Tuesday, May 18, 2010

കാശുണ്ടെങ്കില്‍ തടികൂടും

കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ മോണ്‍ട്രിയലിലെ സോഷ്യോളജി വകുപ്പ്‌ ഈയിടെ ഒരു പഠനം നടത്തി. പഠന റിപ്പോര്‍ട്ടിന്റെ ഒറ്റ വാചകത്തിലുള്ള സംഗ്രഹം ഇങ്ങനെയാണ്‌. ധനികരായ പുരുഷന്മാര്‍ക്ക്‌ വണ്ണം കൂടുതലായിരിക്കും, എന്നാല്‍ ധനികരായ സ്‌ത്രീകള്‍ക്ക്‌ വണ്ണം കുറയും...
അതീവരസകരം എന്നാണ്‌ പഠനത്തെ നയിച്ച നതാലി ഡ്യൂമസ്‌ എന്ന പ്രൊഫസര്‍ ഈ പഠനത്തെക്കുറിച്ച്‌ പറഞ്ഞത്‌. ധനികരായ പുരുഷന്മാര്‍ വീപ്പക്കുറ്റിപോലെ വീര്‍ക്കുമ്പോള്‍ ധനികരായ സ്‌ത്രീകള്‍ സ്ലിംബ്യൂട്ടികളായി നിലനില്‍ക്കുന്നു. എന്നാല്‍ സ്‌ത്രീകളുടെ കാര്യത്തില്‍ താഴ്‌ന്ന - മധ്യ വരുമാനമുള്ളവരാണ്‌ കൂടുതല്‍ തടി വെയ്‌ക്കുന്നത്‌- പഠനം വ്യക്‌തമാക്കുന്നു.
ലോകമെമ്പാടുമുള്ള 70,000 പേരെ പങ്കെടുപ്പിച്ചാണ്‌ സര്‍വേ നടത്തിയത്‌. 25 വയസു മുതല്‍ 65 വയസുവരെയുള്ളവരായിരുന്നു സര്‍വേയില്‍ പങ്കെടുത്തത്‌.
ധനികരായ പുരുഷന്മാര്‍ വണ്ണം വയ്‌ക്കുന്നത്‌ എന്തുകൊണ്ടാണ്‌ എന്ന ചോദ്യത്തിന്‌ ഏറെക്കുറെ ഉത്തരം കണ്ടെത്താന്‍ സര്‍വേയ്‌ക്കു കഴിഞ്ഞിട്ടുണ്ട്‌. ഇത്തരക്കാര്‍ അധികവും ഭക്ഷണം കഴിക്കുന്നത്‌ ഹോട്ടലുകളില്‍ നിന്നായിരിക്കും. ഹോട്ടല്‍ ഭക്ഷണം പലപ്പോഴായി ധാരാളം കഴിക്കുന്നുണ്ടാവും. ബുഫെ പാര്‍ട്ടികളില്‍ എത്ര കഴിക്കുന്നുവെന്ന്‌ കഴിക്കുന്നയാള്‍ക്കുപോലും ബോധ്യമുണ്ടാവില്ല. അതുപോലെ കൂടുതല്‍ മദ്യവും ധനവാന്മാര്‍ കഴിക്കും. അങ്ങനെ കലോറി കൂടിയ ഭക്ഷണവും മദ്യവുമാണ്‌ പുരുഷന്മാരെ തടിയന്മാരാക്കുന്നത്‌.
എന്നാല്‍ പണക്കാരികളായ സ്‌ത്രീകള്‍ എന്തുകൊണ്ടാണ്‌ വണ്ണംവയ്‌ക്കാത്തത്‌ എന്ന്‌ പഠനത്തിന്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ലോകത്തില്‍ ഏറ്റവുമധികം തടിയന്മാരായ പുരുഷന്മാരുള്ളത്‌ കാനഡയിലും കൊറിയയിലുമാണെന്ന്‌ പഠനം പറയുന്നു. തടിയന്മാരായ ധനവാന്മാരുടെ എണ്ണവും ഈ രാജ്യങ്ങളില്‍ കൂടുതലാണ്‌.
ലോകാരോഗ്യസംഘടനയുടെ അഭിപ്രായം 2030 ആകുമ്പോള്‍ ലോകത്തില്‍ 23 ദശലക്ഷം പേര്‍ അമിതവണ്ണക്കാരായി മാറുമെന്നാണ്‌.

http://www.scoopeye.com/showNews.php?news_id=4719

No comments: