Monday, May 10, 2010

ആപ്പിളിനെതിരെ പരാതിയുമായി നോകിയ

സെല്‍ഫോണ്‍ വിപണിയിലെ മുന്‍‌നിര കമ്പനികളായ നോകിയയും ആപ്പിളും നിയമയുദ്ധത്തിലേക്ക്. ലോകത്തെ ഏറ്റവും വലിയ സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോകിയ ആപ്പിളിനെതിരെ പരാതിയുമായി വീണ്ടും രംഗത്തെത്തി. നോകിയയുടെ പേറ്റന്റ് അവകാശങ്ങള്‍ ആപ്പിളിന്റെ ചില ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിച്ചെന്നാണ് പരാതി. ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഐപാഡില്‍ പോലും നോകിയയുടെ പേറ്റന്റ് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച് യു എസ് ജില്ലാ കോടതിയില്‍ നോകിയ പരാതി നല്‍കിയിട്ടുണ്ട്. നോകിയുടെ പേറ്റന്റ് തട്ടിയെടുത്ത ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നോകിയയുടെ നിയമവിദഗ്ധര്‍ അറിയിച്ചു. ടെക്നോളജി വ്യവസായ മേഖലയിലെ പേറ്റന്റ് അവകാശം ചൂണ്ടി കാണിച്ചാണ് ആപ്പിളിനെതിരെ നോകിയ കോടതിയെ സമീപിക്കുന്നത്.

നോകിയയുടെ സ്വന്തം പേരിലുള്ള നിരവധി സാങ്കേതിക പേറ്റന്‍റുകള്‍ ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. നോകിയയുടെ പത്തോളം പേറ്റന്‍റുകളാണ് അനുവാദമില്ലാതെ ഐഫോണ്‍ ഉപയോഗിക്കുന്നത്. നോകിയയുടെ സ്പീച്ച് കോഡിംഗ്, സെക്യൂരിറ്റി, വയര്‍ലെസ് ഡാറ്റാ ട്രാന്‍സ്മിഷന്‍ എന്നീ സാങ്കേതിക വിദ്യകള്‍ ഐഫോണ്‍ തുടക്കം മുതലെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു എന്നാണ് നോകിയയുടെ വാദം.

നിലവില്‍ നാല്പതോളം മൊബൈല്‍ കമ്പനികള്‍ നോകിയയുടെ ടെക്നോളജികള്‍ അനുവാദത്തോടെ പണം കൊടുത്ത് ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ആപ്പിള്‍ ഇത്തരമൊരു രീതി പിന്തുടരുന്നത്. ഇരുപത് വര്‍ഷമായി നോകിയ 90 ബില്യന്‍ ഡോളര്‍ മുതല്‍ മുടക്കിയാണ് ഇത്തരം സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തത്.

2007 ല്‍ ഐ ഫോണ്‍ പുറത്തിറങ്ങിയതു മുതല്‍ ഈ സേവനങ്ങള്‍ എല്ലാം ആപ്പിള്‍ ഉപയോഗിക്കുന്നതായി നോകിയ പറഞ്ഞു. നോകിയയ്ക്ക് പുറമെ മറ്റു ചില സെല്‍ഫോണ്‍ കമ്പനികളും ആപ്പിളിനെതിരെ രംഗത്ത് വന്നിരുന്നു

Nokia lodges another complaint against Apple Inc | ആപ്പിളിനെതിരെ പരാതിയുമായി നോകിയ

No comments: