Tuesday, May 18, 2010

വായ്പാ വാര്‍ത്ത വ്യാജം: വിജയ് മല്യ


PRO
വായ്പയെടുത്ത തുക തിരിച്ചടയ്ക്കാത്തതിന് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് ഐഡിബിഐ ബാങ്ക് നോട്ടീസ് അയച്ചെന്ന വാര്‍ത്ത ഉടമ വിജയ് മല്യ നിഷേധിച്ചു. വാര്‍ത്ത വ്യാജമാണെന്നും ഐഡിബിഐ ബാങ്കില്‍ നിന്നും വായ്പ സ്വീകരിച്ചിട്ടില്ലെന്നും മല്യ വിശദീകരിച്ചു. ഒരു ദിനപ്പത്രത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നത്.

900 കോടി രൂപ കിംഗ് ഫിഷര്‍ വായ്പ എടുത്തെന്നും സമയബന്ധിതമായി തിരിച്ചടയ്ക്കാത്തതിനാല്‍ ബാങ്ക് നോട്ടീസ് അയച്ചെന്നുമായിരുന്നു വാര്‍ത്ത. നടപടിയെക്കുറിച്ച് അറിയാവുന്ന വ്യക്തികളെ ഉദ്ധരിച്ചായിരുന്നു പത്രം വാര്‍ത്ത പുറത്തുവിട്ടത്.
ഹ്രസ്വകാല വായ്പയായി 150 കോടി രൂപയും ദിര്‍ഘകാല വായ്പയായി 750 കോടി രൂപയുമാണ് കിംഗ് ഫിഷര്‍ ബാങ്കില്‍ നിന്നും എടുത്തതെന്നും റിപ്പോ‍ര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍ എസ്ബിഐ നേതൃത്വം നല്‍കുന്ന ഒരു കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് കിംഗ് ഫിഷര്‍ വായ്പ സ്വീകരിച്ചതെന്നും അതില്‍ ഐഡിബിഐക്ക് പങ്കില്ലെന്നും മല്യ വിശദീകരിച്ചു. എസ്ബിഐ, ഐസിഐസിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി കിംഗ് ഫിഷര്‍ 3000 കോടി രൂപ വായ്പയായി സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പത്രം ചൂണ്ടിക്കാട്ടിയിരുന്നു. ഐഡിബിഐ വൃത്തങ്ങള്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല

Bank notice for recalling the loan is incorrect: Mallya | വായ്പാ വാര്‍ത്ത വ്യാജം: വിജയ് മല്യ

No comments: