Saturday, March 20, 2010

ഒടുവില്‍ പുരുഷ സംവരണ ബില്ലും ആവശ്യമായി വരുമോ?

''ഒരുപക്ഷേ പതിനഞ്ചു കൊല്ലം കഴിയുമ്പോള്‍ പാര്‍ലമെന്റിലും സംസ്‌ഥാന നിയമസഭകളിലും പുരുഷന്മാര്‍ക്കു സംവരണ സീറ്റുകള്‍ ഏര്‍പ്പെടുത്തുന്നതിനു ഭരണഘടനാ ഭേദഗതി ആവശ്യമായി വന്നാല്‍ അതിനു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ തയാറാകും.''

ഇതു വെറും തമാശ നിറഞ്ഞ ഒരു പ്രസ്‌താവനയായി ആരും കാണേണ്ടതില്ല. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷയും രാജ്യഭരണം നടത്തുന്ന ഐക്യപുരോഗമന സഖ്യത്തിന്റെ നേതാവുമായ സോണിയാഗാന്ധിയുടെ അഭിപ്രായപ്രകടനമാണിത്‌.

വനിതാസംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചാവേളയില്‍ ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്‌ഥയ്‌ക്ക് ഏറെ കളങ്കങ്ങളേല്‍പ്പിച്ച രംഗങ്ങള്‍ ലാലു-മുലായം പാര്‍ട്ടികള്‍ രാജ്യസഭയില്‍ സൃഷടിച്ചതിനു ശേഷവും ഈ സംവരണത്തിന്റെ കാര്യത്തില്‍ വിയോജിപ്പു പ്രകടിപ്പിച്ചു നിലകൊണ്ട കേന്ദ്ര റെയില്‍വേമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പിമാരോടാണു സോണിയാഗാന്ധി ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്‌.

''സംവരണ വനിതാ സീറ്റുകളില്‍ നിന്നു ജയിച്ചുവരുന്ന എം.പിമാര്‍ മികച്ച പ്രകടനവും ജനസേവനവുമാണു നടത്തുന്നതെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ അവരോട്‌ ആ സീറ്റില്‍ത്തന്നെ മത്സരിക്കാന്‍ സമ്മതിദായകര്‍ ആവശ്യപ്പെടും. വനിതാ സംവരണ സീറ്റുകള്‍ പുതിയ നിയമത്തിലെ വ്യവസ്‌ഥയനുസരിച്ച്‌ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ സംവരണമില്ലാത്ത മണ്ഡലമായി മാറും. ജനസമ്മതി നേടിയ ഒരു വനിതാ ജനപ്രതിനിധി ആ മണ്ഡലത്തില്‍ നിന്നുതന്നെ വീണ്ടും മത്സരിച്ചു ജയിച്ചു കൂടായ്‌കയില്ല. സംവരണ മണ്ഡലത്തില്‍ നിന്നു ജയിച്ചുവരുന്ന വനിതാ അംഗങ്ങള്‍, അതു പാര്‍ലമെന്റിലായാലും നിയമസഭയിലായാലും മികച്ച പ്രവര്‍ത്തനമാണു നടത്തുന്നതെങ്കില്‍ ഒരുപക്ഷെ പതിനഞ്ചുവര്‍ഷം കഴിയുമ്പോള്‍ സംവരണ സീറ്റുകളില്‍ നിന്നു മാത്രമല്ല ജനറല്‍ സീറ്റുകളില്‍ ഭൂരിപക്ഷത്തിലും നിന്നു ജയിച്ചുവരുന്ന ജനപ്രതിനിധികള്‍ വനിതകള്‍ തന്നെയായി മാറും. അങ്ങനെയൊരു സ്‌ഥിതി വന്നാല്‍ ഇന്ത്യന്‍ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ പുരുഷന്മാര്‍ക്കു സംവരണ സീറ്റുകള്‍ ഏര്‍പ്പെടുത്തേണ്ട ഒരു സ്‌ഥിതിവിശേഷം പതിനഞ്ചു വര്‍ഷത്തിനു ശേഷം രാജ്യത്ത്‌ ഉണ്ടായിക്കൂടായ്‌കയില്ല.'' ഇതായിരുന്നു സോണിയാഗാന്ധിയുടെ വിശദീകരണം.

ഇങ്ങനെയൊന്നും ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നില്ലെന്നു നാം അധികം പേരും കണക്കുകൂട്ടുന്നു. പക്ഷേ അങ്ങനെ സംഭവിക്കുകയില്ലെന്നു ആര്‍ക്കാണു തറപ്പിച്ചു പറയാന്‍ കഴിയുക? കാരണം ഇന്ത്യയില്‍ ദേശീയ രംഗത്തു വനിതകള്‍ കൊടികുത്താന്‍ തുടങ്ങുകയാണ്‌. കോണ്‍ഗ്രസിന്റെ ഒരു ചട്ടുകമെന്ന്‌ ഒരുപക്ഷെ വിമര്‍ശിക്കാന്‍ കഴിയുന്ന പ്രതിഭാ പാട്ടീല്‍ ഇന്ത്യയുടെ രാഷ്‌ട്രപതിയായി മാറിയെന്നതു മാത്രമല്ല അതിനുള്ള തെളിവ്‌. മീരാ കുമാര്‍ എന്ന വനിതയാണു ലോക്‌സഭാ സ്‌പീക്കര്‍.

രാജ്യത്തിന്റെ വിദേശ ബന്ധങ്ങള്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവാണ്‌. ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരിലൊരാളായി പരിഗണിക്കപ്പെടുന്ന ഭരണാധികാരിയാണു ഡല്‍ഹിയിലെ ഷീലാ ദീക്ഷിത്‌. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്‌ഥാനമായ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി മായാവതിയാണ്‌. പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ്‌ ബി.ജെ.പി.യുടെ സുഷമ സ്വരാജാണ്‌.

കോണ്‍ഗ്രസിന്റെ നേതൃത്വം പൂര്‍ണമായും സോണിയാ ഗാന്ധിയുടെ കൈകളിലാണ്‌ ഒതുങ്ങിയിരിക്കുന്നതെന്നതുകൊണ്ടു വിദ്യാഭ്യാസ, ശാസ്‌ത്രീയ, സാങ്കേതിക, സാമ്പത്തിക രംഗത്തെ പ്രഗത്ഭരായ വനിതകളെ സംവരണ മണ്ഡലങ്ങളില്‍ അണിനിരത്താന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ പരമാവധി ശ്രമിക്കുമെന്ന കാര്യം തീര്‍ച്ചയാണ്‌. അതൊരുപക്ഷേ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ മുഖം തന്നെ മാറ്റിക്കൂടായ്‌കയില്ല.
http://mangalam.com/index.php?page=detail&nid=281437&lang=malayalam

No comments: