Tuesday, May 18, 2010

തീവ്രവാദികളുടെ ശമ്പളം വര്‍ധിപ്പിച്ചു

 തീവ്രവാദികളുടെയും പാക് അധീന കശ്മീരിലെ അഭയാര്‍ഥികളുടെയും ശമ്പളം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ജമ്മു-കശ്മീരില്‍ നിന്നു തീവ്രവാദത്തിനെത്തുന്നവര്‍ക്ക് 8000 മുതല്‍ 10,000 രൂപ വരെയാണു പാക് അധികൃതര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. 5000 രൂപയാണു നേരത്തെ നല്‍കിയിരുന്നത്. വിവിധ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അഭയാര്‍ഥികളുടെ ശമ്പളം 1,800 ല്‍ നിന്നു 2,400 രൂപയാക്കി. കുത്തനെ ശമ്പളം വര്‍ധിപ്പിക്കാനുള്ള കാരണം വ്യക്തമല്ല. കഴിഞ്ഞ ഏതാനും നാളുകളായി ജമ്മു-കശ്മീരിലെ അക്രമ സംഭവങ്ങളില്‍ വന്‍ കുറവുണ്ടായിരുന്നു. ആഗോളതലത്തില്‍ കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരാന്‍ സംസ്ഥാനത്തു സംഘര്‍ഷാവസ്ഥ നിലനില്‍ക്കേണ്ടതു ഭീകരരുടെ ആവശ്യമാണ്. ഈ സാഹചര്യത്തിലാവും വര്‍ധന ഏര്‍പ്പെടുത്തിയതെന്നു കരുതുന്നു. ലഷ്കര്‍ ഭീകരന്‍ ഫര്‍ഖ്വാന്‍ ഏപ്രില്‍ അവസാനം കശ്മീരിലേക്കു നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നുഴഞ്ഞു കയറാനുള്ള തീവ്രവാദികളുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയെങ്കിലും ഫര്‍ഖ്വാന്‍ കശ്മിരിലെത്തിയതായാണു റിപ്പോര്‍ട്ട്. നാലു വര്‍ഷത്തിനു ശേഷമാണ് ഇയാള്‍ കശ്മീരില്‍ എത്തുന്നത്. സംസ്ഥാനത്തു വന്‍ ആക്രമണം നടത്താനുള്ള ലഷ്കര്‍ പദ്ധതിയുടെ ഭാഗമായാണ് ഇയാളുടെ തിരിച്ചു വരവെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 
തീവ്രവാദ പരിശീലനത്തിനായി കഴിഞ്ഞ രണ്ടു ദശകങ്ങളായി പതിനായിരക്കണക്കിനു കശ്മീരി യുവാക്കളാണു പാക് അധീന കശ്മീരിലെത്തിയത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം പേരും പാക് സര്‍ക്കാരിന്‍റെ അഭയാര്‍ഥി ക്യാംപുകളിലാണു കഴിയുന്നത്. ഇവരില്‍ ചിലര്‍ ഇന്ത്യയിലേക്കു മടങ്ങി വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാവും ഇവരുടെ ശമ്പള വര്‍ധന നടപ്പാക്കിയതെന്നു കരുതുന്നു

http://www.metrovaartha.com/2010/05/17142458/Kashmir-terrorists-get-100-pay.html

No comments: