Tuesday, May 18, 2010

മണി നെവര്‍ സ്ലീപ്‌സ്‌മണി നെവര്‍ സ്ലീപ്‌സ്‌
Posted on: 17 May 2010


കമ്പ്യൂട്ടറും മനുഷ്യനും തമ്മിലുള്ള വ്യത്യാസമെന്താണ് ?

നമ്മുടെ വിശ്വനാഥന്‍ ആനന്ദിന് മുമ്പ് ചെസ് ലോകത്തിലെ അനിഷേധ്യ രാജാവായിരുന്ന ഗാരി കാസ്​പറോവ് അതിന് ലളിതമായ ഒരു ഉത്തരം കണ്ടെത്തിയിരുന്നു.

1996 ലാണ്. ഒരു ലോക ചെസ് ചാമ്പ്യന്‍ ആദ്യമായി കമ്പ്യൂട്ടറിനു മുന്നില്‍ തോറ്റത്. കമ്പ്യൂട്ടര്‍ ഭീമന്‍ ഐ ബി എം, 27 കൊല്ലത്തെ ഗവേഷണത്തിനു ശേഷം രൂപപ്പെടുത്തിയതായിരുന്നു ഡീപ് തോട്ട് എന്ന ചെസ് സൂപ്പര്‍ താരം. ഒരു സെക്കന്റില്‍ 200 കോടി പൊസിഷനുകള്‍ അപഗ്രഥിക്കാവുന്ന തലച്ചോറുള്ള ഡീപ് തോട്ടും കാസ്​പറോവുമായുള്ള ആറ് ഗെയിമിന്റെ യുദ്ധം ചെസ് ഇതിഹാസത്തിന്റെ ഭാഗമാണിന്ന്. ആദ്യത്തെ ഗെയിം. ഡീപ് തോട്ട് വളരെ എളുപ്പം കാസ്​പറോവിനെ തോല്‍പ്പിച്ചു. യന്ത്രത്തിന്റെ ശക്തിക്കു മുന്നില്‍ മനുഷ്യന്‍ ആരുമല്ല എന്ന് തെളിയിച്ചു. കാസ്​പറോവ് അസ്വസ്ഥനായി. അന്ന് രാത്രി ഉറക്കം വരാതെ കിടന്നപ്പോഴാണ് പെട്ടെന്ന് അദ്ദേഹത്തിന് ഭൂതോദയം ഉണ്ടായത്. ആര്‍ക്കമെഡീസിനെപ്പോലെ യൂറേക്കാ എന്ന് അദ്ദേഹം വിളിച്ചു കൂകി.

ഭാഗ്യം. കാസ്​പറോവിനു മുമ്പുള്ള ലോകചാമ്പ്യന്‍ അമേരിക്കയുടെ ജീനിയസ് ബോബി ഫിഷര്‍ ആയിരുന്നെങ്കില്‍ യൂറേക്കാ എന്നു വിളിച്ചുകൊണ്ടുള്ള ഓട്ടം കൂടുതല്‍ വാര്‍ത്താപ്രാധാന്യം സ്യഷ്ടിച്ചേനേം. ആര്‍ക്കമെഡീസ് കുളിമുറിയിലെ തൊട്ടിയില്‍ നിന്നും ചാടി നഗ്നനായിട്ടാണ് ഏതന്‍സിലെ തെരുവിലൂടെ ഓടിയത് എന്നാണല്ലോ ചരിത്രം. ഓരോ ഗെയിം കഴിഞ്ഞ് ബോബി ഫിഷറും കഴിഞ്ഞ കളി അപഗ്രഥിക്കുകയും അടുത്ത കളി പ്ലാന്‍ ചെയ്യുന്നതും അര്‍ദ്ധരാത്രിക്ക് ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ നഗ്നനായി കിടന്നായിരുന്നു.

കാസ്​പറോവ് യൂറേക്കാ വിളിച്ചു. പക്ഷെ തെരുവിലേക്കോടിയല്ല.
കാസ്​പറോവിന് വെളിച്ചം കിട്ടി.
മനുഷ്യന് വികാരമുണ്ട്. യന്ത്രത്തിന് അതില്ല. ബുദ്ധി രണ്ടു കൂട്ടര്‍ക്കുമുണ്ട്. പക്ഷെ വികാരം ? അത് മനുഷ്യനു മാത്രമേയുള്ളു. യന്ത്രത്തിനില്ല.

പിന്നെ എളുപ്പമായിരുന്നു. കാസ്​പറോവ് പ്ലാനിട്ടു. വിഡ്ഡിത്തരമായ നീക്കങ്ങള്‍, ആവര്‍ത്തനം, കബളിപ്പിക്കല്‍ എല്ലാം. ഒരു കൊച്ചുകുട്ടിയായിരുന്നു എതിരാളിയെങ്കില്‍ അവന്‍ പോലും കണ്ടുപിടിക്കുമായിരുന്ന തരം കളി. കാസ്​പറോവ് പിന്നെ തോറ്റില്ല. അടുത്ത അഞ്ചു ഗെയിമുകളില്‍ മൂന്നെണ്ണം ജയിച്ചു. രണ്ടെണ്ണം സമനിലയിലും പിരിഞ്ഞു.

ഡീപ് തോട്ട് പിന്നീട് കാസ്​പറോവിന്റെ ഈ കുട്ടിനീക്കങ്ങളെ മറികടക്കാനുള്ള തലച്ചോറുമായി ഡീപ് ബ്ലൂ ആയി വന്നു. കാസ്​പറോവിനെ തോല്‍പ്പിക്കുകയും ചെയ്തു. പക്ഷെ അടിസ്ഥാനപരമായി യന്ത്രവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം കാസ്​പറോവ് കണ്ടുപിടിച്ചത് ശരിയാണെന്നതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടായില്ല.

സയന്‍സിന് വികാരമില്ല. കെമിസ്ട്രിക്കും ഫിസിക്‌സിനും ബയോളജിക്കും എന്‍ജിനീയറിങ്ങിനും വികാരമില്ല. കണക്കിനുമില്ല. ലോജിക്‌സിനുമില്ല. ഇപ്പോള്‍ ഇക്കണോമിക്‌സും ഒപ്പം ചേര്‍ന്നിരിക്കുകയാണ്. ഇംപെഴ്‌സണല്‍. സയന്‍സിനെ നമ്മുടെ വൈകാരികമായ തീരുമാനങ്ങളുടെ പരിധി വിട്ട് നമ്മെ കീഴടക്കാന്‍ അനുവദിക്കുന്ന നിലയിലേക്ക് നാം എത്തിക്കഴിഞ്ഞു.

ഹിരോഷിമയില്‍ വീണ ഒരു ആറ്റം ബോംബു മതിയായിരുന്നു രണ്ടാം
ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ അടിയറവു പറയാന്‍. ബോംബു വീണയുടന്‍ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോഹിതോ കീഴടങ്ങലിന് തയാറെടുക്കുകയുമായിരുന്നു. പക്ഷെ വേറൊരു തരം ആറ്റം ബോംബുകൂടി സയന്‍സ് കണ്ടുപിടിച്ചിരുന്നു. രണ്ടിലേതാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കുന്നതെന്നറിയാന്‍ നാഗസാക്കിയില്‍ അതു കൂടി പരീക്ഷിച്ചു. സയന്‍സിന്റെ വികാരമില്ലായ്മ, ആദ്യത്തെ ബോംബിടീലിനെ ന്യായീകരിച്ചാല്‍പ്പോലും, രണ്ടാമത്തേതില്‍ പ്രകടമായി. ലക്ഷക്കണക്കിന് നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെട്ടു. .

നമ്മുടെ സാമ്പത്തികരംഗവും ഇന്ന് വികാരമില്ലാത്ത സയന്‍സിന്റെ വേതാളപ്പിടിയിലായിക്കഴിഞ്ഞിരിക്കുന്നു.

ഏറ്റവും പുതിയ ഉദാഹരണം ഗ്രീസാണ്.
ഗ്രീസിലേക്ക് വിദേശമൂലധനം ഒഴുകിക്കൊണ്ടിരുന്ന നല്ല കാലത്ത് അസൂയാവഹമായ സാമ്പത്തികശക്തി നേടിയ രാഷ്ട്രമായിരുന്നു അത്. സോക്രട്ടീസിന്റെ യും പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ആര്‍ക്കമിഡിസിന്റെയും നാട്. അത് പണ്ട്. ഇന്ന് ഒനാസ്സിന്റെയും നിയാര്‍കോഡിന്റെയും അതുപോലെയുള്ള കപ്പല്‍ മുതലാളിമാരുടെയും നാട്. ലോകത്തിലെ ആകെ കപ്പല്‍ഗതാഗതത്തിന്റെ 18 ശതമാനവും ഗ്രീക്ക് മുതലാളിമാരുടെ കൈയിലാണ്.

സമ്പന്നരുടെ രാഷ്ട്രമാണ് ഗ്രീസ്. പക്ഷെ ഗ്രീസിന്റെ ബജറ്റ് നല്ല കാലത്തെ വരവിന്റെ ശോഭയില്‍ ഒരു ദിവാസ്വപ്നമേഖലയിലായിരുന്നു. ഏറ്റവുമധികം ടാക്‌സ് ഇവേഷന്‍ നടക്കുന്ന രാഷ്ട്രങ്ങളില്‍ മുന്‍പന്തിയിലാണിന്ന് ഗ്രീസ്. ഏതന്‍സ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് കൂറ്റന്‍ വില്ലകളും എസ്റ്റേറ്റുകളും അനവധിയുണ്ട്. ഈയിടെ സര്‍ക്കാര്‍ നടത്തിയ ഒരു സാറ്റലൈറ്റ് അന്വേഷണത്തില്‍ അവിടെ 3079 നീന്തല്‍ക്കുളങ്ങളുള്ളതായി കണ്ടിരുന്നു. എന്നാല്‍ വീട്ടുടമകളില്‍ 324 പേര്‍ മാത്രമേ ഈ സൗകര്യം തങ്ങള്‍ക്കുണ്ടെന്ന് ടാക്‌സ് റിട്ടേണില്‍ സമ്മതിച്ചിരുന്നുള്ളു. (ഇത് ഒരു ഉദാഹരണമാണ്. ഡല്‍ഹിയും ഒട്ടും പിന്നിലല്ല എന്നു നമുക്കറിയാം.)

ഗ്രീസിന്റെ പ്രശ്‌നം പെട്ടെന്ന് യൂറോപ്പിന്റെയും പ്രശ്‌നമായി. സ്വന്തം കറന്‍സി ഉപേക്ഷിച്ച് യൂറോയുടെ ഭാഗമായതു കാരണം ഡീ വാല്യുവേഷന്‍ തുടങ്ങിയ പരമ്പരാഗത പ്രശ്‌നപരിഹാര മാര്‍ഗ്ഗങ്ങളും ഇല്ലാതായി.

ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധി ലോകത്തിലെ എല്ലാ മാര്‍ക്കറ്റുകളെയും ബാധിച്ചു. ഇന്ത്യയിലെ ഓഹരി വിപണി പോലും പെട്ടെന്ന് കൂപ്പു കുത്തി വീണു.

ലോകമെമ്പാടും ഇത്ര പെട്ടെന്ന് ഗ്രീസിലെ പ്രശ്‌നം ഒരു ആഗോളപ്രശ്‌നമായതെങ്ങിനെ?

ഇവിടെ കാസ്​പറോവിന്റെ ലളിതമായ കണ്ടുപിടുത്തിന് പ്രസക്തിയില്ലേ ?
ഇന്ന് ആഗോള സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെല്ലാം പ്രവര്‍ത്തിക്കുന്നത് ടൈം സോണുകളെ അതിജീവിച്ച് അത്യാധുനിക ഹൈ ടെക് സംവിധാനത്തിലൂടെ പ്രോഗ്രാം ചെയ്തുവച്ച ശതകോടിക്കണക്കിന് ഇലക്‌ട്രോണിക്ക് ട്രേഡിങ് റെക്കാര്‍ഡുകളിലൂടെയാണ്. ഇവിടെയെല്ലാം അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന വിപണന നെറ്റ് വര്‍ക്കുകള്‍ അന്യോന്യം ശക്തിയേറിയ മത്സരബുദ്ധിയോടെ ഇടപെടുമ്പോള്‍ പരമ്പരാഗത വിപണികളുടെ സുരക്ഷാ ബോള്‍ട്ടുകള്‍ നിര്‍ജ്ജീവമാകും. വ്യത്യസ്തനിയമങ്ങള്‍ പാലിക്കുന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ചിലവയില്‍ വിലയിലുള്ള അസാധാരണമായ വ്യതിയാനം ട്രേഡിങ് നിര്‍ത്താന്‍ നിയമമുള്ളപ്പോള്‍ അത്തരം നിരോധനം ഇല്ലാത്തയിടങ്ങളില്‍ ട്രേഡിങ് നിര്‍ബാധം നടക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ലാഭമുള്ളിടത്തേക്ക് പണത്തിന്റെ പ്രവാഹം കൂടുതല്‍ ശക്തിയോടെ നടക്കുന്നു.

ഞാന്‍ 'ഓഹരി' എന്ന നോവല്‍ എഴുതിയ 1992-93 കാലത്ത് ഓഹരിവിപണിയുടെ ഏറ്റവും സജീവമായിരുന്ന മുഖം ബ്രോക്കറുടേതായിരുന്നു. അന്ന് ബോംബെ വിപണിയിലെ ഏറ്റക്കുറച്ചിലുകളില്‍ കണ്ണു നട്ട് തന്റെ വിജ്ഞാനവും പരിചയസമ്പത്തും പൂര്‍ണ്ണമായി ഉപയോഗിച്ച് ബ്രോക്കര്‍ എന്ന മനുഷ്യന്‍ എടുക്കുന്ന
തീരുമാനങ്ങള്‍ക്ക് വൈകാരികത ഉണ്ടായിരുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മനുഷ്യന്റേതായിരുന്നു.

ബിഗ് ബോര്‍ഡും കമ്പ്യൂട്ടര്‍ സ്‌ക്രീനും അവനെ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന സുഹ്യത്തുക്കള്‍ മാത്രമായിരുന്നു.

ഇന്ന് അത് മാറി.
വികാരമില്ലാത്ത ശാസ്ത്രം സാമ്പത്തിക സംവിധാനങ്ങളെയും മനുഷ്യനില്‍ നിന്നകറ്റി.
'ഓഹരി' നോവല്‍ സിനിമയാക്കാന്‍ പല സംവിധായകരും ശ്രമിക്കുകയുണ്ടായി. പക്ഷെ ഓരോ കൊല്ലം കഴിയുന്തോറും വിപണിയുടെ രൂപത്തില്‍ വരുന്ന മൗലികമായ മാറ്റം മനുഷ്യനില്‍ നിന്നു ഓഹരിവിപണിക്കുള്ള അകല്‍ച്ച വര്‍ധിപ്പിക്കുന്നത് ശ്രദ്ധേയമായിരുന്നു. ഹോളിവുഡ്, ഓഹരിവിപണിയെ പശ്ചാത്തലമാക്കി പണ്ട് നിര്‍മ്മിച്ച വാള്‍ സ്ട്രീറ്റ് എന്ന സിനിമയുടെ രണ്ടാം ഭാഗമായി കൊണ്ടു വന്ന സിനിമ ഇപ്പോള്‍ നടക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലിലെ സമാപനസിനിമയാണ്. മൈക്കല്‍ ഡഗ്ലാസിന് ഈ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്‌ക്കാര്‍ നേടിക്കൊടുത്ത ഈ സിനിമയുടെ പേര് ഇന്നത്തെ സാമ്പത്തിക രംഗത്തിന് തീര്‍ത്തും അനുയോജ്യമാണ്.

ചിത്രത്തിന്റെ പേര് Wall Street II- Money never sleeps എന്നാണ്.

ശരിയാണ്. ഗ്രീസ് കാട്ടിത്തന്നു. 


 Mathrubhumi Business മണി നെവര്‍ സ്ലീപ്‌സ്‌

No comments: