Thursday, April 15, 2010

ദിലീപിന്റെ ‘പാപ്പി അപ്പച്ചാ’ മൂക്കുകുത്തുന്നു!


വിഷുച്ചിത്രങ്ങളില്‍ ആദ്യത്തേതായി ഏപ്രില്‍ 14-ന് തീയേറ്ററുകളിലെത്തിയ ദിലീപിന്റെ ‘പാപ്പി അപ്പച്ചാ’ നിരാശപ്പെടുത്തുവെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ അനുജനായ അനൂപ് നിര്‍മിച്ച ഈ മുഴുനീള കോമഡി സിനിമ സംവിധാനം ചെയ്തത് നവാഗതനായ മമാസ് ആണ്. ആദ്യ ഷോ കഴിഞ്ഞിറങ്ങിയവര്‍ പടം ഒട്ടും കൊള്ളില്ല എന്ന് അഭിപ്രായപ്പെടുന്നതിനാല്‍ ഒന്നുരണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പടത്തിന് പ്രേക്ഷകര്‍ ഇല്ലാതാകും എന്ന് വിലയിരുത്തപ്പെടുന്നു.

2010-ലെ വിഷുവിന് നാല് സിനിമകളാണ് മത്സരിക്കുന്നത്. മോഹന്‍ലാലിന്റെ അലക്സാണ്ടര്‍ ദ ഗ്രേറ്റ്, ദിലീപിന്റെ പാപ്പി അപ്പച്ചന്‍, കലാഭവന്‍ മണിയുടെ പുള്ളിമാന്‍, മോഹന്‍ രാഘവന്‍ സംവിധാനം ചെയ്യുന്ന ടിഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി എന്നിവയാണ് ഈ ചിത്രങ്ങള്‍. ഇതില്‍ പാപ്പി അപ്പച്ചന്‍ ഇറങ്ങിക്കഴിഞ്ഞു. മറ്റ് മൂന്ന് ചിത്രങ്ങളും വിഷുദിനമായ ഏപ്രില്‍ 15-നാണ് ഇറങ്ങുന്നത്.

ദിലീപിന്റെ ഭാഗ്യനായികയായ കാവ്യാ മാധവന്‍ ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന സിനിമയായിരുന്നു പാപ്പി അപ്പച്ചന്‍. നിരക്ഷരനായ ഒരു അപ്പന്റെയും മകന്റെയും കഥയാണിത്. സുഹൃത്തുക്കളെ പോലെ ജീവിക്കുന്ന അപ്പച്ചനും മകനും ഒരു സുപ്രഭാതത്തില്‍ പിണങ്ങുകയാണ്. എന്തിനുവേണ്ടി എന്ന് സിനിമ കണ്ടിറങ്ങുന്നവര്‍ ചോദിക്കുന്നു. അത്രയ്ക്ക് ദുര്‍ബലമായ കാര്യങ്ങളാണ് പിണക്കത്തിന് കാരണമായി സിനിമയില്‍ കാണിക്കുന്നത്. ഇന്നസെന്റാണ് അപ്പച്ചനായി വേഷമിടുന്നത്.

മോശം തിരക്കഥയും സംവിധായകന്റെ പരിചയക്കുറവുമാണ് പാപ്പി അപ്പച്ചാ എന്ന സിനിമയ്ക്ക് വിനയായത്. തമാശയ്ക്ക് വേണ്ടി തല്ലിപ്പഴുപ്പിച്ചെടുത്ത തമാശകള്‍ സിനിമയിലുടനീളം മുഴച്ചുനില്‍‌ക്കുന്നു. സ്വന്തം ലേഖകന്‍, ബോഡി ഗാര്‍ഡ്, ആഗതന്‍ എന്നീ സിനിമകളുടെ പരാജയശേഷം വീണ്ടുമൊരു ഫ്ലോപ്പ് സിനിമയാണ് പാപ്പി അപ്പച്ചനിലൂടെ ദിലീപിനെ തേടി വന്നിരിക്കുന്നത്.

Dileep tastes another flop through Pappi Appacha | ദിലീപിന്റെ ‘പാപ്പി അപ്പച്ചാ’ മൂക്കുകുത്തുന്നു!

4 comments:

(റെഫി) said...

അങ്ങനെ ദിലീപും ഔട്ടാകുന്നു. ഇനി കിളവന്‍ നായകര്‍ക്ക് സന്തോഷിക്കാം. ഇതുവരെ ദിലീപിന്റെ ബോറന്‍ നടനം സഹിച്ച മലയാളിക്കും..!

ppmd said...

ഒഴിച്ചുകൂടാന്‍ പറ്റാത്തതായി ഒന്നും തന്നെയില്ല ഈ ദുനിയാവില്‍. പിന്നെയാണോ ഒരു ദിലീപ്. കലാഹൃദയമുള്ളവരല്ലെ ഒരു കലാകരനെ വളര്‍ത്തുന്നതും തളര്‍ത്തുന്നതും. ഇതു നമ്മുടെ കലാകാരന്മാര്‍ (സിനിമാ നടന്മാര്‍ അടക്കം) മറക്കരുത്. അവരെ കഴുതകളാക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാണ് അര്‍ഹതയില്ലാത്തവ പൊട്ടി പാളീസാവുന്നത്. ഇതു ഉള്‍ക്കൊണ്ട് നിര്‍മ്മാതക്കളും സംവിധായകരും നല്ല സിനിമകള്‍ ഉണ്ടാക്കാന്‍ മുന്നോട്ടു വരണം

Pyari said...

കഷ്ടം തന്നെ. ഇങ്ങനത്തെ പടങ്ങള്‍ക്കൊരു അറുതിയില്ലേ?

ppmd said...

സംഭവാമി യുഗേ യുഗേ. അതാണു സംഭവിക്കുന്നതും!