Tuesday, April 20, 2010

‘മാതൃരാജ്യം’; മദനിയുടെ ടെലിവിഷന്‍ ചാനല്‍

മലയാള ദൃശ്യമാദ്ധ്യമ രംഗത്തേക്ക് ഒരു പുതിയ ചാനല്‍ കൂടി. പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍നാസര്‍ മദനിയാണ് ‘മാതൃരാജ്യം’ എന്ന പേരില്‍ പുതിയ ചാനലിനും പത്രത്തിനുമായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനായി മാതൃരാജ്യം മീഡിയാ ലിമിറ്റഡ്‌ എന്ന പേരില്‍ പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനി രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരമായിരിക്കും ചാനലിന്‍റെ ആസ്ഥാനം. ഇതിന്റെ ആദ്യ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്നു. കൈരളി ടിവി മാതൃകയില്‍ ജനങ്ങളില്‍ നിന്ന്‌ ഓഹരികള്‍ സമാഹരിച്ചാവും ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുക.

ചാനല്‍ തുടങ്ങുന്നതിനോടൊപ്പം തന്നെ ആഴ്ചപ്പതിപ്പുമുണ്ടാവും. ഇത് പിന്നീട് ദിനപത്രമാക്കി മാറ്റും. മുസ്‌ലിം ചാനല്‍ അല്ല ലക്ഷ്യമെന്നും ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കുക മാത്രമാണു ലക്ഷ്യമെന്നുമാണ്‌ മാതൃരാജ്യം മീഡിയാ ലിമിറ്റഡുമായി ബന്ധപ്പെട്ട കേന്ദ്രളുടെ വിശദീകരണം.

കമ്പനിയില്‍ മദനിക്ക് നേരിട്ട് പങ്കാളിത്തമുണ്ടാവില്ലെന്നാണ് സൂചന. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ സജീവ പിഡിപി പ്രവര്‍ത്തകരേയോ നേതാക്കളേയോ ഉള്‍പ്പെടുത്തിയിട്ടുമില്ല. ജീവന്‍ ടിവി മുന്‍ ജനറല്‍ മാനേജര്‍ എകെ മീരാസാഹിബാണ് ചാനലിന്‍റെ മാനേജിങ് ഡയറക്ടര്‍.

No comments: