Friday, May 7, 2010

ആണവ ബാധ്യതാ ബില്‍ അവതരിപ്പിച്ചു


PTI
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ ആണവ ബാധ്യതാ ബില്‍ വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്ലിന് അവതരണാനുമതി നല്‍കിയതോടെ ബിജെപിയും ഇടതുപക്ഷവും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി പൃഥ്വിരാജ് ചവാനാണ് ആണവ ബാധ്യതാ ബില്ലിന് അനുമതി തേടിയത്. ഇതെതുടര്‍ന്ന്, ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് സിപി‌എമ്മും പൌരാവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ബിജെപിയും ആരോപിച്ചു.

പ്രതിപക്ഷ ബഹളത്തിനിടയില്‍ ശബ്ദവോട്ടിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ ബില്ലിന് അവതരണാനുമതി നല്‍കി. അപ്പോഴേക്കും പ്രക്ഷുബ്ധരായ ഇടതുപക്ഷവും ബിജെപിയും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബില്ല് സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് വിടുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഗണിക്കാമെന്ന് പവന്‍ കുമാര്‍ ബന്‍സലും പ്രണാബ് മുഖര്‍ജിയും ആവര്‍ത്തിച്ചു എങ്കിലും പ്രതിഷേധക്കാര്‍ സഭ വിടുകയായിരുന്നു.

ലോക്സഭയില്‍ അവതരിപ്പിക്കുന്ന ബില്ല് ഇനി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു മുന്നില്‍ എത്തും. വേണ്ട ഭേദഗതികള്‍ വരുത്തിയ ബില്ല് ലോക്സഭയുടെ പരിഗണനയ്ക്ക് വീണ്ടും വരും.

ആണവ അപകടങ്ങള്‍ ഉണ്ടായാല്‍ ആണവ വിതരണ കമ്പനികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്വം നല്‍കാത്തതാണ് ബില്‍ എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ആണവ അപകടങ്ങളുണ്ടായാല്‍, ആണവ കമ്പനികള്‍ അപകടത്തിന് ഇരയാവുന്നവര്‍ക്ക് ഒരു നിശ്ചിത പരിധി വരെയുള്ള നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്നാണ് ബില്ല് നിര്‍ദ്ദേശിക്കുന്നത്. ഇത് സര്‍ക്കാരിന് അധിക ബാധ്യത സൃഷ്ടിക്കുമെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.

Nuclear liability bill itroduces | ആണവ ബാധ്യതാ ബില്‍ അവതരിപ്പിച്ചു

No comments: