വിഭാഗം കഥകള്‍. അതേ അതിക്രമങ്ങളും രാഷട്രീയക്കാരുടെ സ്വജനപക്ഷപാതവും ഇന്നും തുടരുന്നു. അഴിമതിയും ദുര്‍ഭരണവും വര്‍ക്കികഥകളുടെ പ്രധാന വിഷയമായിരുന്നു.

അഴിമതിയില്ലാത്ത സമൂഹം ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. പൊന്‍കുന്നം വര്‍ക്കി കൊളുത്തി വച്ച ദീപനാളത്തെ അണയാതെ നോക്കാനും അതേറ്റെടുക്കാനും മലയാളക്കരയില്‍ പിന്നീട്‌ വര്‍ക്കിയോളം ചങ്കുറപ്പുള്ള എഴുത്തുകാരുണ്ടായില്ല എന്ന വാസ്തവം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. ഇവിടെ വര്‍ക്കിയുടെ കഥകളും നിഷേധത്തിന്റെ നിലപാടുകളും പ്രസക്തമാകുന്നത്‌ അതിനാലാണ്‌.